“ബഷാറുകളുടെ” ഇടയില്‍ അതിജീവനത്തിനായി പൊരുതുന്ന “ഇൻസാൻ” അഥവാ വരത്തൻ

ബിലാൽ ബിൻ ജമാൽ

പരമകാരുണികനും കരുണാവാരിധിയും അല്ലാഹുവിന്റെ നാമത്തില്‍, വിശ്വസിച്ചവരേ, ഊഹങ്ങളെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെ പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ
( സൂറത്തുല്‍ ഹുജറാത്ത് : 12 )

സാമൂഹികവും ലിംഗപരവുമായ പലതരം ആശയപ്രതിസന്ധികള്‍ക്ക് ( perplexity : derrida, ibn arabi ) സാധ്യത നല്‍കുന്ന ഒരു സിനിമാനുഭവമാണ് കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്‌ത അമല്‍ നീരദിന്റെ വരത്തന്‍. വളരെയേറെ സാമൂഹിക വികാസം അവകാശപ്പെടുന്ന കോസ്മോപൊളിറ്റനുകളിലടക്കം നിലനില്‍ക്കുന്ന ഒരു സങ്കല്‍പ്പമാണ് വരത്തന്‍ എന്നത്. ബഹുസ്വരത എന്നത് കോസ്മോപൊളിറ്റന്‍ മുഖമുദ്രയായി നിലനില്‍ക്കുമ്പോല്‍ തന്നെ ദേശ-ഭാഷ വ്യത്യാസങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ സ്വത്ത്, പെണ്ണ്, ഭൂമി ഇതെല്ലാം ”കവര്‍ന്നെടുക്കുന്ന” ഇല്ലീഗല്‍ ഇമിഗ്രന്റായും മദ്രാസിയായും ബംഗാളിയുമായെല്ലം വരത്തന്‍ അവിടെ എപ്പോളുമുണ്ട്. അവിടങ്ങളിലെ നിയമാനുസൃത അധികാരങ്ങള്‍ പലതും ഈ വരത്തന് അപ്രാപ്യമാണ്. അപരിചിതത്വവും നിസ്സഹായതയുമാണ് പലപ്പോഴും വരത്തന് അഭിമുഖീകരിക്കേണ്ടി വരുന്നത്. വളരെ യൂണിവേഴ്സലായ ഈയൊരു വിഷയത്തെയാണ് കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ സ്പേസില്‍ സ്ഥാപിക്കാന്‍ അമല്‍ വരത്തനിലൂടെ ശ്രമിക്കുന്നത്.

നൂറ്റാണ്ടുകള്‍ പിന്നിടുന്ന വിദേശ വ്യാപാര ബന്ധങ്ങളും, ആധുനിക ഗള്‍ഫ് ബന്ധങ്ങളുമെല്ലാം കേരളത്തെ ഒരു കോസ്മോപൊളിറ്റന്‍ സ്വഭാവത്തിലാക്കി എന്ന് പലപ്പോളും അവകാശപ്പെടുമെങ്കിലും ഇന്നും കേരളത്തിന്റെ മുഖ്യധാരയെ നിയന്ത്രിക്കുന്നത് ബ്രാഹ്മണ ജാതീയ വ്യവസ്ഥയുടെ മുഖമുദ്രയായ പാട്രിയാര്‍ക്കിയും അതിനോടനുബന്ധിച്ച സദാചാര സങ്കല്‍പ്പങ്ങളുമാണ്. കുടുംബത്തിന്റെ/നാടിന്റെ അന്തസ്സ് എന്നതിലുന്നിയാണ് നാട്ടിന്‍പുറങ്ങളില്‍ DYFIയും SDPIയും നടത്തുന്ന മോറല്‍ പൊലീസിങ്ങ് മുതല്‍ 377 വിധിയെ നിരാകരിച്ചുകൊണ്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെപ്രസ്‌താവന വരെ രൂപം കൊള്ളുന്നത്. സൃഷ്ടികളില്‍ ഏറ്റവും മഹത്വമേറിയത് എന്ന് ആദരിച്ചുകൊണ്ട് ശരിതെറ്റുകള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള പ്രകൃതി മതം നിലനില്‍ക്കെയാണ് തീര്‍ത്തും ശുദ്ധാശുദ്ധിയില്‍ ( Purity and Pollution ) ഊന്നിയുള്ള ബ്രാഹ്മണിക് പൊലീസിങ്ങ് ഇവിടത്തെ സെമറ്റിക്ക് മതങ്ങളടക്കം സ്വാശീകരിച്ചിരിക്കുന്നത്. വ്യക്തിപരമായി ചെയ്യുന്ന പാപങ്ങള്‍ പോലും മറ്റൊരാളുടെ വിശ്വാസം, ജീവന്‍, സമ്പത്ത് തുടങ്ങിയവയെ ബാധിക്കുമ്പോള്‍ മാത്രമാണ് അതോറിറ്റി ഇടപെടേണ്ട ഒരു കുറ്റകൃത്വം ( Crime ) ആയിപ്പോലും മാറുന്നത്.

എന്നാല്‍ ഇതൊന്നുമല്ലാത്തെ പാപം എന്നത് വ്യക്തിയെ അശുദ്ധമാക്കുന്ന ഒന്നാണെന്നും ആ അശുദ്ധി ട്രാന്‍സെന്റ് ചെയ്ത് വ്യക്തിയെയും കുടുംബത്തെയും നാട്/ഗ്രാമത്തെയുമാകമാനം ഗ്രസിക്കും എന്ന ബ്രാഹ്മണിക്ക് സദാചാരത്തിലൂന്നിയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കേരളമടക്കമുള്ള ഒട്ടുമിക്ക ഭൂപ്രദേശങ്ങളും നിലകൊള്ളുന്നത്. ഈയൊരു സദാചാര ബോധത്തിലൂന്നിയ സമൂഹത്തിനു മുന്നില്‍ രണ്ട് വഴികളാണ് തങ്ങളുടെ ശുദ്ധി നിലനിര്‍ത്താനായിട്ടുള്ളത്. ഒന്ന് ഭ്രഷ്ടും ( Outcasting ) രണ്ട് ദുരഭിമാനക്കൊലയുമാണ്. മറ്റിടങ്ങളില്‍ ഇത് വളരെ വ്യക്തമാണെങ്കില്‍ കേരളത്തിലിത് പാസ്സീവായ ഒന്നാണ്. അപവാദ പ്രചരണം, വ്യക്തികളുടെ അനുവാദമില്ലാതെ ബലമായി വീഡിയോ എടുത്ത് വാട്ട്സപ്പിലൂടെ പ്രചരിപ്പിക്കല്‍ തുടങ്ങിയ രീതിയില്‍ ഭ്രഷ്ട് ചെയ്യപ്പെടാന്‍ അര്‍ഹരായവരെ അമാനവീകരിച്ച് അവരുടെ മേല്‍ പിന്നീടങ്ങോട്ടുള്ള എല്ലാ വയലന്‍സിനെയും ലെജിറ്റമൈസ് ചെയ്യുക എന്നത് മത ഭേദമില്ലാതെ കേരളം പിന്തുടരുന്ന ഒന്നാണ്.

അത്തരമൊരു സദാചാരം വെച്ചുപുലര്‍ത്തുന്ന ഗ്രാമത്തിലേക്ക് അടിമുടി വ്യത്യസ്‌തതകളും എന്നാല്‍ ഒരു പിടി നൊസ്റ്റാള്‍ജിയകളുമായി കടന്നുവരുന്ന എബിയും ( ഫഹദ് ഫാസില്‍ ) പ്രിയയും ( ഐശ്വര്യ ലക്ഷ്മി ) ഞങ്ങളുടെ ഇടത്തിന് പറ്റിയവരല്ല എന്ന് ആദ്യമേ ആ നാട്ടുകാര്‍ രെജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ആ രേഖപ്പെടുത്തലില്‍ ഊന്നിയാണ് പിന്നീടങ്ങോട്ട് ആ ഇണകള്‍ക്ക് മേലുള്ള എല്ലാ തരം വയലന്‍സും നീതീകരിക്കപ്പെടുന്നത്. വളരെ പാട്രിയാര്‍ക്കലായ ”ബഷാറുകളുടെ” ഇടയില്‍ അതിജീവനത്തിനായി പൊരുതുന്ന ”ഇന്‍സാനിനെയാണ്” പലപ്പോളും നമുക്ക് എബിയില്‍ കാണാനാവുക. എബിയുടെ തന്നെ സെല്‍ഫാണ് അവസാന മുപ്പത് മിനുറ്റുകളില്‍ നെഗേറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് ഇന്‍സാന്‍ എന്ന പദം തന്നെ ഉപയോഗിക്കാന്‍ കാരണം. വളരെയേറെ വ്യാഖ്യാന സാധ്യതകളുള്ള ഒരു മൊമന്റാണ് വരത്തന്റെ അവസാന മുപ്പത് മിനുറ്റുകള്‍. മാസ്ക്കുലിനിറ്റിയുടെ സെലിബ്രേഷന്‍ എന്നുള്ള വായനകളടക്കം ഇതിനോടകം വന്നെങ്കിലും പേരു മുതല്‍ പൂര്‍ണ്ണമായും എബിയുടെ പേര്‍സ്പെക്ടീവില്‍ നിന്നുള്ള സിനിമ എബിയോട് തന്നെ സംവദിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ കേവലമായ ജെന്‍ഡര്‍ വായനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തള്ളിക്കളയാനാവില്ല. ആര് ആരോട് സംവദിക്കുന്നു എന്നതില്‍ നിന്നാണ് അര്‍ത്ഥം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഇവിടെ അഭിസംബോധന ചെയ്യപ്പെടുന്നത് പ്രിയയെ തന്നെയാണൊ എന്നത് വീണ്ടും ആലോചിക്കേണ്ട ഒന്നാണ്.

കുള്ളന്റെ ഭാര്യ മുതലിങ്ങോട്ട് വരത്തന്‍ വരെയുള്ള അമലിന്റെ സിനിമകള്‍ ആവര്‍ത്തിക്കുന്നത് കുടിയേറ്റവും അഭയാര്‍ത്ഥിത്വവും സൃഷ്ടിക്കുന്ന നിസ്സഹായതകളും അതിനോടുള്ള മനുഷ്യന്റെ ചെറുത്തുനില്‍പ്പുകളുമാണെന്നത് കൗതുകകരമാണ്. ഇനിയും കൂടുതല്‍ സിനിമകള്‍ അമലിന്റേതായി പുറത്ത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു അതിനായി കാത്തിരിക്കുന്നു.

Note : ബഷര്‍, റിജാല്‍, ഇന്‍സാന്‍ എന്നത് ഇറാനിയന്‍ ചിന്തകന്‍ അലി ശരീഅത്തി ചൂണ്ടികാണിച്ച മനുഷ്യപരിണാമത്തിന്റെ മൂന്ന് ഘട്ടങ്ങളാണ്. നാഗരികമോ ധാര്‍മികമോ ആയ ബോധമില്ലാത്ത മനുഷ്യനാണ് ബഷര്‍. അതില്‍ നിന്ന് നാഗരികതയിലെത്തുമ്പോള്‍ അവന്‍ റിജാലാവുന്നു. അതിനുമപ്പുറം എന്‍ലെറ്റെന്റ് എന്ന അവസ്ഥയിലെത്തുന്ന മനുഷ്യനാണ് ഇന്‍സാന്‍.

Be the first to comment on "“ബഷാറുകളുടെ” ഇടയില്‍ അതിജീവനത്തിനായി പൊരുതുന്ന “ഇൻസാൻ” അഥവാ വരത്തൻ"

Leave a comment

Your email address will not be published.


*