‘സ്ത്രീകളോട് ബഹുമാനമുണ്ടെകിൽ ബ്രാഹ്മണിസത്തെ തടയൂ’ ശബരിമല വിഷയത്തിൽ രാധിക വെമുല

നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ ബഹുമാനിക്കുന്നുവെങ്കിൽ ബ്രാഹ്മണിസത്തെ പിന്തുടരുന്നത് നിർത്തണമെന്ന് രാധിക വെമുല. ശബരിമലയിൽ സ്ത്രീപ്രവേശനം തടയുമെന്ന ബ്രാഹ്മണലോബികളുടെയും സംഘ് പരിവാർ കൂട്ടായ്‌മകളുടെയും വാദത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത് വെമുലയുടെ മാതാവും ദലിത് അവകാശപോരാട്ടങ്ങളിലെ സജീവസാന്നിധ്യവുമായ രാധിക വെമുല.

‘ഹിന്ദുയിസം എന്നത് മനുവാദികളായ പുരുഷന്മാർക്ക് മാത്രമുള്ളതാണ്. അത് സ്ത്രീകളെ വകവെക്കുന്നില്ല. ഇപ്പോൾ അവർ നിങ്ങളെ ക്ഷേത്രങ്ങളിൽ കയറുന്നതിനെയും വിലക്കിയിരിക്കുകയാണ്.’

രാധിക വെമുല ഫേസ്‌ബുക്കിൽ എഴുതി.

സുപ്രീം കോടതി വിധിയെ അവർ ധിക്കരിക്കുന്നുവെന്നത് ഗൗരവപരമായ കുറ്റമാണെന്ന് പറഞ്ഞ രാധിക ഇനിയും ഹിന്ദുയിസത്തെ പിന്തുടരാനാണോ നിങ്ങളുടെ തീരുമാനമെന്നും ചോദിക്കുന്നു.

“ബാബാസാഹിബ് അംബേദ്ക്കറെ വായിക്കൂ. ഹിന്ദുയിസത്തിൽ നിന്നും പുറത്ത് വരൂ. നിങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കൂ..” അവർ പറഞ്ഞു.

അതേ സമയം , ശബരിമലയിൽ സ്ത്രീ പ്രവേശനം തടയുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും ശരണപാതകളിലും പ്രതിഷേധക്കാരും കൂടുതലായി തമ്പടിച്ചിട്ടുണ്ട്. ഇന്ന് നടപ്പന്തലില്‍ വീണ്ടും യുവതിയെ തടഞ്ഞു.

കഴിഞ്ഞ ദിവസം കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജു ശബരിമല കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാപ്രശ്നങ്ങൾ കാരണം കേരളാപോലീസ് അനുമതി നിഷേധിച്ചിരുന്നു. ഒപ്പം, പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിന്‍വലിച്ച് മടങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ വീടിനകത്തുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.

സ്ത്രീവിരുദ്ധവും ജാതീയവും മുസ്‌ലിം വിരുദ്ധവുമായ പ്രസ്‌താവനകൾ നിരന്തരം ബിജെപി , തീവ്രഹിന്ദു നേതാക്കളിൽ നിന്നും വന്നുകൊണ്ടിരിക്കുകയാണ്.

Be the first to comment on "‘സ്ത്രീകളോട് ബഹുമാനമുണ്ടെകിൽ ബ്രാഹ്മണിസത്തെ തടയൂ’ ശബരിമല വിഷയത്തിൽ രാധിക വെമുല"

Leave a comment

Your email address will not be published.


*