നജീബ് അഹ്‌മദ്‌ എവിടെയാണ്?

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും എബിവിപി പ്രവര്‍ത്തകരുടെ സംഘടിത അക്രമണത്തിനു ശേഷം നജീബ് അഹ്‌മദിനെ കാണാതായിട്ട് രണ്ടു വർഷം തികയുന്നു. 2016 ഒക്ടോബർ 15 നാണ് ജെഎൻയുവിൽ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാർത്ഥിയായ നജീബിനെ കാണാതാകുന്നത്

രണ്ടു വര്‍ഷമായി രാജ്യത്തെ പ്രമുഖമായ മൂന്ന് ഏജന്‍സികൾ അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ല. നജീബിനെ ഹോസ്റ്റൽ മുറിയിൽ വെച്ച് മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ദൽഹി പൊലീസോ യൂണിവേയ്സിറ്റി അധികൃതരോ സിബിഐയോ ഇതുവരെ തയ്യാറായിട്ടില്ല. ഡൽഹി പോലീസ് , ക്രൈംബ്രാഞ്ച് , സിബിഐ അന്വേഷണഏജൻസികൾക്ക് നജീബിനെ കണ്ടെത്താനായില്ല.

നജീബിനെ ഹോസ്റ്റൽ മുറിയിൽ വെച്ച് മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ദൽഹി പൊലീസോ യൂണിവേയ്സിറ്റി അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. “എന്റെ മകനെ തല്ലിയവരെ അറസ്റ് ചെയ്യൂ.. അവരെ ചോദ്യം ചെയ്താൽ മനസ്സിലാവും അവൻ എവിടെയാണെന്ന് ” എന്ന് നിരവധി വേദികളിൽ ഫാത്തിമ നഫീസ് ആവർത്തിച്ചു പറഞ്ഞു.

തന്റെ മകനെ നിങ്ങളെന്താണ് ചെയ്തത് എന്ന് രാജ്യത്തെ ഭരണകൂടത്തോട് നിരന്തരം രണ്ടു വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുകയാണ് നജീബ് അഹമ്മദിനെ മാതാവ് ഫാതിമ നഫീസ്. നജീബിനെ കണ്ടെത്താനുള്ള നിയമപോരാട്ടത്തിലും നജീബിനെ കാണാതാക്കിയ സംഘ്പരിവാര്‍ ഹിംസക്കെതിരായ രാഷ്ടീയ പോരാട്ടത്തിലും സജീവസാന്നിധ്യമാണ്‌ നജീബിന്റെ മാതാവ് ഫാതിമ നഫീസും സദഫ് ഇർഷാദും. എസ്ഐഒ , ബാപ്‌സ , യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് , ജെൻഎൻയു വിദ്യാർത്ഥിയൂണിയൻ , തുടങ്ങി വിവിധ സംഘടനകളും കൂട്ടായ്‌മകളും ഡൽഹിയിൽ വ്യത്യസ്‌തസമയങ്ങളിൽ “വേർ ഈസ് നജീബ്” മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധമാർച്ചുകൾ സംഘടിപ്പിച്ചു. മാർച്ചുകളിൽ ഫാത്തിമ നഫീസടക്കം പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിരയായി.

കാണാതാവുന്നതിന്റെ തലേദിവസം രാത്രി നജീബിനെ തല്ലിച്ചതച്ചു, അവനെ ഞങ്ങള്‍ക്ക് വിട്ടു തന്നേക്ക്, അവന്റെ പേര്‍ തന്നെ ഈ ഭൂമിയില്‍നിന്ന് ഇല്ലാതാക്കിതരാം എന്ന് ആക്രോശിച്ച, അവനെതിരെ വധഭീഷണി മുഴക്കിയ എ.ബി.വി.പിക്കാര്‍ തന്നെയാണ് നജീബിനെ അപ്രത്യക്ഷനാക്കിയത് എന്നാണ് ഞങ്ങളിപ്പോഴും വിശ്വസിക്കുന്നത്. നജീബിനെ പകല്‍നേരത്ത് ജെ.എന്‍.യുവില്‍നിന്ന് പിടിച്ചുകൊണ്ടുപോകാനൊന്നും എ.ബി.വി.പിക്കാര്‍ക്ക് സാധ്യമല്ല, അവര്‍ അങ്ങനെയൊന്നും ചെയ്യില്ല എന്നൊക്കെയാണ് പോലീസിന്റെ ഭാഷ്യം. നജീബിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചവശനാക്കാന്‍ എ.ബി.വി.പിക്കാര്‍ക്ക് കഴിയുമെങ്കില്‍ അവനെ അപ്രത്യക്ഷനാക്കാന്‍ അവര്‍ക്ക് എന്തുകൊണ്ട് പറ്റില്ല?

സഹോദരി സദഫ് ചോദിക്കുന്നു.

ഐ.എസ്.ഐ.എസ്. തുടങ്ങിയ തീവ്രവാദ ലേബലുകളിലേക്ക് നജീബിനെ ചാർത്താനാണ് ഇവിടത്തെ മാധ്യമങ്ങളും അന്വേഷണ ഏജൻസികളും ശ്രമിച്ചത്. മുസ്‌ലിം എന്ന് പറയുമ്പോൾ , തീവ്രവാദി എന്ന പര്യായപദം എഴുതപ്പെടാതെ ഇന്ത്യയിൽ ഒന്നും മാറ്റി നിർത്തപ്പെടില്ല എന്നാണ് നജീബും നമ്മോട് പറയുന്നത്. നജീബ് എ.ബി.വി. പി പ്രവർത്തകരുടെ അക്രമത്തിന് വിധേയമായ ഉടനെ ജെഎൻയുവിലെ ഇടതുപക്ഷ വിദ്യാർത്ഥി യൂണിയൻ എടുത്ത നിലപാട് നജീബിനെ കുറ്റവാളിയായി ചിത്രീകരിച്ചിട്ടുള്ളതായിരുന്നു. ഇടത് വലത് പ്രത്യയ ശാസ്ത്രങ്ങൾക്ക് നജീബ് ഇതൊക്കെയാണ്. പക്ഷേ, മുസ്‌ലിം സമുദായത്തിന് നജീബ് അഭിമാനകരമായ ഒരു പേരാണ്. നെഞ്ചുറപ്പുള്ള രാഷ്ട്രീയത്തിന്റെ പേരാണ്. നജീബിന് വേണ്ടിയുള്ള പോരാട്ടങ്ങളും അങ്ങനെതന്നെ .

ജെഎൻയുവിൽ ലോ ആൻഡ് ഗവേണൻസ് വിഭാഗത്തിൽ ഗവേഷകനും നജീബ് സമരങ്ങളിലെ സജീവസാന്നിധ്യവുമായ വസീം ആർഎസ് മക്തൂബിനോട് പ്രതികരിച്ചു.

ജെൻഎൻയുവിൽ വിശ്വാസം നഷ്ടപെട്ടിരിക്കുന്നു – 2016 ഒക്ടോബർ 27

“ജെ എൻ യു വിൽ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു” എന്നാണ് 2016 ഒക്ടോബർ 27 നു ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് മാധ്യമങ്ങളോട് പറഞ്ഞത്. ജെ എൻ യു അധികൃതർ മാനവികവിരുദ്ധമായ നിലപാടുകളാണ് തങ്ങളോട് സ്വീകരിക്കുന്നത്. നിങ്ങളുടെ മകനോ മകളോ ആണ് ഒരുദിവസത്തേക്കു കാണാതാകപ്പെട്ടതെങ്കിൽ താങ്കൾ എത്രത്തോളം അസ്വസ്ഥനാവും എന്നാണു തനിക്കു വി സിയോട് ചോദിക്കാനുള്ളതെന്നു അവർ അന്ന് പറഞ്ഞു.

നജീബിനെ കാണാതായ രാത്രിയിൽ അവൻ ക്രൂരമായി മർദ്ധിക്കപ്പെട്ടു എന്ന് അംഗീകരിക്കാനും അവരെ ശിക്ഷിക്കാനും വി സി അടക്കമുള്ള അധികൃതർക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്ന് നജീബിന്റെ സഹോദരി സദഫ് മുഷറഫ് ചോദിച്ചു. എല്ലാ വിദ്യാർത്ഥികളെയും ഒരുപോലെ സംരക്ഷിക്കേണ്ട ചുമതലയുള്ള വാഴ്‌സിറ്റി അധികൃതർ അക്രമകാരികളെ ഒളിപ്പിച്ചുവെക്കുന്നതിലൂടെ അവരുടെ ഉദ്ദേശ്യം വെളിവാവുന്നുണ്ടെന്നും സദഫ് കൂട്ടിച്ചേർത്തു.

“ഞാൻ വീട്ടിനകത്തു ഉറങ്ങാറില്ല” നജീബിന്റെ പിതാവ് പറയുന്നു. 2016 നവംബർ

ഞാനിപ്പോൾ വീട്ടിനുള്ളിൽ ഉറങ്ങാറില്ല. പുറത്തു കിടക്കും. അവൻ വന്നാൽ വാതിൽ മുട്ടുന്നത് എനിക്ക് കേൾക്കാൻ പറ്റിയില്ലെങ്കിലോ.

ഹൃദയം പൊട്ടുന്ന വേദനയോടെ നജീബ് അഹമ്മദിന്റെ പിതാവ് നഫീസ് അഹമ്മദ് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകനോട് പറഞ്ഞ വാക്കുകളാണിത്.

ഉത്തര്‍ പ്രദേശ് ബദായൂനിലെ ഒരിടത്തരം മുസ്‌ലിം കുടുംബമാണ് നജീബിന്റേത്. പിതാവ് നഫീസ് അഹ്മദിന് ചെറിയ തോതില്‍ ഫര്‍ണീച്ചര്‍ ബിസിനസ്സുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആക്‌സിഡന്റില്‍പെട്ട് അദ്ദേഹം കിടപ്പിലായി. പിന്നീട് ബിസിനസ്സിലൊന്നും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അതിനിടയില്‍ ഹൃദയാഘാതവുമുണ്ടായി. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

നജീബ്. മുജീബ്, ഹസീബ്, ശിഫ എന്നിവരാണ് ഫാത്തിമ നഫീസിന്റെയും നഫീസ് അഹ്മദിന്റെയും നാലുമക്കൾ. മുജീബ് എം.ടെക് ജിയോളജി കഴിഞ്ഞു ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. ഹസീബ് ബി.ടെക് ചെയ്തുകൊണ്ടിരിക്കുന്നു. ശിഫ മെഡിക്കൽ കോഴ്‌സിനുള്ള അഖിലേന്ത്യാ നീറ്റ് എക്സാം മികച്ചമാർക്കോടെ വിജയിച്ചു.

എനിക്ക് രാത്രി ഉറങ്ങാനാവുന്നില്ല. ഉറക്കം ഞെട്ടിയുണരുന്നു ഇടയ്ക്കിടയ്ക്ക്. അപ്പോഴൊക്കെ ഞാൻ എന്റെ മകൻ ഇപ്പോൾ എവിടെയാണെന്ന് ആലോചിക്കും .എന്റെ മകനെ തിരിച്ചുലഭിക്കാൻ വേണ്ടി എവിടെയും പോയി സമരം ചെയ്യാൻ താൻ തയ്യാറാണ്

നജീബ് അഹമ്മദിനെ കാണാതായിട്ട് ഇരുപത്തിയെട്ടു ദിവസം തികഞ്ഞ ദിവസം മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.

പഠനത്തിൽ മിടുക്കനായ നജീബ്. 2016 നവംബർ

നജീബ് പഠനത്തില്‍ മിടുക്കനായിരുന്നു. എട്ടാം ക്ലാസ് വരെ ബദായൂന്‍ പബ്ലിക് സ്‌കൂളിലായിരുന്നു അവന്‍ പഠിച്ചത്. ഒമ്പതും പത്തും ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ സ്‌കൂളില്‍. മദര്‍ അഥീന സ്‌കൂളില്‍നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ പ്ലസ്ടു പാസ്സായി. ശേഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്കുള്ള തയാറെടുപ്പിലായിരുന്നു. പക്ഷേ, ഉദ്ദേശിച്ച സ്ഥാപനത്തില്‍ അഡ്മിഷന്‍ ശരിയായില്ല. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ നഷ്ടമായി. പിന്നീടാണ് ബറേലിയിലെ ഇന്‍വെര്‍ട്ടിസ് യൂനിവേഴ്‌സിറ്റില്‍ ബി.എസ്.സി ബയോടെക്‌നോളജിക്ക് ചേര്‍ന്നത്. നല്ല മാര്‍ക്കോടെ ബി.എസ്.സി പാസായി. അവിടെയുണ്ടായിരുന്ന ഒരധ്യാപകന്‍ എം.എസ്.സിക്ക് ജെ.എന്‍.യുവില്‍ അഡ്മിഷന് ശ്രമിക്കണമെന്ന് പറയുമായിരുന്നു. അദ്ദേഹം തന്നെ എന്‍ട്രന്‍സിന് പഠിക്കേണ്ട പുസ്തകങ്ങളും നോട്ടുകളും നല്‍കി. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിക്കുക അവന്റെ സ്വപ്‌നമായിരുന്നു. അതിനായി അവന്‍ നന്നായി പരിശ്രമിച്ചു. ജെ.എന്‍.യു, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജാമിഅ ഹംദര്‍ദ് എന്നീ നാല് യൂനിവേഴ്‌സിറ്റികളില്‍ എം.എസ്.സി ബയോ ടെക്‌നോളജിക്ക് വേണ്ടി പ്രവേശന പരീക്ഷ എഴുതി. നാല് യൂനിവേഴ്‌സിറ്റികളിലും അവന് അഡ്മിഷന്‍ ലഭിച്ചു. പക്ഷേ, അവന്‍ ജെ.എന്‍.യു തെരഞ്ഞെടുത്തു. ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ച വിവരം വന്നപ്പോള്‍ വളരെയേറെ സന്തോഷവാനായിരുന്നു നജീബ്. ഞങ്ങളുടെ മൊഹല്ലയില്‍ ആദ്യമായി ജെ.എന്‍.യുവില്‍ അഡ്മിഷന്‍ ലഭിച്ചത് നജീബിനാണ്. എം.എസ്.സിക്ക് ശേഷം സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുമെന്ന് അവന്‍ പറഞ്ഞിരുന്നു.

ഫാത്തിമ നഫീസ് പറയുന്നു.

ഫാത്തിമ നഫീസും രാധിക വെമുലയും സമരവേദിയിൽ ഒന്നിച്ചു.  2016 നവംബർ

2016 നവംബർ 22 നു ന്യൂഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിന് ഏറെ പ്രത്യേകതയുണ്ടായിരുന്നു. സംഘ് പരിവാർ അനുകൂലികൾ രാജ്യത്തിൻറെ ഭരണത്തിലേറിയിട്ട് ഹൈന്ദവഫാസിസ്റ്റുകളാൽ വേട്ടയാടപ്പെട്ട രണ്ടു മക്കളുടെ മാതാക്കൾ കണ്ടുമുട്ടിയ പരിപാടിയായിരുന്നു അത്. ഹൈദരാബാദ് സർവകലാശാലയിൽ അധികൃതരുടെയും സംഘ് പരിവാർ വിദ്യാർഥിസംഘടനയുടെയും ജാതീയ അവഹേളനങ്ങൾ കാരണം ജീവനൊടുക്കിയ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയായിരുന്നു അതിലൊന്ന്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ വെച്ച് എബിവിപി പ്രവർത്തകരുടെ മർദ്ദനത്തിന് ശേഷം കാണാതാകപ്പെട്ട നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസും പാർലമെന്റ് മാർച്ചിലെ മറ്റൊരു സജീവസാന്നിധ്യമായി. നജീബ് അഹമ്മദിനെ കാണാതായത് അടക്കമുള്ള രാജ്യത്തെ ഫാസിസ്റ്റു ശക്തികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ എസ് ഐ ഓ ദേശീയകമ്മിറ്റി സംഘടിപ്പിച്ച ”സൻസദ് മാർച്ചി”ലായിരുന്നു രാധിക വെമുലയും ഫാത്തിമ നഫീസും ഒന്നിച്ചത്.

ഹൈദരാബാദ് കാമ്പസിൽ എന്റെ മകന് സംഭവിച്ചത് ജെ എൻ യുവിൽ ആവർത്തിക്കപ്പെടുകയാണ്. ബി ജെ പി അധികാരത്തിലേറിയപ്പോൾ മുതൽ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ വേട്ട തുടരുകയാണ്. ഈ ചായവാലയെ പ്രധാനമന്ത്രിയാക്കിയവർ തന്നെ അയാളെ ചെയിൻ വാല( തടവുകാരൻ) ആക്കും

രാധിക വെമുല പറഞ്ഞു.

എന്റെ മകനെ അന്ന് കാണാതായ രാത്രി ക്രൂരമായി മർദ്ധിച്ചവരെ അറസ്റ് ചെയ്യേണ്ടതാണ്. അവർക്കറിയാം അവൻ എവിടെയാണെന്ന്. അവർ ഒളിപ്പിച്ചുവെച്ചതാണ് അവനെ.

നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് പറഞ്ഞു.

നജീബിന്റെ വീട്ടിൽ റെയ്‌ഡ്‌. പുലർച്ചെ വന്നത് എഴുപതിനടുത്ത് പോലീസുകാർ – 2017 ജനുവരി

2017 ജനുവരി 28 നു നജീബ് അഹമ്മദിന്റെ വീട്ടിൽ പോലീസ് റെയ്‌ഡ്‌ നടത്തി. പുലർച്ചെ നാല് മണിക്ക് ഒട്ടും മുന്നറിയിപ്പിലാതെ എഴുപതോളം പോലീസുകാരുമായാണ് നജീബിന്റെ ബദൗനിലെ വീട് റെയ്‌ഡ്‌ ചെയ്‌തത്‌ . റെയ്‌ഡിനിടയിൽ പോലീസ് നജീബിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കാൻ മുതിരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. വീട്ടിലെ അംഗങ്ങളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വെക്കുകയും ചെയ്‌തിരുന്നു അന്ന്.

മുസ്ലിമായതിനാൽ എൻ്റെ ശബ്ദം ഭരണകൂടം കേൾക്കാതിരിക്കുന്നുവെന്നു ഫാത്തിമ നഫീസ്. 2017 ഫെബ്രുവരി

മുസ്ലിമും ദാരിദ്ര്യമനുഭവിക്കുന്ന കുടുംബത്തിലെ അംഗവും ആയതുകൊണ്ടാണ് കേന്ദ്ര ഗവണ്മെന്റ് എന്റെ മകന്റെ നീതിക്കായുള്ള എന്റെ ശബ്ദത്തെ അവഗണിക്കുന്നതെന്നു നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ് . പാറ്റ്നയിൽ സിപിഐഎംഎൽ (ലിബറേഷൻ) സംഘടിപ്പിച്ച അധികാർ റാലിയിൽ സംസാരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.

മകന് വേണ്ടി രാജ്യത്തുടനീളം ശബ്ദമുയർത്താൻ ഞാൻ തയ്യാറാണ്. എല്ലാവരും അറിയണം എന്താണ് സംഭവിക്കുന്നതെന്ന്

ഫാത്തിമ നഫീസ് കൂട്ടിച്ചേർത്തു.

മകനെ ‘ഐഎസ്’ആക്കിയ മാധ്യമങ്ങൾ മാപ്പുപറയണമെന്ന് ഫാത്തിമ നഫീസ്. 2017 മാർച്ച്

നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളായി ചിത്രീകരിച്ചു വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫാത്തിമ നഫീസ്. നജീബ് അഹമ്മദുമായി ബന്ധപ്പെട്ട് ‘ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ’ അടക്കമുള്ള ദേശീയമാധ്യമങ്ങൾ ‘ഐഎസ് ‘ ബന്ധം സംശയിച്ചു വാർത്തകൾ നൽകിയിരുന്നു ദൽഹി പോലീസിനെ ഉദ്ധരിച്ചായിരുന്നു വാർത്തകൾ നൽകിയത്. ഗൂഗിളിൽ ഐ .എസ് വീഡിയോകളും ആശയങ്ങളും തിരഞ്ഞ നജീബ് നേപ്പാൾ വഴി ഭീകരസംഘടനയിൽ ചേർന്നതായി സംശയിക്കുന്നതായി അന്വേഷണം സംഘം കോടതിയിൽ വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

എന്റെ ആങ്ങളയെ നിങ്ങളെന്താണ് ചെയ്‌തത്‌? നജീബിന്റെ സഹോദരി ചോദിക്കുന്നു. 2017 ജൂൺ

നജീബ് അഹമ്മദിനെ ഇനിയും എന്തുകൊണ്ട് കണ്ടെത്താനാവുന്നില്ലെന്നു സഹോദരി സദഫ്  . നജീബിനെ ചോദിക്കാൻ പലരും പേടിക്കുന്നുവെന്നും സദഫ് മുസ്ലിം ഇന്ത്യ വെബിന്റെ #WhereIsNajeeb കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഫേസ്‌ബുക്ക് ലൈവ് വീഡിയോവിൽ ചോദിക്കുന്നു.

സദഫിന്റെ വാക്കുകൾ :

നജീബ് അപ്രത്യക്ഷമായിട്ട് ഇന്നേക്ക് 8 മാസമായി.ഒക്ടോബർ 15, 2016 ലാണ് നജീബിനെ കാണാതാകുന്നത്.ഇത്ര ദിവസം നജീബ് എവിടെയാണെന്നാണ് അത്ഭുതം.ഒക്ടോബർ 15 മുതൽ ഒരു ഉമ്മ തന്റെ മകനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവർ അതിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഡൽഹി ഗവണ്മെന്റ്,കേന്ദ്ര ഗവണ്മെന്റ്. അങ്ങനെ എല്ലാവരുടെയുംസമീപിച്ചു. സമരം ചെയ്തു. ഞങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു.

ഞങ്ങളുടെ കൂടെ ഒരുപാട് പേരുണ്ട്. പോലീസ് ഞങ്ങളെ വട്ടം കറക്കിക്കൊണ്ടിരിക്കുകയാണ്.. അവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ‘ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്..നജീബിനെ കിട്ടും എന്നാണ്’ എന്നാണ് . 8 മാസമായി ഞങ്ങൾ ഈ പോരാട്ടം തുടങ്ങിയിട്ട്. സിബിഐ, ക്രൈം ബ്രാഞ്ച്, പോലീസ് അങ്ങനെ എല്ലായിടത്തും. നജീബിന്റെ ഉമ്മ ഇതുവരെ പരിശ്രമം അവസാനിപ്പിച്ചിട്ടില്ല. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് തെറ്റാണെന്നുള്ള പൂർണ വിശ്വാസം ഞങ്ങൾക്കുണ്ട്. നജീബിന്റെ മേലുള്ള വിശ്വാസമാണ് അതിന്റെ കാരണം.

നജീബ് എവിടെയാണെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയാണ്. അവനു വേണ്ടി ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ്. ആ ഉമ്മാക്ക് തൻറെ മകനെ തിരിച്ചുലഭിക്കണം. എല്ലാ രീതിയിലും. ഇപ്പോൾ സിബിഐ നന്നായി അന്വേഷിക്കുമെന്നും നജീബ് ഞങ്ങളുടെ അടുത്ത് എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നുമാണ് പ്രതീക്ഷ.

നജീബിന്റെ കാര്യം പലപ്പോഴും എല്ലാവരിലും എന്തുകൊണ്ട് എത്തുന്നില്ല?കഴിഞ്ഞ 8 മാസമായി നജീബുമായി ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുകയോ മറ്റോ ചെയ്യുമ്പോൾ എന്റെ അടുത്ത സുഹൃത്തുക്കൾ, വ്യക്തികൾ പോലും അത് ഷെയർ ചെയ്യുന്നില്ല. എന്തിനാണ്? ആരെയാണ് പേടിക്കുന്നത്? ഞങ്ങൾ തെറ്റുകാരാണെങ്കിൽ കുഴപ്പമില്ല. പക്ഷെ ഞങ്ങൾ തെറ്റുകാരല്ല.

ഇനി നജീബിനെ കുറിച്ച് പറയുകയാണെങ്കിൽ അവനെ പോലെ ഒരു മകൻ ഉണ്ടാകണമെന്ന് ഏതമ്മയും ആഗ്രഹിക്കും. പെട്ടെന്നൊരു ദിവസം കേൾക്കുന്നത് അവൻ മറ്റുള്ളവരെ ഇടിച്ചു എന്നാണ് .ഒറ്റക്ക് റൂമിൽ കയറി 3 പേരെ അടിച്ചു എന്ന്. ഹോസ്റ്റലിൽ എത്തിയിട്ട് 10 ദിവസം പോലുമാകാതെ അവൻ അടിച്ചു എന്ന് എങ്ങനെ വിശ്വസിക്കും.

നജീബ് ന്യൂനപക്ഷങ്ങൾക്കു വേണ്ടി , മനുഷ്യർക്ക് വേണ്ടി, രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പഠിക്കണം , ഈ അവസ്ഥകൾ മാറ്റണം എന്നാഗ്രഹിച്ചു. ഇന്ത്യയെ ഒരു ഐഡിയൽ രാജ്യമാവണം എന്ന് സ്വപ്‌നം കണ്ടു. പക്ഷെ നമ്മുടെ രാജ്യത്തെ ചില കുഴപ്പക്കാരായ ആളുകൾ ഇത് അനുവദിക്കുന്നില്ല.

നമ്മൾ ഇപ്പോൾ നജീബിനു വേണ്ടി എന്തെങ്കിലും ചെയ്യണം..ഇല്ലെങ്കിൽ വീണ്ടും നജീബുമാർ ഇനിയും ഉണ്ടാകും..ഒരു നജീബിനെ ഒഴിവാക്കിയാൽ അവനെ പോലെ 1000 നജീബുമാർ ഉയർന്നു വരും.

എല്ലാവരും നജീബിനു വേണ്ടി ഒരുമിച്ച് നിൽക്കണം..അവനെ മറവിക്ക് വിട്ട് കൊടുത്തൂടാ. നമ്മൾ ചോദിച്ചുകൊണ്ടിരിക്കണം. എവിടെയാണ് നജീബ് എന്ന്?

പെരുന്നാളിന് വാങ്ങിയ പൈജാമയും കുർത്തയുമായി നജീബിന്റെ ഉമ്മ കാത്തിരിപ്പിലാണ്. 2017 ഒക്ടോബർ

എന്റെ മകൻ നജീബ് ജീവിതത്തിൽ വലിയ സന്തോഷങ്ങളൊന്നും അനുഭവിച്ചിട്ടില്ല. അവന്റെ എല്ലാ ബുക്കുകളും ഇവിടെ ഈ അലമാരയിൽ ഇപ്പോളും അങ്ങനെത്തന്നെയുണ്ട്. കഴിഞ്ഞ ഈദിനു അവനു ധരിക്കാനുള്ള പൈജാമയും കുർത്തയും ഞാൻ വാങ്ങിവെച്ചിരുന്നു. അവൻ വരുമെന്ന പ്രതീക്ഷയിൽ. അതിപ്പോളും അവന്റെ അലമാരയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

വരുന്ന ഒക്ടോബർ 18 നു നജീബ് അഹമ്മദിന്റെ ജന്മദിനവാർഷികമാണ്. ജന്മദിനങ്ങളിൽ അവനെ ഞാൻ രാവിലെ ഉണർത്തും. അവനു ഇഷ്ടമുള്ള മധുരമുള്ള ബ്രെഡ് ഉണ്ടാക്കിക്കൊടുക്കും. അവനു ഏറെ ഇഷ്ടമാണ് അത്. അവൻ ജീവിച്ചിരിക്കുന്നുണ്ടെന്നും തിരിച്ചുവരുമെന്നും തന്നെയാണ് എന്റെ പ്രതീക്ഷ. എനിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ട്. ആയിരങ്ങളുടെ പ്രാർത്ഥന അവനോടൊപ്പമുണ്ട്. അത് സ്വീകരിക്കപ്പെടും

തന്നെ സന്ദര്ശിക്കാനെത്തിയവരോട് നിറഞ്ഞ കണ്ണുങ്ങളോടെ ഫാത്തിമ നഫീസ് പറയുന്നു.

ഐഎസ് ബന്ധമെന്ന് വാർത്ത. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്ടപരിഹാരം ചോദിച്ചു നജീബിന്റെ ഉമ്മ – 2018 മാർച്ച്

നജീബ് അഹമ്മദിനു ഐഎസ് ബന്ധങ്ങൾ ഉണ്ടെന്നു വാർത്തകൾ നൽകിയ ദേശീയ മാധ്യമങ്ങളോട് രണ്ടരക്കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസ്. ടൈംസ് ഓഫ് ഇന്ത്യ , ടൈംസ് നൗ , ദില്ലി ആജ് തക്ക് , ഇന്ത്യ ടുഡേ ഗ്രൂപ് തുടങ്ങിവർക്കെതിരെയാണ് ഫാത്തിമ നഫീസിൻറെ നിയമപോരാട്ടം.

വ്യാജ വാർത്ത നൽകിയതിനെതിരെ ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക് മുഖേന ഡൽഹി ഹൈക്കോടതിയിലാണ് നജീബിന്റെ മാതാവ് പരാതി നൽകിയത്. ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ നജീബിനെ ഐഎസ് അനുഭാവിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്റെ മകൻ നജീബ് അഹമ്മദിനെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആളായി ചിത്രീകരിച്ചു വാർത്തകൾ കൊടുത്ത മാധ്യമങ്ങൾ പരസ്യമായി മാപ്പു പറയണമെന്നും അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഫാത്തിമ നഫീസ് പ്രതികരിചിരുന്നു.

കാണാതാകപ്പെടുന്നതിനു മുമ്പുള്ള ദിവസം നജീബ് ലാപ്‌ടോപ്പിൽ ഐഎസ് നേതാവിന്റെ പ്രസംഗം കണ്ടെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ നൽകിയ വാർത്ത. നജീബിന്റെ ഗൂഗിൾ സെർച് ഹിസ്റ്ററിയിൽ ഐഎസ് വിവരങ്ങളും ഉണ്ടെന്നും ഡൽഹി പോലീസിനെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകി. എന്നാൽ അത്തരം ബന്ധങ്ങൾ ഒന്നും തന്നെ അന്വേഷണത്തിൽ എവിടെയും കണ്ടത്തിയില്ല എന്നായിരുന്നു ഡൽഹി പോലീസിന്റെ പ്രതികരണം.

കേസ് അവസാനിപ്പിക്കുന്നുവെന്നു സിബിഐ. 2018 ജൂലായ്

കഴിഞ്ഞ ദിവസം , തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹ്‍മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്നതാവും നല്ലതെന്ന് സി.ബി.ഐ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. ‘ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവാണ്. നജീബ് അഹ്‍മദിനെ ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല ‘ സിബിഐ കൌണ്‍സെല്‍ നിഖില്‍ ഗോയല്‍ പറയുന്നു.

ഹോസ്റ്റല്‍ വാര്‍ഡനും സെക്യൂരിറ്റിയുമടക്കം തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സിബിഐ ചോദ്യം ചെയ്തിട്ടേയില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറയുന്നു. നജീബിനെ കാണാതാകും മുമ്പ് അവനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കേസിൽ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥ തുടർന്ന ഡൽഹി പോലീസിൽ നിന്ന് 2017 മെയ് 16 ന് ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറി.കേസ് ആദ്യം അന്വേഷിച്ച ഡൽഹി പൊലീസ് ഏഴുമാസവും ഇരുട്ടിൽ തപ്പുകയായിരുന്നു. നജീബിന്റെ തിരോധാനത്തിന്റെ ഒന്നാം വാർഷികത്തിൽ , 2017 ഒക്ടോബറിൽ സിബിഐ കേസിൽ താല്പര്യക്കുറവ് കാണിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി തന്റെ മകന് വേണ്ടി അലമുറയിടുന്ന മാതാവിനോട് ക്ഷമ പാലിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്.

‘ഒരിക്കൽ കൂടി എന്റെ മക്കൾ ഒന്നിക്കും.’ നജീബിന്റെ ഉമ്മ പറയുന്നു. 2018 ജൂലായ്

എന്റെ നജീബിനെ കുറിച്ച് കൊറേ ഓർമ്മകളാണ് . ഈ ഫോട്ടോവിൽ എന്റെ മൂന്നു മക്കളും ഒന്നിച്ചുണ്ട്. ഇൻഷാ അല്ലാഹ് , അതേ പോലെ ഈ മൂന്നു സഹോദരങ്ങളും ഒന്നിച്ചിരിക്കുന്ന ഒരു ദിവസം വരും. നിസ്സാഹയനായ ഈ ഉമ്മ പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും കാത്തിരിക്കുകയാണ്.

നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ട്വിറ്ററിൽ താനും ഭർത്താവും നജീബടക്കമുള്ള മൂന്നു മക്കളും ഒന്നിച്ചുള്ള പഴയകാല ഫോട്ടോ ഷെയർ ചെയ്‌ത്‌ എഴുതിയ വരികളാണിവ.

ഒരു മകൻ കൂടിയുണ്ടെങ്കിൽ അവനെയും ജെഎൻയുവിലേക്ക് പഠിക്കാൻ പറഞ്ഞയക്കുമെന്നു മാതാവ്. 2018 സെപ്റ്റംബർ

എനിക്കൊരു മകൻ കൂടിയുണ്ടെങ്കിൽ അവനെയും ഞാൻ ജെഎൻയുവിലേക്ക് പഠിക്കാനായി പറഞ്ഞയക്കും. നമ്മളെ ഭീഷണിപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. നമ്മൾ ഭയപ്പെടുകയില്ല. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും.

ഫാത്തിമ നഫീസ് എസ്ഐഒ തെലുങ്കാന സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പറഞ്ഞു.

‘എൻ്റെ മകനെ അക്രമിച്ചവരെ സംരക്ഷിക്കുകയാണ് സിബിഐ’ 2018 ഒക്ടോബർ

ഈ വിധി ഹൃദയഭേരിതമാണ്. സിബിഐ നടത്തിയത് ഏറ്റവും വലിയ പക്ഷപാതപരമായ അന്വേഷണമാണ്. എൻ്റെ മകനെ അക്രമിച്ചവരെ രക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഞാനിപ്പോഴും രാജ്യത്തെ ജുഡീഷ്യറിയിൽ വിശ്വസിക്കുകയാണ്. എൻ്റെ മകന് നീതി ലഭിക്കും വരെ പോരാട്ടം തുടരും.

തൻ്റെ മകൻ നജീബ് അഹ്‌മദിനെ കണ്ടെത്താനുള്ള രണ്ടുവർഷത്തെ അതിജീവനപോരാട്ടങ്ങളോട് രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സിബിഐ നിഷേധാത്മകമായ സമീപനം സ്വീകരിക്കുമ്പോളും ഫാത്തിമ നഫീസ് ഉറച്ച നിലപാടിലാണ്. ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി നൽകിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഫാത്തിമ നഫീസ്.

അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. പരാതികളുണ്ടെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നജീബിന്‍റെ മാതാവിനോട് വ്യക്തമാക്കുകയായിരുന്നു.

നജീബിന്‍റെ തിരോധാനത്തില്‍ ആര്‍ക്കും പങ്കില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്ക് അനുവാദം നല്‍കിയത്. നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ് നല്‍കിയ ഹരജി തീര്‍പ്പാക്കിയതായും കോടതി അറിയിച്ചു. സി.ബി.ഐയെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണം കോടതി നിരീക്ഷിക്കണമെന്നുമായിരുന്നു നജീബിന്‍റെ മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരാണ് ഹരജിയില്‍ വിധി പറഞ്ഞത്.

ഐഎസുമായി ബന്ധപ്പെടുത്തിയ വാര്‍ത്തകള്‍ പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി . 2018 ഒക്ടോബർ

നജീബ് അഹമ്മദിന്‍റെ തിരോധാനവും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വന്ന വാർത്തകൾ പിൻവലിക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. നജീബ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നുവെന്ന തരത്തിലായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമർപ്പിച്ച മാനനഷ്ടകേസിലാണ് കോടതിയുടെ ഇടപെടൽ. മാധ്യമങ്ങൾ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇത് സംബന്ധിച്ച് വെബ്‌സൈറ്റുകളിൽ വന്നിരിക്കുന്നതും വീഡിയോകളും ഉൾപ്പടെ സകല വാർത്തകളും നീക്കം ചെയ്യണമെന്നാണ് കോടതി മാധ്യമങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.

Be the first to comment on "നജീബ് അഹ്‌മദ്‌ എവിടെയാണ്?"

Leave a comment

Your email address will not be published.


*