https://maktoobmedia.com/

സ്ത്രീകൾ സാമ്പത്തികചൂഷണത്തിന് ഇരയാവുന്നതിൻ്റെ 3 സൂചനകൾ. കാമ്പയിനുമായി സെറീന വില്യംസ്

നമ്മുടെ ശരീരത്തിലുണ്ടാവുന്ന ഒടിവുകളും മുറിവുകളും പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാൽ ഗാർഹിക പീഡനത്തിന്റെ മറ്റനേകം അടയാളങ്ങൾ അത്രതന്നെ ദൃശ്യമല്ല. പ്രത്യേകിച്ചും ഗാർഹിക പീഡനത്തിന്റെ ഭാഗമായുള്ള സാമ്പത്തിക ചൂഷണങ്ങളിൽ 99 ശതമാനവും പുറത്തറിയാറില്ലെന്ന് യുഎസ്സിലെ ആൾസ്റ്റേറ്റ് ഫൌണ്ടേഷൻ പർപ്പിൾ പേഴ്സ് വ്യക്തമാക്കുന്നു. സാമ്പത്തിക ശാക്തീകരണം വഴി ഗാർഹിക പീഡനം നിർത്തലാക്കാൻ പരിശ്രമിക്കുന്ന സംഘടനയാണിത്.

ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഈ പ്രശ്‌നത്തിലേക്ക് ജനശ്രദ്ധ കൊണ്ടു വരാനുള്ള പ്രയത്നങ്ങളിലാണ്. ഇതിനായി ആൾസ്റ്റേറ്റ് ഫൗണ്ടേഷനുമായി സഹകരിച്ചു രണ്ടു വർഷത്തോളമായി പ്രവർത്തിക്കുകയാണവർ.

അമേരിക്കയിൽ നാലിലൊന്നു സ്ത്രീകളും അവരുടെ ജീവിതകാലത്തിനിടയിൽ ഗാർഹിക പീഡനത്തിനിരയാവുന്നുണ്ട്. ഒട്ടുമിക്ക കേസുകളിലും സാമ്പത്തിക ചൂഷണവും നടക്കുന്നു. ഓരോ തവണ കാണുമ്പോഴും ഈ കണക്കുകൾ എന്നെ ഞെട്ടിക്കുന്നു. ആ ഒരു സ്ത്രീ നിങ്ങളുടെ സുഹൃത്താണ്, കുടുംബാംഗമാണ്, സഹപ്രവർത്തകയാണ്. നമ്മൾ ഒരുമിച്ചു പ്രവർത്തിച്ചു ഈ സംഖ്യകളെ കുറക്കേണ്ടതുണ്ട്.

എന്താണ് സാമ്പത്തിക ചൂഷണം?

“ഗാർഹിക പീഡനത്തിന്റെ ഏറ്റവും അദൃശ്യമായ രൂപമാണ് സാമ്പത്തിക ചൂഷണം”- സെറീന പറയുന്നു.

അതിന് പല രൂപങ്ങളുണ്ട്. ഓരോ കുടുംബത്തിലും അത് വ്യത്യസ്തമാണ്. പക്ഷെ എല്ലായിടത്തും പണം ചൂഷകന് ഇരയെ ഒതുക്കുവാനുള്ള ഉപാധിയാണ്. ചൂഷകൻ പണത്തെ ആയുധമാക്കുകയാണ്. അതിനാൽ തന്നെ സ്ത്രീകൾക്ക് അപകടകരമായ ബന്ധങ്ങളിൽ തുടരേണ്ടി വരുന്നു. പണം ലഭിക്കുന്ന മാർഗങ്ങൾ നിയന്ത്രിക്കുക, ക്രെഡിറ്റ്‌ അട്ടിമറിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ പീഢകർ ഇരകളെ കുടുക്കി നിർത്തുകയാണ്.

സാമ്പത്തിക ചൂഷണത്തിന്റെ 3 പ്രധാന അടയാളങ്ങൾ

ശാരീരികോപദ്രവങ്ങൾ പോലെ പ്രത്യക്ഷമല്ലാത്തതിനാൽ സാമ്പത്തിക ചൂഷണങ്ങൾ തിരിച്ചറിയാൻ പ്രയാസമാണ്. താഴെ പറയുന്നവ സാമ്പത്തിക ചൂഷണങ്ങളായി മനസ്സിലാക്കാവുന്നതാണ്.

1. പണലഭ്യത കുറക്കുക/ നിങ്ങളുടെ ചിലവുകൾ നിയന്ത്രിക്കുക.

സാമ്പത്തിക ഭദ്രതയുണ്ടാവുന്നത് ബന്ധങ്ങളിൽ നിന്ന് പുറത്തു വരാൻ ധൈര്യം നൽകുമെന്നതിനാൽ പീഢകർ അവരുടെ ഇരകൾക്കാവശ്യമായ പണം ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തും. ഒരു ചൂഷകൻ തീർച്ചയായും ഇരയുടെ ക്രെഡിറ്റും കാഷും നിയന്ത്രിക്കും. അവർ നിങ്ങളുടെ ചെക്കുകളും ബാങ്ക് സംബന്ധമായ പാസ്സ്‌വേർഡുകളും ആവശ്യപ്പെടും. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനു പോലുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടാവില്ല. പീഢകനെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും.

2. നിങ്ങളുടെ ജോലിയിലടപെടുക

സാമ്പത്തിക ചൂഷണത്തിന്റെ മറ്റൊരു അടയാളമാണ് ജോലി ചെയ്യാൻ അനുവദിക്കാതിരിക്കൽ/ ജോലിയെ തടസ്സപ്പെടുത്തൽ. നിങ്ങളുടെ ജോലിയിൽ അനാവശ്യമായി ഇടപെടുകയും അത് നിങ്ങളുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ജോലി പോവുന്നതിനു കാരണമാവുക വരെയും ചെയ്യും. ജോലിയുമായി ബന്ധപ്പെട്ട നിങ്ങളുടെ മറ്റു ഉത്തരവാദിത്തങ്ങൾ കൂടി ശരിയായി നിർവഹിക്കാൻ അനുവദിക്കില്ല. നിങ്ങളുടെ വാഹനം അനുമതിയില്ലാതെ ഉപയോഗിക്കുന്നതും കുട്ടികളെ നോക്കാമെന്നേറ്റ ശേഷം പിന്മാറുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

3. നിങ്ങളുടെ ക്രെഡിറ്റ്‌ നശിപ്പിക്കും.

ഇരയുടെ ക്രെഡിറ്റു ഇല്ലാതാക്കുന്ന പ്രവണത കൂടി വരികയാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് കൊണ്ട് അവരുടെ ബില്ലടക്കും. അതിന്റെ പ്രത്യാഘാതം വലുതാണ്. ചൂഷകനിൽ നിന്നും മാറി സ്വന്തമായി മുറിയെടുത്തോ മറ്റോ ജീവിതം പുനർനിർമ്മിക്കുന്നതിനുള്ള അവസരം അതില്ലാതാക്കും. തങ്ങളുടെ പേരിൽ വലിയ കടബാധ്യതകളുമായിട്ടാണ് ഇരകൾ പലപ്പോഴും പുറത്തു വരിക എന്നതിനാൽ സ്വന്തം ജീവിതം വീണ്ടും കെട്ടിപ്പടുക്കുക എന്നത് ഒരു പരിധി വരെ അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.

വിശദറിപ്പോർട്ട് – https://www.purplepurse.com/the-issue/domestic-violence-financial-abuse.aspx

Compiled by Hanan Binth Usman, post graduate student in Farook College, Kerala 

Be the first to comment on "സ്ത്രീകൾ സാമ്പത്തികചൂഷണത്തിന് ഇരയാവുന്നതിൻ്റെ 3 സൂചനകൾ. കാമ്പയിനുമായി സെറീന വില്യംസ്"

Leave a comment

Your email address will not be published.


*