രാജസ്ഥാൻ: കോടതിമുറ്റത്തെ മനു പ്രതിമയിൽ കരിഓയിൽ ഒഴിച്ച് രണ്ട് ദലിത് സ്ത്രീകളുടെ പ്രതിഷേധം

രാജസ്ഥാൻ ഹൈക്കോടതിയിലെ മനു പ്രതിമയിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധവുമായി രണ്ട് സ്ത്രീകൾ. തിങ്കളാഴ്ചയാണ് രണ്ട് ദലിത് സ്ത്രീകൾ കോടതിവളപ്പിൽ കയറി മനു പ്രതിമക്ക് നേരെ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്.

ജാതീയത അടിസ്ഥാനമായ മനുവിൻ്റെ ആശയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും അതിനോടുള്ള പ്രതിഷേധമാണ് കരിഓയിൽ പ്രയോഗമെന്നും പറഞ്ഞുകൊണ്ടാണ് ഷീലഭായിയും കൻത രമേശും കോടതിമുറ്റത്ത് ആളുകൾ നോക്കിനിൽക്കെ പ്രതിഷേധിച്ചത്. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തു.

28 വർഷങ്ങൾക്ക് മുമ്പ് , പ്രതിമ സ്ഥാപിച്ച വേളയിൽ തന്നെ മനു പ്രതിമ കോടതിവളപ്പിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദലിത് ആക്ടിവിസ്റ്റുകൾ സമരം തുടങ്ങിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് പ്രതിമ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിശ്വഹിന്ദു പരിഷത് നേതാവ് ആചാര്യ ധർമേന്ദ്ര കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലെയും ത്രിപുരയിലെയും പെരിയാർ , ലെനിൻ പ്രതിമകൾ ബിജെപി പ്രവർത്തകർ വ്യാപകമായി തകർത്തപ്പോൾ “മിസ്റ്റര്‍ മോദിജീ, നിങ്ങളുടെ പ്രവര്‍ത്തകരോട് ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ. ഒരു ദിവസം അവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുവിന്റെ പ്രതിമ തകര്‍ത്തെറിയും” എന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി എംഎൽഎ പ്രതികരിച്ചിരുന്നു.

 

Be the first to comment on "രാജസ്ഥാൻ: കോടതിമുറ്റത്തെ മനു പ്രതിമയിൽ കരിഓയിൽ ഒഴിച്ച് രണ്ട് ദലിത് സ്ത്രീകളുടെ പ്രതിഷേധം"

Leave a comment

Your email address will not be published.


*