സാമൂഹ്യനീതിക്ക് വോട്ട് ചോദിച്ച് തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്

സിപിഐഎമ്മും വിവിധ ദലിത് ബഹുജന്‍ സംഘടനകളും ന്യൂനപക്ഷ സംഘടനകളും ഒന്നിച്ചുള്ള ബഹുജൻ ഇടതുമുന്നണി (ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്) തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളിലും മത്സരിക്കുന്നു.

ഇടത്, ദലിത്, പിന്നാക്ക സംഘടനകളുടെ നേത്യത്വത്തില്‍ ബിഎല്‍എഫിന്റെ ബാനറില്‍ തെരഞ്ഞെടുപ്പ് കാമ്പയിന്‍ സംസ്ഥാനത്ത് സജീവമാവുകയാണ്.

കാഞ്ച ഐലയുള്‍പ്പടെയുള്ള ദലിത് ചിന്തകരുടെ പിന്തുണയോടെയാണ‌് ബിഎൽഎഫിന്റെ പ്രവര്‍ത്തനങ്ങള്‍.

മഹാജന സോഷ്യലിസ്റ്റ് പാര്‍ട്ടി, ദലിത് പ്രജാ ഫ്രണ്ട്, മജ്ലിസ് ബച്ചാവോ തഹ്രീക്ക്, ബഹുജന്‍ രാജ്യം പാര്‍ട്ടി തുടങ്ങി മുപ്പതോളം സംഘടനകളാണ് ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ടിലുള്ളത്. 2018 ജനുവരി 25 നാണ് ഈ മുന്നണി കാഞ്ച ഐലയ്യ, പ്രകാശ് അംബേദ്കര്‍, സീതാറാം യെച്ചൂരി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ രൂപം കൊണ്ടത്.

53 ശതമാനം ഒ ബി സി, 15.45 ശതമാനം എസ് സി, 9.08 ശതമാനം എസ് ടി ജനവിഭാഗങ്ങളുള്ള തെലങ്കാനയിൽ സ്വാധീനമുറപ്പിക്കാനാകുമെന്ന‌ാണ‌് ബിഎൽഎഫിന്റെ പ്രതീക്ഷ. കടുത്ത മത്സരം ടി ആര്‍ എസും കോണ്‍ഗ്രസ്സ് സഖ്യവും തമ്മിലാണെങ്കിലും മിക്ക മണ്ഡലങ്ങളിലും ബി എല്‍ എഫ് നിര്‍ണായകമാവും. നിലവിലെ നിയമസഭയിൽ സിപിഐഎമ്മിന‌് ഒരംഗമാണുള്ളത‌്.

119 സ്ഥാനാര്‍ത്ഥികളില്‍ 60 പേരും ഒ ബി സി വിഭാഗങ്ങളില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ ഒ ബി സി സമുദായാംഗങ്ങള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നല്‍കിയിരിക്കുന്നത്.

എസ് സി- 28, എസ് ടി- 15, മുസ്ലിം- 10 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. ദലിത് ബഹുജന്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നല്ലാത്ത ആറ് പേര്‍ മാത്രമാണ് ബി എല്‍ എഫ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം നേടിയത്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ് വുമണിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നതും ബി എല്‍ എഫിന്റെ നേട്ടമാണ്. ചന്ദ്രമുഖി മുവ്വലയാണ് ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്.

ചന്ദ്രമുഖി

ഭൂരിപക്ഷം ലഭിച്ചാൽ ദലിത‌് വിഭാഗത്തിൽനിന്നാകും മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ബിഎൽഎഫ‌് നടത്തിയിട്ടുണ്ട‌്.

സംസ്ഥാനത്തെ പ്രൈവറ്റ്/ പബ്ലിക് മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം പ്രതിമാസം 18,000 രൂപയാക്കുമെന്നും ബി എല്‍ എഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

അംബേദ്കര്‍ തന്റെ ജനതയെക്കുറിച്ച് കണ്ട സ്വപ്നങ്ങള്‍ പൂവണിയിപ്പിക്കുകയാണ് തങ്ങളുടെ പ്രവര്‍ത്തനലക്ഷ്യമെന്ന് ബഹുജന്‍  ലെഫ്റ്റ് ഫ്രണ്ടിന്റെ കണ്‍വീനറും സിപിഐഎം നേതാവുമായ തമ്മിനേനി വീരഭദ്രം പറയുന്നു.

ആദ്യത്തെ 100 യൂണിറ്റ് വൈദ്യുതി ഉപയോഗം സൗജന്യം, അമ്പതിന് മുകളില്‍ വയസ്സുള്ളവര്‍ക്ക് പ്രതിമാസം 3,000 രൂപ, എല്ലാ വിഭാഗങ്ങളിലുമുള്ള ദരിദ്രര്‍ക്ക് സൗജന്യഭൂമി, ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങള്‍, അഞ്ചുരൂപയുടെ ഉച്ചഭക്ഷണം തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

Be the first to comment on "സാമൂഹ്യനീതിക്ക് വോട്ട് ചോദിച്ച് തെലങ്കാനയില്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്"

Leave a comment

Your email address will not be published.


*