ആഘോഷിക്കപ്പെട്ട ഫ്ലാറ്റ് പദ്ധതിയിലെ അനീതിയും വിവേചനവും ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോൾ

192 മത്സ്യത്തൊഴിലാളികള്‍ക്കായി തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്‌ത ഫ്ലാറ്റ് പദ്ധതിയില്‍ നിന്ന് ബീമാപള്ളി നിവാസികളെ പൂർണമായും ഒഴിവാക്കിയതിന് പിന്നിൽ സാമൂഹ്യവിവേചനവും അനീതിയും.

സ്ഥിരമായി കടലാക്രമണമുണ്ടാകുന്ന ബീമാപള്ളി, ചെറിയതുറ, വലിയതുറ പ്രദേശവാസികള്‍ക്കായാണ് വലിയ തുറയില്‍ കേരളസർക്കാർ ഫ്ലാറ്റ് സമുച്ചയ നിര്‍മാണം തുടങ്ങിയത്. 2015ല്‍ ജില്ലാ കലക്ടർ അതിനായി ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് തുടങ്ങുന്നത് തന്നെ ബീമാപ്പള്ളിയില്‍ നിന്നായിരുന്നു. ജില്ലാ കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ബീമാപ്പള്ളിയിലെ 62 കുടുംബങ്ങളുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ബീമാപ്പള്ളിക്കാരെ ഒഴിവാക്കുകയായിരുന്നു. മെയ് 3 നു ഫിഷറീസ് വകുപ്പ് ഇറക്കിയ ഉത്തരവിൽ ബീമാപ്പള്ളി പ്രദേശത്തിന്റെ പേര് പരാമർശിക്കുന്നുണ്ടായിരുന്നില്ല. ബീമാപള്ളി പ്രദേശത്തുള്ളവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച ശേഷമാണ് ഒഴിവാക്കല്‍.

ഒന്നിച്ചു താമസിക്കുന്നത് സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്ന് വിലയിരുത്തിയാണ് ഒഴിവാക്കിയത്. ചെറിയതുറ, വലിയതുറ നിവാസികള്‍ക്കൊപ്പം ബീമാപള്ളിക്കാരെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണ് വെട്ടിനിരത്തലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം. സര്‍ക്കാരിന്‍റെ വിവേചനത്തിനെതിരെ ബീമാപള്ളിക്കാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിരുന്നു.

മീഡിയവൺ ചാനൽ ഈ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് ഇതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ബീമാപ്പള്ളി നിവാസികള്‍ക്കായി പുതിയ പുനരധിവാസ പദ്ധതി സര്‍ക്കാർ വേറെ പ്രഖ്യാപിച്ചത്. ബീമാപള്ളിക്കാര്‍ക്കായി പുതിയ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് നിര്‍മിക്കുമെന്നാണ് ഫീഷറീസ് വകുപ്പും കളക്ടറുടെ ഓഫീസും അന്ന് നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ പിന്നീട് ആ പദ്ധതി എങ്ങുമെത്തിയില്ല. ജൂലൈയില്‍ ഫ്ലാറ്റ് നിര്‍മാണത്തിന് തറക്കല്ലിടുമെന്നായിരുന്നു ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ വാഗ്‌ദാനം . മൂന്നു മാസങ്ങൾക്ക് ശേഷം ഇതുവരെ ഫ്ലാറ്റിനുള്ള സ്ഥലം പോലും കണ്ടെത്തിയില്ല.

ഓഖിയിലും തുടര്‍ന്നും നടന്ന കടലാക്രമണത്തില്‍ തകര്‍ന്ന തകര്‍ന്ന വീടുകളിലാണ് ബീമാപ്പള്ളിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നത്.

തിരുവനന്തപുരം മുട്ടത്തറയില്‍ നിർമ്മിച്ച ഭവന സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്ക് സമര്‍പ്പിച്ചു. പ്രതീക്ഷ എന്ന് പേരിട്ട 192 ഫ്ലാറ്റുകളാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയത്.

ഫ്ലാറ്റ് നൽകിയതിൽ നിന്ന് ബീമാപ്പള്ളി സ്വദേശികളെ അവഗണിച്ചതിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

സർദാർ വല്ലഭായി പട്ടേലിൻ്റെ പ്രതിമയുടെ ജനവിരുദ്ധത തുറന്നുകാട്ടാൻ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്‌ത ഫ്ലാറ്റ് പദ്ധതിയെ പലരും ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ 3000 കോടിയുടെ പൊതു നഷ്ടത്തേക്കാളും ഒട്ടും കുറവല്ല ഒരു സമൂഹത്തോടുള്ള സെക്കുലർ സർക്കാരിന്റെ ഹിംസയെന്ന് ബീമാപ്പള്ളി നിവാസികൾ പറയുന്നു.

ബീമാപ്പള്ളി പോലെയുള്ള മുസ്‌ലിം ഭൂരിപക്ഷപ്രദേശത്തോടുള്ള അനീതിയാണ്  ഫ്ലാറ്റ് പദ്ധതിയെക്കുറിച്ചുള്ള ആഘോഷങ്ങളിൽ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നത്.

Be the first to comment on "ആഘോഷിക്കപ്പെട്ട ഫ്ലാറ്റ് പദ്ധതിയിലെ അനീതിയും വിവേചനവും ചോദ്യം ചെയ്യപ്പെടാതിരിക്കുമ്പോൾ"

Leave a comment

Your email address will not be published.


*