https://maktoobmedia.com/

ഇന്ത്യയെ കണ്ണൂരിലെത്തിച്ച  മൂന്നു നാളുകൾ 

ഡാനിഷ് ജമാൽ

കണ്ണൂരുകാരുടെ ചിരകാല സ്വപ്നവും ആകാശ ഗതാഗത മേഖലകളിലെ പുതിയ അധ്യായം കൂടി  സാധ്യമാക്കുന്ന അന്താരാഷ്ട്ര വിമാനത്തതാവളം യാതാർത്ഥമാവാൻ ആഴ്‌ചകൾ മാത്രം ശേഷിക്കെ  ഇന്ത്യാ രാജ്യത്തെ വൈവിധ്യങ്ങളെ കണ്ണൂരിലെത്തിച്ച്  സഞ്ചാര മേഖലയിലെ തൻറെ അനുഭവവും പ്രതിഭയും നാട്ടുകാരുടെ മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണീ ഷഹൻ അബ്ദുൽ സമദ് എന്ന കണ്ണൂർ സിറ്റിക്കാരൻ.

ഇന്ത്യയെ ഒന്നാകെ കണ്ണൂർ നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ  കാപിറ്റോൾ മാളിൽ  പ്രത്യേഗം സജ്ജമാക്കിയ 600 ചതുരശ്ര അടിക്കുള്ളിൽ  തയ്യാറാക്കി വെച്ച 67 കാൻവാസ്‌ പ്രിൻറ്കളിൽ ഒരുക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. എന്നാൽ 2018  നവംബർ 9 വെള്ളിയാഴ്ച മുതൽ 11 ഞായറാഴ്ച രാത്രി വരെ  നീണ്ടു നിന്ന ഷഹൻ അബ്ദു സമ്മദ് എന്ന 23 വയസ്സ് മാത്രം പ്രായമായ യുവ സഞ്ചാരി ഒരുക്കിയ ആദ്യത്തെ  ട്രാവൽ ഫോട്ടോഗ്രാഫി എക്സിബിഷൻ കണ്ടവർക്ക് മണിക്കൂറുകൾ കൊണ്ട്  ഇന്ത്യയാകെ ചുറ്റിക്കണ്ട അനുഭൂതിയാണ് സമ്മാനിക്കപ്പെട്ടത്.

നിലവിൽ മൈസൂരിലെ ഫൈനാർട്സ് കോളേജിൽ  ഫോട്ടോഗ്രാഫിയിൽ ബിരുദാനന്തര വിദ്യാർത്ഥി കൂടിയായ ഷഹൻ അബ്ദുൽ സമദ് കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഇന്ത്യയിലാകെ കാമറയോടൊപ്പം ഏകാന്തനായി നടത്തിയ വലുതും ചെറുതുമായ യാത്രകളിൽ പകർത്തിയ 5 ലക്ഷത്തിലധികം വരുന്ന ഫോട്ടോകൾ ഓരോന്നിനും നമ്മോട് ഒരുപാട് കഥകൾ പറയാനുമുണ്ട്.

പത്താംതരം പാസ്സായ ഷഹന് ഉമ്മാമ സുലൈഖത്ത സമ്മാനമായി നൽകിയ കാമറയുമായി സൗഹൃദം ആരംഭിക്കുകയും ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളേജിലെ  പ്ലസ്റ്റു പഠന  ശേഷം ഒരു വർഷം പെയിൻറിംഗിൽ ഡിപ്ലോമ കൂടി നേടിയ ശേഷമാണ്  ഫോട്ടോഗ്രാഫിയിലേക്ക് ബിരുദ പഠനം കേന്ദ്രീകരിക്കാനുള്ള തീരുമാനമെടുക്കുന്നത്.

തൻറെ ബാല്യകാലത്ത് ഇബ്നു ബത്തൂത്തയുടെ ലോക സഞ്ചാരങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള തൻറെ പഠനകാര്യത്തിൽ അതീവ ജാഗ്രത കാണിച്ച മർഹൂം മഠത്തിൽ മുസ്തഫ സാഹിബിനും, തൻറെ വലിയുപ്പ മർഹൂം അബ്ദുൽ സമദ് സാഹിബിനുമാണ്   ഷഹൻ തൻറെ ആദ്യ ഫോട്ടോ പ്രദർശനം സമർപ്പിച്ചത്.

ഹയർസെക്കണ്ടറി കാലത്തെ ചേന്ദമംഗലൂരിലെ തൻറെ ഹോസ്റ്റൽ വാർഡനും അധ്യാപകനുമായ റഹീം മാസ്റ്ററുടെ ഇടപെടലുകൾ ഫോട്ടോഗ്രാഫി യാത്രകളിലെ വെല്ലുവിളികൾ അതിജീവിക്കാൻ ഒരുപാട് സാഹായിച്ചിരുന്നു എന്ന് ഷഹൻ ഓർത്തെടുക്കുന്നു.

ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ ജീവിതവും  ഫോട്ടോഗ്രാഫർമാരായ കെവിൻ കാർട്ടറും, സ്റ്റീവ് മെക്കറിയുമാണ് പ്രചോദനമായി വർത്തിച്ച  ഘടകങ്ങൾ.

മൈസൂർ ഫൈനാർട്സ് കോളേജിലെ പഠനവും, ഉദയൻ അമ്പാടി യെപ്പോലെ പ്രഗത്ഭരുടെ ശിക്ഷണവും  കൂടെ സ്വതന്ത്രമായ യാത്രകളുമാണ് ശ്രദ്ധേയമായ ലക്ഷക്കണക്കിന് ഫ്രെയിമുകളിലേക്ക് ലെൻസ് ചലിപ്പിക്കാൻ ഷഹനെ പ്രാപ്തനാക്കിയത്.

പ്രകൃതി ചൂഷണം നടക്കുന്ന സഹ്യപർവ്വത മലനിരകളിലെ സൗന്ദര്യവും, അറബിക്കടലിലെ മാലിന്യ നിക്ഷേപവും ചിത്രീകരിക്കാനും പ്രമുഖ ദിനപത്രങ്ങളിലെ പ്രാദേശിക പേജുകളിൽ പ്രസിദ്ധീകരിക്കാനും ഷഹന് പ്ലസ്‌ടു വിദ്യാർത്ഥിയായിരിക്കെ  തന്നെ സാധിച്ചിരുന്നു. ഹൃസ്വമായ യാത്രകളുടെയും ഫോട്ടോഗ്രാഫിയുടെയും  ആരംഭം  ദക്ഷിണേന്ത്യയിലെ സാംസ്കാരിക വൈവിധ്യങ്ങളിലേക്കായിരുന്നു.  തമിഴ്‌നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനത്തിലേക്കാണ് പ്രധാനമായും ആദ്യത്തെ ഫോട്ടോട്രിപ്പുകൾ, ഗ്രാമീണ നഗര ജീവിതങ്ങളിലെ മനുഷ്യരുടെ സാംസ്കാരികമായ വൈവിധ്യങ്ങളിലേക്ക് കൗതുകത്തോടെയാണ് ഷഹനിലെ വിദ്യാർഥി കാമറ സൂം ചെയ്തത്.

പ്രകൃതിയിലെ കുഞ്ഞു സൗന്ദര്യങ്ങൾ പകർത്താനുള്ള താത്പര്യവും മാക്രോ, മൈക്രോ ലെൻസുകൾ ക്രമീകരിക്കുന്നതിലെ  വൈദഗ്ധ്യവും ആദ്യ വർഷങ്ങളിൽ നിരവധി ചെറുജീവികളുടെ ബഹുവർണ്ണ ഫ്രെയിമുകളിൽ  ഷോക്കേസിലെത്തിച്ചു.

ഷഹൻറെ ഫോട്ടോ യാത്രകളെ തുടക്കം മുതലേ പിന്തുണച്ചു പോന്ന ഉമ്മാമ്മ യുടെ നിർലോഭമായ പിന്തുണയോടെയാണ് ദീർഘദൂര യാത്രകൾക്ക് പദ്ധതികൾ അസൂത്രണം ചെയ്യുന്നത്. ആദ്യമാദ്യം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുന്ന നേരത്തെ തീരുമാനിച്ചുറച്ച യാത്രകളായിരുന്നെങ്കിൽ  പിന്നീട് മുന്നൊരുക്കങ്ങളില്ലാത്ത മാസങ്ങൾ നീണ്ട ദീർഘ യാത്രകളും ഷഹൻ നടത്തുകയുണ്ടായി.

കാശ്മീർ തായ്‌വരകളിലെ അർദ്ധ വിധവകളെ ഒപ്പിയെടുത്ത ഷഹൻറെ കാമറയിൽ അവരുടെ കണ്ണുകളിലൂടെ അവരനുഭവിക്കുന്ന വേദനകളും, സമൂഹത്തിലേക്ക് അവർ പ്രകാശിപ്പിക്കുന്ന ചോദ്യങ്ങളും നമ്മെ അസ്വസ്ഥപെടുത്തും.

ഗ്രാമീണ തൊഴിലിടങ്ങളും, കാർഷിക സംസ്കാരങ്ങളും, അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും എങ്ങനെ മനുഷ്യരുടെ വേഷവിധാങ്ങളെ സ്വാധീനിക്കുന്നു എന്നും,  കോളനിയാനന്തര ഇന്ത്യയുടെ നാഗരിക നിർമിതികളും ക്രമീകരണങ്ങളും പ്രാദേശിക സംസ്കാരിക വൈവിധ്യങ്ങളെ സൂക്ഷ്മമായി എങ്ങനെയാണ് ഇല്ലായ്മചെയ്യുന്നതെന്നും ഷഹൻറെ ഫ്രെയിമുകൾ നമ്മോട് വിശദമായി സംസാരിക്കുന്നുണ്ട്.

ഡൽഹിയിലെ മെഹ്‌റോളിയിലെ സൂഫീ കേന്ദ്രമായ ഹിജ്‍റോം കാ ഖാൻഖായും തമിഴ്‌നാട്ടിലെ കൂവഗത്തെ 18 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവവും പകർത്തിയ ഷഹൻറെ കാമറ ട്രാൻസ്ജെൻഡറുകളുടെ സാംസ്കാരിക ബഹുത്വത്തെ കുറിച്ചുള്ള കൗതുകകരമായ പാഠപുസ്തകമാണ്.

കുലശേഖരപട്ടണത്തെ ദസറ ഷഹൻ ചിത്രീകരിച്ചത് വായിൽ വരെ വെള്ളം കയറുമാറ് ഇന്ത്യൻ മഹാസമുദ്ര തീരത്തെ തിരമാലകളോട് മല്ലിട്ടുകൊണ്ടാണ് എങ്കിൽ പ്രദർശനത്തിൽ ഏറെ പേരെയും അത്ഭുതപ്പെടുത്തിയ   നക്ഷത്രങ്ങളുടെ ഭ്രമണ പഥത്തിലെ സഞ്ചാരം ചിത്രീകരിച്ചത്    ഹിമാചൽ പ്രദേശിലെ  കൽഗയിലെ  കൊടും കാട്ടിൽ കൂരിരുട്ടിൽ മരംകോച്ചുന്ന തണുപ്പിൽ അഞ്ച് മണിക്കൂറോളം കഠിന പ്രയത്നം നടത്തിയാണ്.
ദിവസങ്ങളോളം തുടർച്ചയായി റോഡ് മാർഗ്ഗം സഞ്ചരിച്ച് സ്വന്തമാക്കിയ ഫോട്ടോകളും, ആഴ്ചകളോളം വെള്ളവും ചോക്കളേറ്റും മാത്രം ആഹരിച്ച് പകർത്തിയ ഫോട്ടോകളുമൊക്കെ നമ്മോട് ഫോട്ടോഗ്രാഫറുടെ ജീവിതത്തെ കുറിച്ച് കൂടി ചിലത് പറയുന്നുണ്ട്.
മധുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഹോളി ആഘോഷങ്ങളും, അവിടെ പൂക്കൾ കൊണ്ട് തീർക്കുന്ന വർണ്ണ വിസ്മയങ്ങളും അവിടെയുള്ള വയോധികരായ വിധവകളുടെ ആഘോഷങ്ങളിലെ  നിറങ്ങളും അതിനു പിന്നിലെ മിത്തുകളും ഐതീഹ്യങ്ങളും പൗരാണിക ആചാരങ്ങളും ഒഴുക്കൻ മട്ടിൽ ഷഹൻ വിവരിക്കുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫറുടെ കാമറകൾ സഗൗരവം ഒപ്പിയെടുക്കുന്നത് സംസ്‌കാരങ്ങളെ തന്നെയാണ് എന്ന് നമുക്ക് ബോധ്യമാവുക.
മെഹ്‌റോളിയിലെ അടിമവംശ രാജാക്കന്മാരുടെ വാസ്തു നിർമാണ വൈഭവങ്ങളിൽ തുടങ്ങി ഇന്ത്യയുടെ ഉത്തര ഭാഗത്ത് ആകമാനം വ്യാപിച്ച് കിടക്കുന്ന മുഗൾ നാഗരികതകളും സ്മാരകങ്ങളും സൂഫീ ദർഗ്ഗകളും ഹൈദരാബാദ്  നൈസാമി രാജകീയ പൈതൃക ശേഷിപ്പുകളും ഷഹൻറെ ഫ്രെയിമുകളിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ  ഇന്നുവരെ വായിച്ചിട്ടില്ലാത്ത മഹത്തരമായ സാംസ്കാരിക അനുഭവമാണ് കാണികൾക്ക് നൽകിയത്.
പൗരാണിക ദ്രാവിഢ സംസ്കാര ചിഹ്നങ്ങളായ ദക്ഷിണേന്ത്യൻ അമ്പലങ്ങൾ, ബുദ്ധ വിഹാരങ്ങൾ, പുരാതന  ജൈന ക്ഷേത്രങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ജൂത- ക്രൈസ്തവ ദേവാലയങ്ങൾ, അതി പുരാതനമായ മുസ്ലിം പള്ളികൾ, മഖ്ബറകൾ, നദീതട സംസ്കാരത്തിൻറെ ശേഷിപ്പുകൾ, ബഹായ് മതക്കാരുടെ ലോട്ടസ് ടെമ്പിൾ,    തുടങ്ങി കാവുകൾ വരെ ഷഹൻറെ കാമറക്ക് അഭിമുഖമായി നിന്നിട്ടുണ്ട്.
ഇന്ത്യൻ, ഗ്രീക്ക്, വിക്ടോറിയൻ, ഈജിപ്ഷ്യൻ, പേർഷ്യൻ  തുടങ്ങി ഫത്തേപൂർ സിക്രിയിലെ അക്ബറിയൻ വസ്തു നിർമ്മാണ രീതികൾ തുടങ്ങി പൗരാണികവും ആധുനികവുമായ വൈവിധ്യങ്ങൾ  ആർക്കിടെക്റ്റ് വിദ്യാർത്ഥികൾക്ക് വരെ കൗതുകമുണ്ടാക്കും.
കണ്ണൂരിലെ തെയ്യങ്ങളും ഷഹൻറെ ഫോട്ടോ ശേഖരത്തിലെ വിലപ്പെട്ട സമാഹരണമാണ്,  വിഭിന്നങ്ങളായ തെയ്യങ്ങളെ കുറിച്ചുള്ള നാട്ടറിവുകളും തെയ്യങ്ങളുടെ അപൂർവ്വ അനക്കങ്ങളും ഷഹൻ പകർത്തിയിട്ടുണ്ട്.   ഫോട്ടോഗ്രാഫർ എന്നതിലേറെ തങ്ങളുടെ കുടുംബാംഗത്തെ പോലെ കരുതിപ്പോരുന്നവരാണ് തെയ്യകോലങ്ങൾ കെട്ടുന്ന സുഹൃത്തുക്കളെന്നും ഷഹൻ പറയുന്നു.  4 വർഷമായി തെയ്യത്തെയും തെയ്യം കലാകാരന്മാരുടെ ജീവിതത്തെയും കാമറയിൽ ഒപ്പിയെടുക്കുന്ന ഷഹൻ തൻറെ ഗവേഷണ വിഷയമായി തെരെഞ്ഞെടുത്തിട്ടുള്ളതും “കടും ചുവന്ന നിറങ്ങൾ” ഏറെയുള്ള കണ്ണൂരിലെ തെയ്യങ്ങളെയാണ്.

ഇന്ത്യൻ യാഥാർഥ്യങ്ങളായ നിരക്ഷരതയും, പട്ടിണിയും, തൊഴിലില്ലായ്മയും, ജാതീയ വിവേചനങ്ങളും, കിരാത നിയമങ്ങളും, വിഭവ വിതരങ്ങളിലെ  അസന്തുലിതകളും, അശാസ്ത്രീയ വികസന മാതൃകകളും ഒക്കെ ഒരു സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള  ജനവിഭാഗങ്ങളിൽ  എങ്ങനെയൊക്കെ അടയാളപ്പെടുത്തുന്നു എന്നും ഷഹൻ നിരീക്ഷിക്കുന്നുണ്ട്.

ലോക സഞ്ചാരിയും സഫാരി ടി.വി സ്ഥാപകനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര വീഡിയോ സന്ദേശം നൽകിയാണ് പ്രദർശനം ഉദ്‌ഘാടനം നിർവ്വഹിച്ചത്.  “തനിക്ക് പോലും സാധ്യമാവാത്ത അത്യപൂർവ്വ നേട്ടമാണ് ഷഹൻ ഈ ചെറിയ പ്രായത്തിൽ സാധ്യമാക്കിയത് എന്ന് സന്തോഷ് ജോർജ്ജ്  കുളങ്ങര അഭിപ്രായപ്പെട്ടു ഇന്ത്യയിലെ വൈവിധ്യങ്ങൾ എക്കാലവും സഞ്ചാരികളുടെ ആകർഷണമാണെന്നും അവയൊക്കെ മനോഹരമായി ഡോക്യുമെൻറ്‌ ചെയ്യാനായത് ഷഹൻ അബ്ദുൽ സമദിൻറെ സാഹസികമായ ശ്രമങ്ങളുടെ വിജയമാണെന്നും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധ്യമാവട്ടെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷഹൻറെ ഉമ്മ ഷിഹ്‌റത്തുന്നിസ, ഉപ്പ ശംസുദ്ധീൻ, ഒപ്പം കുടുംബാഗംങ്ങളുടെയും  സാന്നിധ്യത്തിൽ ഉമ്മാമ്മ സാമൂഹിക പ്രവർത്തകയും കണ്ണൂർ താണയിൽ സ്ത്രീ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ  സുലൈഖ സാഹിബ  ഫാത്തിഹ ഓതി  പ്രദർശനം പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തു. അറക്കൽ രാജ കുടുംബം പ്രതിനിഥി റാഫി ആദിരാജ,    വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത്ത് പുനത്തിൽ, എമാദ് ബിൽഡേഴ്‌സ് ഉടമ  മമ്മുഞ്ഞി,  യുവ സംരംഭകൻ ടി.എൻ.എം ജവാദ്,  ഗസൽ ഗായകൻ റസ്സാഖ് റാസാ, ഛായാഗ്രാഹകൻ ജലീൽ ബാദുഷ, ആകാശവാണി മുൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ , മുൻ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കരുണാകരൻ.യു, നിയമ ഗവേഷകനും ക്വീൽ ഫൗണ്ടേഷൻ ഡയറക്ടറുമായ സുഹൈൽ കെ.കെ , സഞ്ചാരി പി ബി എം ഫർമീസ്, കണ്ണൂർ യൂണിറ്റി സെൻറർ സാരഥി യു.പി സിദ്ധീഖ് മാസ്റ്റർ, മാധ്യമ പ്രവർത്തകരായ സാലിം കണ്ണൂർ സിറ്റി, രാജീവ്, സുനിൽ ഐസക്,  ഫോട്ടോ ഗ്രാഫർമാരായ മോഹനൻ, സുനിൽ കുമാർ, ഫ്രറ്റെണിറ്റി മൂവ്മെൻറ് ദേശീയ നേതാവ് ഷംസീർ ഇബ്‌റാഹീം, ഗവേഷക നസ്രീന ഇല്ല്യാസ്, കൗസർ സ്‌കൂൾ അഡ്മിൻ  ഇല്യാസ് ടി പി,  ഐ പി എച്ച് ജനറൽ മാനേജർ സിറാജുദ്ധീൻ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് മൂന്നു ദിവസങ്ങളിലായി   എക്സിബിഷൻ സന്ദർശിച്ച് ഷഹനെ അഭിനന്ദിക്കുകയും തുടർന്നുള്ള യാത്രകൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്.

മൂന്നാം ദിവസം സായാഹ്നത്തിൽ ഷഹൻറെ കുടുംബാങ്ങങ്ങൾ ഒത്തു ചേർന്ന് ഷഹന് ഉപഹാരം നൽകി.
നാട്ടുകാരും സുഹൃത്തുക്കളുമായ ഏതാനും യുവ സംരഭകരും കുടുംബവുമാണ് തൻറെ ആദ്യ പ്രദർശനം ഒരുക്കാൻ പിന്തുണച്ചത്,  എന്നും മൂന്നു ദിവസവും തൻറെ പരിശ്രമങ്ങളെ പിന്തുണക്കാനെത്തുകയും പ്രദർശനം വലിയ വിജയമാക്കിയ  സ്വദേശികളും വിദേശികളുമായ എല്ലാ പ്രായത്തിലുമുള്ള ആയിരക്കണക്കിന്  ആസ്വാദകർക്കും ഷഹൻ നന്ദി പറഞ്ഞു.

ഷഹനിനോടോപ്പം  ചേർന്ന് കണ്ണൂർ സിറ്റിയിൽ ആരംഭിക്കുന്ന ഇബ്നു ബത്തൂത്ത  ട്രാവൽ കഫെ യുടെയും ടി.എൻ.എം ഓൺലൈൻ സൊലൂഷ്യൻറെ സഹകരത്തോടെ ആരംഭിക്കുന്ന വെബ് സൈറ്റിൻറെയും പ്രഖ്യാപങ്ങൾ ഉടനെ ഉണ്ടാവുമെന്ന് എക്സിബിഷൻറെ മുഖ്യ സംഘാടകനും  ഇബ്‌നു ബത്തൂത്ത കഫെ ഡയറക്ടറുമായ മുഹമ്മദ് ഷിഹാദ് മക്തൂബ് മീഡിയയോട് പറഞ്ഞു.

Be the first to comment on "ഇന്ത്യയെ കണ്ണൂരിലെത്തിച്ച  മൂന്നു നാളുകൾ "

Leave a comment

Your email address will not be published.


*