”ഭയപ്പെടേണ്ട ഉപ്പാ.. എനിക്കിത് താങ്ങാന്‍ സാധിക്കുന്നുണ്ട്” ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് 18 വര്‍ഷം

ഫലസ്തീന്‍ ബാലന്‍ മുഹമ്മദ് ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് 2018 സെപ്റ്റംബര്‍ 30ന് പതിനെട്ടാണ്ട് തികയുന്നു. 2000 സെപ്റ്റംബര്‍ 28ന് നടന്ന രണ്ടാം ഫലസ്തീന്‍ ഇന്‍തിഫാദയുടെ പ്രതീകമായാണ് മുഹമ്മദ് ദുര്‍റ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്. ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു മൂഹമ്മദ് ദുര്‍റയുടെ മരണരംഗം. നിരീക്ഷണ ടവറില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേല്‍ സൈനികര്‍ വെടിയുതിര്‍ക്കുന്നതും പിതാവ് തന്റെ മകനെ സംരക്ഷിക്കുന്നതുമായ ചിത്രം. ഫ്രഞ്ച് ന്യൂസ് ഏജന്‍സി ഫോട്ടോഗ്രാഫറുടെ ക്യാമറ ലെന്‍സില്‍ പതിഞ്ഞ ചിത്രങ്ങള്‍ സംഭവത്തിന്റെ ഭീകരത വളരെ വ്യകതമായി തുറന്നുകാട്ടുന്നതായിരുന്നു.

തന്റെ മകന്റെ ധീര രക്തസാക്ഷിത്വത്തെക്കുറിച്ച് പിതാവ് ജമാല്‍ പറയുന്നു:

”രണ്ടാം ഇന്‍തിഫാദ ആരംഭിച്ച് രണ്ടാം നാള്‍. കൃത്യമായി പറഞ്ഞാല്‍ 2000 സെപ്റ്റംബര്‍ 30ന് ഞാനും ആറാം ക്ലാസുകാരനായ മകന്‍ മുഹമ്മദും പുതിയ കാര്‍ വാങ്ങാന്‍ അങ്ങാടിയിലേക്കിറങ്ങിയതായിരുന്നു. അതിനായി ആദ്യം പഴയ കാര്‍ വില്‍പന നടത്തി. ശേഷം പുതിയ ജീപ് കമ്പനിയുടെ കാര്‍ വാങ്ങാനുള്ള അവന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷെ ചില തടസ്സങ്ങള്‍ കാരണം കാര്‍ വാങ്ങാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. രക്തസാക്ഷി കവല എന്നറിയപ്പെടുന്ന നതസാരിം ജംഗ്ഷന് ഒരു കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ നമ്മള്‍ കണ്ടത് സമീപത്തെ റോഡ് കല്ലുകൊണ്ട് തടഞ്ഞ നിലയിലായിരുന്നു. ഞാനും മകനും ടാക്‌സിയിലെ മറ്റു യാത്രക്കാരും ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു. മറ്റേതെങ്കിലും ടാക്‌സി കിട്ടിയേക്കുമെന്ന് പ്രതീക്ഷയില്‍ ഞാനും മകനും ജംഗ്ഷനില്‍ നിന്നും അല്‍പം മാറി നടന്നു. ലോകം മുഴുവന്‍ ടെലിവിഷനിലൂടെ കണ്ട ആ പോയന്റില്‍ ഞാനും മകനും എത്തിയതും സൈനിക താവളത്തില്‍ നിന്നും തുരുതുരാ വെടിവെപ്പ് നടക്കുന്നുണ്ടായിരുന്നു. എന്റെ മകന്റെ കാര്യം ആലോചിച്ച് ഞാന്‍ ഭയചകിതനായി. അതിനാല്‍ വെടിയേല്‍ക്കുന്നതിനു മുമ്പ് ഞാന്‍ എന്റെ ചില സുഹൃത്തുക്കളെ മൊബൈലില്‍ വിളിച്ച് ഞാനും മകനും അകപ്പെട്ട സ്ഥലത്തെക്കുറിച്ച് കൃത്യമായി പറഞ്ഞു കൊടുക്കുകയും ആ പ്രദേശത്തു നിന്നും രക്ഷപ്പെടാന്‍ ഉടനടി ആംബുലന്‍സ് അയച്ചു തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സമയം മകന്‍ മുഹമ്മദിന് ആദ്യത്തെ വെടിയണ്ട കാല്‍ മുട്ടില്‍ പതിച്ചു. എന്നെ പട്ടി കടിച്ചേ എന്ന് അവന്‍ ഉറക്കെ അലമുറിയിട്ടു. മൂന്നോളം തവണ ആവര്‍ത്തിച്ച അവന്‍ കഠിനമായ വേദന കൊണ്ട് പുളയുന്ന സന്ദര്‍ഭത്തില്‍ എന്നോട് ചോദിച്ചു. ‘അവര്‍ എന്തിനാണുപ്പാ ഞങ്ങളുടെ നേരെ വെടിയുതിര്‍ക്കുന്നത് ?’ പക്ഷെ എനിക്ക് മറുപടിയുണ്ടായിരുന്നില്ല. ഞാന്‍ പിന്നെയും സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടുകയും മകന് വെടിയേറ്റതിനാല്‍ എത്രയും പെട്ടെന്ന് ആംബുലന്‍സ് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അവന്റെ ജീവന്‍ അല്‍പാല്‍പമായി ഇല്ലാതാവുമ്പോഴും അവന്‍ പറഞ്ഞത് ‘ഭയപ്പെടേണ്ട ഉപ്പാ.. എനിക്ക് വേദന താങ്ങാന്‍ സാധിക്കുന്നുണ്ട്’ എന്നായിരുന്നു. നിങ്ങള്‍ക്ക് മുന്നില്‍ വര്‍ണ്ണിക്കാന്‍ സാധിക്കാത്ത വിധം, വേദന താങ്ങാനുള്ള അപാരമായ കഴിവ് അവനുണ്ടായിരുന്നു. ആ സമയം അവനെ രക്ഷിക്കാന്‍ വേണ്ടി ഞാനവനെ എന്റെ പുറകിലേക്ക് വലിച്ചു മാറ്റി്. വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് വെടിയുണ്ട വരുന്ന ഭാഗത്തേക്ക് ഞാന്‍ എന്റെ വലതു കൈ ഉയര്‍ത്തി വീശി. ഒളിസങ്കേതത്തില്‍ നിന്നായതിനാല്‍ വെടിയുതിര്‍ക്കുന്ന സൈനികരെ വേണ്ടവിധം കാണാന്‍ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷെ യാതൊരു പ്രയോജനവും അതുകൊണ്ടുണ്ടായില്ല. അപ്പോഴും മകന്‍ ദയനീയമായി പറഞ്ഞത് ഉപ്പാ നായയെ ഭയപ്പെടേണ്ട എന്നായിരുന്നു. എന്റെ ശരീരത്തില്‍ പലയിടത്തും വെടിയുണ്ട തുടര്‍ച്ചയായി പതിച്ചു കൊണ്ടിരുന്നു. എന്റെ കൈക്കും കാലിനും വെടിയേറ്റു. എന്റെ മകന്‍ മുഹമ്മദിന്റെ ശബ്ദം നിലച്ച നിമിഷം ഞാന്‍ സ്തബ്ദനായി. അവന്റെ ശരീരം തുളച്ച് വെടിയുണ്ട പുറത്തേക്ക് തെറിച്ചിരിക്കുന്നു. അവന്‍ രക്തസാക്ഷിയായിരിക്കുന്നു. എന്റെ വ്യസനവും വേദനയും ഇരട്ടിയായി. നമ്മളെ കൊണ്ടുപോകാനായി വന്ന ആംബുലന്‍സ് ഡ്രൈവറെ ജൂത കാട്ടാളന്‍മാര്‍ വഴിയില്‍ വച്ച് വകവരുത്തിയതായി പിന്നീടറിഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ പരിണിതി തങ്ങള്‍ക്കും വന്നേക്കുമെന്ന് ഭയന്ന് മറ്റ് ആംബുലന്‍സ് ഡ്രൈവര്‍മാരും നമ്മുടെയടുത്തേക്ക് വന്നില്ല.”

ഇസ്രേയേല്‍ സേനയുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കോണ്‍ക്രീറ്റ് ചവറ്റുവീപ്പയുടെ മറവിലിരുന്നുകൊണ്ട് സ്വന്തം മകനെ വെടിയുണ്ടകളില്‍ നിന്നും രക്ഷിക്കാന്‍ മിനുട്ടുകളോളം ശ്രമിച്ചിരുന്നു പിതാവ് ജമാല്‍ അദുര്‍റ. ദൃശ്യങ്ങള്‍ ഫ്രഞ്ച് ടെലിവിഷന്‍ ചാനലായ ഫ്രാന്‍സ് 2 പുറത്ത് വിട്ടിരുന്നു. ചാള്‍സ് എന്‍ഡര്‍ലി എന്ന റിപ്പോര്‍ട്ടര്‍ ആണ് ഈ ദൃശ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്.

ആ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഫലസ്തീനിലൂം ലോകമെങ്ങും പൊരുതുന്ന സമരജനതകളുടെ ഊര്‍ജ്ജമായി മാറി. പോസ്റ്റല്‍കാര്‍ഡുകളായും സ്റ്റാമ്പുകളായും ടീഷര്‍ട്ടുകളായും എല്ലാം അവ പുറത്തിറങ്ങി. ഫലസ്തീനിലെ തെരുവുകള്‍ക്ക് ദുര്‍റയുടെ പേരിട്ട് ആ രക്തസാക്ഷിയെ ഓരോ ഫലസ്തീനികളും സ്മരിച്ചു

Be the first to comment on "”ഭയപ്പെടേണ്ട ഉപ്പാ.. എനിക്കിത് താങ്ങാന്‍ സാധിക്കുന്നുണ്ട്” ദുര്‍റയുടെ രക്തസാക്ഷിത്വത്തിന് 18 വര്‍ഷം"

Leave a comment

Your email address will not be published.


*