‘വിദേശിയെന്നു മുദ്രകുത്തി അപമാനിക്കുന്നു’. അസമിൽ അധ്യാപകൻ ജീവനൊടുക്കി

Photo: Shaheen Abdulla/Maktoob

അസമില്‍ പൗരത്വ പട്ടികയിൽ (എന്‍.ആര്‍.സിയില്‍) ഇടം ലഭിക്കാത്തതിന്റെ പേരില്‍ മുന്‍ സ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി. പൗരത്വപട്ടിക ഭീഷണിയിൽ ഇതുവരെ അസമിൽ ഇരുപത്തിയൊമ്പതു പേരാണ് ജീവനൊടുക്കിയത്

അസമിലെ മംഗള്‍ദോയ് ജില്ലക്കാരനായ നിരോദ് കുമാര്‍ ദാസ് ആണ് ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു ദാസ്.

പൗരത്വ പട്ടിക തയ്യാറാക്കിയതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്ത് വിദേശിയായി മുദ്ര കുത്തപ്പെട്ടതിലുള്ള വിഷമം സഹിക്കവയ്യാതെയാണ് താന്‍ ജീവനെടുക്കന്നതെന്ന് 74 കാരനായ ദാസ് ആത്മഹത്യാകുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്.

അതേ സമയം , ദാസിന്റെ ഭാര്യയും മൂന്ന് പെണ്‍മളും അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം പൗരത്വ പട്ടികയില്‍ ഇടം നേടിയിരുന്നു.

ജൂണ്‍ 30ന് പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ ദാസിന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോള്‍ വിദേശിയെന്ന് രേഖപ്പെടുത്തപ്പെട്ടതിനാലാണ് പേരില്ലാത്തത് എന്ന മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്

രാവിലെ നടക്കാന്‍ പോയി തിരികെ വന്ന ദാസിനെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണെന്ന് പോലീസ് സൂപ്രണ്ട് ശ്രീജിത്ത് പറഞ്ഞു.

എന്‍.ആര്‍.സി അധികൃതര്‍ക്കെതിരെ നടപടി എടുക്കാതെ അദ്ദേഹത്തിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ട്‌പോകാന്‍ പാടില്ലെന്ന നിലപാടിൽ നാട്ടുകാർ ഇന്ന് ഉറച്ചുനിന്നു. ദാസിന്റെ പേര് എന്ത്‌കൊണ്ട് പൗരത്വ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഡപ്യൂട്ടി കമ്മീഷണറും പോലീസ് സൂപ്രണ്ടും ഉറപ്പുകൊടുത്തതിന് ശേഷമാണ് ആളുകള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായത്.

Be the first to comment on "‘വിദേശിയെന്നു മുദ്രകുത്തി അപമാനിക്കുന്നു’. അസമിൽ അധ്യാപകൻ ജീവനൊടുക്കി"

Leave a comment

Your email address will not be published.


*