96 നൊസ്റ്റാൾജിയ

അമൃത എ എസ്

കാതൽ പേസുമ്പോത് മൊഴികൾ കിടയാത് – അതെ, പ്രേമമാണ് കഥയെങ്കിൽ അത് മനസിലാക്കാൻ ഭാഷയൊരു പ്രശ്നമാവില്ല. ഒരു നഷ്ടപ്രണയത്തിന്റെ കഥയുമായി തമിഴിലെ മാസുകൾക്കിടയിൽ ഏറ്റവുമൊടുവിൽ പിറന്നുവീണ ക്ലാസ്സ്‌ പടമാണ് 96 ! മനുഷ്യന്റെ കൂടെ പ്രണയമുള്ളിടത്തോളം കാലം സിനിമയ്ക്കത് ഒരു വിഷയമാണ്. എത്ര കണ്ടാലും ആളുകളെ മടുപ്പിക്കാതിരിക്കാൻ അതിനു കഴിയുകയും ചെയ്യും. അത് 22കൊല്ലം പഴക്കമുള്ള ഒരു പ്രേമമാണെങ്കിലോ…? പ്രണയം മാത്രമല്ല, സ്കൂൾ കാലത്തിന്റെ ഒരു നൊസ്റ്റാൾജിയ നമ്മളിൽ കുത്തിവെക്കുന്ന 96, തൊണ്ണൂറുകൾക്കൊടുവിൽ സ്കൂൾ വിട്ടിറങ്ങിയവർക്ക് ആ കാലത്തിലേക്ക് ഒന്നുകൂടി കടന്നുപോവാനും, പഴയ കൂട്ടുകാരൊന്നിച്ചുകൂടാനും നിങ്ങളെ തോന്നിപ്പിക്കാനുമിടയുണ്ട്.

സിനിമയുടെ പിന്നണിയിൽ ക്യാമറ ചലിപ്പിച്ചിരുന്ന സി. പ്രേം കുമാർ ആദ്യമായി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 96. ജാനകി ദേവിയായി തൃഷ കൃഷ്ണന്റെ മികച്ച തിരിച്ചുവരവെന്നപോലെ രാമചന്ദ്രനായെത്തിയ വിജയസേതുപതി സൂപ്പറാണെന്ന് വീണ്ടും തെളിയിക്കുന്നു ഈ സിനിമ. ആടുകളം മുരുഗദോസിനെയും ദേവദർശിനിയെയും കൂടാതെ ഇവരുടെയെല്ലാം കൗമാരങ്ങളെയവതരിപ്പിച്ചവരും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ഈ സിനിമയ്ക്ക് പിറകിലൊരു മലയാളിയുമുണ്ട്, തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റിലെ ഗോവിന്ദ് മേനോൻ ! അദ്ദേഹമാണ് 96ന്റെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

ട്രാവൽ സ്റ്റോറി മൂഡിൽ, ഫോട്ടോഗ്രാഫറായ രാമചന്ദ്രന്റെ യാത്രകളിൽ തുടങ്ങുന്ന സിനിമയിൽ കാടും കടലും മരുഭൂമിയുമടക്കം മനോഹരമായ പ്രകൃതി ദൃശ്യങ്ങളുണ്ട്. തനിച്ചുള്ള ജീവിതം ആസ്വദിക്കുന്ന അയാൾ ഒരു യാത്രയ്ക്കിടെ ജനിച്ചു വളർന്ന നാട്ടിലേക്കു വീണ്ടും എത്താനിടയാകുമ്പോൾ കഥ പഴയ കൂട്ടുകാരുടെ ഒത്തുചേരലിലേക്കും സ്കൂൾ കാലത്തിലേക്കും വഴിമാറുന്നു. ആർ.രാമചന്ദ്രനെന്ന റാമിന്റെയും ജാനകി ദേവിയെന്ന ജാനുവിന്റെയും അവരുടെ കൂട്ടുകാരുടേതുമാണ് 96ന്റെ കഥ. 1996ൽ തഞ്ചാവൂരിലെ ഒരു സ്കൂളിൽ പത്താം ക്ലാസിൽ ഒരുമിച്ചു പഠിച്ച കൂട്ടുകാരുടെ കഥ.

96ന്റെ ടൈറ്റിൽ രൂപകൽപന ചെയ്തിരിക്കുന്ന ഡൂഡിൽ ആർട്ടിൽ ദൂരദർശൻ, മൈക്കിൾ ജാക്‌സൺ, ഇളയരാജ, റേഡിയോ, ചില്ലുകുപ്പിയിലെ കോള അങ്ങനെ ആ തൊണ്ണൂറുകളെ കുറിക്കുന്ന പലതുമുണ്ട്. സ്നേഹം കണക്കുകൂട്ടിയ ഫ്‌ളെയിംസ്, മഞ്ഞപൊതിയുള്ള മാങ്കോ ബൈറ്റ്, കല്ലുവെച്ചു പൊട്ടിച്ചു തിന്നുന്ന ബദാം കായ, ഹീറോപേന അങ്ങനെ അന്നത്തെ കൗമാരം അനുഭവിച്ച പലതും ഉൾപ്പെടുത്തി കഥ നടന്ന കാലത്തോടും 96 നീതി പുലർത്തുന്നു.

വർഷങ്ങൾക്കിപ്പുറവും പഴയൊരു പ്രേമം ഉള്ളിൽ കാത്തുവെച്ചവർ, അവർ വീണ്ടും കാണാനിടയാകുന്നു. പല സിനിമകളിലും കണ്ട കഥ. പക്ഷേ, ജീവിതം പല വഴികളിലൂടെ പോയെങ്കിലും പ്രണയം കൈവിടാതെ ജീവിച്ച നിസ്സഹായനായ രണ്ടു മനുഷ്യരെ ഈ സിനിമയിൽ കാണാം. ഏറെ പ്രിയപ്പെട്ടവരെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോളും, മണിക്കൂറുകൾ മാത്രം ഒരുമിച്ച് ചിലവഴിച്ച് യാത്ര പറയേണ്ടിവരുമ്പോളും ഉണ്ടാകുന്ന പറയാനാകാത്ത വികാരങ്ങളെ, വിചാരങ്ങളെ ഈ സിനിമ നമ്മളെയും അനുഭവിപ്പിക്കും. നമുക്കിടയിലും എവിടെയൊക്കെയോ ഉണ്ടാവും ജീവിതത്തിന്റെ ഒഴുക്കിനൊത്ത് നീങ്ങേണ്ടി വന്ന ജാനുവിനെപ്പോലുള്ളവരും, നമ്പർ ലോക്കുള്ള പെട്ടിയിൽ വർഷങ്ങളായി ഓർമകൾ സൂക്ഷിക്കുന്ന റാമിനെപ്പോലെയുള്ളവരും. ഒരു നൊമ്പരം ബാക്കിയാക്കി കഥ അവസാനിപ്പിക്കുമ്പോൾ അത്രമേൽ സ്‌നേഹിക്കുന്ന അവർ തമ്മില്‍ കണ്ടുമുട്ടേണ്ടായിരുന്നെന്ന് ഒരിക്കലെങ്കിലും പ്രേക്ഷകന്റെയുള്ളിൽ തോന്നലുണ്ടാക്കുന്ന മനോഹരമായൊരു സിനിമയാണ് 96.

Be the first to comment on "96 നൊസ്റ്റാൾജിയ"

Leave a comment

Your email address will not be published.


*