എൻ്റെ അംബേദ്ക്കറുടെ പുസ്‌തകം ‘ജാതി നിർമ്മൂലന’മാണ്. ‘ഇന്ത്യൻ ഭരണഘടന’യല്ല

ശ്രുതീഷ് കണ്ണാടി

ഭരണഘടനയെ ഉദാത്തവത്കരിക്കേണ്ടത് യഥാർത്ഥത്തിൽ ദലിത്‌ ബഹുജൻ വിഭാഗങ്ങളുടെ ആവശ്യമല്ല. മറിച്ചു അതൊരു സവർണ്ണ താത്പര്യം മാത്രമാണ്. അംബേദ്‌കർ തന്നെ പറഞ്ഞിട്ടുള്ളത് “ഭരണവർഗ്ഗം മോശമെങ്കിൽ ഭരണഘടനയും മോശമാകും എന്നാണ്. ഭരണവർഗ്ഗം ശരിയായെങ്കിൽ മാത്രമേ ഭരണഘടന നന്നാവുകയുള്ളൂ”. ജാതി കേന്ദ്രീകൃത ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയിൽ ഭരണവർഗ്ഗം എന്നത് എപ്പോഴും സവർണ്ണർ മാത്രം ആയിരിക്കുമെന്നും അത്കൊണ്ട് തന്നെ അടിസ്ഥാന ജനതയുടെ അവകാശ സംരക്ഷണത്തിന് ഭരണഘടന സഹായകമാവില്ലെന്നും തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാവണം അംബേദ്‌കർ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടാവുക. എന്നാൽ കാലാകാലങ്ങളായി അധികാരത്തിൽ ഇരിക്കുന്ന സവർണ്ണ-ഭരണ വർഗ്ഗത്തിന്റെ പിടിപ്പുകേടും കീഴാള വിരുദ്ധ താത്പര്യങ്ങളും മറച്ചു വെക്കാൻ ഭരണഘടന അപകടത്തിലാണെന്നും അത് സംരക്ഷിക്കേണ്ടത് ദലിത് ആദിവാസി ജനതയുടെ ബാധ്യതയാണെന്നും ഉള്ള നിലയ്ക്കാണ് ഭരണഘടന ആഘോഷങ്ങൾ ഇപ്പോൾ അരങ്ങേറുന്നത്.

അതായത് പതിറ്റാണ്ടുകളിലൂടെ സവർണ്ണത നിർമ്മിച്ചെടുത്ത കീഴാള വിരുദ്ധ രാഷ്ട്രീയ വ്യവഹാരത്തിൽ നിന്ന് കൊണ്ട് ബഹുജനങ്ങളോട് നിങ്ങൾ ഇനി ഭരണഘടന ഉയർത്തിപിടിച്ചു പ്രതിഷേധിക്കൂ എന്ന് സവർണ്ണർ തന്നെ ആജ്ഞാപിക്കുന്ന വിരോധാഭാസം.

മാത്രമല്ല, പാർലമെന്ററി ജനാധിപത്യത്തിന് വിരുദ്ധമായ ഒരു സാമൂഹിക വ്യവസ്ഥിതി നിലവിലുള്ളതിനാൽ ഇന്ത്യയിൽ ഒരിക്കലും ജനാധിപത്യം സാധ്യമാവില്ലെന്ന് 1953ൽ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അംബേദ്‌കർ പറയുന്നുണ്ട്. ഇന്ത്യ പോലൊരു ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഭരണഘടന എത്രത്തോളം സഹായകമാകുമെന്ന കാര്യത്തിലും 53ൽ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അംബേദ്‌കർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ രീതിയിൽ ഭരണഘടനയോടും ജനാധിപത്യത്തോടുമൊക്കെ പരസ്യമായി തന്നെ അംബേദ്‌കർ യുദ്ധം നടത്തിയിരുന്നു എന്നിരിക്കെ ഇപ്പോൾ നടക്കുന്ന ഭരണഘടന ആഘോഷങ്ങൾ സവർണ്ണ താത്പര്യങ്ങളെ പരിപോഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ സവർണ്ണ രാഷ്ട്രീയത്തെ ഭയപ്പെടുത്തുന്ന പുസ്തകത്തിന്റെ പേര് ‘ഇന്ത്യൻ ഭരണഘടന’ എന്നല്ല മറിച്ചു ‘ജാതി നിർമ്മൂലനം’ ആണെന്ന് ബഹുജൻ രാഷ്ട്രീയം തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഉണ്ടെങ്കിലും സവർണ്ണർക്കതിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നു വേണം കരുതാൻ.

അതുകൊണ്ട് തന്നെ “We the people” എന്ന് പറയുമ്പോൾ “We dont have a homeland” എന്ന അംബേദ്‌കർ വാക്യമാണ് ഓർമ്മ വരുന്നത്. ഈ രണ്ടു WEയും ഒന്നാകുമെന്നു ഒരിക്കലും കരുതുന്നില്ല താനും!

About the Author

ശ്രുതീഷ് കണ്ണാടി
പോണ്ടിച്ചേരി സർവകലാശാലയിൽ ഗവേഷണവിദ്യാർഥിയാണ് ലേഖകൻ

Be the first to comment on "എൻ്റെ അംബേദ്ക്കറുടെ പുസ്‌തകം ‘ജാതി നിർമ്മൂലന’മാണ്. ‘ഇന്ത്യൻ ഭരണഘടന’യല്ല"

Leave a comment

Your email address will not be published.


*