നീറ്റ: ചാലക്കുടിക്കാരുടെ പോരാട്ടം പറഞ്ഞ് ഹ്രസ്യചിത്രം

ചാലക്കുടി പുഴയിലേക്ക് മാലിന്യങ്ങൾ തള്ളുന്ന നീറ്റ ജലാറ്റിൻ കമ്പനിക്കെതിരെയുള്ള പ്രതിഷേധവുമായി “പോരാട്ടം” ഹ്രസ്യചിത്രം.

ഷെഹ്‌സാദ് മേത്തർ സംവിധാനം ചെയ്ത 14 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം അന്ത്യശ്വാസം വലിക്കാനൊരുങ്ങുന്ന ചാലക്കുടി പുഴയുടെ സംരക്ഷണത്തിനായി ഒരു നാടും അവിടത്തെ യുവാക്കളും നടത്തുന്ന വേറിട്ട ഒരു പോരാട്ടമാണ് പ്രമേയമാക്കുന്നത്.

സാമൂഹ്യപ്രശ്നങ്ങളെ കുറിച്ച് അത്രയൊന്നും ബോധവാന്മാരല്ലാത്ത ഒരു സംഘം യുവാക്കളിലൊരാളുടെ പിതാവിന് കാൻസർ പിടികൂടുന്നതോടെയാണ് പ്രകൃതിയെയും മനുഷ്യസമൂഹത്തെയും ഒരേപോലെ ബാധിക്കുന്ന ഈ വലിയ വിപത്ത് അവർ തിരിച്ചറിയുന്നത്.
പുഴയോരനിവാസികളുടെ വീടുകൾ സന്ദർശിക്കുന്നതോടെ ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഒടുവിൽ മാലിന്യങ്ങൾ പുറത്തേക്ക് തള്ളുന്ന പൈപ്പ് പൊട്ടിക്കുന്നതുമാണ് കഥ.

നീറ്റ ജലാറ്റിൻ എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിക്കെതിരെ വർഷങ്ങളായി ചാലക്കുടി നിവാസികൾ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്പനി അടച്ചുപൂട്ടണമെന്നു നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ കമ്പനി തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനങ്ങളാൽ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ഭരണകൂടവും ഉദ്യോഗസ്ഥരും ഈ മാരക വിപത്തിനു നേരെ കണ്ണടച്ചിരിക്കുകയാണ്. ഒട്ടേറെ ജനങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഒരു വിഷയത്തെ ലളിതമായ ആഖ്യാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സിനിമയുടെ വിജയം.

ചാലക്കുടിക്കാരനായ മുഹമ്മദ് സവാദ് ,ശ്രീകാന്ത് ചന്ദ്രൻ , അഞ്ജലി, ബൈജു അന്നമനട തുടങ്ങിവയരാണ് അഭിനേതാക്കൾ .
മുഹമ്മദ് സവാദ് , അൻഫസ് അസ്‌ലം, ഷെഹ്‌സാദ് മേത്തർ എന്നിവർ ചേർന്നാണ് രചന. ഹർസിം സാക്കിമാണ് ദൃശ്യങ്ങൾ പകർത്തിയത്. റിനോയ്‌ വിൽസൻ ആണ് എഡിറ്റർ.

Be the first to comment on "നീറ്റ: ചാലക്കുടിക്കാരുടെ പോരാട്ടം പറഞ്ഞ് ഹ്രസ്യചിത്രം"

Leave a comment

Your email address will not be published.


*