https://maktoobmedia.com/

ഖശോഗ്‌ജി വധവും ഇസ്ലാമിക രാഷ്ട്രീയ ധാരകളും

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ആന്റണീസ് കോളേജിലെ ചരിത്രാധ്യാപകൻ ഫൈസൽ ദേവ്ജി ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനം.

ഖശോഗി വധവും ഇസ്ലാമിലെ രാഷ്ട്രീയധാരകളും

ഫൈസൽ ദേവ്ജി

സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ അതിസാഹസികതയെയും ഏകാധിപത്യമനോഭാവത്തെയും വെളിച്ചത്താക്കുക മാത്രമല്ല ജമാല്‍ ഖശോഗിയുടെ വധം ചെയ്യുന്നത്, മറിച്ച് സൗദിയും തുർക്കിയും പ്രതിനിധാനം ചെയ്യുന്ന പരസ്പരം മത്സരിക്കുന്ന ഇസ് ലാമിലെ രണ്ടു ധാരകളെകൂടിയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്.

രാഷ്ട്രീയാവകാശങ്ങള്‍ ഉയർത്താത്തിടത്തോളം എല്ലാ സാമൂഹികബന്ധങ്ങളെയും നിർവചിക്കാന്‍ സൗദിയിലെ രാജഭരണകൂടം ഇസ് ലാമിനെ അനുവദിക്കുന്നു. എന്നാല്‍ റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിൻറെ ജസ്റ്റിസ് ആന്‍റ് ഡവലപ്മെൻറ് പാർട്ടിയും നയിക്കുന്ന തുർക്കി ഒരു റിപ്പബ്ലിക്കാണ്. മിക്കവാറും യാഥാസ്ഥിതിക മുസ്‍ലിം വോട്ടുകൾ നേടിയാണ് ആ സര്‍ക്കാർ അധികാരമേറിയത്.

സൗദിയില്‍ കേള്‍വിക്കാരുള്ള ശബ്ദങ്ങളിലൊന്നായിരുന്നുവെങ്കില്‍ കൂടിയും ഭരണരീതിയെയും ഇസ്‌ലാമിന് രാഷ്ട്രീയത്തിലുള്ള സ്ഥാനത്തെയും കുറിച്ച് പരസ്പരം മത്സരിക്കുന്ന ആശയധാരകളെ വര്‍ഷങ്ങളോളമായി ഖശോഗി സ്വാംശീകരിച്ചിരുന്നു. സൌദി ഭരണാധികാരികളുടെ വിശ്വസ്തനായ ഉപദേശകനായിരുന്നു ഒരു കാലത്ത് അദ്ദേഹം. പക്ഷെ, ഉര്‍ദുഗാനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും പോലെ തന്നെ, ഖശോഗിയും ജനാധിപത്യപരമായി നേടിയെടുക്കുന്ന അധികാരം എന്ന ഇസ് ലാമിസ്റ്റ് സങ്കല്പത്തോട്– മുസ്ലിം ബ്രദർഹുഡ് പ്രതിനിധാനം ചെയ്യുന്ന ഒന്നിനോട്– മമതപുലർത്തിയിരുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം.

ഇസ്‌ലാമിസ്റ്റുകളെ തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കാണുന്ന– ഖത്തറും ഒരു ചെറിയ പരിധി വരെ കുവൈത്തും ഒമാനും ഒഴികെയുള്ള– അറബ് രാജവംശങ്ങൾ, അറബ് വസന്താനന്തരം ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് അധികാരത്തിലെത്തിയ സാഹചര്യത്തില്‍ ഭയചകിതരായി. ഈജിപ്തിലെ ബ്രദർഹുഡ് ഗവൺമെന്‍റിനെ അട്ടിമറിക്കാനുള്ള സൈനികപ്രതിവിപ്ലവത്തെ സൗദിയും യുണൈറ്റഡ് അറബ് എമിറേറ്റ്സും പണം കൊണ്ടും പിന്തുണ കൊണ്ടും സഹായിച്ചു. തുർക്കിയും ഉർദുഗാനും ബ്രദർഹുഡിനെ പിന്തുണക്കുകയും, വേട്ടയാടപ്പെടുന്ന അതിന്‍റെ നേതാക്കള്‍ക്കും അണികള്‍ക്കും അഭയമൊരുക്കുകയാണ് ചെയ്തത്.

സംഘർഷത്തിൽ സഞ്ചരിക്കുന്ന ഈ രണ്ട് തോണികളിലും ഒരേസമയം യാത്ര ചെയ്യുകയായിരുന്നു ഖശോഗി. ഒരുപക്ഷെ, അദ്ദേഹത്തെ കൊലപ്പെടുത്തുന്നതിന് അത് കാരണമായിട്ടുണ്ടാവാം. സൗദി പിന്തുണയോടെയുള്ള പട്ടാള അട്ടിമറിക്കെതിരെയും വേട്ടക്കെതിരെയും അദ്ദേഹം എഴുതി: “മുസ്ലിം ബ്രദർഹുഡിനെ നിർമാർജനം ചെയ്തത് ജനാധിപത്യത്തെ തന്നെ നിഷ്കാസനം ചെയ്തതില് കുറഞ്ഞതൊന്നുമല്ല. അഴിമതി നിറഞ്ഞ ഏകാധിപത്യ ഭരണകൂടങ്ങളിൽ നിന്ന് അറബികൾ ഉടനൊന്നും മുക്തരാവില്ലെന്നത് ഇപ്പോള്‍ തീർച്ചയായിരിക്കുന്നു.”

രാജാധിപത്യ ഇസ്‌ലാമും റിപ്പബ്ലിക്കൻ ഇസ്‌ലാമും തമ്മിലുള്ള ഈ സംഘട്ടനം ശീതയുദ്ധത്തോളം പഴക്കമുള്ള ഒന്നാണ്. പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുള്ള അറബ് രാജവംശങ്ങൾ, മതേതരവും ചിലപ്പോള്‍ സോഷ്യലിസ്റ്റുമായ മുസ്‍ലിം രാഷ്ട്രങ്ങളെ തങ്ങളുടെ പ്രധാന എതിരാളികളായിട്ടാണ് കണ്ടിരുന്നത്. രണ്ടു കക്ഷികളും ഇസ് ലാമിസ്റ്റുകളെ പരസ്പരം ഉപയോഗിച്ചു. പാശ്ചാത്യഇടപെടലിലൂടെ നിലംപതിച്ച ഇറാഖിലെ സദ്ദാം ഹുസൈന്‍റെയും ലിബിയയിലെ മുഅമ്മർ ഗദ്ദാഫിയുടെയും ഭരണകൂടങ്ങള്‍ക്കുശേഷം, സിറിയയാണ്, മധ്യപൌരസ്ത്യദേശത്തിനും വടക്കനാഫ്രിക്കയിലും സവിശേഷമായ ‘സെക്യുലർ ഏകാധിപത്യ’ ഗണത്തിലെ അവശേഷിക്കുന്ന പ്രധാന പ്രതിനിധി.

പ്രത്യയശാസ്ത്രാടിസ്ഥാനത്തിലുള്ള ഭരണകൂടങ്ങള്‍ എന്ന ശീതയുദ്ധകാലാശയങ്ങളിൽനിന്ന് സ്വയം കടമെടുത്ത ഇസ്‌ലാമിസം അതിന്‍റെ ഏറ്റവും വലിയ വിജയം രുചിച്ചത് 1979ലെ ഇറാൻ വിപ്ലവത്തോടെയായിരുന്നു. പത്തുവർഷത്തിനുശേഷം സുഡാന്‍റെയും നിയന്ത്രണം നേടാൻ അവർക്ക് കഴിഞ്ഞു. പിന്നീട് തുർക്കിയിലും തുണീഷ്യയിലും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താൻ അവർക്ക് കഴിഞ്ഞുവെങ്കിലും ഇടക്കുവെച്ച് ഇസ്‍ലാമിസ്റ്റുകൾക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു. ഈ രാജ്യങ്ങളിലെ പൊതുജീവിതത്തില്‍ സാമൂഹികയാഥാസ്ഥിതികർക്ക് ഇടം നൽകുകയാണ് അത് ചെയ്തതെങ്കില്‍, തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള എന്തോ ഒന്നായി താലിബാനോടൂകൂടി അഫ്ഗാനിസ്ഥാനില്‍ അതിന് രൂപമാറ്റം വന്നു.

കുറേക്കൂടി വലിയൊരു രാഷ്ട്രീയസംഘട്ടനത്തിന്റെ ബാക്കിപത്രമായ മുസ് ലിം റിപ്പബ്ലിക്കൻമാരും രാജാധികാരവാദികളും തമ്മിലുള്ള കിടമത്സരം ഇപ്പോള്‍ അന്ത്യത്തോടടുക്കുന്ന ഒരു രാഷ്ട്രീയമാണ്. അറബ് മേഖലയിലെ മിക്കവാറും എല്ലാ രാജവംശങ്ങളും കൊളോണിയൽ ശക്തികൾ നട്ടോ നനച്ചോ വളർത്തിയെടുത്തവയാണ്. സ്വയം സാധൂകരിക്കുന്നതിനായി തഴക്കം വന്ന ഏതെങ്കിലും രാഷ്ട്രീയാശയമോ സിദ്ധാന്തമോ അവരുടെ കൈവശമില്ല. പകരം ബഹുരാഷ്ട്ര കോർപ്പറേഷനുകൾ തങ്ങളുടെ ജീവനക്കാരെയും ഓഹരിയുടമകളെയും ബോർഡുകളെയും നിയന്ത്രിക്കുന്നതുപോലെ, രക്ഷ-ശിക്ഷകളുടെയും പാരിതോഷികങ്ങളുടെയും പ്രിവിലേജുകളുടെയും ഒരു കൊടുക്കല്‍വാങ്ങലിലൂടെയാണ് അവർ പ്രജകളുടെ കൂറ് നേടിയെടുക്കുന്നത്. അതുകൊണ്ടാണ് ഒരു സാമൂഹിക നിയന്ത്രണ ഉപാധിയെന്ന നിലയിൽ ഇസ്‍ലാം അവർക്ക് പ്രധാനമാവുന്നതും.

ഇസ്‌ലാമിസമാകട്ടെ, മധ്യപൌരസ്ത്യദേശരാഷ്ട്രീയത്തിന്‍റെ കണക്കുപുസ്തകത്തിലെ വഴിതെറ്റിക്കുന്ന ഒരു കെണിയായി ചുരുങ്ങിയിരിക്കുന്നു.ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ മുന്നണിയില്‍ ബ്രദർഹുഡ് ഉണ്ടായിരുന്നില്ല. പക്ഷെ നിനക്കാതെ തന്നെ വിപ്ലവം അതിനെ പിടികൂടി. അവരെ അവിടെനിന്നു താഴെയിറക്കാൻ അറബ് വസന്തത്തോളം തന്നെ ജനകീയമായ മറ്റൊരു പ്രക്ഷോഭം ഉയർന്നുവന്നത് സൈനിക ഇടപെടലിനും സൈന്യാധിപത്യം രാജ്യത്തിനുമേല് അടിച്ചേല്‍പിക്കപ്പെടാനും ഇടയാക്കി.

ബ്രദർഹുഡിനെ ഭരണത്തിൽനിന്ന് താഴെയിറക്കാൻ പ്രക്ഷോഭം നയിച്ചവർ അവരോളം തന്നെ മതവിശ്വാസികളായിരുന്നു. ഇത് ഇസ്‌ലാമിസ്റ്റുകൾ മുന്നോട്ടുവച്ച മതേതര വരേണ്യർക്ക് എതിരെ ജനകീയ ഇസ്‍ലാമിസ്റ്റുകൾ എന്ന ആഖ്യാനത്തെ റദ്ദ് ചെയ്തു. ഇസ്‌ലാമിനകത്തെ ജനാധിപത്യവൽകരണവും അഭിപ്രായവൈവിധ്യങ്ങളും കാരണം ഏതെങ്കിലും ഒരു പാർട്ടിക്കോ സംഘത്തിനോ ഇസ്‌ലാമിക സമൂഹത്തിന്‍റെ മുഴുവൻ കുത്തകയും അവകാശപ്പെടാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷം ഉണ്ടായി.

പുരോഹിതരും അവധൂതരും ഉള്‍പ്പെടെയുള്ള പരമ്പരാഗത അധികാരകേന്ദ്രങ്ങളുടെ പിടിയില്‍ നിന്ന് തങ്ങളുടെ മതത്തെ വിമോചിപ്പിച്ചെടുത്ത ഇസ്‌ലാമിസ്റ്റുകൾ തന്നെയും, തെരഞ്ഞെടുപ്പ് ജനായത്തത്തെയും ഒരുവേള വിപ്ലവത്തെത്തന്നെയും ഇസ് ലാമിക റിപ്പബ്ലിക്കുകളുടെ സ്ഥാപനത്തിന് ആധാരമാക്കുന്ന തങ്ങളെ നിരാകരിക്കുന്ന 1990കളിലെ ജിഹാദീ പ്രസ്ഥാനങ്ങളാല്‍ അരുക്കാക്കപ്പെട്ടു. ഇസ് ലാമിസ്റ്റുകളെ പോലെ ഈ മിലിറ്റന്‍റ് വിഭാഗങ്ങളെയും, അവരുടെ മേല് മുഴുവൻ നിയന്ത്രണമില്ലാത്ത സന്ദർഭങ്ങളിൽ പോലും, വിവിധ ഗവണ്മെന്‍റുകള്‍ എതിർകക്ഷികൾക്കെതിരെ ഉപയോഗിച്ചു.

വിദേശ സഹായത്തോടെ 2016ൽ ഉർദുഗാൻ ഗവൺമെന്‍റിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി, മുമ്പ് തങ്ങളുടെ കൂട്ടാളികളായിരുന്ന ഗുലാൻ പ്രസ്ഥാനത്തിനെതിരെ തുർക്കി ഗവൺമെൻറ് നടത്തിയ നീക്കങ്ങളില്‍ നിന്ന് ഇസ്‌ലാമിസ്റ്റുകളുടെ അപചയത്തെ മനസ്സിലാക്കാൻ കഴിയും. ഗുലാൻ പ്രസ്ഥാനത്തിനെതിരെയുള്ള തുർക്കിയുടെ പ്രതികരണം, വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിസ്റ്റ് സംഘടനകളെ അറബ് രാജ്യങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്ന അതേ രീതിയിൽ തന്നെയായിരുന്നു. ഭരണകൂടസേവ മാത്രം ചെയ്യുമ്പോഴാണ് ഇസ്‌ലാമിന് സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്നത് എന്നാണ്, ഇസ്‌ലാമിസ്റ്റുകളുടെ ഈ രാജ്യം, വിരോധാഭാസമെന്നോണം, ഇപ്പോൾ മതകീയമോ, മതേതരമോ ആയ മിക്ക രാജ്യങ്ങളെക്കാളും അധികം നിയന്ത്രണങ്ങൾ മതത്തിനുമേൽ അടിച്ചേലപിച്ചുകൊണ്ട് തെളിയിക്കുന്നത്.

ഗൾഫ് രാജഭരണകൂടങ്ങൾക്ക് മേഖലയിലെ സൈനികമോ സാമ്പത്തികമോ അല്ലാതെ പ്രത്യയശാസ്ത്രപരമായി ഏറ്റവും വലിയ ഭീഷണി ഇന്ന് ഇറാനാണെങ്കില്‍ അതിന് കാരണം, അറബ് ലോകത്തെ രാഷ്ട്രീയഭാവിയില്ലാത്ത ഇസ്‍ലാമിസത്തിനുപകരമായി തങ്ങളുടെ പക്കലുള്ള കയറ്റുമതി ചെയ്യാനാവാത്ത ശിയാ വിപ്ലവത്തെ നിര്‍ത്തേണ്ടി വരുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ അതിന്‍റെ ഭാവി, അറബ് വസന്തത്തിലെ വിജയിച്ച ഒരേയൊരു വിപ്ലവത്തില്‍ നിന്ന് ബ്രദർഹുഡിന്‍റെ സാർവദേശീയതയെ നിരാകരിച്ച അന്നഹ്ദ പാർട്ടിയുടേതാണ്.

ഇസ് ലാമിസം ഇത്ര ആവർത്തിച്ച് ഓര്‍മിക്കപ്പെടുന്ന എന്നുള്ളതിന്‍റെ കൃത്യമായ കാരണം അത് തകർച്ചയെ നേരിടുന്നു എന്നുള്ളതാണ്. എതിരാളികളും അനുകൂലികളും തങ്ങളുടെ ശാത്രവത്തിന് പ്രത്യയശാസ്ത്രമാനം നല്കാനായി തന്നെ ബ്രദർഹുഡ്ഡിനെ വലിച്ചിഴക്കുന്നു.

പത്ര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമാണ് പാശ്ചാത്യലോകത്ത് ഖശോഗിയെ ചര്‍ച്ച ചെയ്യാനുള്ള കാരണമായി മുന്നോട്ടുവെക്കുന്നതെങ്കില്‍ മിഡിൽ ഈസ്റ്റിൽ പാശ്ചാത്യശക്തികളെയും ഭൗമ രാഷ്ട്രീയത്തെയും പുറത്തു നിർത്തിയുള്ള ഒരു ബാന്ധവത്തിൻറെ സാധ്യതയെ മുൻനിർത്തിയാണ് പോരാട്ടം.

മധ്യപൌരസ്ത്യദേശത്തെ രാഷ്ട്രീയത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയേക്കുമെന്ന് കരുതിയെന്നോണം പാശ്ചാത്യരാജ്യങ്ങളിൽ ഖശോഗി വധത്തെ തുടർന്ന് കോളമിസ്റ്റുകളും രാഷ്ട്രീയക്കാരും, സൌദിക്കെതിരെ ഉപരോധവും മറ്റു ഭീഷണികളുമായി മറ്റൊരിടപെടലിന് മുറവിളി കൂട്ടുന്നുണ്ട്. ഈ പ്രതികരണത്തിനു പോലും ഈ സംഭവം പ്രത്യയശാസ്ത്രപരമായി എത്ര ദരിദ്രമാണ് എന്നുള്ളതിനെ മറച്ചുപിടിക്കാന് കഴിയുന്നില്ല. മറിച്ച്, ആധിപത്യത്തിനായുള്ള തുർക്കിയുടെയും സൗദി അറേബ്യയുടെയും ഇറാന്‍റെയും അഭിലാഷങ്ങളാല്‍ മുഖരിതമായ മേഖലയിലെ രാഷ്ട്രീയത്തില്‍ കുറെക്കൂടി വന്യമായ മതേതര വൽക്കരണം സൂചിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.

മേൽപ്പറഞ്ഞ മൂന്ന് രാഷ്ട്രങ്ങളും ആധിപത്യത്തിനായുള്ള പരിശ്രമത്തിൽ ഇസ്‍ലാമിനെ നിരന്തരം ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്‍റെ സാർവലൌകികതയും മറ്റുരീതികളും ആ മതത്തിന് ഇത്തരം ഉപയോഗങ്ങളില്‍ നിന്ന് കുതറിമാറാന്‍ കെല്‍പേകിയിരിക്കുന്നു. ഇപ്പോൾ ഓരോ രാജ്യങ്ങളിലെയും ഇസ്‍ലാം മേഖലയിലെ അതതു രാജ്യങ്ങളിലെ ദേശീയ സ്വഭാവത്തെയല്ലാതെ മറ്റൊന്നിനെയും പ്രതിഫലിപ്പിക്കുന്നില്ല.

പരിഭാഷ – ഹിലാൽ അഹ്‌മദ്‌

Be the first to comment on "ഖശോഗ്‌ജി വധവും ഇസ്ലാമിക രാഷ്ട്രീയ ധാരകളും"

Leave a comment

Your email address will not be published.


*