രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും

നൗഫൽ അറളടക്ക

രാജസ്ഥാനിലെ രാഷ്ട്രീയവും, സാംസ്കാരികവുമായ മണ്ഡലങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ ഹിന്ദു ദേശീയവാദ സംഘടനകൾക്കും, ആശയങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. സംഘപരിവാറിന് സ്വാധീനമുള്ള മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ബി.ജെ.പിയെക്കാളും വിശ്വ ഹിന്ദു പരിഷത്തിനാണ് രാജസ്ഥാനിൽ പ്രാധാന്യം. പ്രതിപക്ഷ പാർട്ടികളുടെ ശക്തിയെക്കാളും സംഘപരിവാറിന് അകത്തുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് നിരവധി തവണ ബി.ജെ,പി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടാൻ കരണമായിട്ടുള്ളത്. വരാനിരിക്കുന്ന അഞ്ചു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ. അഞ്ചു വർഷം മുൻപ് രാജസ്ഥാൻ മൃഗീയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിച്ചുകൊണ്ടാണ് ബി.ജെ.പി കോൺഗ്രസ് മുക്ത ഭാരത റാലിക്കു തുടക്കം കുറിച്ചത്. പക്ഷെ അഞ്ചു വർഷത്തിനു ശേഷം മോഡി-അമിത്ഷാ കൂട്ടുകെട്ടിന് ഇതേവരെ ഉണ്ടായിട്ടുള്ളതിൽ വലിയ വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പ് സമ്മാനിക്കുന്നത്.

മുസ്ലിം വിരുദ്ധ കലാപങ്ങളിലൂടെയും, ആദിവാസി വിഭാഗങ്ങളുടെ ഹിന്ദുത്വ വൽക്കരണത്തിലൂടെയും ഹിന്ദു ദേശീയതയുടെ അടിത്തറ സംരക്ഷിച്ചു നിർത്തിയതും, ബി.ജെ.പിക്കു അധികാരത്തിലേക്കുള്ള വഴി തെളിച്ചു കൊടുത്തതും വി.എച്ച്.പിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ സംഘ്പരിവാറിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളെയും, രാജസ്ഥാനിലെ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളെയും വിശകലന വിധേയമാക്കുകയാണ് ഇവിടെ.

ഹിന്ദുത്വ സംഘടനകളെ കുറിച്ച് വളരെ ആഴത്തിൽ പഠനം നടത്തിയ അമൃത ബസു സംഘപരിവാറിനകത്തെ വിവിധ സംഘടനകളെ അതിൻ്റെ പ്രവർത്തന രീതികൾക്കനുസരിച്ചു തരംതിരിച്ചിട്ടുണ്ട്. ആർ.എസ്.എസ് ഒരു NGO യുടെ ഘടനയോട് സാമ്യത പുലർത്തുമ്പോൾ ബിജെപി ഒരു അർദ്ധ കേഡർ രാഷ്ട്രീയ പാർട്ടിയുടെ രൂപത്തിൽ നിലനിൽക്കുന്നു. അമൃത ബസുവിൻ്റെ അഭിപ്രായത്തിൽ സാമൂഹിക പ്രസ്ഥാനത്തിൻ്റെ (social movement) സ്വഭാവം പുലർത്തുന്ന വി.എച്ച്.പിയാണ് വളരെ ശക്തമായ രീതിയിൽ ധ്രുവീകരണം നടത്തി ഹിന്ദു വോട്ടുകളെ ഏകീകരിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച് രാജസ്ഥാനിൽ പാർട്ടിയേക്കാളും സൈനിക സ്വഭാവമുള്ളത് വിശ്വ ഹിന്ദു പരിഷത്തിനാണ്, പക്ഷെ വി.എച്ച്.പിയെ സമർത്ഥമായ രീതിയിൽ നിയന്ത്രിക്കാൻ പാർട്ടിക്ക് സാധിക്കുന്നുണ്ട്.

ബി.ജെ.പിയും വി.എച്ച്.പിയും തമ്മിൽ രൂക്ഷമായ ആഭ്യന്തര കലഹങ്ങളുടെ രണ്ടു ഘട്ടങ്ങളുണ്ട്. 1987 സെപ്തംബർ നാലിന് രാജസ്ഥാനിലെ ശിഖർ ജില്ലയിലെ ദിയോറ ഗ്രാമത്തിൽ 18 വയസ് മാത്രം പ്രായമുള്ള രൂപ് കൺവറിൻ്റെ സതി അനുഷ്‌ഠാനത്തോടെ ദേശീയ തലത്തിൽ സതിയുടെ മഹിമപ്പെടുത്തലുകൾക്കെതിരെ വലിയ എതിർപ്പുകൾ ഉയർന്നു വന്നു. ഇതിനെതിരെ ഹിന്ദുത്വവാദികൾ നടത്തിയ സതി അനുകൂല സമരങ്ങളുടെ സമയത്താണ് സംഘപരിവാറിന് അകത്തു രൂക്ഷമായ ആഭ്യന്തര സംഘര്ഷങ്ങള്ക്ക് തുടക്കം കുറിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1998നു ശേഷമാണ്. വി.എച്ച്.പിയുടെ നേതൃത്വത്തിൽ ആസൂത്രിതമായി നടത്തിയ നിരവധി മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ ബി.ജെ.പിയെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ വളരെയധികം സഹായിക്കുകയുണ്ടായി. എന്നാൽ അതിനു ശേഷം വളരെ സുപ്രധാനമായ വിഷയങ്ങളിൽ വി.എച്ച്.പിയെ വിശ്വാസത്തിലെടുക്കാൻ ബി.ജെ.പി വിസമ്മതിച്ചു. 2008 ൽ ഈ ആഭ്യന്തര കലഹം വളരെ രൂക്ഷമാവുകയും ബി.ജെ.പിക്കെതിരെ വി.എച്ച്.പി പരസ്യമായി രംഗത്തുവരികയും 2008ലെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

എന്നാൽ 2013 തെരഞ്ഞെടുപ്പിൽ ആർ.എസ്.സിൻ്റെ മധ്യസ്ഥതയിൽ വി.എച്ച്.പിയും ബി.ജെ.പിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുകയും 46 ശതമാനം വോട്ടോടെ 200 അംഗ നിയമസഭയിൽ 163 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

ഹിന്ദു ദേശീയതയുടെ അടിത്തറ

രാഷ്ട്രീയ ചിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള പ്രധാനപ്പെട്ട ഒരു നവോത്ഥാന മുന്നേറ്റങ്ങളും രാജസ്ഥാനിൽ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഹിന്ദു ദേശീയവാദ ആശയങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണാണ് രാജസ്ഥാൻ. രാജസ്ഥാനിലെ ഹിന്ദുത്വ ശക്തികളുടെ കൂടെ വളരെ തുടക്കം മുതൽ തന്നെ നിലകൊള്ളുന്ന രജപുത് സമുദായത്തിൻ്റെ സാംസ്കാരികമായ മേൽക്കോയ്‌മയെ തങ്ങളുടേതാക്കി മാറ്റാൻ ഹിന്ദുത്വ സംഘടനകൾക്കു കഴിഞ്ഞിട്ടുണ്ട്. ജനസംഘത്തിനും തുടർച്ചയായി വന്ന ബി.ജെ.പിക്കും ഈ വിഭാഗത്തിൻ്റെ പിന്തുണ ആർജിക്കാൻ സാധിച്ചതാണ് സംഘപരിവാരിൻ്റെ ആദ്യത്തെ രാഷ്ട്രീയ വിജയം. 21 രാജ കുടുംബങ്ങൾ ചേർന്ന് ഭരണം നടത്തിയിരുന്ന രജപുത്താന എന്ന രാജ്യ സങ്കൽപ്പമാണ് രജപുത് ദേശീയതയുടെ അടിസ്ഥാനം. പക്ഷെ സംഘപരിവാർ വളരെ സമർത്ഥമായി രജപുത് ദേശീയതയെ ഹിന്ദു ദേശീയതയിൽ ലയിപ്പിക്കുകയായിരുന്നു.

സംസ്ഥാനത്തെ ജാതിപരവും വർഗപരവുമായ ജനസംഖ്യ ഘടന സവർണ്ണ വിഭാഗങ്ങൾക്കു സംസ്ഥാനം മൊത്തത്തിൽ സംഘടിത ശക്തിയായി നില നിൽക്കാനുള്ള അവസരങ്ങളുണ്ടാക്കി. ദളിത്, ഓ.ബി.സി വിഭാഗങ്ങളുടെ ഇടയിൽനിന്നു ശക്തമായ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാത്തതും സവർണ വിഭാഗങ്ങളുടെ അപ്രമാദിത്യം ഉറപ്പിച്ചു. 1931 ലെ സെൻസസ് പ്രകാരം രാജസ്ഥാൻ ജനസംഖ്യയുടെ 21 ശതമാനം സവർണ്ണ വിഭാഗങ്ങളാണ്. അതിൽ രജപുത് 6 %, ബ്രാഹ്മണർ 8 %, മഹാജൻ 7 %, മറ്റുള്ള സവർണ വിഭാഗങ്ങൾ 9 %, ഇതിൽ രജപുത് സമുദായവും ബ്രാഹ്മണ വിഭാഗവും എല്ലാ കാലത്തും ജാട്ട് സമുദായം ഇടവേളകളിലായും ബി.ജെ.പിക്കൊപ്പമാണ്.

വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ വോട്ട് ബാങ്കായ ഓ.ബി.സി വിഭാഗം സംസ്ഥാന ജനസംഖ്യയുടെ 8 ശതമാനം മാത്രമേയുള്ളൂ. ജനസംഖ്യയുടെ 13 ശതമാനമുള്ള പട്ടിക വർഗ വിഭാഗങ്ങളെ കൂടെ നിർത്താൻ എന്നും സംഘപരിവാറിന് സാധിക്കുന്നുണ്ട്. 5 ശതമാനമുള്ള മീണ വിഭാഗം ഇതിൽ സുപ്രധാനമാണ്. 17 ശതമാനം പട്ടിക ജാതി ജനസംഖ്യയുള്ള രാജസ്ഥാനിൽ ബി.എസ്.പി അടക്കമുള്ള പ്രസ്ഥാനങ്ങൾക്ക് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതും ബി.ജെ.പിയെ സഹായിക്കുന്ന ഘടകങ്ങളാണ്. 6 ശതമാനമുള്ള ചമ്മാർ വിഭാഗത്തെയും വാല്മീകി, റിഗാർ, കോലി, ബലായി തുടങ്ങിയ ജാതികളെയും കൂടെ നിർത്താൻ ബി.ജെ.പി എന്നും ശ്രമിച്ചിട്ടുണ്ട്.

മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ

രാജസ്ഥാനിൽ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ അരങ്ങേറുന്നത് പ്രധാനമായും ബജ്രംഗ് ദള്‍, ഹിന്ദു ജാഗരൺ മഞ്ച്, കേസരി വാഹിനി, ശിവ സേന തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ്.. അയോധ്യ കാമ്പയിനിങ്ങിൻ്റെ ഭാഗമായി 1989 മുതൽ 1992 വരെ നൂറുകണക്കിന് മുസ്ലിം വിരുദ്ധ ആക്രമണങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്.

1990 ൽ ബാബരി മസ്ജിദ് തകർക്കാനായി നടത്തിയ കർസേവയിൽ പകെടുക്കാനായി 18000 ഹിന്ദുത്വവാദികളാണ് രാജസ്ഥാനിൽ നിന്ന് അയോധ്യയിൽ എത്തിയത്. അതുപോലെ ശിലാന്യാസത്തിൽ പങ്കെടുക്കാൻ കോട്ടയിൽനിന്ന് മാത്രമായി 800 സ്ത്രീകളടക്കം 5000 ഹിന്ദുത്വവാദികൾ അയോധ്യയിൽ എത്തിയിട്ടുണ്ട്. വി.എച്ച്.പി നേതാവ് ബഹാദൂർ സിങ് ഷെഖാവത്ത് സാക്ഷ്യപ്പെടുത്തുന്നത് അനുസരിച്ച ഏകദേശം 58 ലക്ഷം രൂപ രാമക്ഷേത്ര നിർമാണത്തിനായി രാജസ്ഥാനിൽ നിന്ന് ആ വർഷം ശേഖരിച്ചിട്ടുണ്ട്.

1989ൽ ഹിന്ദുത്വ തീവ്രവാദികൾ കോട്ടയിലെ പ്രധാനപ്പെട്ട മുസ്ലിം പള്ളിക്കു മുൻപിലൂടെ മാർച്ച് നടത്തി നമസ്കാരം തടസപ്പെടുത്തിയാണ് അയോധ്യ കാമ്പയിനിങ്ങിനു തുടക്കം കുറിച്ചത്. തുടർന്നുണ്ടായ കലാപത്തിൽ 24 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്തു. മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കൾ നശിപ്പിക്കുക എന്നതായിരുന്നു കലാപത്തിൻ്റെ പ്രാഥമിക ലക്ഷ്യം. ആയിരം കോടിയോളം വിലമതിക്കുന്ന മുസ്ലിങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ദാവൂദ് ബോറ എന്ന മുസ്ലിം കച്ചവട സമുദായത്തിനാണ് ഏറ്റവും കൂടുതൽ നഷ്ട്ടം സംഭവിച്ചത്. കോട്ടയിലെ ഡെപ്യൂട്ടി മേയറും ബി.ജെ.പി സംസ്ഥാന നേതാവുമായിരുന്ന രവീന്ദ്ര നിർഭയ്, ബി.ജെ.പി എം.എൽ.എമാരായ ദയാൽ ജോഷി, രഘുവീർ സിങ്, കൗശൽ ഹരീഷ് ശർമ്മ, മഹി ബായി പട്ടേൽ, മധു ദിൽവാർ തുടങ്ങിയവർ കലാപത്തിൽ പ്രത്യക്ഷ പങ്കാളികയിരുന്നു. “കോൺഗ്രസ് പാർട്ടി പാകിസ്താൻ്റെ സഹായത്തോടെ കലാപത്തിന് ആഹ്വാനം ചെയ്തതാണ്. അവർ ഹിന്ദു യുവതികളെ മാനഭംഗപ്പെടുത്തുന്നത് തടയാൻ വേണ്ടിയാണു ഹിന്ദുക്കൾ മുസ്ലിങ്ങളെ ആക്രമിച്ചത്” എന്നാണ് വി.എച്ച് .പി നേതാവായിരുന്ന ബിൽവാർ കലാപത്തെ വിലയിരുത്തിയത്.

ജയ്പൂരിൽ ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപെട്ട ഗിരിധർ ലാൽ ഭാർഗവിൻ്റെ വിജയാഘോഷത്തിൻറെ ഭാഗമായി ഹിന്ദുത്വ വാദികൾ മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ചു ആക്രമിച്ചു. രഥയാത്ര തടഞ്ഞു. അദ്വാനിയെ ലാലു പ്രസാദ് യാദവിൻ്റെ പോലീസ് ബീഹാറിൽ വെച്ച് അറസ്റ്റ് ചെയ്തതോടെ ജയ്‌പൂരിലെ കലാപം അതിൻ്റെ മൂർധന്യത്തിൽ എത്തി. കലാപത്തിൽ 50 പേർ മരണപ്പെടുകയും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ട്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം കലാപകാരികൾക്കു എല്ലാ സഹായവും ചെയ്തു കൊടുത്തു. മുസ്ലിങ്ങളെ വേട്ടയാടുന്നത് തുടർന്നു. 111 മുസ്ലിങ്ങളെ TADA ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കേവലം ഒരു ഹിന്ദുത്വവാദിയെ മാത്രമാണ് കലാപത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്തത് എന്നത് യാദൃച്ഛികമല്ല. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി 2001 ലാണ് 111 പേർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിച്ചത്. ദുരിതാശ്വാസ സഹായം എത്തിക്കുന്നതിലും വളരെ വിവേചനപരമായാണ് NGO കളും സർക്കാരും പെരുമാറിയത്. ബാൽ രശ്മി സൊസൈറ്റി എന്ന സംഘടന മാത്രമാണ് മുസ്ലിങ്ങൾക്ക് ദുരിതാശ്വാസമെത്തിക്കാൻ ഉണ്ടായിരുന്നത്.

അയോധ്യ ക്യാമ്പയിനിങ്ങിൻ്റെ രണ്ടാംഘട്ടം വിശ്വ ഹിന്ദു പരിഷത്ത് 2000ത്തിൽ സംസ്ഥാനത്തുടനീളം ആരംഭിച്ചു. അതിൻ്റെ ഭാഗമായി 2001 ജനുവരിയിൽ ദക്ഷിണ രാജസ്ഥാനിലെ ജാസൽപൂരിൽ ഷൈറയിൻ മസ്ജിദ് വി.എച്ച്.പി പ്രവർത്തകർ തകർത്തു തരിപ്പണമാക്കി. തുടർന്നു അസിന്ദ്ലെ 16ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട മസ്ജിദ് തകർത്തു. ഹനുമാൻ ക്ഷേത്രത്തിൻ്റെ നിർമാണം ആരംഭിച്ചു.

വി.എച്ച്.പി യുടെ ആശീർവാദത്തോടെ ബജ്‌രംഗ് ദൾ സംസ്ഥാനത്തുടനീളം ത്രിശൂൽ ദീക്ഷ ആരംഭിച്ചു. 2001 ആഗസ്റ്റിൽ റായിപൂർ, കോട്ട, ജയ്‌പൂർ,അസിന്ദ് തുടങ്ങിയ സ്ഥലങ്ങളിലായി ആയിരകണക്കിന് ത്രിശൂലങ്ങൾ ബജ്‌രംഗ് ദൾ വിതരണം ചെയ്തു. 2001 നവംബറിൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഘപരിവാർ 4 മില്യൺ തൃശൂലങ്ങൾ വിതരണം ചെയ്ത വിവരം സ്ഥിരീകരിച്ചു പത്ര സമ്മേളനം നടത്തി. വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തി കേന്ദ്ര സർക്കാരിന് കത്തയച്ച അദ്ദേഹം, സംസ്ഥാനത്തു ബജ്‌രംഗ് ദളിനെ നിരോധിക്കുകയും പ്രവീൺ തൊഗാഡിയ അടക്കമുള്ള എല്ലാ വി.എച്ച്.പി നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്താണ് വലിയ ഒരു വംശഹത്യ ശ്രമം തടഞ്ഞത്. തുടർന്നുള്ള പോലീസ് നടപടിയിൽ ആയിരക്കണക്കിന് ത്രിശൂലങ്ങളാണ് ബജ്‌രംഗ് ദൾ ഓഫീസുകളിൽ നിന്ന് പോലീസ് കണ്ടടുത്തത്. അതിന്നു മാസങ്ങൾക്കു ശേഷമാണു അയൽ സംസ്ഥാനമായ മോദിയുടെ ഗുജറാത്തിൽ ഭീകരമായ മുസ്ലിം വംശഹത്യ നടന്നത്.

ആദിവാസി വിഭാഗങ്ങൾക്കിടയിലെ ഹിന്ദുത്വവൽക്കരണം

വനവാസി കല്യാൺ പരിഷത്ത് (V.K.P), ഹിന്ദു ജാഗരൺ മഞ്ച്, വിശ്വ ഭാരതി, സരസ്വതി സദൻ, ആദർശ വിദ്യ ഭവൻ തുടങ്ങിയ സംഘടനകൾ മുഖേനയാണ് ആദിവാസി വിഭാഗങ്ങളെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായി സംഘപരിവാർ സംഘടിപ്പിക്കുന്നത്. ദക്ഷിണ രാജസ്ഥാനിലെ ജാസൽപൂർ, അസിന്ദ്, സിക്കർ തുടങ്ങിയ പ്രദേശങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നത് സംഘ്പരിവാർ പരിശീലിപ്പിച്ചു വിട്ട ആദിവാസി വിഭാഗത്തിൽപെട്ടവരാണെന്നു വിവിധ പൗരാവകാശ സംഘടനകളുടെ റിപോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.

2003നു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ പട്ടിക വർഗ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ബി.ജെ.പിക്ക് ലഭിക്കുന്നുണ്ട്. അത് സാധ്യമാക്കിയത് വനവാസി കല്യാൺ പരിഷത്തിൻ്റെ പ്രവർത്തങ്ങളിലൂടെയാണ്. രണ്ടു രൂപത്തിലാണ് വി.കെ.പി ആദിവാസി വിഭാഗങ്ങളുടെ പിന്തുണ നിലനിർത്തുന്നത്.

(1) സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മീണ, ദാമോർ, കത്തോടി, തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ കോടിക്കണക്കിനു രൂപയുടെ ക്ഷേമ പ്രവർത്തങ്ങൾ നടത്തുക. 11 ജില്ലകളിലെ 3000 ഗ്രാമങ്ങളിലായി വി.കെ.പി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇന്ത്യ ഡെവലപ്മെന്റ് ആൻഡ് റിലീഫ് ഫണ്ട് ആൻഡ് സേവാ ഇന്റർനാഷണൽ മുഖേന കോടിക്കണക്കിനു രൂപയാണ് വിദേശരാജ്യങ്ങളിൽ നിന്നായി വി.കെ.പി യുടെ പ്രവർത്തനങ്ങൾക്ക് സംഭാവനയായി ലഭിക്കുന്നത്.

(2) ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ഇടയിൽ ആസൂത്രിതമായി സംഘർഷങ്ങൾ സൃഷ്‌ടിക്കുകയും അത് നിരന്തരമായി നിലനിൽത്തുകയും ചെയ്യുക. 2002ൽ ജൽവാർ ജില്ലയിലെ മുസ്ലിങ്ങൾക്കെതിരെ മീണ സമുദായത്തെ കൊണ്ട് അക്രമം അഴിച്ചുവിട്ടാണ് സംഘപരിവാർ ഇത്തരത്തിലുള്ള സോഷ്യൽ എൻജിനിയറിങ്ങിന് തുടക്കം കുറിക്കുന്നത്.

2003 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ വി.കെ.പി. ബജ്‌രംഗ് ദൾ ഗ്രൂപ്പുകളുടെ പദ്ധതിയുടെ അടിസ്ഥാനത്തിൽ നൂറുകണക്കിന് മുസ്ലിം വിരുദ്ധ അക്രമങ്ങളാണ് മീണ വിഭാഗത്തിൽപെട്ട ഹിന്ദുത്വവാദികൾ നടത്തിയിട്ടുള്ളത്. അന്നത്തെ ജൽവാർ എം.പി യായിരുന്ന നിലവിലെ മുഖ്യമന്ത്രി വസുന്ധര രാജെ അക്‌ലാറ സന്ദർശിച്ച് വിഷം വമിക്കുന്ന പ്രസംഗങ്ങൾ നടത്തി ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ ഗുജ്ജാർ ഗോത്ര വിഭാഗത്തെ കൊണ്ടും മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ സംഘപരിവാർ നടത്താറുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ തന്നെ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തങ്ങൾ ഈ ഗോത്രവർഗങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. കാലങ്ങളായി മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി വളരെ രമ്യതയിൽ കഴിഞ്ഞിരുന്ന ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ ന്യൂനപക്ഷ വിരുദ്ധത പരത്തി ഹിന്ദുത്വവൽക്കരിക്കാൻ വി.കെ.പിയുടെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. നിയമനടപടിയിൽ നിന്ന് രക്ഷപെടാനായി SC and ST (Prevention Atrocities) Act നെ ദുർവിനിയോഗം ചെയ്യാനും വി.എച്ച്.പിക്കും ഭരണകൂടത്തിനും സാധിക്കുന്നു.

മൂവ്മെന്റും- പാർട്ടിയും (യോജിപ്പും, വിയോജിപ്പും)

ബി.ജെ.പിയും വി.എച്ച്.പിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ രമ്യതയിൽ പരിഹരിക്കുന്നതിന് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. 2003 ലെ നിയസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ദേശിയ മുഖമായിരുന്ന പ്രമോദ് മഹാജന്റെ നേതൃത്വത്തിൽ വസുന്ധര രാജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടി പ്രചാരണം ആരംഭിച്ചു. ആ തിരഞ്ഞെടുപ്പിൽ വി.എച്ച്.പിയുടെയും വി.കെ.പിയുടെയും പ്രവർത്തനഫലമായി ബി.ജെ.പിയുടെ ട്രൈബൽ വോട്ട് വിഹിതം 32 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഉയർന്നു.

വലിയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ വന്നതിനു പിന്നാലെ കോൺഗ്രസ് ഗവണ്മെന്റ് നിരോധിച്ച ബജ്‌രംഗ് ദളിൻ്റെ നിരോധനം എടുത്ത് കളയുകയും തൃശൂല ദീക്ഷയ്ക്ക് അനുമതി നൽകുകയും ചെയ്തു. ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളുടെ പേരിൽ വി.എച്ച്.പി നേതാക്കൾക്കെതിരെ ചുമത്തിയിരുന്ന 122 കലാപ കേസുകൾ പിൻവലിച്ച വസുദ്ധര രാജെ ഭരണകൂടം വി.എച്ച്.പിക്കു എല്ലാ സഹായവും ചെയ്തു കൊടുത്തു. വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരന്നതിന് ശക്തിപകർന്ന രാജെ ചരിത്രം ഹിന്ദുത്വവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ആർ.എസ്.എസ് നിർദേശ പ്രകാരം നമ്മുടെ മണ്ണ്, നമ്മുടെ ജനത (Apna Darti, Apna Log) എന്ന പേരിൽ ഗവണ്മെന്റ് എൻസൈക്ളോപീഡിയ തയ്യാറാക്കി. സർക്കാർ ആശുപത്രികളിലടക്കം ഭക്ഷണത്തിന് മുൻപായി ഹിന്ദു ഭോജന മന്ത്രങ്ങൾ നിർബന്ധമാക്കി. ആർ.എസ്.എസിനു കേശവ് വിദ്യാപീഠ വിശ്വവിദ്യാലയ പോലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു 2300 ഏക്കർ സർക്കാർ ഭൂമി പതിച്ചു നൽകി.

ബി.ജെ.പി അധികാരത്തിൽ എത്തിയതിനു പിന്നാലെ ക്രിസ്ത്യൻ ആദിവാസികളെ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പദ്ധതി പൂർവാധികം ശക്തിയോടെ ആരംഭിച്ചു. 2004 ഫെബ്രുവരി 29നു 650 ക്രിസ്ത്യൻ ആദിവാസികളെ വി.എച്ച്.പി ഘർവാപസി നടത്തി. 2003 ഫെബ്രുവരി 2 നു കോട്ടയിലെ ക്രിസ്ത്യൻ മിഷനറി നടത്തുന്ന ഇമ്മാനുവൽ മിഷൻ ഹോസ്പിറ്റൽ ഹിന്ദുത്വവാദികൾ ആക്രമിക്കുകയും ഒരു കുട്ടിയെ കൊല്ലുകയും ആയിരക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളെ തിരഞ്ഞുപിടിച്ചു ആക്രമിച്ച ഭരണകൂടം ഇ.എം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്, അനാഥാലയം, സ്കൂൾ, ആശുപത്രി, ചർച്ച് എന്നിവയുടെ ലൈസൻസ് റദ്ദാക്കുകയും അവരുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.

2007ൽ അജ്‌മീറിൽ നടന്ന ബോംബ് സ്ഫോടനം ഹിന്ദുത്വ സഘടനകളുടെ ആസൂത്രണമായിരുന്നു. 2010 ൽ കേന്ദ്ര അന്വേഷണ ഏജൻസി അഭിനവ് ഭാരത് നേതാവ് സ്വാമി അസിമാനന്തയെ അറസ്റ്റ് ചെയ്തതോടെയാണ് അജ്മീർ സ്ഫോടനത്തിനു പിന്നിലെ ഹിന്ദുത്വ ശക്തികളുടെ പ്രവർത്തനങ്ങൾ പുറം ലോകം അറിയുന്നത്.

ബി.ജെ.പി ഭരണകൂടം വി.എച്ച്.പിയുടെ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് ഭരണം നടത്തിയതെങ്കിലും ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങളിൽ സംഘപരിവാറിനകത്തു നിന്ന് തന്നെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നു. പ്രധാനമായും പ്രത്യേക സാമ്പത്തിക മേഖല (SEZ) അനുമതിച്ചു നൽകുന്ന കാര്യത്തിൽ. പ്രൈവറ്റ് പബ്ലിക് പാർട്ടൺഷിപ്പോടെ (PPP) മഹീന്ദ്ര വേൾഡ് സിറ്റി (MWC) സ്ഥാപിക്കാൻ 3000 ഏക്കർ സർക്കാർ ഭൂമി തുച്ഛ വിലയ്ക്ക് മഹീന്ദ്രയ്ക്ക് പതിച്ചുനൽകിയത് സംഘപരിവാറിനകത്തു വലിയ എതിർപ്പുകൾ ഉണ്ടാക്കി.

സംവരണ വിഷയത്തിൽ ഗുജ്ജാർ സമുദായവും മീണ സമുദായവും തമ്മിലുള്ള സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി വി.എച്ച്.പിയുടെ പിന്തുണ കൂടി നഷ്ടമായപ്പോൾ 2008 ലെ തെരഞ്ഞെടുപ്പിൽ പരാജയപെട്ടു. ബി.ജെ.പിക്ക് ഗുജ്ജാർ, ജാട്ട്, വിഭാഗങ്ങളുടെ വോട്ട് നഷ്ടമാവുകയും വോട്ട് ശതമാനം 34 ആയി ചുരുങ്ങുകയും ചെയ്തു. പക്ഷെ 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 46 ശതമാനം വോട്ട് വിഹിതം കരസ്ഥമാക്കി 200ൽ 163 എന്ന സംഖ്യയുമായി മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തി.

2018 നിയമസഭ തിരഞ്ഞെടുപ്പ്

2013ലെ രാജസ്ഥാൻ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തോടു കൂടിയാണ് ബി.ജെ.പി കോൺഗ്രസ് മുക്ത ഭാരത റാലിക്ക് തുടക്കം കുറിച്ചത്. പക്ഷെ 2018 ലേക്കെത്തുമ്പോൾ മോഡി- അമിത് ഷാ കൂട്ടുകെട്ടിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പായി രാജസ്ഥാൻ മാറുകയാണ്.

ശക്തമായ ഭരണവിരുദ്ധ വികാരത്തെയാണ് ബി.ജെ.പിക്കു മറികടക്കേണ്ടത്. നിലവിലെ സർക്കാരിനെതിരെ ബി.ജെ.പിക്കു അകത്തു തന്നെ അമർശങ്ങൾ പുകയുണ്ട്. കാർഷിക മേഖലയിലെ തകർച്ച ഗ്രാമീണ വോട്ടർമാരിൽ ശക്തമായ ബി.ജെ.പി വിരുദ്ധ വികാരമാണ് ഇളക്കിവിട്ടിരിക്കുന്നത്. കാർഷിക പ്രതിസന്ധിമൂലം ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യകൾ ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.

ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന കാർഷിക പ്രക്ഷോഭം വലിയ പ്രതികരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നിലവിലെ ഭരണത്തിൽ ബി.ജെ.പി യുടെ പരമ്പരാഗത വോട്ട് ബാങ്കായ രജപുത് വിഭാഗം തികച്ചും അസംതൃപ്തരാണ്. രജപുത് നേതാവ് ജസ്വത് സിങ്ങിന് ലോകസഭാ സീറ്റ് നിഷേധിച്ചത് മുതൽ പുകയുന്ന അമർഷം ജസ്വത് സിങ്ങിൻ്റെ മകനും രാജസ്ഥാൻ ബി.ജെ.പിയിലെ പ്രമുഖ നേതാവുമായ മാനവേന്ദ്ര സിങ്ങും കുടുംബവും കോൺഗ്രസിൽ ചേർന്നതോടെയാണ് മറനീക്കി പുറത്തു വന്നത്. രജപുത്രർക്ക് എതിരായിട്ടുള്ള ജാട്ടുകളുടെ പിന്തുണ നേടിയെടുക്കാൻ ജാട്ട് പാരമ്പര്യമുള്ള വസുന്ധര രാജെയ്ക്കു കഴിഞ്ഞിട്ടുണ്ട്. പുതിയ പാർട്ടി പ്രഖ്യാപിച്ചു രംഗത്തു വന്ന ജാട്ട് നേതാവ് ഹനുമാൻ ബെനിവാളിൻ്റെ തീരുമാനങ്ങൾ ഇരുപാർട്ടികൾക്കും നിർണായകമാണ്.

ഗുജ്ജാർ വിഭാഗക്കാരനായ സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ മുഖമായി മാറുന്നതും ഗുജ്ജാർ, മീണ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുതയും നിർണായകമാകും. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരം ബി.ജെ.പിയുടെ എല്ലാ സമവാക്യങ്ങളെയും തകർക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ബി.ജെ.പിക്കകത്ത് ആഭ്യന്തര പ്രശ്നങ്ങൾ നിലനിന്നിരുന്ന സമയത്തെല്ലാം അവർ പരാജയപ്പെട്ടിരുന്നു എന്നുള്ളതും കോൺഗ്രസ്സിനുള്ള ശുഭസൂചനയാണ്.

ഗോസംരക്ഷണത്തിൻ്റെ പേരിൽ ഹിന്ദുത്വ ഭീകരർ നടത്തുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലിം സമുദായത്തിൻ്റെ ഇടയിൽ വലിയ അരക്ഷിത ബോധമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഹിന്ദു വികാരങ്ങൾക്ക് എതിരാണെന്ന പഴി കേൾക്കാതിരിക്കാൻ താല്പര്യമില്ലാത്തതിനാൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഇത് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാനുള്ള താല്പര്യം കാണിക്കുന്നില്ല.

About the Author

നൗഫൽ അറളടക്ക
കാസർഗോഡ് ജില്ലയിലെ അറളടക്ക സ്വദേശി. ന്യൂ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നിന്നും ഹ്യൂമൻ റൈറ്സ് ആൻഡ് ഡ്യൂട്ടീസിൽ ബിരുദാനന്തരബിരുദം നേടി. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും രാഷ്ട്രീയനിരീക്ഷണങ്ങൾ എഴുതുന്നു

Be the first to comment on "രാജസ്ഥാൻ തിരഞ്ഞെടുപ്പും വി.എച്ച്.പിയുടെ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങളും"

Leave a comment

Your email address will not be published.


*