https://maktoobmedia.com/

2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്

നൗഫൽ അറളടക്ക

2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ?.

മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുളള സാധ്യതകളെ വിലയിരുത്തുന്നു

രാജ്യം 2019 ലേക്ക്  കടക്കുമ്പോൾ  ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നിരീക്ഷകരും സസൂക്ഷ്‌മം  നിരീക്ഷിക്കുന്നത്  ഒരു വ്യക്തിയുടെ രാഷ്ട്രീയ നീക്കങ്ങളെയാണ്. 2014 ൽ  ലോക്‌സഭയിൽ ഒറ്റസീറ്റുകൾ പോലും നേടാനാവാത്ത ആ ദളിത്  സ്ത്രീയുടെ തീരുമാനങ്ങളാണ് 2019 മോദിയുടെയും, രാജ്യത്തിന്റെയും ഭാവി നിർണ്ണയിക്കാൻ പോകുന്നത്. ഒരു ദളിത് സ്ത്രീ  രാജ്യത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം നാലുതവണ അലങ്കരിച്ചപ്പോൾ “ഇന്ത്യൻ രാഷ്ട്രീയത്തിലെ അത്ഭുതം” എന്നാണ് അതിനെ വിശേഷിപ്പിക്കപ്പെട്ടത് .  രാജ്യത്തിൻറെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ 2014 ൽ പൂജ്യം സീറ്റുമായി ചുരുങ്ങിപ്പോയ മായാവതിയുടെ പ്രധാനമന്ത്രിദത്തിലേക്കുള്ള സാധ്യതകളെ വിലയിരുത്തുകയാണ് ഇവിടെ.

ആരാണ് മായാവതി

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാജ്യത്തെ എല്ലാ പ്രതിപക്ഷകക്ഷികളുടെ നേതാക്കന്മാരും പങ്കെടുത്തിരുന്നു. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സോണിയാ ഗാന്ധിയും മായാവതിയും തമ്മിലുള്ള ആലിംഗനമായിരുന്നു. അവരുടെ ശരീരഭാഷയിൽ തന്നെ മായാവതി എന്ന ദളിത് നേതാവിന് ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന പ്രാധാന്യത്തെ സൂചിപ്പിച്ചിരുന്നു.

ചമ്മാർ വിഭാഗത്തിൽ ജനിച്ച കാൻഷിറാം കേന്ദ്രഗവൺമെന്റ് ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒരു സർവീസ് സംഘടന എന്ന ആശയം മുന്നോട്ടു വെക്കുന്നത്. 1973 ൽ അദ്ദേഹം Backward and Minorities Community Employees Federation (BAMCEF) എന്ന സർവീസ് സംഘടനയ്ക്ക് രൂപം നൽകുന്നത്. അംബേദ്ക്കറിന് ശേഷം രാജ്യത്ത് ഉണ്ടായ ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളുടെ തുടക്കം ആരംഭിക്കുന്നത് BAMCEF ന്റെ സ്ഥാപനത്തോടെയാണ്. അതിനു പിന്നാലെ ദളിത് ശോഷിത് സംഘർഷ് എന്ന സംഘടന രൂപികരിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു അത്. 1984 ലെ ബഹുജൻ സമാജ് പാർട്ടിയുടെ  സ്ഥാപനത്തോടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രത്തിൽ പുതിയ ഗതിമാറ്റങ്ങളുടെ തുടക്കം കുറിക്കുകയായിരുന്നു.[i] 1956 ജനുവരി 15നാണ് മായാവതി പ്രഭുദാസ് എന്ന മായാവതിയുടെ ജനനം. ദൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും, നിയമ ബിരുദവും, ബി.എഡും കരസ്ഥമാക്കി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  സമയത്താണ് കാൻഷിറാം പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനായ പ്രഭുദാസിന്റെ മകളായ മായാവതിയെ ശ്രദ്ധിക്കുന്നത്. കാൻഷിറാം മായാവതിയോടു  പറഞ്ഞു “നിങ്ങൾക്ക് സിവിൽ സർവീസ് പരീക്ഷ ജയിച്ചു ഒരു ജില്ലയുടെ ഭരണാധികാരിയാവാം, അല്ലെങ്കിൽ എന്റെ പാദ പിന്തുണർന്നു ഒരു നാൾ മുഖ്യമന്ത്രിയാവാം”. ആ ദളിത് സ്ത്രീ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം നാലുതവണ അലങ്കരിച്ചു എന്നത് ചരിത്രം. 1980 കളിൽ മായാവതിയെ ശ്രവിക്കാൻ വേണ്ടി മാത്രമായി  ഉത്തർ പ്രദേശിലെ  ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് ദളിതർ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു സമ്മേളന സ്ഥലങ്ങളിൽ എത്തി.[ii]

വളരെ കൗശലക്കാരിയായ രാഷ്ട്രീയ നേതാവാണ് മായാവതി. ഒട്ടനേകം രാഷ്ട്രീയ തീരുമാനങ്ങളുടെയും, പിന്മാറ്റങ്ങളുടെയും ചരിത്രം തന്നെ അവർക്കുണ്ട്. 1996 ലാണ് ബി.എസ്‌.പി കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ചു കാൻഷിറാമിന്റെ പ്രശസ്തമായ നിരീക്ഷണമുണ്ട്, ദളിത് വിഭാഗത്തിന് അധികാരം ലഭ്യമാകണമെങ്കിൽ ശക്തമായ സർക്കാരിനെക്കാളും ദുർബലമായ സർക്കാരാണ് ആവശ്യം. അതുകൊണ്ട് തന്നെയാണ് മായാവതിയെ നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും വിലപേശൽ ശക്തിയുള്ള നേതാവാക്കി മാറ്റുന്നത്.[iii]

ബി.ജെ.പിക്ക് നഷ്ടമാകുന്ന ദളിത് വോട്ടുകൾ

2014 ലെ തെരഞ്ഞെടുപ്പിൽ ഹിന്ദിഹൃദയ ഭൂമിയിലെ ദളിത് വോട്ടുകളെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട് . മോദിയുടെ ഓ.ബി.സി ചായ വിൽപ്പനക്കാരൻ ഇമേജുകൾ അതിനു വളരെ അധികം സഹായിക്കുകയുണ്ടായി. പക്ഷെ 2014 നു ശേഷം രാജ്യത്ത് നടന്ന സംഭവവികാസങ്ങൾ ദളിത് വിഭാഗങ്ങളെ  വലിയ രീതിയിൽ ബി.ജെ.പിയിൽ നിന്നകറ്റി. SC and ST (Prevention of Atrocities) Act -1989 ൽ  മാറ്റം വരുത്താൻ സുപ്രീം കോടതി മാർച്ച് 20 നു പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന സമരങ്ങൾ പ്രധാനമായും ദളിത് വിഭാഗങ്ങൾ ബി.ജെ.പിയിൽ നിന്ന് അകലുന്നതിലുള്ള ഉദാഹരണമാണ്. രാജ്യവ്യപകമായി ദളിത് സംഘടനകൾ നടത്തിയ സമരത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ 11 പേരാണ് മരണപ്പെട്ടത്.  വളരെ കാലത്തെ പോരാട്ടങ്ങളുടെ ഫലമായി സ്വാതന്ത്രത്തിനു 40 വർഷങ്ങൾക്കു ശേഷമാണു 1989 SC and ST Act പാസാക്കുന്നത്. സ്വാതന്ത്രത്തിനു ശേഷം Protection of Civil Rights  എന്ന നിയമം 1955 ൽ പാസ്സാക്കി. ദുർബല വിഭാഗങ്ങളുടെ സംരക്ഷണത്തിന് ഈ നിയമം അപര്യാപ്തമായിരുന്നു. 1970 കളോടെ ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്രമാതീതമായി വർധിച്ചു. കാൻഷിറാമിന്റെ നേതൃത്വത്തിൽ ഉയർന്നു പുതിയ ദളിത് മുന്നേറ്റങ്ങളും 1984 ലെ ബി.എസ്.പിയുടെ സ്ഥാപനവും ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ചു.[iv]

പക്ഷെ, പുതിയ നിയമം പാസ്സായതോടെ ദളിത് വിഭാഗവും ഓ.ബി.സി വിഭാഗവും തമ്മിലുള്ള സംഘർഷങ്ങൾ വളരെ രൂക്ഷമായി. പ്രധാനമായും ഉത്തർ പ്രദേശിലെ യാദവ വിഭാഗവുമായുള്ള സംഘർഷങ്ങൾ. 1995 ലും 1998 ലും ഉത്തർ പ്രദേശിൽ നിലവിൽ വന്ന ബി.എസ്.പി സഖ്യസർക്കാർ SC and ST (Prevention of Atrocities) Act -1989 വളരെ കാര്യക്ഷമമായി നടപ്പിലാക്കി. ഉത്തർപ്രദേശ് പോലീസ് സേനയിലെ SHO (Station House officer) മാരായി 25 ശതമാനം പേരെ ദളിത് സമുദായത്തിൽ നിന്ന് സംവരണാടിസ്ഥാനത്തിൽ നിയമിച്ചത് നിയമം പ്രായോഗികമായി നടപ്പിലാക്കുന്നതിന് വളരെ അധികം സഹായിച്ചു. നിയമപ്രകാരമുള്ള ശിക്ഷാ ഭയമുള്ളത് കൊണ്ട് ദളിതുകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ അളവ് ക്രമാതീതമായി കുറഞ്ഞു.[v]   എന്നാൽ 2000 -ത്തോടുകൂടി ഉത്തരേന്ത്യൻ ദളിതരുടെ ഇടയിൽ പുതിയ ചുവട് മാറ്റം രൂപപ്പെടുകയിരുന്നു. ദളിത് വിഭാഗങ്ങളെ ഹിന്ദുത്വവൽക്കരിച്ചു കൊണ്ടുള്ള സംഘപരിവാറിന്റെ പുതിയ രാഷ്ട്രീയ പരീക്ഷണം സബാൾട്ടൻ ഹിന്ദുത്വ എന്ന രൂപത്തിൽ അറിയപ്പെടാൻ തുടങ്ങി. 2014 ലോടെ  ദളിത് വിഭാഗങ്ങളും, സവർണ ജാതികളും, ഓ. ബി.സി വിഭാഗങ്ങളും ചേർന്നുള്ള വിശാലമായ ഒരു ഹിന്ദുത്വ കൂട്ടായ്മ ഉണ്ടാക്കിയെടുക്കുന്നതിൽ  സംഘപരിവാർ വിജയിച്ചു. 2014 തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ദളിത് വിഭാഗങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം നിലനിർത്തേണ്ടത് ബി.ജെ.പിയുടെ ആവിശ്യമായിരുന്നു. അംബേദ്‌കറിന്റെ 125 ആം ജന്മദിനാഘോഷവും, രാംനാഥ് കോവിന്ദിന്റെ രാഷ്‌ട്രപതി പദവിയും ആ ശ്രമങ്ങളുടെ ഭാഗമാണ്.[vi]

രോഹിത് വെമുലയുടെ ആത്മഹത്യയും, ഉന്നയിലെ ഗോരക്ഷാ ഭീകരരുടെ ദളിത് ആക്രമണത്തിന് പിന്നാലെ ഉയർന്നു വന്ന സംഘര്ഷങ്ങളും, ഭീമ കൊറേഗാവ് സംഘർഷങ്ങൾ തുടങ്ങിയ സംഘർഷങ്ങൾ ദളിത് വിഭാഗത്തിൻ്റെ ഇടയിൽ നിന്നുള്ള ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള ക്രമാതീതമായ ചെറുത്തുനിൽപ്പിന്റെ ഉദാഹരണങ്ങളാണ്. രാധികാ വെമുല, പ്രകാശ് അംബേദ്ക്കർ, ജിഗ്നേഷ്, ചന്ദ്രശേഖർ ആസാദ് രാവൺ തുടങ്ങിയവരുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ പരമ്പരാഗത ദളിത് രാഷ്ട്രീയ ചുവടുവെപ്പുകളിൽ നിന്ന് വ്യത്യസ്തമായ മാറ്റങ്ങൾ ഉണ്ടാക്കി.

ആന  കളം നിറയുമ്പോൾ

ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പാർട്ടിയായ ബി.എസ്.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ആന. അവസാന രണ്ടു തിരഞ്ഞെടുപ്പുകളിലെ ബി.എസ്.പിയുടെ പ്രകടനങ്ങൾ വളരെ പരിതാപകരമായിരുന്നു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 25 വർഷത്തെ പാർട്ടി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു. ബി.എസ്.പി പൂജ്യം സീറ്റുമായി ചിത്രത്തിൽനിന്നു തന്നെ പുറന്തള്ളപ്പെട്ടു. CSDS ന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ 1999 ൽ 18 ശതമാനമായിരുന്ന ബി.എസ്.പിയുടെ വോട്ട് വിഹിതം 2004 ലെ തിരഞ്ഞെടുപ്പിൽ 22 ശതമാനമായി ഉയരുകയും എന്നാൽ 2014 ലാവുമ്പോൾ 14 ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.[vii] 2007 ൽ ഉത്തർ പ്രദേശ് നിയമസഭയിൽ 400 ൽ 206 എം.എൽ.എമാരുണ്ടായിരുന്ന  ബി.എസ്.പി  2017 ആയപ്പോൾ 19 സീറ്റിലേക്ക് ചുരുങ്ങി.[viii]

Table 1:അവസാന അഞ്ചു തിരഞ്ഞെടുപ്പുകളിലെ ബി.എസ്.പിയുടെ വോട്ട് വിഹിതം

വർഷം തിരഞ്ഞെടുപ്പ് വോട്ട് വിഹിതം (%)
2007 നിയമസഭ (UP) 30.43
2009 ലോകസഭ 27.42
2012 നിയമസഭ (UP) 25.9
2014 ലോകസഭ 19.6
2017 നിയമസഭ (UP) 22.2

Source: Election Commission of India: Election Results, Various years

ബഹുജൻ സമാജ് പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലും മായാവതി എങ്ങനെയാണ് രാജ്യത്തെ ഏറ്റവും വിലപേശൽ ശക്തിയുള്ള  നേതാവായി മാറുന്നത് ?.

2014 ലെ ബി.ജെ.പിയുടെ ചരിത്രവിജയത്തെ വിലയിരുത്തുമ്പോൾ സ്വാഭാവികമായും അതിനുള്ള ഉത്തരം ലഭിക്കും.  ശിവസേന, തെലുഗ് ദേശം പാർട്ടി, ശിരോമണി അകാലി ദൾ, ലോക് ജനശക്തി പാർട്ടി, രാഷ്ട്രീയ  ലോക്  സാംത പാർട്ടി തുടങ്ങിയ ചെറുതും വലുതുമായ പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രാജ്യത്തെ 12 വലിയ സംസ്ഥാനങ്ങളിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കാൻ എൻ.ഡി.എക്കു സാധിച്ചു. പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബീഹാർ, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ചത്തിസ്ഗഡ്, അസം, ജാർഖണ്ഡ് എന്നീ 12  സംസ്ഥാനങ്ങളിൽ നിന്നായി ആകെയുള്ള 283 സീറ്റിൽ 226  എണ്ണം എൻ.ഡി.എ  സ്വന്തമാക്കി.     ഓരോ 5 സീറ്റുകളിൽ 4 എണ്ണം വീതം ഈ സംസ്ഥാനങ്ങളിലെ 80 ശതമാനം സീറ്റുകളിലും  എൻ.ഡി.എ വിജയിച്ചു.[ix] പക്ഷെ ഈ 12 സംസ്ഥാനങ്ങളിൽ 4 വർഷത്തിനിടയ്ക്ക് മാറിമറിഞ്ഞ രാഷ്ട്രീയ മാറ്റങ്ങൾ 2019 ലെ ഈ സംസ്ഥാനങ്ങളിലുള്ള എൻ.ഡി.എയുടെ പ്രതീക്ഷകളെ തകിടം മറിക്കും.

നാലുവർഷത്തിനിടെ ഉണ്ടായ  രാഷ്ട്രീയ മാറ്റങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ  വിലയിരുത്തുമ്പോൾ:

(1)  പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ   മൃഗീയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തി. തുടർന്ന് നടന്ന ഗുരുദാസ്പൂർ ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു.

(2) കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഉയർന്നുവന്ന കോൺഗ്രസ്സ് -ജെ.ഡി.എസ്  സഖ്യം സർക്കാർ രൂപീകരിച്ചു. കർണാടകയിലെ രാഷ്ട്രീയ വിജയം ദേശീയ തലത്തിൽ ചർച്ചയായി. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബെല്ലാരി അടക്കമുള്ള ബി.ജെ.പി ശക്തി കേന്ദ്രങ്ങളിൽ കോൺഗ്രസ്സ് -ജെ.ഡി.എസ് മികച്ച വിജയം  കരസ്ഥമാക്കി. ദേശീയ തലത്തിൽ ജെ.ഡി.എസ് എന്ന പുതിയ പാർട്ടി യു.പി എ യുടെ ഭാഗമായി.

Table 2: 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട 12  സംസ്ഥാനങ്ങളിലെ എൻ.ഡി.എയുടെ പ്രകടനം

S. No State NDA Tally Total
1 Rajasthan 25 25
2 Madhya Pradesh 27 29
3 Bihar 31 40
4 Andhra Pradesh 17 25
5 Karnataka 17 28
6 Maharashtra 42 48
7 Gujarat 26 26
8 Haryana 7 10
9 Chhattisgarh 10 11
10 Assam 7 14
11 Jharkhand 12 14
12 Punjab 5 13
Total 226 283

Source: Election Commission of India: Election Results, Indian general election, 2014

(3) ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, ജെ.ഡി.യു, കോൺഗ്രസ്  സഖ്യം മികച്ച വിജയം കൈവരിച്ചെങ്കിലും നിതീഷ് കുമാറിന്റെ കാലുമാറ്റം ബി.ജെ.പിയെ സഹായിച്ചു. എന്നാൽ തുടർന്ന് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പിലും ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം മികച്ച വിജയം കൈവരിച്ചു. ജൂലായ് 17ന്   Spik Media Network  പുറത്തുവിട്ട സർവ്വേ റിപ്പോർട്ട് പ്രകാരം ബീഹാറിലെ 40 ലോകസഭ സീറ്റുകളിൽ 29 സീറ്റുകൾ ആർ.ജെ.ഡി- കോൺഗ്രസ് സഖ്യത്തിന് പ്രവചിക്കുന്നു. ലാലു പ്രസാദിന്റെ അഭാവത്തിലും  ആർ.ജെ.ഡിയെ  നയിക്കാൻ തേജ്വസി യാദവിന്‌ കഴിയുന്നു.

(4) ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വർഷങ്ങൾക്ക് ശേഷം വൻ മുന്നേറ്റം നടത്തി. ബി.ജെ പി രണ്ടക്ക സംഖ്യയിൽ കഷ്ട്ടിച്ചു സർക്കാരുണ്ടാക്കി. ദളിത്, ഓ.ബി.സി, പട്ടേൽ വിഭാഗങ്ങളുടെ ഇടയിൽ നിന്ന് വന്ന മുന്നേറ്റങ്ങൾ വലിയ കോളിളക്കങ്ങളുണ്ടാക്കി.

(5) സീമാന്ധ്ര പിടിക്കാൻ ബി.ജെ.പിയെ സഹായിച്ച തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ മുന്നണി വിട്ട് യു.പി.എയുടെ ഭാഗമാവാൻ തീരുമാനിച്ചു. ചന്ദ്രബാബു നായിഡു ദേശീയ തലത്തിൽ ബി.ജെ.പി ഇതര കക്ഷികളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു.

(6) മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻ.സി.പി സഖ്യം വീണ്ടും ഊർജസ്വലമായി, ദേശീയ തലത്തിൽ ശരത് പവാർ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നു.

(7) രാജസ്ഥാനിലെ അജ്മീർ, അൽവാർ എന്നീ മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം കരസ്ഥമാക്കി. രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് റെക്കോർഡ് വിജയം കരസ്ഥമാക്കി.

(8)  മധ്യപ്രദേശിലെ രത്‌ലം, രാജ്കോട്ട്, എന്നീ മണ്ഡലങ്ങളിൽ  നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വൻപരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്തു വളരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. ഈ വര്ഷം നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നു വിവിധ സർവ്വേ റിപ്പോർട്ടുകൾ പ്രവചിക്കുന്നു.

(9) ഹരിയാന (10) ചത്തിസ്ഗഡ്, (11) അസം, (12) ജാർഖണ്ഡ് , എന്നീ സംസ്ഥാനങ്ങളിൽ ഉയർന്നു വരുന്ന ഗോത്ര വിഭാഗങ്ങളുടെ സമരങ്ങൾ ബി.ജെ.പി നേരിടുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് 40 ശതമാനം സീറ്റുകൾ യൂ.പി.എക്ക് അനുകൂലമായി ലഭിക്കുമെന്ന് വിവിധ സർവേ റിപോർട്ടുകൾ പ്രവചിക്കുന്നു.[x]

12 സംസ്ഥാനങ്ങളിലുണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളും , ടി.ഡി.പി , ജെ.ഡി.എസ്   എന്നീ പുതിയ യു.പി.എ  സഖ്യ കക്ഷികളുടെ സാന്നിധ്യവും ഈ സംസ്ഥാനങ്ങളിലെ എൻ.ഡി.എയുടെ സീറ്റുനില നിലവിലെ 226 എന്ന സംഖ്യയിൽ നിന്ന് 140-150  എന്ന നിലയിലേക്ക് ചുരുങ്ങാൻ കാരണമാകുമെന്നു രാജ്യത്തെ പ്രഗല്‌ഭരായ സെഫോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. അതെ സമയം ഈ സംസ്ഥാനങ്ങളിലെ യു.പി.എയുടെ സീറ്റു നില 120-130 എന്ന സംഖ്യയിലേക്ക് മെച്ചപ്പെടും. തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ ശക്തരായ പ്രാദേശിക എൻ.ഡി.എ  വിരുദ്ധ പാർട്ടികളുടെ സഹായത്തോടെ യു.പി.എ അനുകൂല സീറ്റുകളുടെ എണ്ണം 230-240 എന്ന സംഖ്യയിലെത്തും. ഇത്തരമൊരു സാഹചര്യത്തിലാണ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിന്റെ പ്രസക്തി.

2014 ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 ലോകസഭ സീറ്റുകളിൽ എൻ.ഡി.എക്കു 73 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ 2019 ൽ ബി.എസ്.പി, എസ്.പി, കോൺഗ്രസ് സഖ്യം സാധ്യമായാൽ എൻ.ഡി.എയുടെ എന്ന 73 മാന്ത്രിക സംഖ്യയിൽ നിന്ന് 30 നു താഴെ മാത്രമുള്ള സീറ്റുകളിലേക്ക് ചുരുങ്ങുപോവേണ്ടി വരും. അവിടെയാണ് മായാവതിയുടെ വിലപേശൽ ശക്തി. മായാവതിയുടെ പിന്തുണയില്ലാതെ നിലവിലെ സാഹചര്യത്തിൽ ഉത്തർ പ്രദേശിൽ കോൺഗ്രസ്-എസ്.പി സഖ്യത്തിന് മാത്രമായി വിജയം സാധ്യമല്ല. ഗൊരക്ക്പൂർ, പൂൽപ്പൂർ, കൈരാന തുടങ്ങിയ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പികളിൽ ബി.എസ്.പി-എസ്.പി സഖ്യത്തിന്റെ വിജയ സാധ്യത പരീക്ഷിച്ചു വിജയിച്ചതാണ്.  മായാവതിയുടെ ഏറ്റവും വലിയ അവസരവും അതാണ്. കാൻഷിറാമിന്റെ ഭാഷയിൽ പറഞ്ഞാൽ ദുർബലമായ സംഖ്യാബലമുള്ള ഒരു സഖ്യസർക്കാരിൻ്റെ പശ്ചാത്തലം.

ഇത്തരമൊരു രാഷ്ട്രീയ പരിസരത്തിലാണ് മായാവതിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ദൂരത്തെ വിലയിരുത്തേണ്ടത്. അടുത്ത കാലത്തായി മായാവതി നടത്തിയ നാലു രാഷ്ട്രീയ നീക്കങ്ങളെ അവരുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മുന്നൊരുക്കമായി സെഫോളജിസ്റ്റുകൾ വിലയിരുത്തുന്നു.

(a) ഒരു വർഷം മുൻപ് ലാലു പ്രസാദ് ബീഹാറിൽ നടത്തിയ പ്രതിപക്ഷ റാലിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മായാവതി ഒരു വർഷത്തിന് ശേഷം കർണ്ണാടകയിലെ  കോൺഗ്രസ് -ജെ.ഡി.എസ്  സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. അവിടെ വെച്ചു സോണിയ ഗാന്ധിയുമായി നടത്തിയ ആലിംഗനത്തിന്റെ ശരീരഭാഷ അവരുടെ വരാനിരിക്കുന്ന പ്രാധന്യത്തെ സൂചിപ്പിക്കുന്നു.

(b) രാഹുൽ ഗാന്ധിയെ മോശം ഭാഷയിൽ അധിക്ഷേപിച്ച ബി.എസ്.പി ദേശിയ ജനറൽ സെക്രട്ടറി ജയപ്രകാശ് സിങ്ങിനെ 24 മണിക്കൂറിനുള്ളിൽ പാർട്ടിയിൽനിന്നു പുറത്താക്കി മായാവതി നേരിട്ട് പ്രസ്താവന നടത്തി.

(c) ഏതുവിധത്തിലുള്ള സഖ്യത്തിനും ബി.എസ്.പിക്ക് മാന്യമായ രീതിയിലുള്ള സീറ്റുവിഹിതം ലഭ്യമാക്കണെമെന്ന വ്യക്തമാക്കിയുള്ള പാർട്ടി നയരേഖ 2018 മെയ് 26 നു നടന്ന പാർട്ടി നാഷണൽ എക്സിക്യൂട്ടീവ് മീറ്റിൽ പുറത്തിറക്കി. അതേ മീറ്റിംഗിൽ തന്നെ ചരിത്രത്തിൽ ആദ്യമായി ബി.എസ്.പിക്ക് രണ്ടു ദേശീയ കോർഡിനേറ്റർമാരെ നിയമിച്ചു.

(d) മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദിഗ്‌വിജയ് സിങ്  അടക്കമുള്ള നേതാക്കമാരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോളും അത് സോണിയ ഗാന്ധിയിലേക്കും, രാഹുൽ ഗാന്ധിയിലേക്കും തിരിയാതിരിക്കാൻ ശ്രമിക്കുന്ന സൂക്ഷ്മത. സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സുമായി  സഖ്യത്തിന് തയ്യാറായത് 2019 തൻെറ വിലപേശൽ ശക്തിയെ ബാധിക്കുമെന്നുള്ള യാഥാർഥ്യ ബോധം.

 CSDS-ABP മൂഡ് ഓഫ്   നേഷൻ സർവേയും യഥാർത്ഥ വോട്ടും 

രാജ്യത്തെ ഏറ്റവും പ്രശസ്തമായ തിരഞ്ഞെടുപ്പ് ലോകനീതിയുടെ “സി.എസ്.ഡി.എസ്- എ.ബി.പി  മൂഡ് ഓഫ് ദ  നേഷൻ സർവേ-2018 അനുസരിച്ചു  നിലവിലെ മോഡി സർക്കാരിന്റെ ജനപ്രീതി 2013 ലെ യു.പി.എ  സർക്കാരിന്റേതിന്  തുല്യമായി ഇടിഞ്ഞിരിക്കുന്നു. രാജ്യത്തെ 47 ശതമാനം ജനങ്ങളും മോദിയുടെ രണ്ടാം വരവ് ആഗ്രഹിക്കുന്നില്ല. 60 ശതമാനം പൗരന്മാരും മോഡി സർക്കാർ അഴിമതി നടത്തിയെന്ന് വിശ്വസിക്കുന്നു

Figure 1:  മുസ്ലിം ന്യൂനപക്ഷത്തിന്റെ മോഡി സർക്കാരിനോടുള്ള പ്രതികരണം

Source:  Lokniti-ABP-News-Mood-of-the-Nation-Survey-2018

രാജ്യത്തെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും മോഡി ഭരണത്തിൽ അസന്തുഷ്ടരാണ്. മുസ്ലിം സമുദായത്തിലെ 75 ശതമാനം വോട്ടർമാരും, ക്രിസ്തീയ സമുദായത്തിലെ 62 ശതമാനം വോട്ടർമാരും, സിഖ് സമുദായത്തിലെ 56 ശതമാനം വോട്ടർമാരും ബി.ജെ.പി സർക്കാർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല. അവസാന 12 മാസങ്ങളിലായി ദേശീയ തലത്തിലുള്ള ബി.ജെ.പിയുടെ ജനസ്വാധീനം 7 ശതമാനം താഴ്ന്നു.

യു.പി.എയുടെ ജനപിന്തുണ 31 ശതമാനമായും, യു.പി.എ യുടെ പുതിയ സഖ്യകക്ഷികളായ ജെ.ഡി.എസ് – ടി.ഡി .പി  തുടങ്ങിയ  പ്രാദേശിക സഖ്യകക്ഷികളുടെ 11 ശതമാനം എന്ന രൂപത്തിൽ സമഗ്ര യു.പി.എയുടെ പിന്തുണ 42 ശതമാനത്തിലേക്ക് ഉയർന്നു.[xi] എന്നാൽ രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെയും വോട്ട് ശതമാനത്തെ വെച്ചു താരതമ്യം ചെയ്യുമ്പോൾ സി.എസ്.ഡി.എസ്  സർവേയെക്കാളും കൂടുതലാണ് യഥാർത്ഥ വോട്ടു ശതമാനത്തിൽ  യു.പി.എയുടെ പിന്തുണ.

Figure 2: ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ മോഡി സർക്കാരിനോടുള്ള പ്രതികരണം

Source:  Lokniti-ABP-News-Mood-of-the-Nation-Survey-2018

15 സംസ്ഥാനങ്ങളിലെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിക്കുമ്പോൾ സർവേയിൽ പറയുന്ന 42 ശതമാനം എന്നതിൽനിന്നുമാറി 45 ശതമാനത്തിൽ യു.പി.എ യുടെ ജനപിന്തുണ വർധിച്ചു.[xii]

രാജ്യത്ത് നടന്ന വിവിധ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും, നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളും, CSDS സർവേ അടക്കമുള്ള വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പഠനങ്ങളും എൻ.ഡി.എയുടെ പ്രധാന ശക്തി കേന്ദ്രങ്ങളായിരുന്ന 12 സംസ്ഥാനങ്ങളിലെ ജനപിന്തുണയിൽ ഉണ്ടായ തകർച്ചയെ സൂചിപ്പിക്കുന്നുണ്ട്. ഇത്തരമൊരു അവസരത്തിൽ ഉത്തർ പ്രദേശിലെ രാഷ്ട്രീയം വളരെ നിർണായകമാണ്. യു.പിയിൽ ബി.ജെ.പി ക്ക്  പിടിച്ചുനിക്കാനായാൽ ദേശിയ തലത്തിൽ എൻ.ഡി.എ ക്കു കാര്യമായ മാറ്റം സംഭവിക്കാൻ സാധ്യതയില്ല.

Figure 3:  സിഖ് ന്യൂനപക്ഷത്തിന്റെ മോഡി സർക്കാരിനോടുള്ള പ്രതികരണം

Source:  Lokniti-ABP-News-Mood-of-the-Nation-Survey-2018

പക്ഷെ യു.പിയിലെ രാഷ്ട്രീയ ചിത്രത്തിൽ മാറ്റം സംഭവിക്കണമെങ്കിൽ മായാവതി തീരുമാനിക്കണം. നരസിംഹ റാവു വിശേഷിപ്പിച്ചത് പോലെ “ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതമാണ് മായാവതി”. 2014  ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിയാകാൻ പോകുന്ന ദളിത് വനിത എന്ന രീതിയിൽ മായാവതിക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപെടുത്താൻ സാധിക്കുമോ ?.

കാത്തിരുന്നു  കാണാം


[i] Chandra, Kanchan. Why Ethnic Parties Succeed: Patronage and Ethnic Head Counts in India. Cambridge University Press, 2007.

[ii]  Kidwai, Rasheed. “Why Congress Should Never Forget That Mayawati Is a ‘Miracle of Democracy’.” DailyO – Opinion News & Analysis on Latest Breaking News India, Living Media India Limited, 11 Oct. 2018, www.dailyo.in/politics/lok-sabha-election-2019-why-congress-should-never-forget-that-mayawati-is-a-miracle-of-democracy/story/1/27169.html?fbclid=IwAR1VBfxuD2-1QbDacdPfyUQ0PKc93rPhvWpEqDW8CRIB_NrjOGvcS7r1HUw.

[iii] ibid.

[iv] Pai, Sudha. “The BJP Is Losing the Support of Dalits in the Hindi Heartland.” The Wire, thewire.in/caste/the-bjp-is-losing-the-support-of-dalits-in-the-hindi-heartland.

[v] ibid.

[vi] ibid.

[vii] Election Studies , www.lokniti.org/election-studies.

[viii] Election Commission of India, Utter Pradesh Satate Election, Various Years, eci.nic.in/eci_main1/ElectionStatistics.aspx.

[ix] “General Election 2014.” Election Commission of India, eci.nic.in/eci_main1/statistical_reportge2014.aspx.

[x] State Assembly and Bye Election Results. 2014 to 2018.” Election Commission of India, eci.nic.in/eci_main1/ElectionStatistics.aspx

[xi] “Lokniti-CSDS-ABP News Mood of the Nation Survey.” Lokniti: Programme for Comparative Democracy, www.lokniti.org/mood-of-the-nation.

[xii] State Assembly and Bye Election Results. 2014 to 2018.” Election Commission of India, eci.nic.in/eci_main1/ElectionStatistics.aspx.

About the Author

നൗഫൽ അറളടക്ക
കാസർഗോഡ് ജില്ലയിലെ അറളടക്ക സ്വദേശി. ന്യൂ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നിന്നും ഹ്യൂമൻ റൈറ്സ് ആൻഡ് ഡ്യൂട്ടീസിൽ ബിരുദാനന്തരബിരുദം നേടി. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയകളിലും രാഷ്ട്രീയനിരീക്ഷണങ്ങൾ എഴുതുന്നു

Be the first to comment on "2014 ലെ പൂജ്യം സീറ്റിൽ നിന്ന് 2019 ൽ പ്രധാനമന്ത്രിപദത്തിലേക്ക്"

Leave a comment

Your email address will not be published.


*