തെലങ്കാന: ദളിത് മുന്നേറ്റത്തെ തള്ളിക്കളയുന്ന ‘മുസ്ലിം പാർട്ടികളുടെ’ ഇരട്ടത്താപ്പ് 

നസീല്‍ വോയിസി

ദളിത്-മുസ്ലിം ഐക്യത്തെക്കുറിച്ചും  പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചും ചർച്ച ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതാണ് തെലങ്കാനയിലെ പ്രധാന മുസ്ലിം പാർട്ടികളുടെ സഖ്യനിലപാടുകൾ. കോൺഗ്രസിന്റെ സ്ഥാനാർഥിപട്ടികയിൽ മുസ്ലിം-ദളിത് പ്രാതിനിധ്യം കുറവാണെന്നു നിരന്തരം വിമർശിക്കുന്ന ജമാഅത്തെ ഇസ്ലാമിയടക്കം, ദളിത്-ബഹുജന മുന്നേറ്റത്തിന് എതിര് നിൽക്കുന്ന തെരെഞ്ഞെടുപ്പ് ചിത്രമാണ് ഏഴാം തീയതി പോളിംഗ് സ്റേഷനിലെത്തുന്ന തെലങ്കാനയിലുള്ളത്.

ഇടതുപക്ഷത്തിന്റെ   നേതൃത്വത്തിൽ 28 ചെറുപാർട്ടികൾ ഒന്നിച്ച ദളിത് -പിന്നോക്ക രാഷ്ട്രീയ കൂട്ടായ്മയായ ‘ലെഫ്റ്റ് ബഹുജൻ മുന്നണിയെ’ തള്ളിക്കളഞ്ഞ്,   ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസിനാണ് അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിയും (AIMIM) ജമാഅത്തെ ഇസ്ലാമിയും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.  തെലങ്കാനയിലെ ‘മുസ്ലിംകളുടെ സംരക്ഷകനും‘ ദേശീയ രാഷ്ട്രീയത്തിലടക്കം ഉയരുന്ന പേരുമായ ഒവൈസി നേരത്തെ തന്നെ ടിആർഎസിനുള്ള പിന്തുണ പ്രഖ്യാപിക്കുകയും പ്രചരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്-ടിഡിപി-സിപിഐ സഖ്യമുന്നണി, ബിജെപി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു രണ്ടു കൂട്ടർ.

94 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഏഴു മുസ്ലിം സ്ഥാനാർത്ഥികളെ മാത്രമേ നിർത്തിയുള്ളൂ എന്നതാണ് തെലങ്കാനയിൽ കോൺഗ്രസിന്റെ ‘ന്യൂനപക്ഷ വിരുദ്ധതക്ക്’ ഉദാഹരണമായി ജമാഅത്തെ ഇസ്ലാമിയടക്കമുള്ളവർ പറയുന്നത്. പിന്നോക്ക വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും വിമർശനമുയർന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയും മജ്ലിസ് പാർട്ടിയും  പിന്തുണക്കുന്ന ടിആർഎസിന്റെ പട്ടികയിൽ വെറും മൂന്നു മുസ്ലിം പേരാണുള്ളത്. ബാക്കിയുള്ളവരിൽ കൂടുതൽ പേരും മുന്നോക്ക വിഭാഗത്തിൽ നിന്നുള്ളവരുമാണ്.

രാജ്യത്തിൻറെ നട്ടെല്ലൊടിച്ച നോട്ടു നിരോധനത്തെ അഭിനന്ദിച്ച, മോദിയെ പിന്തുണച്ച നേതാവാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ഒവൈസിയും കൂട്ടരും പ്രഖ്യാപിച്ച കെ. ചന്ദ്രശേഖര റാവു. ബിജെപിയുമായി വിഷയനുസരണം പിന്തുണ തീരുമാനിക്കുമെന്ന നിലപാടാണ് റാവുവിനും അയാളുടെ പാർട്ടിക്കുമുള്ളത്. പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019 പൊതുതെരഞ്ഞെടുപ്പിലടക്കം ഇതേ നയം പിന്തുടരാൻ സാധ്യതയുള്ള പ്രാദേശിക കക്ഷികളിലൊന്നായാണ് രാഷ്ട്രീയ നിരീക്ഷകർ ടിആർഎസിനെ കാണുന്നത്. നേരത്തെ, രാജ്യസഭാ ഉപാധ്യക്ഷൻ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്ത ടിആർഎസ്, ലോക്സഭയിൽ ബിജെപിക്കെതിരെ വന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. രാജ്യത്തുടനീളം മുസ്ലിംകൾക്കും ദളിതുകൾക്കും എതിരിൽ നടന്ന പശു കൊലപാതകങ്ങളെക്കുറിച്ച്, ആൾക്കൂട്ട അക്രമങ്ങളെക്കുറിച്ച് കാര്യമായ ശബ്ദമുയർത്താത്ത പാർട്ടിയും നേതാവുമെന്ന വിമർശനവുമുണ്ട്.

Yechury

ദളിത്, ഒബിസി വിഭാഗത്തിൽപെട്ട ഒരാൾ അടുത്ത തെലങ്കാന മുഖ്യമന്ത്രി ആവണമെന്ന ലക്ഷ്യം പ്രഖ്യാപിച്ചിട്ടുള്ള, അറുപതു ശതമാനത്തോളം സീറ്റുകൾ പിന്നോക്ക വിഭാഗത്തിന് നൽകിയിട്ടുള്ള അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന മുന്നണിയാണ്  ബഹുജൻ ലെഫ്റ്റ് ഫ്രണ്ട്.  രോഹിത് വെമുലയുടെ മണ്ണിൽ, പ്രകാശ് അംബേദ്കറും കാഞ്ച ഇലയ്യയും സീതാറാം യെച്ചൂരിയും മുന്നിൽ നിന്നാണ്  ഇരുപത്തിയെട്ട് പാർട്ടികളിലേറെ ഒരുമിച്ചു ചേർന്ന ഈ ബഹുജന മുന്നണി രൂപപ്പെടുത്തിയത്. ജമാഅത്തിനും മജ്ലിസ് പാർട്ടിക്കും  പുറമെയുള്ള ചെറുമുസ്ലിം പാർട്ടികളും ഇതിൽ അണിചേർന്നിട്ടുണ്ട്.

സിപിഎമ്മിന്റെ നേതൃത്വത്തിൽ, ദളിത് പിന്നോക്ക പാർട്ടികളെല്ലാം അണിനിരന്ന അത്തരമൊരു കൂട്ടായ്മ മത്സര രംഗത്തുണ്ടായിട്ടും ആ മുന്നണിയെ പിന്തുണക്കാൻ, ടിആർഎസിനോട്  കൂട്ടുകൂടിയ ന്യൂനപക്ഷ രാഷ്ട്രീയക്കാർക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് എന്നതാണ് വിമർശകർ ഉയർത്തുന്ന ചോദ്യം.   ദളിത് മുസ്ലിം ഐക്യത്തെക്കുറിച്ച് നിരന്തരം ചർച്ചകൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയും മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താവായ അസദുദ്ദീൻ ഒവൈസിയും തങ്ങൾക്ക് സ്വാധീനമുള്ള ഇടത്തെ തെരെഞ്ഞെടുപ്പിൽ അധികാരസാധ്യത മുന്നിൽ കണ്ടാണ് ടിആർഎസിനെ പിന്തുണക്കുന്നത്. അധികാരത്തിലെത്തിയാൽ ന്യൂനപക്ഷങ്ങൾക്കു കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ഇവർക്ക് സാധിക്കുമെന്നാണ് അവരുടെ പക്ഷം.

രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായ ചന്ദ്രമുഖിക്കെതിരിലും ജമാഅത്തെ ഇസ്ലാമി മത്സരിക്കുന്നുണ്ട്. ബഹുജൻ ലെഫ്റ്റ് മുന്നണിയുടെ സ്ഥാനാർത്ഥിയായി തെലങ്കാനയിലെ ഗോഷമഹൽ മണ്ഡലത്തിലാണ് ചന്ദ്രമുഖി  മത്സരിക്കുന്നത്. എല്ലാ മണ്ഡലത്തിലും ടിആർഎസിനെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ തന്നെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി ഇവിടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം ദളിത്-മുസ്ലിം പിന്നോക്ക രാഷ്ട്രീയ സഖ്യസാധ്യതകളെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ ഹിന്ദുത്വനിലപാടുകളോട് അവസരതിനനുസരിച്ച് സന്ധി ചെയ്യുന്ന ടിആർഎസിന് പിന്തുണ പ്രഖ്യാപിച്ച മുസ്ലിം പാർട്ടികളുടെ നിലപാടിനെതിരെ വിമര്ശനങ്ങളുയരുന്നുണ്ട്.

Be the first to comment on "തെലങ്കാന: ദളിത് മുന്നേറ്റത്തെ തള്ളിക്കളയുന്ന ‘മുസ്ലിം പാർട്ടികളുടെ’ ഇരട്ടത്താപ്പ് "

Leave a comment

Your email address will not be published.


*