‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ നജീബിൻ്റെ മാതാവ് ഫാത്തിമ നഫീസ് നിയമയുദ്ധം തുടരും

‘ഈ വിധി ഹൃദയഭേരിതമാണ്. സിബിഐ നടത്തിയത് ഏറ്റവും വലിയ പക്ഷപാതപരമായ അന്വേഷണമാണ്. എൻ്റെ മകനെ അക്രമിച്ചവരെ രക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഞാനിപ്പോഴും രാജ്യത്തെ ജുഡീഷ്യറിയിൽ വിശ്വസിക്കുകയാണ്. എൻ്റെ മകന് നീതി ലഭിക്കും വരെ പോരാട്ടം തുടരും.’

തൻ്റെ മകൻ നജീബ് അഹ്‌മദിനെ കണ്ടെത്താനുള്ള രണ്ടുവർഷത്തെ അതിജീവനപോരാട്ടങ്ങളോട് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സിബിഐ നിഷേധാത്മകമായ സമീപനം സ്വീകരിക്കുമ്പോളും ഫാത്തിമ നഫീസ് ഉറച്ച നിലപാടിലാണ്. ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.

അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. പരാതികളുണ്ടെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നജീബിന്‍റെ മാതാവിനോട് വ്യക്തമാക്കുകയായിരുന്നു.

നജീബിന്‍റെ തിരോധാനത്തില്‍ ആര്‍ക്കും പങ്കില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്ക് അനുവാദം നല്‍കിയത്. നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ് നല്‍കിയ ഹരജി തീര്‍പ്പാക്കിയതായും കോടതി അറിയിച്ചു. സി.ബി.ഐയെ മാറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും അന്വേഷണം കോടതി നിരീക്ഷിക്കണമെന്നുമായിരുന്നു നജീബിന്‍റെ മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരാണ് ഹരജിയില്‍ വിധി പറഞ്ഞത്.

സിബിഐയും ദൽഹി പോലീസും മോഡി ഭരണകൂടത്തിന്റെ പാവകളാണെന്നും നജീബിനെ കണ്ടെണ്ടത്താനായുള്ള സമരം തുടരുമെന്നും ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് എൻ സായി ബാലാജി പറഞ്ഞു.

ജെഎന്‍യുവില്‍ നിന്നും എബിവിപി പ്രവര്‍ത്തകരുടെ അക്രമണത്തിനു ശേഷം നജീബിനെ കാണാതായിട്ട് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. 2016 ഒക്ടോബർ 15 നാണ് നജീബിനെ കാണാതാകുന്നത്

രണ്ടു വര്‍ഷമായി രാജ്യത്തെ പ്രമുഖമായ മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല. നജീബിനെ ഹോസ്റ്റൽ മുറിയിൽ വെച്ച് മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ദൽഹി പൊലീസോ യൂണിവേയ്സിറ്റി അധികൃതരോ സിബിഐയോ ഇതുവരെ തയ്യാറായിട്ടില്ല.

Be the first to comment on "‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ നജീബിൻ്റെ മാതാവ് ഫാത്തിമ നഫീസ് നിയമയുദ്ധം തുടരും"

Leave a comment

Your email address will not be published.


*