https://maktoobmedia.com/

‘ഹിയർ’ , എൻ ഇന്ത്യൻ പൊളിറ്റിക്കൽ സറ്റയർ

സഫ പി

ഏഴുമിനിറ്റ് ദൈർഘ്യമുള്ള ‘HERE’ എന്ന ഹ്രസ്വചിത്രത്തിലൂടെ സമകാലിക ഇന്ത്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ വ്യവസ്ഥിതികളെ വിമർശനാത്മകമായി സമീപിക്കുകയാണ് പുതുമുഖസംവിധായകൻ സാബിത്.

പുഴയും കാറ്റും സൂര്യനും സമുദ്രവും മണ്ണും വേരും മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളും പ്രതീകവൽക്കരിക്കുന്നതിലൂടെ അതിസൂക്ഷ്മമായ പ്രകൃതിചലനങ്ങളെ സാമൂഹിക ചലനങ്ങളുമായി ഒത്ത് നോക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത് . അത്തരം പ്രതീകാത്മക നിർമ്മിതികളിലൂടെ മാറ്റത്തെക്കുറിച്ചും മാറ്റം ഇല്ലായ്മയെ കുറിച്ചുമുള്ള മനുഷ്യമനസ്സിന്റെ ഓളം വെട്ടലുകൾ പഠനവിധേയമാക്കുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു.

കടവത്തെ മുളങ്കുറ്റിയിൽ കെട്ടിയ തോണിയിലിരുന്ന് ഇന്ത്യൻ ആവാസവ്യവസ്ഥയെ വിലയിരുത്തുന്ന ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അയാൾ തന്റെ സ്വപ്നത്തിലൂടെ ഓളങ്ങൾ തഴുകി താഴവരകൾ കടന്ന് ഒഴുകി കൊണ്ടിരിക്കുമ്പോൾ അയാളുടെ മനോവ്യാപാരത്തെ മറ്റാരോ ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരിക്കുന്നതാണ് ചിത്രത്തിന്റെ ആഖ്യാനരീതി.

ഒരേസമയം സംഘർഷങ്ങളുടെയും സമാധാനത്തിന്റെയും സ്നേഹത്തിനെയും നഷ്ടപ്പെടലുകളുടെയും ഉദ്ധാനപതനങ്ങളുടെയും വർത്തമാനം പറയുന്ന മനുഷ്യചരിത്രം ഇപ്പോൾ അശുദ്ധമായ ആഴിയിലാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു . വെള്ളത്തിനെ മനുഷ്യസമൂഹത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന ചരിത്രമായി പ്രതിനിധീകരിക്കുന്നതിനോടൊപ്പം തോണിയെ പൗരന്മാരെ ആകമാനം കള്ളികൾ തിരിച്ച് നിയന്ത്രിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെയാണ് കാണിക്കുന്നത് .

മുകൾ പർപ്പിലെ താമരച്ചെണ്ടുകൾ ഒട്ടേറെ ജീർണ്ണതകൾ പേറുന്ന അഗാധ ഗർത്തത്തെ ജനങ്ങളിൽ നിന്നും മറച്ച് പിടിക്കുന്നു എന്ന ആശയം സത്യാനന്തര (Post Truth) കാലത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭരണകൂടം എങ്ങനെയാണ് ജനങ്ങളെ കെട്ടുകാഴ്ചകളാൽ യാഥാർത്ഥ്യ ബോധത്തിൽ നിന്ന് അകറ്റി നിർത്തുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു .

പൊളിച്ചു മാറ്റപ്പെട്ട ബാബരി മസ്ജിദും , മതപരമോ ജാതിപരമോ ആയ വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ മുതലെടുപ്പും നൂറ്റാണ്ടുകൾക്കുമുന്നേ അവസാനിച്ചുവെന്ന് വിശ്വസിച്ചുപോന്ന അടിമത്തത്തിന്റെ രൂപഭേദങ്ങളും പശു രാഷ്ട്രീയത്തിന് പിന്നാലെ സ്വയം നാശത്തിലേക്ക് നടക്കുന്ന മനുഷ്യരെയും സിനിമ ചർച്ചക്കെടുക്കുന്നു .

പുൽനാമ്പുകളെ പ്രതിഷേധങ്ങളായാണ് ‘HERE’ ചിത്രീകരിക്കുന്നത് ,സൂര്യൻ അധികാര കേന്ദ്രവും. പ്രതിഷേധങ്ങളുടെ ചെറിയ കണങ്ങൾ പോലും അധികാരം കായിക ബലം കൊണ്ട് നേരിടുന്നുവെന്ന അപകടത്തെ അവതരിപ്പിക്കുന്നതോടൊപ്പം തന്നെ ഹിറ്റ്ലറുടെ തലക്ക് മുകളിലുദിച്ച സൂര്യനെപ്പോലെ നീതിയെ അപ്പാടെ വിഴുങ്ങാൻ ഇന്ത്യൻ അധികാര കേന്ദ്രങ്ങൾക്ക് ഇനിയും സാധ്യമായിട്ടില്ലെന്ന പ്രതീക്ഷ കൂടി പങ്ക് വെക്കുകയാണ് ചിത്രം .

ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പുൽനാമ്പിന്റെ പ്രണയത്തെ അധികാരത്തിന്റെ വാളുകൾ മുറിച്ച് മാറ്റുമ്പോൾ സിനിമ ഹാദിയ – ഷെഫിൻ ജഹാൻ വിവാഹത്തെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു . ശ്വാസം കിട്ടാതെ കയത്തിൽ മുങ്ങുന്ന പൈതങ്ങളെ പിടിച്ചുയർത്താൻ ശ്രമിച്ച മനുഷ്യസ്നേഹിയായ ഡോക്ടർ കഫീൽ ഖാനെ ഹിന്ദുത്വരാഷ്ട്രീയം ചതിയുടെ ആഴത്തിലേക്ക് തള്ളിയിടുന്നത് ചിത്രം പ്രതീകാത്മകമായി കാട്ടിത്തരുന്നു . രാജ്യത്തെ കട്ടുമുടിച്ച് കടന്നുകളയുന്ന നീരവ് മോദിമാരെയും വിജയ് മല്യമാരെയും കോർപ്പറേറ്റുകളെയും മനപൂർവ്വം അവഗണിച്ച് അതിജീവനത്തിന് കഷ്ടപ്പെടുന്ന പരൽ മീനുകൾക്ക് ചൂണ്ട കോർക്കുകയാണ് ഇന്ത്യൻ അധികാരവ്യവസ്ഥ.

സവർണ്ണ രാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്ന മുസ്ലിങ്ങളും ദളിതരും മറ്റ് ന്യൂനപക്ഷങ്ങളും കള്ളക്കേസുകളും കരിനിയമങ്ങളും ചാർത്തപ്പെട്ട് മനുഷ്യാവകാശലംഘനങ്ങൾക്ക് ഇരയാകുമ്പോൾ ജുഡീഷ്യറി എന്ന വൻമരം ഒഴുക്കുനിലച്ച അഴുക്ക് വെള്ളത്തിലേക്ക് തലകുനിച്ച് നിൽക്കുകയാണെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു .ലക്ഷക്കണക്കിനു വരുന്ന മനുഷ്യർക്ക് ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്ത നമ്മുടെ രാജ്യത്താണ് ഭരണകൂടം ഒരു ജനത എന്ത് കഴിക്കണം എന്ന് കള്ളി കോളങ്ങൾ വരച്ച് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് .

ഓരോ സമൂഹവും ഓരോ തവളകളെപ്പോലെയാണെന്നും നമ്മളോരോരുത്തരും ഒട്ടുവളരെ മുന്നോട്ടു ചാടി നോക്കുന്നുണ്ടെന്നും , എന്നാൽ എല്ലാത്തരം അസമത്വങ്ങൾക്കും അപ്പുറത്ത് സ്വാതന്ത്ര്യത്തിന്റേയും നീതിയുടെയും പ്രവിശാലമായ ചക്രവാളം ഉണ്ടെന്ന് തിരിച്ചറിവില്ലാതെ അത്തരം കുതിപ്പുകളെല്ലാം നാം പാതിവഴിയിലുപേക്ഷിച്ച് മടങ്ങുകയാണെന്ന് ‘HERE’ ഓർമ്മപ്പെടുത്തുന്നു . നമ്മുടെ ഈ നിസ്സംഗത തന്നെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ മാറ്റമില്ലാതെ ഒഴുകാൻ പ്രേരിപ്പിക്കുന്നത് .

രണ്ടു വർഷങ്ങൾക്കിപ്പുറവും തന്റെ മകന്റെ തിരോധാനത്തിനു കാരണക്കാരായവരെ ജുഡീഷ്യറിയാലും അധികാരകേന്ദ്രങ്ങളാലും സംരക്ഷിക്കപ്പെട്ട് സാമൂഹിക ജീവിതം നയിക്കുമ്പോൾ ഫാത്തിമ നഫീസ് എന്ന തള്ളപ്പക്ഷി ‘തന്റെ മകനെവിടെ’ എന്ന ചോദ്യവുമുയർത്തി ഇപ്പോഴും തേടിപ്പറക്കുകയാണ് .

പുഴ കടലിലേക്ക് ഒഴുകുന്നു എന്ന പോലെ ഇന്ത്യാ രാജ്യവും സർവ്വ വ്യാപിയായ ഒരു ആഗോള വ്യവസ്ഥയിലേക്കാണ് ഇഴുകി ചേരുന്നത് . എങ്കിലും വർത്തമാനകാല ഇന്ത്യയിലെ ഭരണകൂടഭീകരതകളെയും മറ്റു സാമൂഹിക വെല്ലുവിളികളെയും ചോദ്യം ചെയ്യാൻ ലോകക്രമം തയ്യാറാവുന്നു എന്ന സിനിമയുടെ വീക്ഷണത്തോട് പൂർണമായും യോജിക്കാനാവുന്നില്ല . ഭൂമി ഗോളത്തെ അപ്പാടെ വിഴുങ്ങി കൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥിതി ഇന്ത്യൻ രാഷ്ട്രീയ അപകടങ്ങളെ തിരുത്താനോ അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളോട് ഐക്യപ്പെടാനോ ഇനിയും പൂർണമായി തയ്യാറായിട്ടില്ലെന്നാണ് ലോക സംഭവങ്ങൾ ഉണർത്തുന്നത്. ഇത്തരം അപകടകരമായ മാറ്റമില്ലായ്മകൾക്ക് മാറ്റം വരുത്തണമെന്ന് സന്ദേശത്തോട് കൂടിയാണ് സിനിമ അവസാനിക്കുന്നത് .

കൂട്ടത്തിൽ മാറ്റത്തിന് അനുവദിക്കാതെ കരയിലെ മുളങ്കുറ്റിയിൽ ബലമായി ബന്ധിക്കപ്പെട്ട സവർണ്ണാധികാര വ്യവസ്ഥയെ വലിച്ച് പൊട്ടിച്ചെറിഞ്ഞ് ഒഴുക്കിലേക്ക് തുഴയെറിയാൻ പോലും പൗരന് സാധിക്കുന്നില്ലല്ലോ എന്ന നിരാശയും സംവിധായകൻ ‘HERE’ ലൂടെ പങ്കുവെക്കുന്നു.

മനോഹരവും ലളിതവുമായ പ്രകൃതിയും ആവാസവ്യവസ്ഥകളുമാണ് സിനിമയുടെ ഫ്രെയിമുകളിലുടനീളം കടന്നുപോകുന്നത് . സങ്കീർണമായ പ്രമേയത്തെ , ഇത്തരം ലളിതവും സൂക്ഷ്മവുമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതാണ് ‘HERE’ ന്റെ വിജയം. നാട്ടിൻപുറത്തെ ദൃശ്യ ഭംഗിയെ തനിമ ചോരാതെ പകർത്തിയെടുക്കാൻ ക്യാമറാമാൻ സാഹിസ്‌ സത്താറിന് സാധിച്ചു എന്നതും. നുബ ബഷീർ, അൻഷിത്ത്‌ ചൂച്ചു , സാബിത്ത്‌ മിസാലി എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പൂർത്തിയായ NARRATIVE SCRIPT സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ നീതി പൂർവ്വം വരച്ചു കാട്ടുന്നു എന്നതും ശ്രദ്ദേയമാണ്..

About the Author

സഫ പി
കോഴിക്കോട് ഫാറൂഖ് കോളേജിലെ സോഷ്യോളജി മൂന്നാം വർഷവിദ്യാർഥിയാണ് മലപ്പുറം സ്വദേശിയായ സഫ പി

Be the first to comment on "‘ഹിയർ’ , എൻ ഇന്ത്യൻ പൊളിറ്റിക്കൽ സറ്റയർ"

Leave a comment

Your email address will not be published.


*