ഹൈദരാബാദ് വിദ്യർത്ഥിയൂണിയൻ : ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെ ദലിത് മുസ്‌ലിം ബഹുജൻ സഖ്യം

യഹ്‌യ സി

രാജ്യത്തെ സംഘ്പരിവാർ ശക്തികൾ ക്യാംപസിനകത്തും പുറത്തും ശക്തിപ്പെടുന്ന ഒരു പ്രതേക സാഹചര്യത്തിലാണ്, ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.തെലങ്കാനയിലെ സംസ്ഥാന തെരഞ്ഞെടുപ്പും, വരാൻ പോകുന്ന ലോക് സഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിദ്യാർത്ഥി യുവത്വം എങ്ങെനെ പ്രതികരിക്കും എന്ന തലത്തിൽ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ 2018 ഒക്ടോബർ അഞ്ചിന് നടക്കാൻ പോകുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്.

മണ്ഡൽ – മസ്ജിദാനന്തരം ശക്തിയാർജിച്ച ദലിത്-മുസ്ലിം – ആദിവാസി, ബഹുജൻ രാഷ്ട്രീയത്തിന്റെയും, സർവ്വകലാശാലകളിലെ ബ്രാഹ്മണ്യ മേൽജാതി വിരുദ്ധതക്കെതിരെ സന്ധിയില്ലാ സമരം തുടർന്ന് കൊണ്ടിരിക്കുന്ന, അബേദ്ക്കറൈറ്റ് കീഴാള മൂവ്മെന്റുകളുടെയും, ബഹുജൻ ഡിസ്കോ ഴ്സുകളുടെ രാഷ്ട്രീയ ഭൂമികയാണ് ഹൈദരാബാദ് സർവ്വകലാശാല. രോഹിത് വെമുലയുടെ വ്യവസ്ഥാപിത കൊലപാതകവും, അതിനെതിരെ നടന്ന വിദ്യാർത്ഥി പ്രതിപക്ഷ പോരാട്ടങ്ങളാൽ ശ്രദ്ധേയമായ സർവ്വകലാശാലയിൽ സംഘ് പരിവാറിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിക്കെതിരെ രാഷ്ട്രീയ പരമായി തെരഞ്ഞെടുപ്പ് വിധിയെഴുത്ത് നടത്തിയിരുന്നതാണ്. അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് (ASJ) അത്തരത്തിൽ രാജ്യത്തിന് മാതൃകാപരമായിരുന്നു.

രോഹിത് വെമുല്ലയുടെ മരണത്തിനുത്തരവാദിയായ വൈസ് ചാൻസലർ അപ്പ റാവു കേന്ദ്ര ഭരണസ്വാധീനത്താൽ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കുകയും, വിദ്യാർത്ഥി വിരുദ്ധ (എസ്.സി എസ്. ടി, ഒ.ബി.സി) നിലപാടുകൾ തുടരുകയും അതിന്റെ ഇടം -വലം കൈയ്യായി നിൽക്കുന്ന എ.ബി.വി.പി അത്യന്തം ശക്തിപെട്ടിട്ടുണ്ട് എന്ന തിരിച്ചറിവിൽ അതിനെ രാഷ്ട്രീയ പരമായി പ്രതിരോധിക്കാൻ കഴിഞ്ഞ വർഷത്തെ പോലെ ‘ASJ’ യുമായി മുന്നോട്ട് പോവാനായിരുന്നു തീരുമാനം. വിജയ സാധ്യത കണക്കിലെടുത്ത് എൻ.എസ്.യുവിനെ കൂടി ഉൾപ്പെടുത്തി അലയൻസ് വിശാലമാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. സർവ്വകലാശാല ഭരണാധികാരികൾ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ എടുക്കുമ്പോഴും (0BC) ഒ.ബി.സി.എഫ് എന്ന പിന്നോക്ക ഹിന്ദു സംഘടന എ.ബി.വി.പി ക്കൊപ്പം തെരഞ്ഞെടുപ്പ് സംഖ്യം പങ്കിടുന്നത് വിരോധാഭാസമായിരുന്നു. സർവ്വകലാശാലയിൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയും അതിലുപരി കരുത്തരായ എ.ബി.വി.പി ക്കെതിരെ വിശാല സംഖ്യം ഇക്കാരണങ്ങളാൽ അത്യന്തം അനിവാര്യമായിരുന്നു.

പക്ഷേ എസ്.ഐ.ഒ, എം എസ്.എഫ് എന്നീ സംഘടനകൾ ഈ വിശാല സംഖ്യത്തിൽ ഉണ്ടെങ്കിൽ തങ്ങൾക്കിതിൽ ഭാഗമാവാൻ കഴിയില്ലെന്ന പ്രസ്താവനയുമായി എസ്.എഫ്.ഐ രംഗത്ത് വന്നതോടെ സംഖ്യം സങ്കീർണമായി. 2006 ലെ ഒ.ബി.സി സംവരണത്തോടെ ക്യാംപസിലെ സജീവ സാന്നിദ്ധ്യമാണ് മുസ് ലിം വിദ്യാർത്ഥികൾ.അവരുടെ സ്വതന്ത്ര രാഷ്ട്രീയ തെരഞ്ഞെടുപ്പിനെയും, മുസ്ലിം സംഘടനകളേയും, അവയുടെ രാഷ്ട്രീയ ഓട്ടോണമിയേ, ‘വർഗീയത, ‘തീവ്രവാദം’, ‘എ.ബി.വി.പിയുടെ മറുപതിപ്പ്’, എന്നീ ടാഗോടെയാണ് എസ്.എഫ്.ഐ ക്യാംപസിൽ പ്രപരിപ്പിച്ചത്. ‘ബിരിയാണി കൂട്ടം, ‘മതമൗലികവാദികൾ’ എന്നീ അങ്ങേയറ്റം മുസ്ലിം വിരുദ്ധ വംശീയതയാണ് എസ് എഫ് ഐ യിലെ മലയാളി സഖാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.സംഘ് പരിവാർ ഹിന്ദുത്വ ഫാഷിസത്തിനെതിരെ പോരാടുന്നു എന്ന ചാമ്പ്യൻ പട്ടവുമായി, പ്രതീതിയുമായി, അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ കൊന്നുകളഞ്ഞു,എന്ന തരത്തിൽ എസ്.എഫ്.ഐ യുടെ ഭാഗത്തുനിന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് അവയ്ക്കകത്ത് പ്രവൃത്തിക്കുന്ന മലയാളി ഉപദേശീയത പേറുന്ന ഹൈന്ദവ വംശീയ ബോധമാണ്.

UDA: The pen to write your future

ASA – HCU यांनी वर पोस्ट केले रविवार, ३० सप्टेंबर, २०१८

രാജ്യത്തെ സംഘ് പരിവാർ ഫാഷിസത്തിന്റെ അടിസ്ഥാന ഇരകളായ മുസ് ലിംങ്ങളെ, അവരുടെ രാഷ്ട്രീയ ചോദ്യങ്ങളും, നിലനിൽപ്പും ഉയർത്തി കൊണ്ട് വരുന്ന മുസ്ലിം സംഘടനകളെ തഴഞ്ഞ് സംഖ്യം രൂപീകരിക്കാൻ കഴിയില്ലന്ന എ.എസ്.യുടെ നിലപാടാണ്, എസ്.എഫ് ഐ യെ ഒറ്റക്ക് മത്സരിപ്പിക്കാൻ ഇടയാക്കിയത്.ക്യാംപസിലെ വർഷങ്ങളായി തുടർന്ന് വരുന്ന ദലിത്- മുസ് ലിം വിദ്യാർത്ഥി സംഘടനകളുടെ സഹോദര്യത്തിലധിഷ്ഠിതമായ കെട്ടുറപ്പിനെ, അവയുടെ രാഷ്ട്രീയത്തെ ഉരസുക എന്നതായിരുന്നു എസ്.എഫ് ഐ യുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് യുനൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ് (UDA) രൂപീകരിക്കുന്നത്. എ.എസ്.എ, ബി.എസ്.എഫ്, ഡി.എസ്.യു, ടി.എസ്.എഫ്, എസ്.ഐ.ഒ, എം.എസ്.എഫ് എന്നീ സംഘടനകളും, രാഷ്ട്രീയ വിയോജിപ്പോടെ, എൻ.എസ്.യുവിനെ കൂടി ഉൾപ്പെടുത്തി UDA എന്ന ബഹുജൻ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്. 2014ൽ രാജ്യത്തെ സർവ്വകലാശാലയുടെ ചരിത്രത്തിലാധ്യമായി (ദലിത്, ബഹുജൻ) വിദ്യാർത്ഥി യൂണിയൻ നിലവിൽ വന്നത് UDA ക്ക് കീഴിലായിരുന്നു. അതു കൊണ്ട് തന്നെ UDA തിരിച്ചു വരുന്നു. (UDA lS BACK)എന്ന ബഹുജൻ രാഷ്ട്രീയ മുദ്രാവാക്യമാണ് ഉയർത്തിയത്.

കാഞ്ച ഐലയ്യയുടേയും സീതാറാം യെച്ചൂരിയുടേയുമെല്ലാം മുൻ കൈയ്യാൽ മുന്നോട്ട് വെച്ച തെലങ്കാനയിലെ ദലിത്-ഇടത് ഐക്യമാണ് മലയാളി സഖാക്കളുടെ ഹിപ്പോക്രസിയാൽ ഇല്ലാതാവുന്നത്. വരാൻ പോകുന്ന തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പിൽ സാമൂഹിക നീതിക്കായുള്ള ദലിത് സംഘടനകളുമായുള്ള ഇടതിന്റെ നിലപാട് കൂടുതൽ പ്രശ്നഭരിതമാകും. തങ്ങൾക്കടുത്തുള്ള സർവ്വകലാശാലയിൽ പോലും മുന്നോട്ട് കൊണ്ടു പോവാൻ കഴിയാത്ത, നീൽസലാം, ലാൽസലാം മുദ്രാവാക്യങ്ങൾ വെറും കാപട്യമാണെന്ന പ്രത്യക്ഷ ഉദാഹരണമാണ് അവർ ഒറ്റക്ക് മത്സരിക്കുമ്പോൾ നീൽസലാം സെലക്ടീവായ് അപ്രത്യക്ഷമാകുന്നത്.

സർവ്വകലാശാലകളുടെ ചരിത്രത്തിലാധ്യമായി ശ്രീജ വാസ്തവി എന്ന ദലിത് വനിത യു.ഡി.എയുടെ പാനലിൽ പ്രസിഡന്റ് പോസ്റ്റിലേക്ക് മത്സരിക്കുന്നു. ഹംന നസീർ എന്ന മുസ്ലിം പെൺകുട്ടി ഉൾപ്പെടെ കേന്ദ്ര പാനലിൽ നാലു പേർ വനിതകളാണെന്നത് ശ്രദ്ധേയമാണ്. രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയുടെയും, നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമാ നഫീസയുടേയും ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തു നിൽപ്പും, ധൈര്യവുമാണ് തങ്ങളുടെ പ്രചോദനമെന്ന് യു.ഡി.എ പാനലിലെ ദലിത്, മുസ്ലിം വനിതാ സ്ഥാനാർത്ഥികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. അവ പകർന്ന് നൽകുന്ന രാഷ്ട്രീയത്തിന്, ബഹുജൻ ഐക്യത്തിന്, വിജയം കാണാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ..

About the Author

യഹ്‌യ സി
ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ എംഎ സോഷ്യോളജി രണ്ടാം വർഷവിദ്യാർഥിയായ ലേഖകൻ മലപ്പുറം കടന്നമണ്ണ സ്വദേശിയാണ്.

Be the first to comment on "ഹൈദരാബാദ് വിദ്യർത്ഥിയൂണിയൻ : ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെ ദലിത് മുസ്‌ലിം ബഹുജൻ സഖ്യം"

Leave a comment

Your email address will not be published.


*