തെലങ്കാന തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്യുന്നത്

119 അംഗ തെലങ്കാന സംസ്ഥാനനിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് നടക്കും. നിലവിൽ സംസ്ഥാനം ഭരിക്കുന്നത് തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ് ) ആണ്.

ടി.ആർ.എസിനെതിരെ കോൺഗ്രസ്, തെലുഗുദേശം പാർട്ടി (ടി.ഡി.പി.), തെലങ്കാന ജനസമിതി (ടി.ജെ.എസ്.), സി.പി.ഐ. എന്നിവ മുന്നണിയായാണ് മത്സരിക്കുന്നത്. 94 മണ്ഡലങ്ങളിൽ കോൺഗ്രസ്സ്, 14 മണ്ഡലങ്ങളിൽ ടി.ഡി.പി, എട്ടെണ്ണത്തിൽ ടി.ജെ.എസ്, മൂന്നെണ്ണത്തിൽ സിപിഐ എന്നിങ്ങനെയാണ് സഖ്യത്തിലെ സീറ്റ് കണക്കുകൾ.

94 മണ്ഡലങ്ങളിൽ , 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ്സ് പ്രഖ്യാപിച്ചു.

ഒറ്റക്ക് മത്സരിക്കുന്ന അസദുദ്ദീൻ ഉവൈസി അധ്യക്ഷനായ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീൻ ഇതുവരെ എട്ടു സ്ഥാനാര്ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നിലവിൽ ഏഴു എംഎൽഎമാർ എംഐഎമ്മിനുണ്ട്

12.7 ശതമാനത്തോളം മുസ്‌ലിംകൾ ജീവിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. (2011 സെൻസസ്). സംസ്ഥാനത്ത് നിർണായകമായ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ‘മതേതരപാർട്ടി’യെന്നും ‘ദേശീയപാർട്ടി’യെന്നും അവകാശപ്പെടുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തങ്ങളുടെ സമുദായത്തോട് ചെയ്‌ത വലിയ അനീതിയെക്കുറിച്ചു സംസാരിക്കുകയാണ് കോൺഗ്രസ്സിലെ മുസ്‌ലിം നേതാക്കൾ

കോൺഗ്രസ്സ് ഇതുവരെ പ്രഖ്യാപിച്ച 75 സ്ഥാനാർഥികളിൽ മുസ്‌ലിംകളുടെ എണ്ണം നാലെണ്ണം മാത്രമാണ്.

രാഷ്ട്രീയപരമായ അവസരങ്ങൾ ഞങ്ങൾക്ക് തരുന്നില്ല. പക്ഷേ, ഞങ്ങളുടെ വോട്ടുകൾ അവർക്ക് വേണം. അങ്ങനെയാണെങ്കിൽ കോൺഗ്രസും ബി.ജെ.പി.യും തമ്മിൽ എന്താണ് വ്യത്യാസം. മതേതരപാർട്ടിയാണെന്ന് പറഞ്ഞ് വർഗീയമായി പ്രവർത്തിക്കുന്ന പാർട്ടിയാണിത്.

തെലങ്കാനയിലെ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ്പ്രസിഡന്റും മുതിർന്ന നേതാവുമായ ആബിദ് റസൂൽ ഖാൻറെ വാക്കുകളാണിവ.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മുൻ ചെയർമാൻ കൂടിയായ ആബിദ് റസൂൽ ഖാൻ കോൺഗ്രസ്സ് മുസ്‌ലിം സമുദായത്തോട് ചെയ്‌ത അനീതിയിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് പാർട്ടി വിട്ടു. കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കിയ ആബിദ് റസൂൽ വെള്ളിയാഴ്ച്ച പാർട്ടി പ്രാഥമികാംഗത്വം രാജിവെക്കുകയായിരുന്നു.

മുസ്‌ലിംകളോട് നീതികാണിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ്സിൽ നിന്ന് രാജിവെക്കുകയാണെന്ന് തെലങ്കാനയിലെ കോൺഗ്രസ്സ് നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൈനോറിറ്റി ദേശീയ കോർഡിനേറ്ററുമായ ഖലീഖ് റഹ്‌മാൻ പറഞ്ഞു.

തെലങ്കാന രാഷ്ട്ര സമിതിയിൽ(ടിആർഎസ്) അംഗംത്വം എടുക്കുകയാണെന്നു ആബിദ് റസൂൽ ഖാനും ഖലിഖ് റഹ്‌മാനും പ്രഖ്യാപിച്ചു

തെലങ്കാനയിൽ മുസ്‍ലിം നേതാക്കൾ നിരാശയിലാണ്. യഥാർഥ പ്രവർത്തകരെ പരിഗണിക്കുമെന്ന് രാഹുൽഗാന്ധി പറഞ്ഞിരുന്നു. എന്നാൽ, സംഭവിക്കുന്നത് മറിച്ചാണ്. നൽഗോണ്ട, നിസാമാബാദ്, ഖമ്മം എന്നിവിടങ്ങളിൽ ജനസംഖ്യയുടെ 30-35 ശതമാനം മുസ്‍ലിങ്ങളാണ്. മുസ്‍ലിങ്ങളുടെ വോട്ട് അനായാസം ലഭിക്കുന്നതിനാൽ അവിടെ സ്ഥാനമുറപ്പിച്ചിരിക്കുന്ന റെഡ്ഡി സമുദായക്കാർ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന റെഡ്ഡി സമുദായക്കാർക്ക് എവിടെനിന്നുവേണമെങ്കിലും ജയിക്കാം. അതേസമയം ഈ പട്ടണങ്ങളിലെ സീറ്റ് മുസ്‌ലിങ്ങൾക്കു നൽകണം

ആബിദ് റസൂൽ പറഞ്ഞു. തെലങ്കാനയിലെ 10 ജില്ലകളിലെ ഒരോ നിയോജകമണ്ഡലങ്ങളിലും ഒരു സീറ്റ് മുസ്‌‌ലിം സമുദായത്തിനു നൽകിയാൽ മാത്രമേ സാമൂഹ്യനീതി പുലരൂ എന്നാണ് ആബിദ് റസൂലിന്റെ വാദം.

നിലവിൽ സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെട്ട നാലുപേരിൽ രണ്ടുപേർ ഏറ്റവും പുതുതായി പാർട്ടിയിൽ ചേർന്നവരാണെന്നും ഒരാൾ സംഘടനയുടെ ഭാഗമല്ലെന്നും അദ്ദേഹം പറയുന്നു.

അല്ലെങ്കിൽ നാമനിർദേശം ചെയ്യുന്ന ജനപ്രതിനിധികളിൽ മുഴുവൻ മുസ്‌ലിം , ക്രിസ്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്താൻ കോൺഗ്രസ്സ് തയ്യാറാവുമോ എന്നും ആബിദ് റസൂൽ ചോദിക്കുന്നു.

രാഷ്ട്രീയപരമായ അവസരങ്ങൾ മുസ്‌ലിം സമുദായത്തിന് നിഷേധിക്കുന്നതിന് പുറമെ നാമനിർദേശം ചെയ്യേണ്ട പദവികളിലേക്കും നിർദേശിക്കുന്നിലെന്നും ആബിദ് കുറ്റപ്പെടുത്തുന്നു.

എൻ്റെ പിതാവ് അബ്‌ദുൽ മന്നാൻ ഖാൻ കോൺഗ്രസ്സിന്റെ മുതിർന്ന നേതാവായിരുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ്സ് തലപ്പത്തിരുന്ന സമയത്ത് പിആർ സെക്രട്ടറിയായിരുന്നു അദ്ദേഹം. 1986 ൽ യൂത്ത് കോൺഗ്രസ്സിലൂടെ കോൺഗ്രസ്സ് രാഷ്ട്രീയം ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ്സിന്റെ വക്താവായി സംസാരിച്ചതിന്റെ പേരിൽ നിരവധി ഭീഷണികൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിങ്ങളുടെ പിതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു സമരം നയിച്ചതിന്റെ പേരിൽ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിക്കയച്ച രാജിക്കത്തിൽ ആബിദ് റസൂൽ എഴുതി.

പിന്നാക്കവിഭാഗങ്ങൾ(BC), മുസ്‌ലിംകൾ , ക്രിസ്ത്യാനികൾ എന്നിവർക്ക് കോൺഗ്രസ്സ് രാഷ്ട്രീയവും സാമൂഹികവുമായ പരിഗണന നൽകുന്നില്ലെന്നും ആബിദ് റസൂൽ രാജിക്കത്തിൽ പറഞ്ഞു.

നിങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തെലങ്കാന കോൺഗ്രസ്സിന് വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചല്ലോ.. റെഡ്ഢി സമുദായത്തിൽ നിന്ന് രണ്ടു പേർ, പിന്നാക്കവിഭാങ്ങളിൽ (BC) നിന്ന് ഒന്ന് , പട്ടികവർഗസമുദായത്തിൽ (ST) നിന്ന് ഒന്ന്, കമ്മ ജാതിയിൽ നിന്ന് ഒന്ന് എണ്ണിനങ്ങനെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാർ. ഒരാൾ പോലും മുസ്‌ലിം സമുദായത്തിൽ നിന്നില്ല. സംസ്ഥാനത്ത് 15 മുതൽ 18 ശതമാനം വരെ ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തെ നിങ്ങൾക്ക് പാർട്ടി നേതൃത്വത്തിൽ ആവശ്യമില്ല. അവരുടെ വോട്ടുകൾ മാത്രം മതി നിങ്ങൾക്ക്.

മൂന്നരപ്പതിറ്റാണ്ട് കാലം തെലങ്കാന കോൺഗ്രസ്സിലെ സജീവസാന്നിധ്യമായ ആബിദ് റസൂൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞു.

നിങ്ങളൊരു ആത്മാർത്ഥതയുള്ള മതേതരനേതാവാണെന്നും എന്നാൽ കോൺഗ്രസ്സ് കാക്കി അണിഞ്ഞ സംഘികളുടെ പിടിയിലാണെന്നും അത് താങ്കളുടെ അറിവോടെയാണെന്നും ആബിദ് റസൂൽ പറയുന്നു.

Be the first to comment on "തെലങ്കാന തെരഞ്ഞെടുപ്പ്: കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്യുന്നത്"

Leave a comment

Your email address will not be published.


*