പ്രതിമയേക്കാൾ വിലയുള്ളതാണ് മനുഷ്യർ

നസീൽ വോയിസി

രാജ്യത്തിന്റെ ആഘോഷമെന്നപോലെ പട്ടേല്‍ പ്രതിമ, ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’, നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുമ്പോള്‍ ആ പ്രദേശത്തെ ഏകദേശം എഴുപത്തയ്യായിരത്തോളം ആദിവാസികളും കര്‍ഷകരും പ്രതിഷേധിക്കുകയാണ്. അവരുടെ നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്. പട്ടേലെന്ന രാഷ്ട്രീയ ബിംബത്തിന്റെ, പ്രതിമയുടെ രാഷ്ട്രീയാപഹരണ സിദ്ധാന്തമൊന്നുമല്ല അവരുടെ വിഷയം, ജീവിതാടിസ്ഥാനമായ കിടപ്പാടവും കൃഷിഭൂമിയുമാണ്. അതിജീവനത്തെക്കുറിച്ചുള്ള ആശങ്കകളാണ്.

നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമാണ് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ സ്ഥിതി ചെയ്യുന്നത്. സര്‍ദാര്‍ സരോവര്‍ നര്‍മ്മദ പദ്ധതിക്കും പ്രതിമയുമായി ബന്ധപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏക്കറു കണക്കിനു ഭൂമി ആവശ്യമായിരുന്നു. ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി ഈയാവശ്യത്തിനായി ‘ഏറ്റെടുക്കപ്പെട്ടു’. എപ്പോഴത്തെയും പോലെ വലിയ പുനരധിവാസ വാഗ്ദാനങ്ങള്‍, വിസമ്മതിക്കുകയെന്ന മാര്‍ഗം അവര്‍ക്ക് മുന്നിലില്ലായിരുന്നു.

72 ഗ്രാമങ്ങളാണ് പദ്ധതി മൂലം ബാധിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ 32 ഗ്രാമങ്ങള്‍ക്ക് അവിടെ നിന്ന് മാറിപ്പോവുകയല്ലാതെ യാതൊരു നിര്‍വാഹവുമില്ലായെന്ന് പറയുന്നു. ഭൂമിക്കു പകരം ലഭിക്കുന്ന തുകയോടൊപ്പം തൊഴില്‍, പകരം ഭൂമി, വീട് എന്നെല്ലാം വാഗ്ദാനത്തിലുണ്ടായിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. ഇത്രയും നാള്‍ ജീവിച്ചിരുന്നിടത്ത് നിന്ന് കുറച്ചു പണം കൊണ്ട് മറ്റൊരിടത്ത് എങ്ങനെ ജീവിതം കരുപ്പിടിക്കുമെന്നറിയാതെ നില്‍ക്കേണ്ടി വരുന്നു അവര്‍ക്ക്. കൃഷിയിടത്തിനു പകരം കൃഷിക്ക് അനുയോജ്യമല്ലാത്ത തരിശുനിലം കിട്ടി ചിലര്‍ക്ക്!

ഈ മനുഷ്യരാണ് പ്രതിഷേധിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തെ കുറച്ചു കാണുന്നില്ല ഇവര്‍, പ്രതിമയക്ക് എതിരുമല്ല; തങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്ത്, നിലനില്‍പ്പിനെ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ട് പ്രധാനമന്ത്രിയും ബാക്കിയുള്ളവരും നടത്തുന്ന ഈ നാടകത്തെ, പ്രഹസനത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതങ്ങള്‍ പ്രതിമയെക്കാള്‍ വിലയുള്ളതാണ് എന്നു തെളിയിക്കാനാണ് പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്ന ദിവസം വീട്ടില്‍ ഭക്ഷണം പാകം ചെയ്യാതെ, സ്കൂളില്‍ പോകാതെ അവര്‍ സമരം ചെയ്യുന്നത്.

പ്രതിഷേധം കനക്കുമെന്ന് ഭയപ്പെട്ട് നേരത്തേ തന്നെ ഇവരുടെ നേതാക്കളെ അറസ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെയുള്ള ഗ്രാമീണരുടെ ശബ്ദം കനക്കാതിരിക്കാന്‍ അവരുടെ നേതാക്കളെ ആദ്യമേ അങ്ങ് വരിഞ്ഞു കെട്ടി! സര്‍ദാറിന്റെ പ്രതിമ കൊണ്ടു വരുന്ന ഐക്യമോ അതിന്റെ വിനോദസഞ്ചാര സാധ്യതയോ ഒന്നുമല്ല ലക്ഷ്യമെന്നത് നേരത്തേ വ്യക്തമാണ്. അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് തന്‍ ബിംബം എത്ര ഉയരത്തില്‍ പ്രതിഷ്ടിക്കാന്‍ കഴിയുമോ അത്രയും ചെയ്യുകയെന്ന കുടില തന്ത്രത്തിനു മുന്നില്‍ ഗ്രാമീണരുടെ അതിജീവന സമരങ്ങളൊക്കെ നിസ്സാരമാണല്ലോ.

182 അടിയെക്കാള്‍, ലോകത്തിലെ ഏറ്റവും വലുതെന്ന ഖ്യാതിയെക്കാള്‍, മുവ്വായിരം കോടിയെക്കാളൊക്കെ വലുതാണ്, ശ്രദ്ധയര്‍ഹിക്കുന്നതാണ് പത്തെഴുപതിനായിരം വരുന്ന മനുഷ്യരുടെ അതിജീവനത്തിനുള്ള പോരാട്ടം.

Be the first to comment on "പ്രതിമയേക്കാൾ വിലയുള്ളതാണ് മനുഷ്യർ"

Leave a comment

Your email address will not be published.


*