സമരജീവിതം കല്ലേൻ പൊക്കുടൻ ഓർമ്മയായിട്ട് മൂന്നു വർഷം

 

ജൈവമനുഷ്യൻ കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ ലോകത്തോട് വിടപറഞ്ഞിട്ടു ഇന്നേക്ക് മൂന്നു വർഷം. കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്ത ജൈവബുദ്ധിജീവി.

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയുംകല്ലേൻ വെള്ളച്ചിയുടേയും മകനായി പുലയ സമുദായത്തിൽ 1937 ൽ പിറന്നു.ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്കൂളിൽ നിന്നും രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങി.പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.പാർട്ടി പിളർന്നപ്പോൾ സി.പി.എം.അനുഭാവിയായി.കൃഷിക്കാർക്ക് വേണ്ടി ഏ.കെ.ജി ഡൽഹിയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസം കിടന്നു. ഏഴോം കർഷകത്തൊഴിലാളി സമരവും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു.ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി.

ജീവിതാനുഭവങ്ങളിലേക്ക് വേരുകളാഴ്ത്തിയാണ് കല്ലേന്‍ പൊക്കുടനെന്ന ദലിത് പോരാളി തന്റെ ദൗത്യം ആരംഭിച്ചത്. ആദ്യം ജന്മിത്തവിരുദ്ധ പോരാട്ടത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. കീഴാളവിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്ന സാമൂഹികവ്യവസ്ഥിതിക്കെതിരേ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുക്കുകയും കര്‍ഷകസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. വര്‍ണാധിപത്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഗ്രസിച്ചപ്പോള്‍ പൊക്കുടന്‍ പാര്‍ട്ടിയുടെ പടിയിറങ്ങി. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യ നിഷേധിച്ച വരേണ്യവര്‍ഗത്തോടുള്ള രോഷം പൊക്കുടന്റെ ജീവിതത്തിലെന്നുമുണ്ടായിരുന്നു.

പൊക്കുടന്‍ ഉയര്‍ത്തിയ ചോദ്യങ്ങളെല്ലാം തന്നെ ഈ കീഴാളജീവിതത്തിന്റെ ഉയിര്‍ത്തെയുന്നേല്‍പ്പുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പൊക്കുടന്റെ ‘എന്റെ ജീവിതം’ എന്ന പുസ്തകം ഇത്തരം കേരളീയ ജീവിതത്തിന്റെ ഒരു ദളിത് ചിത്രം വ്യക്തമാക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട് പൊക്കുടൻ . കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. യൂഗോസ്ലാവ്യ ,ജർമ്മനി ,ഹംഗറി ,ശ്രീലങ്ക ,നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എന്റെ രാഷ്ട്രീയ ജീവിതം ആണ് ആത്മകഥ. പൊക്കുടന്റെ ആത്‌മകഥ ഒരു വൃക്ഷത്തിന്റെ ആത്‌മകഥയാണെന്നു പറഞ്ഞത് എം.എൻ. വിജയനാണ്. പൊക്കുടന്റെ മകൻ ശ്രീജിത്ത് പൈതലേൻ എന്റെ ജീവിതം എന്ന പേരിലും മറ്റൊരു മകനായ പി. ആനന്ദൻ ചൂട്ടാച്ചി, കണ്ടൽ ഇനങ്ങൾ എന്നപേരിലും പൊക്കുടന്റെ ജീവിതവഴികളെ കുറിച്ചും അറിവുകളെ കുറിച്ചും പുസ്തകമെഴുതി.

സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പഴയങ്ങാടിയിൽ കണ്ടൽ സംരക്ഷണ കേന്ദ്രത്തിനായി അദ്ദേഹം വാദിച്ചതും അതുകൊണ്ടു തന്നെയായിരുന്നു. ഇതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ പഠനം ആരംഭിച്ചെങ്കിലും കണ്ടൽ സംരക്ഷണ കേന്ദ്രമെന്ന സ്വപ്നം യാഥാർഥ്യമാകുന്നതു കാണാൻ അദ്ദേഹം കാത്തുനിന്നില്ല.

പാഠപുസ്തകത്തിൽ നിന്നു പുറത്തായ ജീവിതമാണു പൊക്കുടന്റേത്. . 2005ലാണ് ആറാം ക്ലാസിലെ മലയാളപാഠാവലിയിൽ നിന്നു കല്ലേൻ പൊക്കുടന്റെ ജീവിതകഥ ഒഴിവാക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചത്.പൊക്കുടന്റെ ആത്‌മകഥയായ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗം ഒഴിവാക്കാൻ പിന്നീടു കരിക്കുലം സബ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കണ്ടൽക്കാടുകളെക്കുറിച്ചു കണ്ണൂരിലും തലശേരിയിലും ഉള്ളവർക്കു മാത്രമേ മനസിലാകു എന്നതായിരുന്നു കമ്മിറ്റി കണ്ടെത്തിയ കാരണം. പാഠഭാഗം പുസ്തകത്തിൽ നിന്നു നീക്കം ചെയ്തതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു

 

Be the first to comment on "സമരജീവിതം കല്ലേൻ പൊക്കുടൻ ഓർമ്മയായിട്ട് മൂന്നു വർഷം"

Leave a comment

Your email address will not be published.


*