https://maktoobmedia.com/

കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

പി.ബി.എം. ഫർമീസ്

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പിരിച്ച് വിട്ട്, പകരം ഹയർ എജ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്ന സമിതിയെ നിയമിക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുകയാണ്. യു.ജി.സി.യുടെ പ്രസക്തിയും, നിയുക്ത സമിതിയുടെ രാഷ്ട്രീയ സ്വാധീന സാധ്യതകളും മുന്നിൽ വെച്ച് രാജ്യവ്യാപകമായി സംവാദങ്ങൾ പുരോഗമിക്കുകയാണ്. യു.ജി.സി.യുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നതി നിടയിലും വിദൂര വിദ്യാഭ്യാസ മേഖലയെ പറ്റി യു.ജി.സി പുറത്തിറക്കിയ ഉത്തരവിന്റെ (21.02.2018) ഭീതിയിലാണ് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ.

നാക് (NAAC) അംഗീകാരത്തിൽ ‘എ പ്ലസ്’ ഗ്രേഡ് കരസ്ഥമാക്കിയ സർവകലാശാലകൾക്ക് മാത്രമേ 2018-19 അധ്യയന വർഷം മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ യോഗ്യതയുള്ളൂ എന്നതാണ് ഉത്തരവിന്റെ ഇതിവൃത്തം. കേരളത്തിൽ ഉയർന്ന നാക് ഗ്രേഡ് പോയിന്റുള്ള എം.ജി.യും (3.24), തൊട്ടുപിറകിലുള്ള കാലിക്കറ്റും (3.19), കേരള (3.03), കുസാറ്റ് (3.06), കാലടി (3.03), കണ്ണൂർ (2.19) ഉൾപ്പെടെ മുഴുവൻ സർവകലാശാലകളും എ ഗ്രേഡോ അതിന് താഴെയോ ഗ്രേഡ് മാത്രമുള്ള സ്ഥാപനങ്ങളാണ്. എ പ്ലസ് ഗ്രേഡിന് ആവശ്യമായ 3.26 പോയിന്റ് ഇല്ലാത്തതിനാൽ ഈ അദ്ധ്യയന വർഷം മുതൽ കേരളത്തിലെ സർവകലാശാലകളിലെ വിദൂര പഠന കേന്ദ്രങ്ങൾക്കുള്ള യു.ജി.സി അംഗീകാരം റദ്ദാക്കിയിരുന്നു. യു.ജി.സി.യുടെ പെട്ടെന്നുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി വന്നതിനെ തുടർന്ന് രണ്ട് വർഷത്തേക്ക് കൂടി വിദൂര കേന്ദ്രം നടത്താനുള്ള പ്രത്യേക അനുമതി (09.08.2018) യു.ജി.സി. നൽകിയതിനെ തുടർന്നാണ് ഈ പ്രതിസന്ധി താൽക്കാലികമായി മറികടന്നത്. അടുത്ത വർഷങ്ങളിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങൾ നേരിടാൻ സംസ്ഥാനത്ത് ഓപ്പൺ സർവകലാശാല രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.

വിദൂര വിദ്യാഭ്യാസം കേരളത്തിൽ

തൊഴിലിനിടയിൽ കോഴ്സ് ചെയ്യുന്നവർ, റെഗുലർ കോഴ്സിന് സമാന്തരമായി കോഴ്സ് ചെയ്യുന്നവർ, റെഗുലർ പഠനത്തിന് താൽപര്യമില്ലാത്തവർ തുടങ്ങിയവരാണ് പൊതുവിൽ വിദൂര വിദ്യാഭ്യാസ േമഖലയും ഓപ്പൺ സർവകലാശാലകളെയും ആശ്രയിക്കുന്നത്. എന്നാൽ ദേശീയ അന്തർ ദേശീയ തലത്തിലുള്ള സമീപനവും പ്രവണതയുമല്ല ഈ വിഷയത്തിൽ കേരളത്തിലുള്ളത്. റഗുലർ വിദ്യാഭ്യാസം ആഗ്രഹിക്കുകയും അതിന് യോഗ്യത നേടുകയും ചെയ്തുവെങ്കിലും മതിയായ അവസരങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ സമാന്തര മേഖലകളെ ആശ്രയിക്കുന്നവരാണ് മലയാളി വിദ്യാർത്ഥികൾ. മികച്ച മാർക്കോടെ പ്ലസ് ടു/ തത്തുല്യ യോഗ്യത നേടിയവരിൽ പകുതിയോളം പേർക്ക് പ്രതിവർഷം ഉപരിപഠനത്തിന് അംഗീകൃത സ്ഥാപനങ്ങളിൽ റെഗുലർ പഠനം നിഷേധിക്കപ്പെടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വി.എച്ച്.എസ്.ഇ.യിലൂടെ 23,983 വിദ്യാർത്ഥികളും വിജയിച്ചിട്ടുണ്ട്.

2018 മാർച്ചിൽ പ്ലസ്ടു വിജയിച്ചവരുടെ എണ്ണം 3,05,262 പേരാണ്. സേ പരീക്ഷാഫലം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷാഫലം തുടങ്ങിയവ പരിശോധിച്ചാൽ എണ്ണം ഇനിയും കൂടും. സർക്കാർ – എയ്ഡഡ് മേഖലകളിൽ കേരളത്തിലെ ആർട്സ് & സയൻസ് ഡിഗ്രി സീറ്റുകൾ 61,900 മാത്രമാണ്. സ്വാശ്രയ കോളേജുകളിലെ സീറ്റുകളും, പ്രൊഫഷണൽ – ടെക്നിക്കൽ സീറ്റുകളും കൂടി ഉൾപ്പെടുത്തിയാൽ പോലും സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം സീറ്റുകൾ കുറവുണ്ട്. 2018-19 അധ്യയന വർഷത്തേക്ക് കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ആകെയുള്ള 56,000 ഡിഗ്രി സീറ്റിന് വേണ്ടി ഏകജാലകം വഴി അപേക്ഷിച്ചത് 1,35,000 പേരാണ്. ഉയർന്ന മാർക്കുള്ളവർ ഉൾപ്പെടെ 80,000 ത്തോളം പേർക്ക് പുറത്ത് നിൽക്കേണ്ടി വരുന്നു.

2017-18 കേരള എക്കണോമിക് റിവ്യൂ പ്രകാരം 14,912 ബി.കോം. 34,068 ബി.എസ്.സി, 42,750 ബി.എ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 183 എഞ്ചിനീയറിംഗ് കോളേജുകളിലായി 60,376 സീറ്റുകളുണ്ടെങ്കിലും 19,640 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. വിവിധ മെഡിക്കൽ കോളേജുകളിലായി 2750 മെഡിക്കൽ സീറ്റുകളാണ് ഈ വർഷം അനുവദിക്കപ്പെട്ടത്. മുൻ വർഷങ്ങളേക്കാൾ 1200 സീറ്റുകളുടെ കുറവ് മെഡിക്കൽ മേഖലയിലുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സു കളിൽ നിന്ന് ആർട്സ് & സയൻസ് മേഖലയിലേക്കുള്ള തിരിച്ച് പോക്കിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് ഈ മേഖലയിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതും ചേർത്ത് വായിക്കേണ്ടതാണ്.

യൂണിവേഴ്സിറ്റികളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തി സമാന്തര മേഖലകളിൽ ട്യൂഷൻ സംഘടിപ്പിച്ച് ഡിഗ്രി/ പിജി ചെയ്യുന്നവരാണ് കേരളത്തിൽ അധിക പേരും. നേരത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിച്ചിരുന്ന സർവകലാശാലകൾ കഴിഞ്ഞ വർഷങ്ങളിൽ വിദൂര വിദ്യാഭ്യാസ മേഖലയിലേക്ക് പൂർണ്ണമായി മാറിയിരിക്കുകയാണ്. ഇതോടെ പാരലൽ കോളേജുകളിലെ ട്യൂഷൻ ചാർജിന് പുറമെ യൂണിവേഴ്സിറ്റിയുടെ വർദ്ധിച്ച ഫീസുമടക്കം റെഗുലർ വിദ്യാഭ്യാസത്തേക്കാൾ ചെലവ് വർദ്ധിക്കുന്ന അവസ്ഥ സംജാതമായി.

ദേശീയ ശരാശരിയും കേരളത്തിലെ അവസരങ്ങളും

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന കേരളം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറെ പിറകിലാണ്. അക്കാദമിക നിലവാരത്തിലും, വിദ്യാഭ്യാസ അവസരങ്ങളിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ദേശീയ ശരാശരിക്ക് താഴെയാണ്. കേരളത്തേക്കാൾ സാക്ഷരത നിരക്കിൽ താഴെയുള്ള സംസ്ഥാനങ്ങൾ പോലും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നിൽ നിൽക്കുന്നു. വിവിധ തരം സർവകലാശാലകളും ദേശീയ പ്രധാന്യമുള്ള സ്ഥാപനങ്ങളുമായി രാജ്യത്തുള്ള 938 സംരംഭങ്ങളിൽ 21 എണ്ണം മാത്രമാണ് കേരളത്തിലുള്ളത്. (പട്ടിക ഒന്ന് കാണുക). തമിഴ്നാട്ടിൽ 58, കർണാടകയിൽ 55, ആന്ധ്രാ പ്രദേശിൽ 48, ഗുജറാത്തിൽ 62 ഉം സർവകലാശാലകളുണ്ട്. സർക്കാർ കോളേജുകളുടെ ദേശീയ ശരാശരി 22.4ഉം കേരളത്തിലേക്ക് 17.7 മാണ്. എന്നാൽ സ്വാശ്രയ സ്ഥാപനങ്ങൾ ദേശീയ ശരാശരിയേക്കാൾ 2% കൂടുതലാണ്. (പട്ടിക 2 കാണുക). പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നവർ എന്നവകാശപ്പെടുന്ന കേരളത്തിൽ സർക്കാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറയുന്നത് വൈരുദ്ധ്യമാണ്.

Table 1: Universities in Kerala

Category India Kerala
Central University 47 01
State University 391 13
Pvt Univeristy 282
Deemed University 123 3
Open University 14
Insitution of National Importance 91 4
938 21

* All India Survey on Higher Education – 2016 – 17

* www.ugc.ac.in

Table 2: Types of Management

Types of College India % Kerala %
Govt. Colleges 22.4 17.7
Aided 13.8 16.5
Unaided 63.7 65.8

ജനസംഖ്യയിൽ 18 മുതൽ 23 വയസുള്ള ലക്ഷം പേർക്ക് 44 കോളേജ് എന്ന തോതിൽ മാത്രമാണ് കേരളത്തിലുള്ളത്. കർണാടകയിൽ 53, ആന്ധ്രപ്രദേശിൽ 48, പുതുച്ചേരിയിൽ 49ഉം കോളേജുകളുണ്ട്. 18-23 വയസ്സുള്ളവരിൽ കോളേജിലെ പ്രവേശന നിരക്ക് കണക്കാക്കുന്ന ജി.ഇ.ആർ (Gross Enrollment Ratio)ലും കേരളത്തിലെ ചില ജില്ലകൾ ദേശീയ ശരാശരിക്ക് താഴെയാണ്. രാജ്യത്തെ പിന്നാക്ക ജില്ലകളിലെ ജി.ഇ.ആർ വിശകലനം ചെയ്യാൻ യു.ജി.സി 2007ൽ നിശ്ചയിച്ച ത്യാഗരാജൻ കമ്മിറ്റി 374 ജില്ലകൾ അടയാളപ്പെടുത്തിയിരുന്നു. റിപ്പോർട്ട് അനുസരിച്ച് സംസ്ഥാന ശരാശരി 17.6 ലെത്തിയെങ്കിലും മലപ്പുറം (8.4), കാസർഗോഡ് (10.5), പാലക്കാട് (10.6), വയനാട് (12.0) ജില്ലകൾ ദേശീയ ശരാശരിയായ 12.4ന് താഴെയാണ്. പ്രസ്തുത ജില്ലകളിൽ കമ്മിറ്റി ശുപാർശ അനുസരിച്ച് യുജിസി ഗ്രാന്റോടെ മോഡൽ കോളേജുകൾ അനുവദിച്ചിരുന്നുവെങ്കിലും വയനാട് മാത്രമാണ് കേരളത്തിന് നേടിയെടുത്തത്. കൂടുതൽ സർവകലാശാലകളും, കോളേജുകളും, ആരംഭിക്കുന്നതിന് മാറി ഭരിച്ച സംസ്ഥാന സർക്കാരുകൾ കുറ്റകരമായ അനാസ്ഥ കാണിച്ചുണ്ടെന്ന് വ്യക്തം. പ്രൈവറ്റ് യൂണിവേഴ്സിറ്റികളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന് അനാവശ്യമായ കാലതാമസം വരുത്തുകയാണ് സംസ്ഥാന സർക്കാർ. പൊതുമേഖല സംരക്ഷണമെന്ന പേരിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലക്കുകയല്ലാതെ ശാസ്ത്രീയമായ പരിഹാരം സംഭവിക്കുന്നില്ലെന്ന് വ്യക്തം.

മലബാറിനോടുള്ള അവഗണന

2011ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 43.9 ശതമാനം പേർ താമസിക്കുന്നത് മലബാർ ജില്ലകളിലാണ്. എന്നാൽ ആറ് വയസ്സിന് താഴെയുള്ളവരുടെ ജനസംഖ്യയിൽ മലബാർ 50.23 ശതമാനവും തിരുകൊച്ചി 49.77 ശതമാനവുമായി മാറുന്നത് കാണാം. (പട്ടിക 3, ഗ്രാഫ് 1 കാണുക). തുടർന്നുള്ള വയസ്സുകളിലും മലബാർ ജില്ലകളാണ് ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ, റവന്യൂ സംവിധാനങ്ങൾ, വിദ്യാഭ്യാസ – ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വിതരണത്തിൽ ഈ അനുപാതം പരിഗണിക്കപ്പെട്ടിട്ടില്ല.

Table 3: Population in Kerala – Region Wise

Region Total Population 0 – 6 Population
% %
Malabar 14656186 43.9 1668864 50.23
Thiru Kochi 18731491 56.1 1653323 49.77
Kerala 33387677 100 3322187 100

മറ്റു പലതിനെയും പോലെ ഉന്നത വിദ്യാഭ്യാസ മേഖലയും മലബാറിൽ കടുത്ത വിവേചനത്തിന് വിധേയമായിട്ടുണ്ട്. നിരന്തരമായ ഇടപെടലിലൂടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ അന്തരം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പ്ലസ് ടു മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ഇപ്പോഴും പ്രതിസന്ധിയിലാണ്. ജനസംഖ്യയും പ്ലസ്ടു വിജയിക്കുന്നവരുടെ എണ്ണവും കൂടുതലാണെങ്കിലും ആനുപാതികമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലബാറിലില്ല. സംസ്ഥാനത്തെ 22 സർവകലാശാലകളിൽ 7ഉം 217 ഗവ. എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ 79 എണ്ണവും മാത്രമാണ് മലബാറിലുള്ളത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മണ്ഡലത്തിൽ ഒരു ഗവ. കോളേജ് പദ്ധതിയുടെ ഭാഗമായി ലഭിച്ച സർക്കാർ കോളേജുകൾ കൂടിയാണ് 79ൽ എത്തിയത്. സംസ്ഥാനത്തെ 5 മേഖലാ കോളേജ് ഡയറക്ടറേറ്റുകളിൽ 4ഉം തിരുകൊച്ചിയിലാണ്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള 5 ജില്ലകൾക്ക് കൂടി ഒരു കോളേജ് ഡയറക്ടറേറ്റുള്ളപ്പോൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓരോ ഡയറക്ടറേറ്റ് വീതമുണ്ട്. 185 എഞ്ചിനീയറിംഗ് കോളേജുകളിൽ 140 ഉം, 32 മെഡിക്കൽ കോളേജുകളിൽ 21ഉം, 5 ഹോമിയോ കോളേജുകളിൽ 4ഉം തിരുകൊച്ചിയിലാണ് (പട്ടിക 4).

പത്തനംതിട്ടയിൽ 100ൽ 42 പേർക്ക് ഡിഗ്രി പ്രവേശനം ലഭിക്കുമ്പോൾ മലപ്പുറത്ത് 8 പേർക്ക് മാത്രമാവുന്നു മറ്റൊരു തരത്തിൽ, മലപ്പുറത്തെ ഒരു ഡിഗ്രി സീറ്റിന് 26 പേർ മത്സരിക്കുമ്പോൾ കോട്ടയത്ത് ഒരു സീറ്റിന് 3 പേർ മാത്രമാണ് ശ്രമിക്കേണ്ടത്.

Table 4: Educational Institutions in Kerala

Category Kerala Malabar Thiru Kochi
LP School 6874 3333 3541
UP School 2988 1510 1478
High School 3119 1210 1909
HSS 2073 908 1160
VHSE – School 389 131 258
CBSE – School 1229 423 806
ICSE – School 157 24 133
Kendriya Vidyalaya 36 16 24
Jawahar Navodaya 14 6 8
Technical High School 39 17 22
Techincal HSS 15 3 12
Special School 26 14 12
Arts & Science College – Govt & Aided 217 79 138
Engg. College 185 45 140
Poly Technic 57 19 38
Medical College 32 11 21
Ayurveda College 18 9 9
Homeo College 5 1 4
Unani College 1 1
Sidha Medicine 1 1
Dental College 25 9 16
Law College 32 11 21
University 17 5 12

മലബാർ ജില്ലകൾക്ക് ലഭിക്കുന്ന സ്ഥാപനങ്ങളിലധികവും സ്വാശ്രയ സംവിധാനങ്ങളാവുക എന്നത് സാധാരണമാണ്. മലബാർ വിഭജനത്തിന് പുറമെ ഉത്തര – മദ്ധ്യ – ദക്ഷിണ കേരളമെന്ന് വിഭജിച്ചാൽ ഭീകരമായ കണക്കുകൾ വേറെയും ലഭിക്കും. മലബാറിലെ ആറ് ജില്ലകളിലെ കോളേജുകളുടെ എണ്ണവും തൃശ്ശൂർ – എറണാകുളം – കോട്ടയം ജില്ലകളിലെ കോളേജുകളുടെ എണ്ണവും ഒരുപോലെയാണ്. (പട്ടിക 5 കാണുക).

യുജിസിയുടെ പൊതു മാനദണ്ഡമനുസരിച്ച് ഒരു സർവകലാശാലക്ക് കീഴിൽ പരമാവധി 100 അഫിലിയേറ്റഡ് കോളേജുകളാണുണ്ടാവേണ്ടത്. എന്നാൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അഫിലിയേറ്റഡ് കോളേജുകളും യൂണിവേഴ്സിറ്റി സെന്ററുകളുമടക്കം 339 സ്ഥാപനങ്ങളുണ്ട്. അതിൽ 200 ലധികവും സ്വാശ്രയ സ്ഥാപനങ്ങളാണ്. പാലക്കാട് തൃശ്ശൂർ മണ്ഡലത്തിലെ തോലന്നൂരിൽ പുതുതായി ആരംഭിച്ച സർക്കാർ കോളേജിലെ 88 സീറ്റുകൾക്ക് വേണ്ടി 1604 അപേക്ഷകളാണ് ലഭിച്ചത്.

Table 5: Plus Two Result & Degree Seats – District Wise

District +2 Result Degree Seats Proportion
Kasaragod 11081 1230 11.10
Kannur 25404 4151 16.34
Wayanad 7557 1322 17.49
Kozhikode 31048 5276 16.99
Malappuram 43777 4506 10.30
Palakkad 22752 3739 16.43
Trichur 27836 7074 25.41
Ernakulam 27489 7404 26.93
Kottayam 18297 6976 38.14
Idukki 9118 1488 16.32
Alappuzha 18652 3164 16.96
Pathanamthitta 9981 4199 42.07
Kollam 22910 5526 24.12
Thiruvananthapuram 27331 5842 21.37
All Kerala 305262 61900 20.28

* Right to Information Data – 2018

ഗവൺമെന്റ് എയ്ഡഡ് മേഖലയിൽ പൊതുവിൽ സ്ഥാപനങ്ങൾ കുറഞ്ഞ മലബാറിൽ സീറ്റുകൾക്ക് കടുത്ത മത്സരമാണ്. മിക്ക കോളേജുകളും 95 മുതൽ 98 ശതമാനം വരെ കട്ടോഫ് മാർക്ക് നിശ്ചയിച്ചാണ് പ്രവേശനം നടത്തുന്നത്. 90% മാർക്ക് ലഭിച്ചവർക്ക് പോലും അവസരങ്ങൾ നഷ്ടപ്പെടുന്നു. ഉയർന്ന ഫീസും തലവരിയും നൽകി സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിച്ചാലും മലബാറിലെ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ സമാന്തര മേഖലയെ ആശ്രയിക്കേണ്ടി വരുന്നു.

ചരിത്രപരമായ കാരണങ്ങളാൽ മലബാർ പിന്നാക്കം നിൽക്കുന്നുവെന്നാണ് വിലയിരുത്താറുള്ളത്. ഭരണകൂട വിവേചനത്തിന്റെ കാരണങ്ങൾ പൊതുവിൽ ചർച്ച ചെയ്യപ്പെടാറില്ല. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സമൂഹത്തിന് വിഭവ വിതരണത്തിൽ നാലിൽ ഒന്ന് പോലും ലഭിക്കാതിരിക്കുന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. തിരുകൊച്ചിയിൽ പല മേഖലകളിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാറിലെ പതിനായിരങ്ങൾ പൊതുവഴിയിൽ നിൽക്കുന്നത്. മലബാറിലെയും തിരുകൊച്ചിയിലെയും പാരലൽ കോളേജുകളുടെ എണ്ണവും പ്രൈവറ്റ് രജിസ്ട്രേഷന്റെ എണ്ണവും താരതമ്യം ചെയ്താൽ വിവേചനത്തിന്റെ ആഴം മനസ്സിലാവും. നിരന്തരമായ മുറവിളികളിലൂടെ മലബാറിന് നൽകി വരാറുള്ള തുഛമായ അവസരങ്ങളാണ് ഭരണകൂടം എണ്ണിപറയാറുള്ളത്. 2018-19 അധ്യയന വർഷത്തിൽ പുതിയ കോഴ്സുകൾ അനുവദിച്ച് 12.07.2018ന് പുറത്തിറക്കിയ ഉത്തരവിൽ ഒന്ന് പോലും വിവേചന ഭീകരത നേരിടുന്ന മലപ്പുറത്തിന് അനുവദി ച്ചിരുന്നില്ല. പിന്നീട് ശക്തമായ പ്രതിഷേധം രൂപപ്പെട്ടപ്പോഴാണ് നാമമാത്രമായ കോഴ്സുകൾ ജില്ലക്ക് അനുവദിച്ചത്.

മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാനുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭയിൽ 2018 ജൂണിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിന് അനുമതി നിഷേധിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രഭാഷണം ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 42000 പ്ലസ് വൺ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് പുതിയ ബാച്ചുകൾ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. പിന്നീട് പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടപ്പോൾ തെക്കൻ ജില്ലകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് മലബാറിലേക്ക് പുനർ നിശ്ചയിക്കുമെന്ന് തിരുത്തുകയായിരുന്നു അദ്ദേഹം. ഓരോ സന്ദർഭത്തിലും സമരം ചെയ്തും സമ്മർദ്ദം ചെലുത്തിയും ലഭിക്കുന്ന താൽക്കാലിക ഇടപെടലി നപ്പുറത്ത് സമഗ്രമായ മലബാർ പാക്കേജ് നടപ്പിലാക്കാൻ ഭരണകൂടങ്ങൾ ഇഛാ ശക്തി കാണിക്കുമ്പോഴേ മലബാർ അവഗണനക്ക് പരിഹാരം സംഭവിക്കുകയുള്ളൂ.

വിദൂര വിദ്യാർത്ഥികളോട് വിവേചനം

വിദൂര വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള വരുമാനമാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന സ്രോതസ്സ്. എന്നാൽ യൂണിവേഴ്സി റ്റികളുടെ കറവപശു എന്നതിൽപരം യാതൊരു പരിഗണനയും ഈ മേഖലക്ക് ലഭിക്കാറില്ല. റെഗുലർ – വിദൂര സർട്ടിഫിക്കറ്റുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള കടുത്ത ദ്രോഹങ്ങളിലേക്ക് സർവകലാശാലകൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അന്യായ ഫീസ് വർദ്ധന, മൂല്യ നിർണയങ്ങളിലെ കെടുകാര്യസ്ഥത, കൂട്ട തോൽവി, പരീക്ഷ ഫലം വൈകൽ, സർട്ടിഫിക്കറ്റുകൾ സമയത്ത് വിതരണം ചെയ്യാതിരിക്കൽ തുടങ്ങി നിരവധി വിവേചനങ്ങൾ ദിനംപ്രതി നേരിടുന്നവരാണ് കേരളത്തിലെ പ്രൈവറ്റ് വിദ്യാർത്ഥികൾ.

രാജ്യത്തെ വിവിധ ഏജൻസികൾ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകളും, ലോണുകളും നിലവിൽ റെഗുലർ വിദ്യാർത്ഥികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. റെഗുലർ വിദ്യാർത്ഥികളേക്കാൾ ചെലവിൽ പഠിക്കുന്നവരാണ് വിദൂര വിദ്യാർത്ഥികൾ. ലാബ്, പ്രാക്ടിക്കൽ തുടങ്ങിയ ആവശ്യമുള്ള ശാസ്ത്ര, സാങ്കേതിക കോഴ്സുകളും, തൊഴിലധിഷ്ഠിത കോഴ്സുകളും വിദൂര വിഭാഗത്തിൽ വിരളമാണ്. കല, കായിക, സാഹിത്യ അഭിരുചിയുള്ളവർക്ക് അത് പ്രകടിപ്പിക്കാനും മത്സരിക്കാനും സാധിക്കുന്ന അവസരങ്ങളും നിഷേധിക്കപ്പെടുന്നു. ഇന്റേണൽ അസസ്മെന്റിലൂടെ ഗണ്യമായ മാർക്ക് സ്വരൂപിക്കാൻ റെഗുലർ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമ്പോൾ അത്രയും ഭാഗം കൂടി വിദൂര വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടി വരുന്നു. ലൈബ്രറി, ലാബ്, സ്മാർട്ട് ക്ലാസ്, മൈതാനം, മത്സരങ്ങൾ, എക്സിബിഷൻ, സെമിനാറുകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എൻ.എസ്.എസ് മാഗസിനുകൾ, സ്കോളർഷിപ്പുകൾ, ഗ്രേസ് മാർക്ക് തുടങ്ങി അക്കാദമിക് ജീവിതത്തിലെ നിരവധി അവസരങ്ങൾ അനുഭവിക്കാൻ വിദൂര വിദ്യാർത്ഥികൾക്കാവുന്നില്ല. ഭരണകൂടങ്ങളുടെ അനാസ്ഥ കാരണം സംഭവിച്ച അവസര നിഷേധത്തിന് വിദ്യാർത്ഥികൾ ഇരകളാവുകയാണ്. ഇത്തരം പരിമിതികളെ മറികടക്കാൻ ഓപ്പൺ സർവകലാശാലക്ക് സാധിക്കില്ലെന്ന വസ്തുത മറച്ച് വെച്ച് ഉന്നത വിദ്യാഭ്യാസത്തിലെ അവസര നിഷേധം ചർച്ച ചെയ്യാനാവില്ല.

രാജ്യത്തെ വിവിധ ഓപ്പൺ സർവകലാശാലകളിലും വിദൂര പഠന കേന്ദ്രങ്ങളിലുമായി 40,28,456 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 25 ലക്ഷത്തോളം പേർ ഡിഗ്രി കോഴ്സുകൾ പഠിക്കുന്നവരാണ്. കേരളത്തിലെ വിവിധ സർവകലാ ശാലകളിൽ നാല് ലക്ഷത്തിലധികം പേർ പ്രൈവറ്റായി ഡിഗ്രി പഠിക്കുന്നുണ്ട്. കാലിക്കറ്റ് (60,000), കണ്ണൂർ (45,000), എം.ജി (15,000), കേരള (15,000) എന്നീ സർവകലാശാലകൾക്ക് പുറമേ ഇഗ്‌നോ, മദ്രാസ്, അണ്ണാമലൈ, മധുരൈ കാമരാജ്, ഭാരതിയാർ, അളകപ്പ, അണ്ണ തുടങ്ങിയ സർവകലാശാല മുഖേനയുമായി പ്രതിവർഷം ശരാശരി ഒന്നരലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ വിദൂര മേഖലയിൽ രജിസ്റ്റർ ചെയ്ത് വരുന്നു.

രാജ്യത്തെ റെഗുലർ വിദ്യാർത്ഥികളുടെ 15 ശതമാനത്തിൽ താഴെയാണ് വിദൂര വിദ്യാർത്ഥികളുടെ എണ്ണമെങ്കിൽ സംസ്ഥാനത്തെ റെഗുലർ വിദ്യാർത്ഥികളുടെ 75 ശതമാനത്തിലധികം വിദൂര വിദ്യാർത്ഥികളാണ്. (പട്ടിക 6 കാണുക). അർഹമായ അവസരങ്ങൾ നൽകാത്തതിനാൽ സമാന്തര മേഖലയിൽ ആശ്രയിക്കേണ്ടി വരുന്നവരെ രണ്ടാം പൗരരായി സമീപിക്കുന്നത് നീതികേടാണ്.

Table 6: Enrolment in Higher Education through Regular & Distance
Education in India

Year Regular Distance
2014 – 15 3,03,99,914 38,11,723
2015 – 16 3,07,59,888 38,24,901

* Higher Education – MRD

കേരള ഓപ്പൺ സർവകലാശാല രൂപീകരിച്ച് വിദൂര മേഖല മുഴുവൻ അതിന് കീഴിൽ കൊണ്ടുവരാനുള്ള ശ്രമം വി.എസ് സർക്കാറിന്റെ ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. ഉപരി പഠനത്തിനും തൊഴിൽ സാധ്യതക്കും തിരിച്ചടിയാവുമെന്ന വിമർശനത്തെ തുടർന്ന് ഓപ്പൺ സർവകലാശാല നീക്കങ്ങൾ പിന്നീട് മരവിക്കുകയായിരുന്നു. യു.ജി.സി.യുടെ പുതിയ എ പ്ലസ് കാറ്റഗറി മാനദണ്ഡമെന്ന തടസ്സം വന്നതോടെ ചെറിയ ഇടവേളക്ക് ശേഷം സർവകലാശാല ശ്രമവുമായി സർക്കാർ അതിവേഗം മുന്നോട്ട് നീങ്ങുകയാണ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ മറച്ചുവെച്ച് ഓപ്പൺ സർവകലാശാല രൂപീകരിച്ച് താൽക്കാലികമായി രക്ഷപ്പെടാനുള്ള ശ്രമം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ ഒരു ഓപ്പൺ സർവകലാശാല കൂടി വരുന്നത് സ്വാഗതാർഹമാണ്. എന്നാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി ഓപ്പൺ സർവകലാശാല മാത്രം വരുന്നത് തട്ടിപ്പാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വലിയ പരാജയമാണെന്ന യാഥാർത്ഥ്യം മറച്ച് വെക്കുന്നതാണ് പുതിയ നീക്കം. സർക്കാർ – എയ്ഡഡ് മേഖലയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന പരിഹാരമാണ് അന്വേഷിക്കേണ്ടത്. കൂടുതൽ സർവകലാശാലകളും കോഴ്സുകളും തുടങ്ങി അവസരങ്ങൾ വർദ്ധിപ്പിക്കണം. മതിയായ ഭൗതിക സംവിധാനങ്ങളുണ്ടായിട്ടും വളരെ കുറച്ച് കോഴ്സുകൾ നടക്കുന്ന നിരവധി സർക്കാർ കോളേജുകളുണ്ട്. അവിടങ്ങളിൽ കോഴ്സുകൾ അനുവദി ക്കുകയും ബാച്ചുകൾ വർദ്ധിപ്പിക്കുകയും വേണം. പി.ജി സീറ്റുകൾക്ക് യൂണിവേഴ്സിറ്റി നിശ്ചയിച്ച സ്റ്റാറ്റ്യൂട്ടറി പരിധി 15 മുതൽ 20 മാത്രമായതിനാൽ വളരെ തുഛമായ അവസരങ്ങളാണ് പി.ജിക്ക് ലഭ്യമാവുന്നത്. ഗുണമേന്മയുടെ പേര് പറഞ്ഞ് ആയിരങ്ങളെ പുറത്ത് നിറുത്തുന്ന രീതി മാറ്റണം. സർവകലാശാലകൾ സ്റ്റാറ്റ്യൂട്ടറി പരിധി ഉയർത്തി സീറ്റുകൾ വർദ്ധിപ്പിക്കണം.

സർക്കാർ ഫണ്ടുകളുടെ ലഭ്യതക്കുറവ് ഒരു യാഥാർത്ഥ്യമായി മുന്നിൽ നിൽക്കെ പ്രൈവറ്റ് സർവകലാശാലകളോടുള്ള അയിത്തവും സ്വാശ്രയ സ്ഥാപനങ്ങളോടുള്ള മുൻവിധിയും മാറേണ്ടതുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്താനുള്ള കൃത്യമായ നിയമങ്ങളും ചട്ടങ്ങളും വെച്ച് അത്തരം സ്ഥാപന സാധ്യതകൾ പ്രയോജനപ്പെടുത്തണം. ത്യാഗരാജ കമ്മിറ്റി, പാലോളി കമ്മിറ്റി, ടി.പി. ശ്രീനിവാസൻ കമ്മിറ്റി തുടങ്ങി നിരവധി സമിതികൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ വ്യത്യസ്ത സർവകലാ ശാലകൾ സ്ഥാപിക്കപ്പെടും. അന്താരാഷ്ട്ര അറബിക് സർവകലാശാല, കേന്ദ്ര ട്രൈബൽ സർവകലാശാല, മോഡൽ കോളേജുകൾ, അലിഗഡ് ഓഫ് ക്യാമ്പസിന്റെ വ്യാപനം, ഇഫ്ളു ഓഫ് ക്യാമ്പസ്, എയിംസ് തുടങ്ങിയ നിർദ്ദേശങ്ങളും ആവശ്യങ്ങളും ഇപ്പോഴും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്. അഫിലിയേറ്റഡ് കോളേജു കളുടെ ആധിക്യമനുഭവിക്കുന്ന കാലിക്കറ്റ് സർവകലാശാല വിഭജനമെന്ന ആണ്ടുകൾ പഴക്കമുള്ള ആവശ്യത്തെ സർക്കാർ ഗൗരവത്തിലെടുക്കണം.

കേരളത്തിലെ സർവകലാശാലകളിൽ നിന്ന് വിദൂര വിദ്യാഭ്യാസ വകുപ്പ് മുഖേന ഉപരിപഠനം നടത്തിയവരുടെ അംഗീകാരത്തിൽ തുല്ല്യതാ പ്രശ്നങ്ങളുന്നയിച്ച് പല ഗൾഫ് രാജ്യങ്ങളും തൊഴിൽ അവസരങ്ങൾ നിഷേധിച്ച് തുടങ്ങി. തൊഴിൽ സാധ്യതകളെ പരിഗണിച്ചുള്ള നൂതന കോഴ്സുകളുടെ അപര്യാപ്തത കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ തീരാകളങ്കമാണ്. വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ ആധിക്യമാണ് കേരളം അനുഭവിക്കുന്ന കാതലായ പ്രശ്നം. ഗവേഷണങ്ങളിലും, അക്കാദമിക പഠനങ്ങളിലും കൂടുതൽ നിലവാരത്തോടെ മുന്നേറാൻ ആവശ്യമായ പദ്ധതികളാണുണ്ടാവേണ്ടത്. ഒപ്പം അർഹരായ വിദ്യാർ ത്ഥികൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ റെഗുലറായി പഠിക്കാനുള്ള അവസരം പരമാവധി സർക്കാർ തലത്തിൽ തന്നെ സാധ്യമാക്കണം.

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്. ഓപ്പൺ സർവകലാശാലയിലെ രണ്ടാംകിട പൗരത്വമല്ല; റെഗുലർ മേഖലയിൽ അവസരങ്ങളാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കാവശ്യം.

 

About the Author

പി.ബി.എം. ഫർമീസ്
കോഴിക്കോട് ഫറോക്ക് ഇർഷാദിയ കോളേജിൻ്റെ സ്റ്റുഡൻസ് ഡീൻ ആണ് കണ്ണൂർ സ്വദേശിയായ ലേഖകൻ.

Be the first to comment on "കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു"

Leave a comment

Your email address will not be published.


*