മനസാക്ഷി മരിച്ചിടത്ത് പിന്നെന്താണ് അവശേഷിക്കുക; അഖ്‌ലാഖിന്റെ മകൾ ചോദിക്കുന്നു

ആയിഷ നൗറിൻ

ഇന്ത്യൻ മനസാക്ഷിയെ നടുക്കിയ ആ ദിവസത്തിന് ഇന്ന് 3 മൂന്നാണ്ട് തികയുകയാണ്. മൂന്നു വർഷങ്ങൾക്കു മുമ്പുള്ള ഇതേ ദിവസമാണ് ഇന്ത്യൻ പദാവലിയിലേക്ക് മോബ് ലിഞ്ചിങ് അഥവാ ആൾകൂട്ട കൊലപാതകം എന്ന പദം കടന്നു വരുന്നതും. ഉത്തർ പ്രദേശിലെ ബിസാഡ ഗ്രാമത്തിൽ 52 കാരനായ മുഹമ്മദ് അഖ്‌ലാഖിനെതിരെ വീട്ടിൽ ഗോമാംസം സൂക്ഷിച്ചിട്ടുണ്ട് എന്ന വ്യാജപ്രചരണം പ്രചരിപ്പിച്ചു സ്വന്തം നാട്ടുകാർ അടിച്ചു കൊല്ലുകയാണ് ചെയ്‌തത്‌. അത് പക്ഷെ ഒരു തുടക്കമായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അന്ന് തൊട്ട് ഗോ സംരക്ഷണ സമിതികളും പടച്ചുണ്ടാക്കപ്പെട്ട ഗോഹത്യകളും ഇന്ത്യൻ ജനതക്ക് അത്ഭുതമല്ലാതായിത്തീർന്നു.

70 ഓളം വർഷങ്ങളായി ആ ഗ്രാമത്തിൽ താമസിച്ചു വരുന്നവരായിരുന്നു അഖ്‌ലാഖിന്റെ കുടുംബം. ഉത്തർപ്രദേശിനെ പിടിച്ചുകുലുക്കിയ ബാബരി മസ്ജിദ് ധ്വംസനവും അതിന്റെ അനന്തരഫലങ്ങളുമൊന്നും ബാധിക്കാത്ത ഒരു ഗ്രാമം കൂടിയായിരുന്നു ബിസാഡ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 2014ലെ സംഘ് പരിവാറിന്റെ പ്രകോപനപരമായ കമ്യൂണൽ സ്വഭാവത്തിലുള്ള ക്യാമ്പയിനുകൾക്ക് ശേഷമാണ് മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങുന്നതെന്ന് നാട്ടുകാർ രേഖപ്പെടുത്തുന്നുണ്ട്. ന്യൂനപക്ഷങ്ങളെ വിഷയമാക്കിയിട്ടുള്ള അത്തരത്തിലുള്ള ക്യാമ്പയിനുകളുടെ പ്രധിധ്വനിയായിരുന്നു ആ ഗ്രാമത്തിന്റെ മാറ്റവും. പ്രതികളിലൊരാൾ BJP പ്രാദേശിക പാർട്ടി നേതാവിന്റെ മകനാകുന്നതും, സംഭവത്തെക്കുറിച്ച് ,പെട്ടെന്നുണ്ടായ ഒരപകടമാണെന്നും കുട്ടികൾക്കു പറ്റിപ്പോയ ഒരു തെറ്റാണെന്നുമൊക്കെയുള്ള വളരെയധികം അപകീർത്തിപരമായ ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളുയർന്നു വരുന്നതും അതുകൊണ്ടാണ്.

ആ കേസ് ഇപ്പോഴും ഒരു ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുകയാണ്. മൂന്നുവർഷത്തിനിടക്ക് നാൽപത്തഞ്ചോളം തവണയായി വാദങ്ങൾ കേട്ടിട്ടും കോടതിയിതുവരെ പ്രതികൾക്കു മേൽ ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾ ചർച്ച ചെയ്‌തു കൊണ്ടിരിക്കയാണ്. അഖ്‌ലാഖിന്റെ കൊലപാതകത്തേക്കാൾ പ്രതികളാണെന്നുറപ്പുള്ളവരുടെ ചാർജ് ഷീറ്റിന്റെ വലിപ്പം കുറക്കുന്നതിലാണ് കോടതി പോലും ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കുന്നത്.

“ഈ കേസിതു വരെ തുടങ്ങിയിട്ടില്ല. പിന്നെങ്ങനെയാണ് അവസാനിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുക” എന്ന് അഖ്‌ലാഖിന്റെ സഹോദരൻ മുഹമ്മദ് ജാൻ ചോദിക്കുന്നുണ്ട്. “പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കാര്യങ്ങൾ പോലും ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പിന്നെ ആ അതിവേഗ കോടതി കൊണ്ട് എന്താണവർ അർത്ഥമാക്കുന്നത്” എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതുവരെയും പോലീസിന്റെ കൈയിലുള്ള പ്രതികൾ അന്ന് അഖ്‌ലാഖിന്റെ മകൾ ഷായിസ്ത കാണിച്ച് കൊടുത്തവർ മാത്രമാണ്. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുക പോയിട്ട് തിരിച്ചറിയുന്നതിനു പോലും പോലീസിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവ ദിവസം ഒരു മനുഷ്യനവിടെ മരിച്ചു കിടക്കുമ്പോഴും ഫോറൻസിക് പരിശോധനകൾ നടത്തുന്നതിന് പകരം വൈകിയെത്തിയ പോലീസിനുറപ്പിക്കാനുണ്ടായത് ആ മാംസം പശുവിന്റെത് തന്നെയാണോ എന്നായിരുന്നു.

19 പേരെ പ്രതിചേർക്കപ്പെട്ട ഈ കേസിൽ ഒരാളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. ബാക്കി 14 പേർക്കും 2016ൽ ജാമ്യം ലഭിച്ചു. ഒരാൾ ജയിലിൽ വെച്ച് മരിക്കുകയും ചെയ്തു. ബാക്കി വരുന്ന 3 പേരെ കഴിഞ്ഞ വർഷം ജാമ്യത്തിലിറക്കി. അതായത് 2017ൽ മുഴുവൻ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി. അതിലൊരാൾ ഉത്തർപ്രദേശിൽ മത്സരിക്കുക പോലും ചെയ്തു. 2019ൽ മറ്റൊരു പ്രതിയായ രൂപേന്ദ്ര റാണ അവിടെത്തന്നെ മത്സരിക്കാനിരിക്കുകയാണ്.

പശുവിനെ കശാപ്പ് ചെയ്‌തു എന്ന പേരിൽ ആ കുടുംബത്തിലെ ഓരോ വ്യക്തികൾക്കുമെതിരെ 2016ൽ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ മേലുള്ള കേസ് പിൻവലിക്കണമെന്നും എന്നാൽ ഞങ്ങൾ ഈ കൗണ്ടർ കേസ് പിൻവലിക്കാമെന്നും പ്രതികളുടെ ആളുകൾ അവരോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ആ നാട്ടിലെ ഒരമ്പലമായിരുന്നു മെനഞ്ഞെടുത്ത  നുണയെ വിളിച്ചു പറയാൻ അവർ ഉപയോഗിച്ചത്. ഒരു നാട്ടിലെ ഭൂരിഭാഗം വിഭാഗത്തിന്റെയും ആരാധനാ കേന്ദ്രമായൊരിടത്തിൽനിന്നും ” ഒരു പശു കൊല്ലപ്പെട്ടിരിക്കുന്നു വിശ്വാസികളെല്ലാം പ്രതിരോധിക്കാനിറങ്ങുക ” എന്ന് ഒരു പുരോഹിതനാൽ വിളിച്ചു പറയപ്പെട്ടാലുള്ള അവസ്ഥ എത്രത്തോളം പ്രശ്‌നരൂക്ഷിതമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് (പിന്നീടാ പുരോഹിതൻ താൻ നിർബന്ധത്തിന് വഴങ്ങിയാണ് ചെയ്തതെന്ന് വെളിപ്പെടുത്തിയിരുന്നു.)

അഖ്‌ലാഖിന്റെ മരണത്തിന് 3 വർഷങ്ങൾക്ക് ശേഷവും ആ ഗ്രാമത്തിൽ ഒരു കുറ്റബോധവും അവശേഷിക്കുന്നില്ല എന്നത് വലിയ ഭീഷണിയായാണ് കാണേണ്ടത്. “ഞങ്ങൾ ഒരു പാട് കാലമായി ഇവിടെ താമസിക്കുന്നു .ഒരു മുസ്ലിം കുടുംബം ഇവിടെ നിന്ന് പോയതും അത്തരത്തിലൊരു സംഭവമുണ്ടായതെന്നും ഒരിക്കലും വലുതായി കാണേണ്ടതില്ല” എന്ന് പ്രദേശവാസിയായ നിസാർ അഭിപ്രായം സൂചിപ്പിക്കുന്നുണ്ട്. ആയിരത്തോളം സാക്ഷികളുടെ മുമ്പിൽ വെച്ച് നടന്ന സംഭവമായിട്ടും ആർക്കും പ്രതികളെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല” അവസാനം ഇതിൽ നിന്നെല്ലാം ആരെന്ത് നേടി” എന്ന് ,26 വയസ്സുകാരനായ ചോട്ടുഖാന്റെ ചോദ്യം പ്രസക്തമാകുന്നതവിടെയാണ്.

രാജ്പുട്ടിലെ ബിസാഡ ഗ്രാമത്തിൻെറ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ആ വീട് ഇന്നും 3 വർഷം മുമ്പ് നടന്ന ദിവസത്തിന്റെ മായാത്ത അടയാളമായി നിലകൊള്ളുന്നു. അതേറെക്കുറെ കാടുകയറിക്കഴിഞ്ഞു. തുരുമ്പിച്ച താഴുകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ് ആ വീടിന്റെ വാതിലുകൾ. ആ കുടുംബത്തിനിപ്പോഴും തിരിച്ചുവരാനാകുന്നില്ല. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ മൂത്ത മകന്റെ കൂടെ അവരിപ്പോൾ ഡൽഹിയിലാണ്. മൂന്ന് വർഷത്തിന് ശേഷവും ഒരു തിരിച്ചുവരവിന് വേണ്ടി കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കയാണ് ആ കുടുംബം. അന്ന് അഖ്‌ലാഖിനൊപ്പം പരിക്കേറ്റ ഇളയ മകൻ ഡാനിഷിന് ഒരു ജോലി വേണം. മകൾ ഷയിസ്തക്ക് പഠനം പൂർത്തിയാക്കണം. ഭാര്യ പക്ഷേ ഇപ്പോഴും പൂർച്ച സ്ഥിതി പ്രാപിച്ചിട്ടില്ല.

ഹിന്ദുത്വപരിവാറാൽ കൊല്ലപ്പെട്ട മറ്റെല്ലാവരെയും പോലെ അഖ്‌ലാഖും വളരെയധികം സൗഹാർദത്തോടെ ജീവിച്ചിരുന്ന മനുഷ്യനായിരുന്നു.

” അവരെന്റെ പിതാവിന്റെ എന്നിൽ നിന്നെടുത്തു. എന്നിട്ട് ഞാൻ മിണ്ടാതിരിക്കുമെന്നാണോ വിചാരിക്കുന്നത്. നിങ്ങളാണെങ്കിൽ അതിനാകുമോ. 3 വർഷങ്ങൾക്ക് മുമ്പ് അവർ കൊന്നുകളഞ്ഞത് എന്റെ പിതാവിനെയാണ്. നാളെയത് നിങ്ങളിലാരുടെതെങ്കിലുമാവാം. മനുഷ്യത്വം നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെയവിടെ ഒന്നിനും അവശേഷിക്കാനാകില്ല. പക്ഷേ ഞാൻ നീതിയിൽ വിശ്വസിക്കുന്നു. അതിനാലാണ് ഞാൻ പോരാടുന്നത് .” ഇന്നലെ ജന്തർമന്ദറിൽ All India Women’s Democratic Association സംഘടിപ്പിച്ച പരിപാടിയെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു ഷായിസ്ത. ഒരു ധീര മകളുടെ നിർഭയമായ വാക്കുകൾ. കാണാതാക്കലുകളുടെയും കൊലപാതകങ്ങളുടെയും കഥകളാവർത്തിക്കുമ്പോഴും എഴുതപ്പെട്ട നീതിയിൽ വിശ്വസിക്കുകയാണ് അവരെല്ലാവരും. 6 മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള എല്ലാ കേസുകളും തീർക്കണമെന സുപ്രീം കോടതി വിധിയിലാണ് അവരുടെ ഇപ്പോളത്തെ പ്രതീക്ഷ.

About the Author

ആയിഷ നൗറിൻ
ന്യൂ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ മാധ്യമപഠനവിദ്യാർഥിയാണ് മലപ്പുറം താനൂർ സ്വദേശിയായ ആയിഷ നൗറിൻ

Be the first to comment on "മനസാക്ഷി മരിച്ചിടത്ത് പിന്നെന്താണ് അവശേഷിക്കുക; അഖ്‌ലാഖിന്റെ മകൾ ചോദിക്കുന്നു"

Leave a comment

Your email address will not be published.


*