https://maktoobmedia.com/

പതിമൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയം. കെടിസി അബ്ദുള്ളക്ക് വിട

1936 ൽ കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പിൽ ജനിച്ച അബ്ദുള്ള തന്റെ പതിമൂന്നാം വയസിലാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. കോഴിക്കോട്ടെ നാടകങ്ങളുടെയും മലയാളസിനിമയുടെയും ചരിത്രം പറയുന്നിടത്തെ ഒഴിച്ചുകൂടാനാവാത്ത പേരാണ് കഴിഞ്ഞ ദിവസം അന്തരിച്ച കെടിസി അബ്ദുള്ള.

ഡ്രൈവര്‍ ഉണ്ണി മോയിന്റെയും ബീപാത്തുവിന്റെയും ഏക പുത്രനായി ജനിച്ച അബ്ദുള്ള ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിലും ഗണപത് ഹൈസ്‌കൂളിലും പഠിക്കുന്ന കാലത്തു തന്നെ നാടകങ്ങളില്‍ സ്ഥിരം അഭിനേതാവായിരുന്നു.

തന്റെ പതിനെട്ടാം വയസ്സിലാണ് സുഹൃത്തുക്കളായിരുന്ന കെ.പി ഉമ്മർ, മാമുക്കോയ തുടങ്ങിയവർക്കൊപ്പം അബ്ദുള്ള യുണൈറ്റഡ് ഡ്രാമ അക്കാദമി രൂപീകരിച്ച് നാടകത്തിൽ സജീവമാവുന്നത്. അക്കാദമി മുപ്പത്തഞ്ചോളം നാടകങ്ങൾ അവതരിപ്പിച്ചപ്പോൾ ഇരുപത്തഞ്ചിലും അബ്ദുള്ളക്കു ശ്രദ്ധേയമായ റോളുണ്ടായിരുന്നു.

റേഡിയോ നാടക രംഗത്തു എ ഗ്രേഡ് ആർട്ടിസ്റ്റായി അറിയപ്പെടുന്ന അബ്ദുല്ല ടെലിവിഷൻ യുഗത്തിൽ സീരിയൽ നടനായും വേഷമിട്ടു.

പിന്നീട് ഉപജീവനത്തിനായി 1959ല്‍ കേരള ട്രാൻസ്പോർട്ട് കമ്പനിയിൽ ചേർന്നതോടെയാണ് കെ ടി സി എന്ന പേര് അബ്ദുള്ളയോടൊപ്പം ചേരുന്നത്.

നാടകങ്ങളില്‍ സജീവമായിട്ടും സിനിമയില്‍ സൗഹൃദങ്ങളുണ്ടായിട്ടും അബ്ദുള്ളയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കെ.ടി.സി ഗ്രൂപ്പ് സിനിമാ നിർമാണം തുടങ്ങിയപ്പോൾ അബ്ദുള്ള സിനിമയുടെ അണിയറയിലെത്തി. കെടിസി സ്ഥാപകനായ പി.വി. സാമിയില്‍ തുടങ്ങിയ സൗഹൃദം പിവി ഗംഗാധരന്‍ വരെ തുടര്‍ന്നു. കെടിസി ഗ്രൂപ്പ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചപ്പോള്‍ അബ്ദുള്ള അതിന്റെ ഭാഗമായി.

നാല്‍പ്പത്തൊന്നാം വയസ്സില്‍ 1977ൽ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിലേക്ക് അബ്ദുള്ള കടന്നുവന്നു.

നാൽപ്പത് വർഷത്തിനിടെ അങ്ങാടി, അംഹിസ, കാണാക്കിനാവ്, അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങി അൻപതോളം സിനിമകളിൽ കെടിസി അബ്ദുള്ള ചെറുതും വലുതുമായ റോളുകളിലൂടെ മലയാളസിനിമയില്‍ സാന്നിധ്യം അറിയിച്ചു.

അറബിക്കഥയിലെ അബ്ദുക്കയും യെസ് യുവർ ഓണറിലെ കുഞ്ഞമ്പുവും മനസാ വാചാ കർമണയിലെ റിക്ഷക്കാരനും ചിരിയോ ചിരിയിലെ മുറുക്കാൻ കടക്കാരനും എന്നും നൻമകളിലെ രോഗിയും കാണാക്കിനാവിലെ അധ്യാപകനും വാർത്തയിലെ പത്രക്കാരനും അങ്ങാടിയിലെ ചുമട്ടുതൊഴിലാളിയും ദ്വീപിലെ പിരിവുകാരനും ഗദ്ദാമയിലെ ഗൾഫുകാരനും ഒക്കെയായി ഹൃദയഭാഷയും ചങ്കിൽ തുളച്ചിറങ്ങുന്ന ഭാവങ്ങളും കൊണ്ട് മലയാളസിനിമയില്‍ കെടിസി സജീവമായി.

താന്‍ കേന്ദ്രകഥാപാത്രമാവുന്ന ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’യിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കെടിസി ലോകത്തോട് വിടവാങ്ങുന്നത്.

തന്റെ എൺപത്തിഒന്നാം വയസിലാണ് ‘മജീദിന്റെ ബാപ്പ’ എന്ന കഥാപാത്രം കെടിസി അബ്ദുള്ള ‘സുഡാനി ഫ്രം നൈജീരിയ’യില്‍ ചെയ്യുന്നത്. വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം ആ കഥാപാത്രത്തെ അബ്ദുള്ള അവിസ്മരണീയമാക്കി. പ്രേക്ഷകര്‍ ഒന്നടങ്കം ആ മഹാകലാകാരനെ വാനോളം പുകഴ്ത്തി.

സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് രാത്രി പോകാനിറങ്ങുമ്പോള്‍ കെടിസി അബ്ദുള്ളയുടെ കഥാപാത്രം പിന്തിരിഞ്ഞ് നോക്കാതെ കട്ടിലിലുള്ള സാമുവേലിന് നേരെ കൈവീശുന്ന രംഗം ഹൃദയഭേരിതമാണ്. ‘പ്രായാവശതകളുള്ള ആ കഥാപാത്രം മലയാളസിനിമയ്ക്ക് ഈ നടനെ എന്നുമോര്‍ക്കാന്‍ പര്യാപ്തമാണ്’ എന്ന് സിനാമാനിരൂപകര്‍ അഭിപ്രായപ്പെട്ടിരുന്നു.

. ”കെ.ടി.സി. അബ്ദുള്ളക്കാ, നിങ്ങളെന്തൊരു മനുഷ്യനാണ്” എന്നാണ് സുഡാനി കണ്ടതിനുശേഷം സുരാജ് വെഞ്ഞാറമ്മൂട് ഫെയ്സ്ബുക്കിൽ കുറിച്ചത്.

കെടിസിയുടെ കലാസാംസ്‌കാരിക ജീവിതം അറുപതാണ്ട് പിന്നിട്ട ഘട്ടത്തില്‍ 2018 മെയ് മാസത്തില്‍ കോഴിക്കോട് പൗരാവലി അദ്ദേഹത്തിന് ആദരം നല്‍കിയിരുന്നു.

ഭാര്യ: ഖദീജ. മക്കൾ: അബ്ദുൾ ഗഫൂർ (ഹോളിവുഡ‌് ഷൂസ‌്, കോഴിക്കോട‌്), ഹുമയൂൺ കബീർ (അബുദാബി), മിനു ഷരീഫ, സാജിത, ഷെറീജ. മരുമക്കൾ: എം എ സത്താർ (മോഡേൺ ബസാർ), മുസ‌്തഫ മാത്തോട്ടം(എആർഎം ബേക്കേഴ‌്സ‌്), സി എ സലീം (ഒളവണ്ണ, ചന്ദ്രിക ദിനപത്രം), സാജിറ (മീഞ്ചന്ത), മുബഷിറ (മീഞ്ചന്ത)

Be the first to comment on "പതിമൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയം. കെടിസി അബ്ദുള്ളക്ക് വിട"

Leave a comment

Your email address will not be published.


*