കാശ്‌മീരിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍ തടവിലാക്കപ്പെട്ടിട്ട് ഒരു മാസത്തോളമാവുന്നു

നസീൽ വോയിസി

അറിയാതെ പോയവരുടെ ശ്രദ്ധയിലേക്ക്. കാശ്‌മീരില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തടവിലാക്കപ്പെട്ടിട്ട് ഏകദേശം ഒരു മാസത്തോളമാവുന്നു. ‘കാശ്‌മീർ നറേറ്റീവ്’ എന്ന മാസികയുടെ അസിസ്റ്റന്റ് എഡിറ്റര്‍ ആസിഫ് സുല്‍ത്താനാണ് ആഗസ്റ്റ് 27 മുതല്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെന്ന വിഘടനവാദിയെക്കുറിച്ച് ലേഖനമെഴുതി എന്നതാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ”തീവ്രവാദികളെ സംരക്ഷിക്കുന്ന” മട്ടിലുള്ളതെന്ന് പൊലീസ് റിപ്പോര്‍ട്ട് ഭാഷ്യം.

കാശ്‌മീർ നറേറ്റീവിന്റെ വെബ്സൈറ്റ് ആര്‍ക്കും ലഭ്യമാണ്. അതില്‍ ആസിഫ് സുല്‍ത്താന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ബൈലൈനില്‍ വന്ന ലേഖനങ്ങളും വായിക്കാം, ഇപ്പറഞ്ഞ ബുര്‍ഹാന്‍ വാനിയെക്കുറിച്ചുള്ള ലേഖനവും അതിലുണ്ട്. ജൂണ്‍ ലക്കത്തിലാണ് അത് പ്രത്യക്ഷപ്പെട്ടത്.

2016ല്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി കാശ്‌മീര്‍ താഴ്വരയെ എങ്ങനെയാണ് സ്വാധീനിച്ചതെന്നു ആസിഫ് സുല്‍ത്താന്‍ വിശദീകരിക്കുന്നുണ്ട്. ജീവിച്ചിരുന്നപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ അപകടകാരിയായി മരിച്ച ബുര്‍ഹാന്‍ വാനി എങ്ങനെയാണ് മാറുന്നത് കൃത്യമായി പറയുന്ന ലേഖനം. അയാളെ ഹീറോയാക്കി മാറ്റുന്നില്ല, പ്രകീര്‍ത്തിക്കുന്നില്ല, മറിച്ച് നേരിട്ടുള്ള സോഴ്സുകളില്‍ നിന്നുള്ള പ്രതികരണങ്ങളും വിവരണങ്ങളും അടിസ്ഥാനമാക്കി കാശ്‌മീരിലെ മിലിട്ടന്റ് ജീവിതാവസ്ഥകളെക്കുറിച്ച്, അതില്‍ ബുര്‍ഹാന്‍ വാനി ഇടപെട്ടതിനെക്കുറിച്ചൊക്കെ പറയുന്നു. അയാളുടെ മരണത്തിനു ശേഷം എങ്ങനെയാണ് കൂടുതല്‍ ചെറുപ്പക്കാര്‍ ആ വഴിയിലേക്ക് തിരിയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അയാളുടെ സ്വാധീനം എത്രത്തോളമായിരുന്നെന്നുമെല്ലാം ചര്‍ച്ചയ്ക്ക് വയ്ക്കുന്ന വസ്തുതാപരമായ റിപ്പോര്‍ട്ടിങ്ങ്, ഫീച്ചര്‍ – ഇതിനാണ് ‘ഹാര്‍ബറിങ്ങ് ടെററിസ്സ്’ എന്ന് പറഞ്ഞ് ഈ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും കാലത്തെ ആസിഫിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാലും എവിടെയും ഇപ്പറഞ്ഞ വിഘടനവാദി, മിലിട്ടന്റ് പക്ഷം പിടിക്കല്‍ കാണാന്‍ സാധിക്കില്ല.

പിന്നെയെന്തിനാണ് ആസിഫ് സുല്‍ത്താനെ നാടകീയമായി അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന ചോദ്യമാണ് കാശ്‌മീരിലെ മാധ്യമപ്രവര്‍ത്തകരും വായനക്കാരും ഒരുപോലെ ചോദിക്കുന്നത്. രഹസ്യ രേഖകള്‍ കൈവശം വച്ചുവെന്നും അന്വേഷിക്കാന്‍ പാടില്ലാത്ത സോഴ്സുകള്‍ അന്വേഷിച്ചുവെന്നുമെല്ലാം കേസിനു പിന്നില്‍ കെട്ടിവയ്ക്കപ്പെടുന്നുണ്ട് – അയാളുടെ സോഴ്സുകള്‍ പൊലീസിനു മുന്‍പില്‍ വെളിപ്പെടുത്തിക്കൊടുക്കണമത്ര. ഇതിനു തയാറായില്ലെങ്കില്‍ കൂടുതല്‍ ആരോപണങ്ങളും അത് തെളിയിക്കാന്‍ പാകത്തിലുള്ള ‘തെളിവുകളും’ ഉണ്ടാവും.

മറ്റൊരു രസകരമായ വസ്തുത ബുര്‍ഹാന്‍ വാനിയെക്കുറിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ സ്റ്റോറിയൊന്നുമല്ലിത് എന്നതാണ്. അയാള്‍ കൊല്ലപ്പെടുന്നതിനും മൂന്ന് വര്‍ഷം മുന്‍പ് 2013 ആഗസ്റ്റില്‍ ‘ദി ഗാര്‍ഡിയന്‍’ പത്രത്തില്‍ വാര്‍ റിപ്പോര്‍ട്ടറായ ജേസന്‍ ബെര്‍ക്ക് അയാളെക്കുറിച്ച് ഒന്നാന്തരമൊരു ലേഖനമെഴുതിയിരുന്നു – ബുര്‍ഹാന്റെ മിടുക്കും സോഷ്യല്‍ മീഡിയാ സ്വാധീനവുമെല്ലാം വിവരിച്ചുകൊണ്ട്. അയാള്‍ ‘ദി ഗാര്‍ഡിയന്റെ’ ആളാണ്, പുറം നാട്ടുകാരനാണ്. ആസിഫ് പക്ഷെ കാശ്‌മീരിയാണ് , താടിയുള്ള കാശ്‌മീരിയാണ്.

ഗുജറാത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സഞ്ജീവ് ഭട്ടിനു വേണ്ടിയോ യുപിയിലെ കഫീല്‍ ഖാനു വേണ്ടിയോ ശബ്ദിക്കുന്ന അത്രയും ഉറപ്പില്‍ പോലും ആസിഫ് സുല്‍ത്താന് വേണ്ടി ശബ്ദമുയരുന്നില്ല. ഇതേ കാശ്‌മീരില്‍ അജ്ഞാതന്റെ വെടിയേറ്റ് ഷുജാഅത്ത് ബുഖാരിയെന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രതികരിച്ചവരാരും ഈ മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശത്തെക്കുറിച്ച് മിണ്ടുന്നില്ല. അയാള്‍ കാശ്‌മീരിയും മറുവശത്തുള്ളത് തീവ്രവാദ ലേബലുകളുമായതുകൊണ്ടാവാം. ദേശഭക്തി പ്രശ്നമാണല്ലോ.

ഇന്ത്യ തള്ളിക്കളഞ്ഞ യുഎന്‍ റിപ്പോര്‍ട്ടില്‍ കാശ്‌മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. ഒരു വശത്ത് നിന്ന് പാകിസ്ഥാന്‍ ഫണ്ട് ചെയ്യുന്ന വിഘടനവാദ തീവ്രവാദവും മറുവശത്ത് ഇന്ത്യന്‍ നിയന്ത്രണങ്ങളും ഞെരുക്കിക്കളയുന്ന ജീവിതങ്ങളെക്കുറിച്ചും നഷ്ടപ്പെട്ടു പോയ സാധാരണജീവിതവുമല്ലാം അതില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സിവിലിയന്‍ നിസ്സഹായവസ്ഥകള്‍ പുറംലോകത്തെ അറിയിക്കുന്നത് കാശ്‌മീര്‍ നറേറ്റിവ് അടക്കമുള്ള മാധ്യമങ്ങളാണ്, ആസിഫിനെ പോലുള്ള മാധ്യമപ്രവര്‍ത്തകരുമാണ്. അതില്ലാതായാല്‍ ഉള്ള ശബ്ദം കൂടി നിലച്ചുവെന്നാണ് അര്‍ഥം.

”ഇന്ത്യക്ക് കാശ്‌മീരി ജനതയേയല്ല, കാശ്‌മീണ് ആവശ്യമെന്ന്”- അവിടത്തുകാര്‍ പറയാറുണ്ട്. മിണ്ടാതിരുന്നും കണ്ടില്ലെന്ന് നടിച്ചും ‘ഹാ നന്നായിപ്പോയെന്ന്’ പറഞ്ഞും അന്യവത്കരിച്ച്, അപരവത്കരിച്ച് നമ്മളോരോരുത്തരും അതിന് അടിവരയിടുന്നുണ്ട്.

About the Author

നസീൽ വോയിസി
മക്തൂബ് മീഡിയ ഫൗണ്ടിങ് എഡിറ്റർമാരിൽ ഒരാളാണ് നസീൽ വോയിസി

Be the first to comment on "കാശ്‌മീരിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍ തടവിലാക്കപ്പെട്ടിട്ട് ഒരു മാസത്തോളമാവുന്നു"

Leave a comment

Your email address will not be published.


*