‘വിശ്വാസമായിരുന്നു ഊർജ്ജം.’ ഹാദിയ നന്ദി പറയുന്നു

ഇസ്‍ലാം മതം സ്വീകരിച്ചതിന്റെ പേരിൽ മാത്രമാണ് തനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നും തന്റെ ശരിയോടൊപ്പം നിൽക്കുകയും, പ്രാർത്ഥിക്കുകയും , ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഹാദിയ.

ഹാദിയ കേസില്‍ എന്‍.ഐ.ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു ഹാദിയ.

ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന് എൻഐഎ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ ക്രിമിനല്‍ കുറ്റം നടന്നതിന് തെളിവില്ലാത്തതിനാല്‍ സുപ്രീംകോടതിയില്‍ എൻഐഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല.

തനിക്ക് നീതി നൽകുമെന്ന് പ്രതീക്ഷിച്ച പലരും പല കേന്ദ്രങ്ങളും നിരാശപെടുത്തിയെന്നും തനിക്ക് ഒപ്പം നിന്നവരെ വേട്ടയാടിയെന്നും ഹാദിയ കുറിപ്പിൽ പറയുന്നു. “ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും എന്നെ പ്രതിസ്ഥാനത്ത് നിർത്തി. അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.” ഹാദിയ പറയുന്നു.

ഹാദിയ കേസിനു പുറമെ പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.ലവ് ജിഹാദ് ആരോപണം ഉയര്‍ന്ന ഈ പതിനൊന്ന് കേസുകള്‍ ഇതോടൊപ്പം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണത്തിന് പരിഗണിച്ചിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം, വിദേശഫണ്ടുകൾ , ലവ് ജിഹാദ് റാക്കറ്റ് , തീവ്രവാദബന്ധം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേരത്തെ എൻഐഐ ഹാദിയ- ഷെഫിൻ ജഹാൻ വിവാഹത്തെ കുറിച്ച് ഉന്നയിച്ച കാര്യങ്ങൾ. സംഘപരിവാർ സംഘടനകളും മാധ്യമങ്ങളും ഇവ ഏറ്റുചൊല്ലുകയായിരുന്നു.

ഹാദിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നൽകിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും എന്നെ പ്രതിസ്ഥാനത്ത് നിർത്തി. അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിചയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് കരുത്തും ഊർജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതിൽ വെള്ളം ചേർക്കാതെ ഉറച്ച് നിൽക്കുകയും ചെയ്താൽ വിജയിപ്പിക്കൽ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കൽ കൂടി യാഥാർത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നിൽക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാൻ ഉണ്ടായതെന്നത് നീതിക്കൊപ്പം നിൽക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകൻ

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ…

Hadiya Asokan यांनी वर पोस्ट केले शुक्रवार, १९ ऑक्टोबर, २०१८

Be the first to comment on "‘വിശ്വാസമായിരുന്നു ഊർജ്ജം.’ ഹാദിയ നന്ദി പറയുന്നു"

Leave a comment

Your email address will not be published.


*