മധ്യപ്രദേശ് നാളെ ബൂത്തിലേക്ക്. പതറി ബിജെപി. പ്രതീക്ഷയോടെ കോൺഗ്രസ്സ്. ബിഎസ്‌പി നിർണായകം

രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 230 അംഗ നിയമസഭയിലേക്ക് 2899 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന സംസ്ഥാനത്ത് നിശ്ശബ്ദ പ്രചാരണത്തിലും വീറും വാശിയും പ്രകടമാണ്.

2019 ൻ്റെ ട്രയൽ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ചുള്ള സൂചന കൂടിയാകും മധ്യപ്രദേശ് നൽകുക. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ളതും മധ്യപ്രദേശിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിഎസ്‌പി അധ്യക്ഷ മായാവതിയും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണറാലികളിൽ സജീവമായിരുന്നു.

ബിജെപിക്ക് തിരിച്ചടികൾ ഏറെ

ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്നത് ബിജെപിയാണ്. 230 അംഗ നിയമസഭയിൽ കഴിഞ്ഞതവണ 165 സീറ്റാണ് അവർ നേടിയത്. കോൺഗ്രസ്സ് ക്യാമ്പിലുടനീളം വിഷയമാകുന്ന വ്യാപം , റാഫേൽ അഴിമതികളാണ് ബിജെപിക്ക് ഏറെ തലവേദനയാവുന്നത്. ഒപ്പം , കർഷകവിരുദ്ധ നിലപാടുകൾ ബിജെപിയുടെ വോട്ടുശതമാനത്തെ കുത്തനെ ഇടിക്കുമെന്നും രാഷ്ട്രീയനിരീക്ഷകർ പറയുന്നു. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെ ഭരണത്തെ തുടർന്നുണ്ടായ ഭരണവിരുദ്ധവികാരവും പാർട്ടിക്ക് തിരിച്ചടിയാണ്. കാമ്പയിലുടനീളം ഹിന്ദുത്വവാദപ്രചാരണമായിരുന്നു ബിജെപി നടത്തിയിരുന്നത്.

230 സീറ്റുകളിലും ബിജെപി ഇത്തവണ മത്സരിക്കുന്നുണ്ട്.

പ്രതീക്ഷയോടെ കോൺഗ്രസ്സ്

കര്‍ഷക ആത്മഹത്യകള്‍, കടക്കെണി, ജിഎസ്ടി വരുത്തിയ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കുനേരെ വര്‍ധിക്കുന്ന അതിക്രമങ്ങൾ എന്നിവ ശക്തമായി ഉന്നയിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് കോണ്‍ഗ്രസ് പ്രചരണം. നിലവിൽ 58 സീറ്റുകൾ മാത്രമുള്ള കോൺഗ്രസ്സ് എങ്ങനെയും മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചരണം ഫലംകാണുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാണിക്കുന്നില്ലെന്നതും ശ്രദ്ധയമാണ്.

229 സീറ്റുകളിലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.

ഒറ്റക്കുനിന്ന് ബിഎസ്‌പി

മായാവതിയുടെ ബിഎസ്‌പിക്ക് ഏറെ വോട്ടർമാരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്തെ രാഷ്ട്രീയത്തിന്റെ ഗതി തീരുമാനിക്കുന്നതിൽ ഇത്തവണ ബിഎസ്‌പി നിർണായക പങ്കുവഹിക്കുമെന്നു രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. 6 – 9 % വോട്ടാണു മുൻ തിരഞ്ഞെടുപ്പുകളിൽ ബിഎസ്‌പി നേടിയത്.

കോൺഗ്രസ്സ്- ബിഎസ്‌പി സഖ്യസാധ്യതകൾ തുടക്കത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും നടക്കാതെ പോകുകയായിരുന്നു. കുറഞ്ഞത് 30 സീറ്റെങ്കിലും വേണമെന്നു ബിഎസ്‌പി പറഞ്ഞതോടെ കോൺഗ്രസ്സ് അംഗീകരിക്കാതിരിക്കുകയായിരുന്നു. 2013 തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിഎസ്‌പിയും സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ 41 സീറ്റെങ്കിലും അധികം നേടുമായിരുന്നു എന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ദലിത് ബഹുജൻ രാഷ്ട്രീയത്തോട് കോൺഗ്രസ്സും ബിജെപിയും ഒരേപോലെ പുറന്തിരിഞ്ഞുനിൽക്കുകയാണ് എന്നാണ് മായാവതി തെരഞ്ഞെടുപ്പ് കാമ്പയിനുകളിൽ പറഞ്ഞത്.

230 ൽ 227 മണ്ഡലങ്ങളിലും ബിഎസ്‌പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. 32 സീറ്റുകളിൽ വിജയിക്കുമെന്നാണ് ബിഎസ്‌പി സംസ്ഥാനനേതാക്കളുടെ അവകാശവാദം.

51 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്‌പിയും പത്ത് സീറ്റുകൾ നേടുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നു.

ആദ്യമായി മധ്യപ്രദേശ് സംസ്ഥാനരാഷ്ട്രീയത്തിൽ ഇടപെടുന്ന ആം ആദ്‌മി പാർട്ടി 208 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്.

കർഷകവോട്ടുകൾ നിർണായകം

കർഷകമേഖലകളിൽ കടുത്ത വെല്ലുവിളിയാണ് ഇത്തവണ ബിജെപി നേരിടുന്നത്. കർഷക വോട്ടർമാരിൽ 45 % വരുന്ന ഒബിസി വിഭാഗം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പമായിരുന്നു. കർഷകപുത്രൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൗഹാന്റെ ഭരണകാലത്തെ കരഷകവിരുദ്ധനടപടികൾക്കും നയങ്ങൾക്കുമെതിരെയാണ് കോൺഗ്രസ്സ് പ്രധാന കാമ്പയിൻ നയിച്ചത്. കർഷകവികാരത്തെ കൂട്ടുപിടിച്ചാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രചാരണവും

കഴി‍ഞ്ഞവർഷം മൻസോറിലെ കർഷകസമരത്തിനിടെ പോലീസ് വെടി‍വയ്പിൽ 5 പേർ കൊല്ലപ്പെട്ടതിൻ്റെ രോഷം ഇപ്പോഴും ഗ്രാമങ്ങളിലുണ്ട്.

മുസ്‌ലിം പ്രാതിനിധ്യം രണ്ടു ശതമാനത്തിൽ താഴെ

230 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥിപ്പട്ടികയിൽ മുസ്‌ലിം സമുദായത്തിൽ നിന്നും ആകെ നാല് പേർ.

229 മണ്ഡലങ്ങളിൽ മത്സരിക്കുന്ന കോൺഗ്രസ്സ് വെറും മൂന്നു പേരെ മാത്രമാണ് മുസ്‌ലിം സമുദായത്തിൽ നിന്നും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. ബിജെപി ഒന്നും.

സംസ്ഥാന ജനസംഖ്യയുടെ ആറരശതമാനത്തോളം വരും മുസ്‌ലിംകൾ . 38 ലക്ഷത്തോളം വരുന്ന മുസ്‌ലിം ജനവിഭാഗത്തെ മുഖ്യധാരാപാർട്ടികൾ പൂർണമായും അവഗണിക്കുകയാണ്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി 230 അംഗ മധ്യപ്രദേശ് സംസ്ഥാന നിയമസഭയിൽ മുസ്‌ലിം പ്രാതിനിധ്യം വെറും ഒന്ന് മാത്രമാണ്.

Be the first to comment on "മധ്യപ്രദേശ് നാളെ ബൂത്തിലേക്ക്. പതറി ബിജെപി. പ്രതീക്ഷയോടെ കോൺഗ്രസ്സ്. ബിഎസ്‌പി നിർണായകം"

Leave a comment

Your email address will not be published.


*