നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം സംസ്‌കരിച്ചു

മരണശേഷം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്‌ജിദിൽ തന്നെ ഖബറടക്കണമെന്ന സാമൂഹികപ്രവർത്തകൻ നജ്‌മൽ ബാബുവിന്റെ ആഗ്രഹത്തിന് ബന്ധുക്കൾ എതിരുനിന്നു. നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടത്തണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സിപിഐഎംഎൽ പ്രവർത്തകരും പ്രതിഷേധിച്ചെങ്കിലും അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. സഹോദരന്റെ വീട്ടു വളപ്പിലാണ് നജ്‌മൽ ബാബുവിനെ സംസ്കരിച്ചത്.

നിരീശ്വരവാദിയായിരുന്നു എന്ന കാരണം പറഞ്ഞ് നജ്മൽ ബാബുവിന്‍റെ അവസാന ആ​ഗ്രഹമായ ചേരമാൻ പള്ളിയിലെ അന്ത്യനിദ്ര അദ്ദേഹത്തിന്റെ ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം താൽക്കാലികമായി ശവസംസ്കാരം തടഞ്ഞുവെച്ചിരുന്നു. ‘പള്ളിയിൽ അടക്കാൻ സമ്മതിക്കില്ല, നജ്‌മൽ ബാബു അങ്ങനെ പലതും പറയും’എന്നായിരുന്നു സഹോദരനടക്കമുള്ള ബന്ധുക്കളുടെ നിലപാട്. ആർഡിയും കലക്ടറും ഇടപെട്ട് താൽക്കാലികമായി ശവസംസ്‌കാരം തടഞ്ഞിട്ടും ബന്ധുക്കൾ മൃതദേഹം വീട്ടിൽത്തന്നെ സംസ്‌കരിക്കും എന്ന് ഉറച്ചുനിൽക്കുകയായിരുന്നു.

വന്‍ ജനാവലിയാണ് നജ്‌മൽ ബാബുവിനെ കാണാനായി ഒഴുകെയെത്തിയത്. ശേഷം വൈകീട്ട് മൂന്നരയോടെ കൊടുങ്ങല്ലൂർ പോലീസ് മൈതാനിയിൽ പൊതുദർശനത്തിന് വെച്ചു.

സംഭവസ്ഥലത്തുനിന്ന് മൻസൂർ കൊച്ചുകടവ് എഴുതുന്നു: “സഖാവ് നജ്മൽ ബാബുവിന്റെ ജേഷ്‌ടൻ പ്രേം ചന്ദ്രനോട് സംസാരിച്ചപ്പോൾ അങ്ങേരു പറഞ്ഞത് വീട്ടിൽ തന്നെ ശവസംസ്‌കാരം നടത്തുമെന്നാണ്. സഖാവിന്റെ ആഗ്രഹം കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ ഖബറടക്കുന്നതല്ലേ എന്നു ചോദിച്ചപ്പോൾ ഒരു മതാചാര പ്രകാരവും ശവസംസ്‌കാരം നടത്താൻ ഞങ്ങൾ തയ്യാറല്ല എന്നും സഖാവിനെ ദഹിപ്പിക്കാനുള്ള വിറക് വരെ വീട്ടിൽ ഇറക്കിയിട്ടുണ്ടെന്നുമാണ് പറഞ്ഞത്. ഈ ബ്രാഹ്മണിക്കൽ യുക്തിവാദികളോട് ചരിത്രം മാപ്പ് തരില്ല.”

മരിച്ചാല്‍ തന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കണമെന്നായിരുന്നു നജ്‌മൽ ബാബു ആഗ്രഹിച്ചിരുന്നത്. ആ ആഗ്രഹം പ്രകടിപ്പിച്ച് 2013 ല്‍ അദ്ദേഹം സുലൈമാന്‍ മൌലവിക്ക് ഒരു കത്ത് എഴുതിയിരുന്നു. ജനനം തിരഞ്ഞെടുക്കാന്‍ നമുക്ക് അവസരം ലഭിക്കുന്നില്ല, മരണവും മരണാനന്തരവും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി എന്ന് അദ്ദേഹം കത്തിലൂടെ ചോദിക്കുന്നു

ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം സുഹൃത്തുക്കളുടെ സമുദായം മാത്രം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണെന്നും ഇതിനെതിരെ മുസ്‍ലിം സാഹോദര്യങ്ങളുടെ പ്രതിഷേധത്തില്‍ താന്‍ അവരോടൊപ്പമാണെന്നും അതുകൊണ്ടുതന്നെ മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക ശരീരവും മറവുചെയ്യപ്പെടണമെന്നാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

നജ്‌മൽ ബാബു എഴുതിയ കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട സുലൈമാന്‍ മൌലവിക്ക്,

വിചിത്രമെന്ന് തോന്നാവുന്ന ഒരു ആവശ്യമാണ് നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. ഞാനൊരു വിശ്വാസിയൊന്നുമല്ല. വിശ്വാസങ്ങളുടെ വൈവിധ്യഭംഗിയിലാണ് ഒരുപക്ഷേ, എന്റെ വിശ്വാസം.

ജീവിതത്തിലുടനീളം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്നും മുസ്‍ലിംകളായിരുന്നു- ഇപ്പോഴും!

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്കരിക്കാന്‍ കഴിയുമോ?

നോക്കൂ! മൌലവി, ജനനം ”തിരഞ്ഞെടുക്കുവാന്‍” നമുക്ക് അവസരം ലഭിക്കുന്നില്ല.

മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലേ ശരി?

എന്റെ ഈ അത്യാഗ്രഹത്തിന്, മതപരമായ ന്യായങ്ങള്‍ കണ്ടെത്തുവാന്‍ പണ്ഡിതനായ നിങ്ങള്‍ക്ക് കഴിയുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.

ഇങ്ങിനെ ഒരു ജോയിയുടെ സൃഷ്ടികൊണ്ട് കാരുണ്യവാനായ ദൈവം എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടാവില്ലേ?

ജനിച്ച ഈഴവ ജാതിയുടെ ജാതിബോധം തീണ്ടാതിരിക്കുവാനാണ്, അച്ഛന്‍ എന്നെ മടിയില്‍ കിടത്ത് അന്ന് ”ജോയ്” എന്ന പേരിട്ടത്.

ബാബറി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം ”മാത്രം” സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ‘

ഇതിനെതിരെ ”മുസ്‍ലിം സാഹോദര്യങ്ങളുടെ” പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്.

മുസ്‍ലിം സമുദായത്തിലെ അനേകരോടൊപ്പം, എന്റെ ഭൌതിക ശരീരവും മറവുചെയ്യപ്പെടണമെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത, ഒരു ദുര്‍ബ്ബലന്റെ പിടച്ചിലില്‍ മൌലവി എന്നോടൊപ്പം ഉണ്ടാകുമെന്ന്- ഇപ്പോള്‍ എനിക്ക് ഏതാണ്ടുറപ്പാണ്.

നിര്‍ത്തട്ടെ

സ്നേഹത്തോടെ, സ്വന്തം കൈപ്പടയില്‍

ടിയെന്‍ ജോയ്

മുസിരിസ് ഡിസംബര്‍ 13/2013

അനീതിക്കെതിരെ പ്രതികരിക്കുക

Mansoor Kochukadavu यांनी वर पोस्ट केले बुधवार, ३ ऑक्टोबर, २०१८

Be the first to comment on "നജ്‌മൽ ബാബുവിന്റെ ആഗ്രഹം നടന്നില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം സംസ്‌കരിച്ചു"

Leave a comment

Your email address will not be published.


*