https://maktoobmedia.com/

നാഗ് തിബ്ബ മല കയറി അഞ്ചാറ് ചങ്ങായിമാർ

സഹ്ലാൻ (സഹൽ മുഹമ്മദ്)

“I stroll along serenely, with my eyes, my shoes, my rage, forgetting everything.”
-Pablo Neruda

ഹിമാലയൻ മലയിടക്കുകളിൽ ഗർഭഛേദം നടത്തി, മേഘങ്ങൾ തേടിപ്പോവുന്ന പാതകൾ. ആ പാതയുടെ പാട്ടുകൾക്ക് ചെവിയോർത്തിരുന്നാൽ ഹൃദയം താനേ ത്രസിക്കുന്നത് കേൾക്കാം. ഒടുക്കം ഒരായിരം കുഞ്ഞു മലകൾ മസ്തകത്തിൽ പൊട്ടി വിരിഞ്ഞു വീർപ്പുമുട്ടിച്ചപ്പോൾ ബാഗും ചൂടുകുപ്പായവും സഞ്ചരിക്കുന്ന കുടികിടപ്പും (അഥവാ ടെന്റ് ) വരിഞ്ഞു കെട്ടി മെല്ലെ പുറത്തേക്കിറങ്ങി. കൂടെ അഞ്ചു ചങ്ങായിമാരും.

പ്രകൃതിയുടെ തീർപ്പുകളോട് മല്ലിടാനുള്ള മനുഷ്യബലത്തിൻ്റെ മൂർച്ച നോക്കലാണ് ഓരോ മലകയറ്റവും. മലകൾ അവൻ്റെ ഗർവ്വുകൾക്കു മുകളിൽ സമവാക്യങ്ങളില്ലാത്ത തരംഗങ്ങളെപ്പോലെ പരന്ന് കിടന്നു. പ്രത്യേകിച്ച് ആധുനിക മനുഷ്യൻ്റെ ‘പ്രകൃതിവിരുദ്ധ’മായ മെട്രോപൊളിസ് കീഴ്വഴക്കളുടെയും സുരക്ഷിതത്വത്തിൻ്റെയും അഹന്തക്കു മുകളിൽ ആഘാതമേൽപ്പിച്ചു തന്നെ അവൻ ചവിട്ടിക്കീറിയ ഓരോ മലയിടക്കുകളും പാതകളും അടിവാരത്തേക്ക് ഇഴഞ്ഞിറങ്ങി വരുന്നു. നമ്മളെ അശേഷം പിന്നിലാക്കി മലമ്പാതകൾ ചവുട്ടിക്കയറുന്ന, ഉദ്ദേശം 10 വയസ്സ് തോന്നിക്കുന്ന പഹാഡി ബാലൻ്റെ ഓരോ കാൽവെപ്പുകളും ശരീരഭാഷയും, അക്ഷരാർത്ഥത്തിൽ, കൗമാരം കൂമ്പിത്തുടങ്ങി യൗവനത്തിന്റെ കറകുത്തുന്ന കായ്കൾ വിളഞ്ഞു തുടങ്ങിയ ഞങ്ങളുടെ ശരീര ശേഷിയേയും അഭിമാനത്തേയും ആകെ ചൂളിപ്പിക്കുന്നതായിരുന്നു. മലയിറക്കത്തിൽ നടന്നു കുഴഞ്ഞ ദമ്പതികൾക്കു പിറകിൽ , തദ്ധേശീയനായ പഹാഡി ഗൈഡ് താങ്ങി വരുന്ന, ആധുനിക ജീവിതത്തിൻ്റെ എല്ലാ ലക്ഷണങ്ങളോടും കൂടിയ തളർന്നു കുഴഞ്ഞ അതേ പ്രായമുള്ള അർബൻ കുട്ടിയെ കണ്ടതോടു കൂടി കാര്യങ്ങൾക്കൊരു ഏകദേശ വ്യക്തതയായി.

ഹിമാലയത്തിൻ്റെ മൂന്ന് പ്രതലങ്ങളിലായി വിന്യസിക്കപ്പെട്ട (ഭൂമി ശാസ്ത്രപരമായി വർഗീകരിക്കപ്പെട്ട എന്നു പറയുന്നതാവും കൂടുതൽ ശരി) ഹിമാലയൻ നിരകളുടെ രണ്ടാം പന്തിയിലാണ് നാഗ് തിബ്ബയുടെ സ്ഥാനം. ഹിമാലയൻ പുറന്തോടിലെ കൂറ്റൻ ഹിമഗിരി ശൃംഗങ്ങളുടെ തുവെള്ള തലപ്പുകൾ നാഗ് തിബ്ബയുടെ ഉഛിയിൽ നിന്നും വെളിവായി തുടങ്ങുന്നു. ‘പറയപ്പെടുന്ന’ പർവതാരോഹകരാൽ മാത്രം കീഴടക്കപ്പെട്ട കൊടുമുടികളും ഹിമ സാനുക്കളും നമ്മുടെ കഴിവുകേടിനെ നോക്കി ഇളിച്ചു കൊണ്ടേയിരിക്കും. ശ്രമകരമാണെങ്കിലും ഓരോ ചുവടും ഓരോ അനുഭവമാക്കുന്ന കാഴ്ചകളാണ് കാട്ടുവഴികളിലും ഇരു പള്ളകൾക്കിപ്പുറത്തുമായി മലകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഒടുക്കം നാലു പാടും പ്രത്യക്ഷപ്പെട്ടു വരുന്ന സദാ മഞ്ഞു പുതച്ച ഹിമാലയൻ നിരകൾ തന്നെയും മതി വിസ്മയം കൊള്ളാൻ.

മനം പിരട്ടലുണ്ടാക്കുന്ന വളവുകളും തിരിവുകളുമുള്ള ‘സവിശേഷമായ ‘ ഉത്തരാഖണ്ഡ് റോഡുകളുടെ കൂട്ടത്തിൽ ഡെറാഡൂൺ മസൂറി നൈൻ ബാഗ് റോഡും തഥൈവ. നിരന്തരം ഓക്കാനം വരുത്തിക്കുന്ന റോഡുകൾ തല കുലുക്കുമ്പോൾ മനസ്സും കുലുക്കുന്നു. പിൻ സീറ്റിലെ ചർദ്ധി പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെടാൻ നടുവിലേക്ക് മാറിയിരിക്കലേ നിവൃത്തിയുള്ളൂ. പക്ഷേ അൽത്താഫിൻ്റെ മുഖത്തെ മനംപിരട്ടലിന്റെ വൈക്ലഭ്യം തിരിച്ചറിഞ്ഞ ഡ്രൈവറുടെ മുഖത്ത് വെറും ‘ക്യാ ഹേ’ ഭാവമായിരുന്നു.

നൈൻ ബാഗിൽ നിന്ന് പൻത്വാരി വരെ ട്രക്കിലായിരുന്നു യാത്ര. ഡ്രൈവറുടെ മുഖത്തെ താത്പര്യക്കുറവിൽ സീസൺ പച്ച പിടിക്കാത്തതിലെ നിരാശ മുതൽ എണ്ണ വിലക്കയറ്റത്തിൻ്റെ നീരസം വരെ പ്രകടമായിരുന്നു.

കുതിരക്കാഷ്ഠത്തിനും വഴികാട്ടിയാവാൻ പറ്റുമെന്ന് ബോധ്യപ്പെടുന്നത് ഇവിടെ നിന്നാണ്. അക്ഷരാർത്ഥത്തിൽ കുതിരച്ചാണകത്തെ പിന്തുടർന്നായിരുന്നു നമ്മുടെ മല കയറ്റം. ഇവിടെ ഗ്യാസ് കുറ്റിമുതൽ സ്യൂട്ട്കേസ് വരെ സകലമാന മാറാപ്പുകളും ഏറ്റിവലിക്കുന്നത് കുതിരകളോ അതുങ്ങളുടെ കഴുതകമായുള്ള സങ്കരങ്ങളോ ആണ്. പാക്കേജനുസരിച്ചു ട്രക്കിങ്ങിനെത്തിയവരുടെ സാധനങ്ങൾ കുതിരപ്പുറത്ത് യഥേഷ്ടം കയറിയും ഇറങ്ങിയും കൊണ്ടേയിരുന്നു. കുതിരച്ചാണകത്തെ തന്നെ ഗൈഡായി നമിച്ച നമ്മുടെ സാധനങ്ങൾ ചുമക്കാൻ എന്തു കുതിര?. ഏറ്റി നടത്തം തന്നെ ശരണം. കലശലായി പനി വലച്ച ബാസിത്ത് വഴി നീളെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.പുതിയ ഫോണിൻ്റെ ക്യാമറയുടേയും വെളിച്ചത്തിൻ്റെയും സകല സാധ്യതകളും ഉപയോഗപ്പെടുത്തി അൽത്താഫ് ആദ്യ ദിവസം സുദിനമാക്കി.

ഇരുട്ടു മൂക്കുന്നതിനു മുമ്പേ മൊട്ടക്കുന്നുകളൊന്നിൽ ടെന്റടിച്ച് താവളമുറപ്പിച്ചു. ചുള്ളികളും കമ്പുകളും പെറുക്കി ഒരു ബോൺ ഫയറും തരപ്പെടുത്തി.വിറകു കൊള്ളികൾ വിഴുങ്ങിത്തീരും വരെ തണുപ്പ് വിനയാന്വീതനായി കളം വിട്ടുനിന്നു. തണുപ്പിനോടു പോരടിക്കാൻ നിൽക്കാതെ, തീ വെളിച്ചത്തിൽ തന്നെ ഡൽഹിയിൽ നിന്നു പൊതിഞ്ഞു കെട്ടിയ പാഥേയവും അകത്താക്കി ടെൻറുകളിലേക്കും സ്ലീപിംഗ് ബാഗുകളിലേക്കും വലിഞ്ഞു.

പിറ്റേ ദിവസം രാവിലെ ഞെട്ടി വിറപ്പിക്കുന്ന തണുപ്പിനൊപ്പം ഉണർന്നെഴുന്നേൽക്കുന്നത് മല കയറ്റത്തിൻ്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കാണ്. നാഗ് തിബ്ബയുടെ കീഴടക്കപ്പെടാത്ത ഉയരം ബാസിത്തിൻ്റെ പനിയോളമുയർന്നു നിന്നു. ഒടുവിൽ പനിക്കോളിന് കാവൽ നിൽക്കാമെന്ന മനസ്കതയിൽ സിറാജ്ക്കയും, ഗോട്ട് വില്ലേജിലേക്കുള്ള ഒറ്റ ദിവസക്കയറ്റം കൊണ്ട് ഏവറസ്റ്റ് കീഴടക്കിയ നിവൃതിയിൽ ഷാമിലും ഞങ്ങൾ മൂന്നു പേരെയും യാത്രയാക്കി. അങ്ങനെ, രണ്ടാം ദിവസം കയറ്റം സാധനങ്ങൾ പേറാതെയൊത്തു.

മുക്കിയും മൂളിയും, കിതച്ചും ഇരുന്നും ആയിരുന്നു തുടർന്നങ്ങോട്ടെ പ്രയാണം. നിറയെ കാട്ടു പുതിനകൾ തളിർത്തു നിൽക്കുന്ന ഒരു മലച്ചഞ്ചെരിവിന് ആകെ പച്ചിലക്കൂട്ടുകളുടെ മണമായിരുന്നു. കടപുഴകിയ മരങ്ങളും വള്ളിപ്പടർപ്പും ശ്രമകരമായ വഴികളെ കാഴ്ചകൾ കൊണ്ട് ആയാസമാക്കിത്തീർത്തു. ചാവി തിരിച്ചു വിട്ട മാതിരി സഫ്‌വാൻ ‘അതിവേഗം ,ബഹു ദൂരം’ മല മണ്ടയിലേക്ക് പാഞ്ഞുകയറി ഞങ്ങളെ കാത്തിരിപ്പായി. ഒടുവിൽ നാഗ് തിബ്ബയുടെ ഉച്ചിയിൽ എത്തുമ്പൊഴേക്കും ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരുന്നു ഞാൻ. ‘ത്രിവർണ രോമാഞ്ചത്തിന് ഒരു സെൽഫി സാക്ഷ്യം’ തുടങ്ങിയ കലാപരിപാടികളിൽ വിശ്വാസമില്ലാത്തതു കൊണ്ട് ചുറ്റും മലവ രമ്പുകൾ കൊണ്ട് അതിരിടുന്ന പർവതനിരകളെ ഫ്രെയിം ചെയ്‌ത്‌വെക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വളരെ പണിപ്പെട്ട് മാറാപ്പുകളുമായി മലയിറങ്ങുമ്പോൾ നാഗ് തിബ്ബയും മലങ്കുളിരും അകലങ്ങളിലേക്ക് പോവുകയായിരുന്നു. കൈകാൽ വേദനകളോടെ ഹോസ്റ്റൽ കട്ടിലേക്ക് മറിഞ്ഞു വീഴുമ്പോഴും ദൂരെ നാഗ് തിബ്ബയിലേക്കുള്ള വഴിയിൽ ഉരുളൻ കല്ലുകൾ ചിതറി വീണുകൊണ്ടേയിരിന്നു.

Sah Lan यांनी वर पोस्ट केले मंगळवार, २३ ऑक्टोबर, २०१८

About the Author

സഹ്ലാൻ (സഹൽ മുഹമ്മദ്)
ന്യൂഡൽഹി ജാമിഅ മില്ലിയയിൽ ബിരുദവിദ്യാർഥിയാണ് സഹൽ

Be the first to comment on "നാഗ് തിബ്ബ മല കയറി അഞ്ചാറ് ചങ്ങായിമാർ"

Leave a comment

Your email address will not be published.


*