ശബരിമല: ആചാരങ്ങളിലെ സവർണ്ണമേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ

ശബരിമല ഉത്തരവില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധിയെ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മ്മാണം കൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി എന്താണോ അത് നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. സ്ത്രീകള്‍ പോകേണ്ട എന്ന് കോടതി വിധിച്ചാല്‍ അതിനൊപ്പവും നില്‍ക്കും. അതുകൊണ്ടാണ് പുനഃപരിശോധന ഹര്‍ജിക്ക് സര്‍ക്കാര്‍ പോകുന്നില്ല എന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ പ്രത്യേകം വിളിച്ചുചേര്‍ത്ത എല്‍ഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ അതിന്റെ മേലെ വിശ്വാസികളായവരെ അണിനിരത്തി കേരളത്തിന്റെ നേരത്തെ പറഞ്ഞ മതനിരപേക്ഷ മനസ് ദുര്‍ബലപ്പെടുത്താനാകുമോ എന്നുള്ള ശ്രമമാണ് ബോധപൂര്‍വം നടന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ മുന്നില്‍ ആര്‍എസ്എസും ബിജെപിയുമുണ്ടാകുമെന്ന് ഈ നാടിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് മനസിലാകുന്ന കാര്യമാണ്. എന്നാല്‍ അവര് മാത്രമല്ല, അവരോടൊപ്പം ഞങ്ങള്‍ മതനിരപേക്ഷമാണെന്ന് പറയുന്ന ചിലരും അണിനിരക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവര് നമ്മുടെ നാടിന്റെ വിശ്വാസ സമൂഹത്തിനിടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഇടുതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന് വിശ്വസിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യഅവകാശമുണ്ടോയെന്നതാണ്. ഒരുകാര്യത്തിലും സ്ത്രീയുടെ നേരെ വിവേചനം പാടില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീക്കുമുണ്ടാകണം. ഇതാണ് എല്‍ഡിഎഫിന്റെ സമീപനം. യുഡിഎഫ് ആ സമീപനത്തില്‍ നിന്നും മാറി ഇവിടെ സ്ത്രീ പ്രവേശനം പാടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.

സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയുടെ ആറ്റിക്കുറുക്കിയ സത്ത ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധം എന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. മാത്രമല്ല, അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്നും സുപ്രിംകോടതിയുടെ നിരീക്ഷണമുണ്ട്. എല്ലാ മതവിഭാഗക്കാര്‍ക്കും പോകാവുന്ന ആരാധനാലയമാണ് ശബരിമല ക്ഷേത്രം. അതെല്ലാം പരിശോധിച്ചുകൊണ്ടാണ് അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്ന് കോടതി സൂചിപ്പിച്ചത്. മാത്രമല്ല, പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം ആരാധനാസ്വാതന്ത്ര്യത്തെക്കുറിച്ചും കോടതി പറഞ്ഞു. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ ആരാധനാസ്വാതന്ത്ര്യമാണ് അനുവദിക്കുന്നത് എന്നാണ് കോടതി വിധിച്ചത്. എല്ലാവര്‍ക്കും തുല്യമായ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. അങ്ങനെയാണ് ആ ചട്ടം റദ്ദാക്കിയത്.

എൽ.ഡി.എഫ് പൊതുയോഗം മുഖ്യമന്ത്രി സംസാരിക്കുന്നു.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയുടെ മറവിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിയ്ക്കാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരത്ത് പുത്തരിക്കണ്ടത്ത് എൽഡി എഫ് പൊതുയോഗം: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു.

The Left Turn यांनी वर पोस्ट केले मंगळवार, १६ ऑक्टोबर, २०१८

കോണ്‍ഗ്രസിന് ആര്‍എസ്എസ് മനസുണ്ടാകാന്‍ പാടില്ലല്ലോ? പക്ഷെ ഈ സംഭവത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ആരുടെയെങ്കിലും വ്യത്യസ്ഥമായ ഒരു സ്വരം ആര്‍ക്കെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞോ? എന്തുകൊണ്ടാണ് അത്? എല്ലാവരും സ്ത്രീപ്രവേശനത്തിനെതിരെ എല്ലാവരും ആര്‍എസ്എസ് പ്രക്ഷോഭത്തോടൊപ്പം. ആര്‍എസ്എസ് പ്രക്ഷോഭത്തിന്റെ കൂടെ. എന്തുകൊണ്ട് വന്നു അത്. കോണ്‍ഗ്രസിനുള്ളില്‍ എത്ര രൂഢമൂഢമായി ആര്‍എസ്എസ് മനസ് രൂപംകൊണ്ടിരിക്കുന്നുവെന്നാണ് അത് കാണിക്കുന്നത്. നാം ശ്രദ്ധിക്കേണ്ട കാര്യമാണ് അത്. അതേസമയം നാം സഹതപിക്കുകയും ചെയ്യണം കോണ്‍ഗ്രസിനോട്. കോണ്‍ഗ്രസ് ഇത്തരത്തില്‍ അധഃപതിച്ചുവെന്ന സഹതാപം സ്വാഭാവികമായും നമുക്കേവര്‍ക്കുമുണ്ടാകാം. ഇത്തരത്തില്‍ വികാരപരമായ നിലപാട് ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ നിന്നും വ്യത്യസ്ഥമായ നിലപാട് ഉല്‍പ്പതിഷ്ണുക്കളായവര്‍ സ്വീകരിച്ചിട്ടുണ്ട ധാരാളം മഹിളാ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരില്‍ പലരും ശരിയായ നിലപാട് സ്വീകരിച്ച് രംഗത്തു വന്നു. സംഘടനകളെന്ന നിലയ്ക്ക് എസ്എന്‍ഡിപി, കെപിഎംഎസ്, ആദിവാസി ഗോത്രമഹാസഭ എന്നീ സംഘടനകള്‍ ശരിയായ നിലപാട് സ്വീകരിച്ച് രംഗത്ത് വരാന്‍ തയ്യാറായിട്ടുണ്ട്.

നാടിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരവസ്ഥ ഇപ്പോഴുമുണ്ടെന്നാണ് കാണേണ്ടത്. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും കൂടെ പെടുന്നവരാണ് അയ്യാ വൈകുണ്ഠനും പൊയ്കയില്‍ കുമാരഗുരുദേവനും എല്ലാം. അവരെല്ലാം ഈ നാട്ടില്‍ നിലനിന്നിരുന്ന ദുരാചാരങ്ങളെ നീക്കിയ വെളിച്ചമാണ് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. നാം കാണേണ്ടത് ആചാര ലംഘനത്തിനാണ് ഇവരെല്ലാം നിന്നിട്ടുള്ളത്. ഇപ്പോള്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ആചാര ലംഘനമല്ലേ. അപ്പോള്‍ ഗുരു പറഞ്ഞത് നാം പ്രതിഷ്ഠിച്ചത് ബ്രാഹ്മണ ശിവനെയല്ല നമ്മുടെ ശിവനെയാണെന്നാണ്. അവിടെ ആചാരലംഘനമാണ്. എന്നാല്‍ അതേ ഗുരു പിന്നീട് പറഞ്ഞു ഇനി വേണ്ടത് ക്ഷേത്ര നിര്‍മ്മാണമല്ല വിദ്യാലയ നിര്‍മ്മാണമാണെന്നാണ്. അപ്പോള്‍ ആചാരങ്ങളില്‍ ചിലത് ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് അവരെല്ലാം നമ്മെ പഠിപ്പിച്ചത്. അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം നോക്കൂ. പൊട്ടുകുത്തി, പട്ട് തലപ്പാവ് വച്ച്, കോട്ടിട്ട്. അന്ന് അതിനെല്ലാം അവകാശമുണ്ടോ? അപ്പോള്‍ അവകാശമില്ലെന്ന് പറഞ്ഞവരുടെ നീതിയോടൊപ്പമല്ല നിന്നത്. ആ അവകാശം സ്ഥാപിക്കാനാണ് നിന്നത്. നമ്മുടെ നാട്ടില്‍ നടന്ന വിവിധ സമരങ്ങളുണ്ട്. അതിലൂടെയാണ് ഇന്നത്തെ കേരളം രൂപംകൊണ്ടത്. അടയാളത്തിന് വേണ്ടി ധരിപ്പിച്ചിരുന്ന കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരം, ഒപ്പമിരുന്ന് പഠിക്കാന്‍ നടത്തിയ സമരം. പഠിച്ച് ജോലി നേടാന്‍ നടത്തിയ സമരം. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ സമരം. ക്ഷേത്രത്തില്‍ കയറി ആരാധിക്കാന്‍ നടത്തിയ സമരം. ഇങ്ങനെയുള്ള വിവിധ സമരങ്ങളിലൂടെയാണ് ഇന്ന് കാണുന്ന കേരളം രൂപപ്പെട്ടത്.

Be the first to comment on "ശബരിമല: ആചാരങ്ങളിലെ സവർണ്ണമേധാവിത്വത്തിന്റെ കാലം കഴിഞ്ഞെന്ന് ഓർക്കണമെന്ന് പിണറായി വിജയൻ"

Leave a comment

Your email address will not be published.


*