https://maktoobmedia.com/

കോൺഗ്രസ്സിൻ്റെ മത്സരാത്മക ഹിന്ദുത്വവും മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവിയും

ത്വയ്യിബ് റജബ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികിൽ നിൽക്കെ രാജ്യത്തെ എല്ലാ പ്രധാന രാഷ്ട്രീയകക്ഷികളും അരയും തലയും മുറുക്കി ഗോദയിൽ മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിൽ ഭരണകക്ഷിയായ ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അവർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഇതുവരെയും മുഖ്യ പ്രതിപക്ഷ പാർട്ടികൾക്ക് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം.

എങ്ങനെയായാലും 2014ലേത് പോലെ ഒരു ഈസി വാക്കോവർ ബിജെപിക്ക് പ്രതീക്ഷിക്കാനാവില്ല എന്നത് ഉറപ്പാണ്. അവരുടെ സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടി പരിഷ്കരണവും സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. ഇത് അടിസ്ഥാനവിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം സൃഷ്ടിച്ചിട്ടുണ്ട്. ഡൽഹിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കർഷക-തൊഴിലാളി പ്രക്ഷോഭങ്ങൾ ഇത് കാണിക്കുന്നുണ്ട്. ഇത്തരം ജനകീയ വിഷയങ്ങൾ ജനങ്ങളെ ധരിപ്പിച്ചു വോട്ടാക്കുന്നതിലാണ് പ്രതിപക്ഷത്തിന്റെ വിജയം കിടക്കുന്നത്.

മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് ഈ തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. 2014ലെ തോൽവിയുടെ ആഘാതം പാർട്ടിയെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പ്രാദേശിക കക്ഷികളെ ചേർത്തിനിർത്തി ഒരു ദേശീയ സഖ്യമാണ് ബിജെപിക്ക് നേരെ കോൺഗ്രസ്സ് മുന്നോട്ടുവെക്കുന്നത്.

ഗുജറാത്തിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിന്റെ പ്രകടനം പ്രവർത്തകർക്കിടയിൽ പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. ഈ പ്രതീക്ഷകളുടെ ഭാവി നിർണയിക്കുന്നത് രാജസ്ഥാൻ, മധ്യപ്രദേശ്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലമായിരിക്കും. കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പ്രതികരണങ്ങളിൽ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി പ്രതീക്ഷിക്കുന്നില്ല എന്നാണു മനസിലാക്കേണ്ടത്.

ഈ ലേഖനം 2019ലെ ഇലക്ഷൻ സാധ്യതകളെ വിലയിരുത്താനല്ല ശ്രമിക്കുന്നത്. മറിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കിയ പ്രചാരണ തന്ത്രങ്ങളെയാണ്. ഈ പ്രചാരണ രീതികൾ ബിജെപിയുടെ അപകടങ്ങളെ മറികടക്കാൻ കോൺഗ്രസ്സിന്റെ താത്കാലിക അടവുനയങ്ങൾ മാത്രമാണെന്ന് വിലയിരുത്തുന്നുന്നവരുമുണ്ട്. അത് പരിശോധിക്കുകയും അവയുടെ സമകാലികവും ചരിത്രപരവുമായ പരിസരങ്ങളെ വിലയിരുത്തുകയുമാണ് എൻ്റെ ലക്‌ഷ്യം.

പ്രചാരണരീതി: മത്സരാത്മക ഹിന്ദുത്വം

കഴിഞ്ഞ ഗുജറാത്ത്, കർണാടക തെരഞ്ഞെടുപ്പുകളിലും ഇപ്പോൾ ഫലം വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഉപയോഗിക്കുന്ന പ്രചാരണരീതി വിലയിരുത്തേണ്ടതുണ്ട്. ഇത് വളരെ ലളിതമാണ്. ഏത് പ്രതിപക്ഷ കക്ഷിയും ചെയ്യുന്നത് പോലെ ഭരണകക്ഷിയുടെ പോരായ്‌മകൾ ഉയർത്തികാണിക്കുക എന്നത് തന്നെ. ജനദ്രോഹത്തിൽ മുന്നിൽ നിൽക്കുന്ന നരേന്ദ്രമോദി ഭരണത്തിന് ഇതിൽ പഞ്ഞമില്ലല്ലോ.

നോട്ടുനിരോധനം, ജി.എസ്.ടി പരിഷ്‌കരണം, അമിത് ഷായുടെ മകന്റെ അഴിമതി, റാഫേൽ കരാർ, മോഡി-അദാനി-അംബാനി കൂട്ടുകെട്ടുകൾ, കർഷകവിരുദ്ധ നയങ്ങൾ, ദലിതർക്ക് നേരെയുള്ള അക്രമങ്ങൾ വരെയുള്ള വിഷയങ്ങൾ നന്നായി തന്റെ പ്രചാരണങ്ങളിൽ ഉൾക്കൊള്ളിക്കാനും സർക്കാരിന് നേരെ രൂക്ഷവിമർശനങ്ങൾ ഉയർത്താനും രാഹുൽ മടി കാണിക്കുന്നില്ല.

കഴിഞ്ഞ നാല് വർഷകാലയളവിൽ മുസ്‌ലിംകൾക്ക് നേരെയുണ്ടായ മൃഗീയമായ ആക്രമണങ്ങൾ ആഗോളശ്രദ്ധ പിടിച്ചുപറ്റിയതാണ്. രാജ്യത്തിന്റെ ഭരണകൂടത്തിന്റെയും പ്രധാനമന്ത്രിയുടെയും ആശീർവാദത്തോടെ നടന്ന ഈ അനുഭവങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. ഇത്തരം കേസുകളിൽ പ്രതികളായവർക്ക് കേന്ദ്രമന്ത്രിമാർ തന്നെ നേരിട്ട് സ്വീകരണങ്ങൾ നൽകുന്നതും രാജ്യം കണ്ടു. സ്വാഭാവികമായും കോൺഗ്രസ്സ് മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ഇത് തെരഞ്ഞെടുപ്പുകളിൽ ഉയർത്തിക്കൊണ്ടുവരും എന്ന് പലരും വിശ്വസിച്ചു. പ്രത്യേകിച്ച് മുസ്‌ലിം സമൂഹം. എന്നാൽ അതുണ്ടായില്ല.

മുസ്‌ലിം വിരുദ്ധ വംശീയ അക്രമങ്ങൾ രാഹുൽ ഗാന്ധി ബോധപൂർവ്വം തന്റെ തെരഞ്ഞെടുപ്പ് പ്രഭാഷണങ്ങളിൽ നിന്നും ഒഴിവാക്കി. എന്താകാം അദ്ദേഹത്തിനെ അതിനു പ്രേരിപ്പിക്കുന്നത്? മുഹമ്മദ് അഖ്‌ലാഖ് മുതൽ ജുനൈദ് ഖാൻ വരെയുള്ള ആ നീണ്ട പട്ടിക ജനങ്ങൾക്ക് മുന്നിൽ വെച്ചാൽ ‘ഹിന്ദു വികാരം’ എതിരാകും എന്നവർ ഭയപ്പെടുന്നുണ്ടാകണം.

ഈ ഭയം ഇവിടെ ഒതുങ്ങിനിൽക്കുന്നില്ല. മുസ്‌ലിം നേതാക്കളെ തെരഞ്ഞെടുപ്പ് റാലികളിൽ നിന്നും ഒഴിവാക്കുന്ന രംഗങ്ങൾ ഉണ്ടായി. മുതിർന്ന കോൺഗ്രസ്സ് നേതാവായ അഹമ്മദ് പട്ടേലിനുൾപ്പടെ ഈ ഗതിയുണ്ടായി. മുസ്‌ലിംകൾ താടിയും തൊപ്പിയും വെച്ച് കൂട്ടമായി റാലികളിൽ വരരുതെന്ന് നിർദേശങ്ങളുണ്ടായി. ഹർഷ് മന്ദറിനെപോലെയുള്ള സാമൂഹികപ്രവർത്തകർ ഇത്തരം സംഭവങ്ങൾ എഴുതുകയുണ്ടായി. ഈ പ്രചാരണങ്ങൾ ഹിന്ദുത്വത്തിന്റെ പൊതുമണ്ഡലത്തിലുണ്ടായ സവിശേഷവിജയം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ വികസന പ്രശ്‌നങ്ങൾ നിങ്ങൾക്ക് ഉയർത്തികൊണ്ടുവരാം, അഴിമതിയെക്കുറിച്ചു പറയാം, പരമാവധി പോയാൽ ദലിത് വിഷയങ്ങൾ വരെ ചർച്ച ചെയ്യാം. എന്നാൽ മുസ്‌ലിം വിഷയങ്ങളോ അവർക്കെതിരായ അക്രമങ്ങളെക്കുറിച്ചോ മിണ്ടരുത്. ചുരുക്കത്തിൽ, ഇന്ത്യയിൽ മുസ്‌ലിമിനെ കൊല്ലുന്നത് അഴിമതിയെക്കാളും വലിയ പ്രശ്‌നമൊന്നുമല്ല എന്ന് വ്യഗ്യം.

ഹൈന്ദവവോട്ടുകൾ ഏകീകരിക്കാൻ രാഹുൽ ഗാന്ധി പുതുതായി സ്വീകരിച്ചിരിക്കുന്ന രീതി പരിശോധിക്കുക. താനൊരു ശിവഭക്തനും ജനയുധാരി ബ്രാഹ്മണനുമാണെന്നും നിരന്തരം ആവർത്തിക്കുന്നു. കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയിടങ്ങളിൽ എല്ലാ പ്രധാന അമ്പലങ്ങളും സന്ദർശിക്കുക എന്നത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യ ആയുധമായാണ് കോൺഗ്രസ്സ് പരീക്ഷിക്കുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലം ഹിന്ദുത്വരാഷ്ട്രീയം സ്വപ്‌നം കണ്ടതുപോലെ ഹൈന്ദവചിഹ്നങ്ങൾക്കും വിശ്വാസത്തിനും മാത്രമായുള്ളതായി പരിണമിക്കുന്ന കാഴ്ച്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ സുഹാസ് പാലിശേഖറിന്റെ ഭാഷയിൽ ഒരു ‘മത്സരാത്മക വർഗീയതയാണ് കോൺഗ്രസ്സ് ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ ഉപയോഗിക്കുന്നത്, ഇവിടെ ഹിന്ദുത്വം സൃഷ്‌ടിച്ച മുസ്‌ലിം വിരുദ്ധതയാണ് കോൺഗ്രസ്സ് വളർത്തി വലുതാകുന്നത്.

പലരും വിലയിരുത്തുന്നത് പോലെ കോൺഗ്രസ്സ് ബിജെപിയെ മറികടക്കാൻ ഉപയോഗിക്കുന്ന പുതിയ തന്ത്രമൊന്നുമല്ല ഈ രീതി. മറിച്ച്, ഹിന്ദുത്വം പോലും വളർന്നു വികസിച്ചത് കോൺഗ്രസ്സ് കൂടാരങ്ങളിൽ നിന്നാണെന്നാണ് സത്യം. ബാലഗംഗാധര തിലകിലും ലാലാ ലജ്‌പത്‌ റായിയിലും തുടങ്ങി അവസാനിക്കാത്ത ഒരു ധാര കോൺഗ്രസിനുള്ളിൽ ഭൂരിപക്ഷ വർഗീയതയുടെ ഉപാസകരായിരുന്നു. അത് എല്ലാ കാലത്തും കോൺഗ്രസിനുള്ളിൽ ശക്തമായിരുന്നു.

കോൺഗ്രസ്സ് പാർട്ടി ഹിന്ദുയിസം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം ഈ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകുന്നുണ്ട്.

ന്യൂനപക്ഷവും ആന്റണി റിപ്പോർട്ടും

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ തുല്യതയില്ലാത്ത പരാജയമാണ് 2014 ലേത്. പരാജയകാരണം വിലയിരുത്താൻ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയത് വിശ്വസ്‌തനായ എ.കെ ആന്റണയിയെയായിരുന്നു. റിപ്പോർട്ടിൽ തോൽവിയുടെ പ്രധാനകാരണമായി അദ്ദേഹം വിലയിരുത്തിയത് ബിജെപി നേതാക്കൾ കോൺഗ്രസ്സിനെ ഒരു മുസ്‌ലിം പാർട്ടിയായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു എന്നതാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ സർക്കാരിനെതിരെയുണ്ടായ ജനകീയ മുന്നേറ്റമൊന്നും അദ്ദേഹത്തിന് പ്രശ്‌നമായിരുന്നില്ല.

പിന്നീട് ആന്റണി റിപ്പോർട്ടിന്റെ ഭൂതം കോൺഗ്രസ്സിനെ പിടികൂടുന്നതാണ് കണ്ടത്. 2018 ലെ ഇന്ത്യ ടുഡേ കോൺക്ലേവിൽ സോണിയ ഗാന്ധി ഇത് വ്യക്തമായും പറഞ്ഞു. മുസ്‌ലിം പാർട്ടിയായി കോൺഗ്രസ്സിനെ ബിജെപി അവതരിപ്പിച്ചത് പാർട്ടിയെ ബാധിച്ചതിനാലാണ് രാഹുൽ ഗാന്ധി ഹിന്ദുവായി പ്രഖ്യാപിക്കുന്നത് എന്ന് അവർ വിശദീകരിക്കുകയുണ്ടായി.

കോൺഗ്രസ്സ് ഒരു ഹിന്ദുപാർട്ടിയാണെന്ന രാഹുലിന്റെ പ്രഖ്യാപനത്തിലൂടെ നെഹ്‌റുവും മുഹമ്മദലി ജിന്നയും തമ്മിലുള്ള അടിസ്ഥാന സംവാദത്തിനു പരിഹാരമാകുകയാണ്. കോൺഗ്രസ്സ് ഹിന്ദുപാർട്ടിയല്ലെന്നും എല്ലാവരുടേതുമാണെന്നുമുള്ള നെഹ്‌റുവിയൻ വാദത്തിൻ്റെ വിമർശകനായിരുന്നു അന്ന് ജിന്ന. ഒടുവിൽ ജിന്നയുടെ വാദം ജയിക്കുകയാണോ ഇവിടെ?

കോൺഗ്രസ്സിന്റെ ഫാസിസ്റ്റ് വിരുദ്ധതയിലെ പൊള്ളത്തരം

രാജ്യത്തെ 180 മില്യൺ വരുന്ന മുസ്‌ലിംകൾ പൂർണമായും അനാഥരായിട്ടുണ്ട്. നെഹ്‌റുവിനെയും മൗലാനാ ആസാദിനെയും വിശ്വസിച്ചു ഇന്ത്യയെ പാകിസ്ഥാനുമേൽ തെരഞ്ഞെടുത്തവരാണവർ. ഇന്നും ബഹുഭൂരിപക്ഷം മുസ്‌ലിംകളും വോട്ട് ചെയ്യുന്നത് കോൺഗ്രസ്സിനും മറ്റു മതേതര കക്ഷികൾക്കുമാണ്. സ്വയം സംഘടിക്കാതെ മതേതര പാർട്ടികളിൽ വിശ്വസിച്ച മുസ്‌ലിംകളുടെ അവസ്ഥ ഇന്നെന്താണ്‌?

കഴിഞ്ഞ 70 വർഷത്തെ മുസ്‌ലിംകൾ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ പരിശോധിച്ചാൽ ‘സെക്കുലർ’ പാർട്ടികൾ മുസ്‌ലിംകളെ വഞ്ചിച്ചതിൻറെ ആഴം മനസ്സിലാകും. അഭിജിത് കുണ്ടു, മിശ്ര, സച്ചാർ റിപ്പോർട്ടുകൾ ഇതിന്റെ നേർരേഖകളാണ്. പ്രശസ്‌ത അഭിഭാഷകനും ചരിത്രകാരനുമായ എ.ജി. നൂറാനി കഴിഞ്ഞ ദിവസം ഡൽഹിയിൽ അസ്‌ഗർ അലി എൻജിനീയർ മെമ്മോറിയൽ പ്രഭാഷണത്തിൽ ഇന്നത്തെ ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥയെ വിശേഷിപ്പിച്ചത് 1857 ലും 1947 ലുമുള്ളതിനേക്കാൾ മോശമാണ് എന്നാണ്.

മുസ്‌ലിംകളോട് ആന്റി ബിജെപി/ഫാസിസ്റ്റ് വിരുദ്ധത പറഞ്ഞു കോൺഗ്രസ്സിന് വോട്ടു പിടിക്കാൻ വരുന്നവർ എന്താണ് നാളിതുവരെ കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്‌തത്‌ എന്ന് പരിശോധിക്കുക. അവർ മുസ്‌ലിംകളോട് ചെയ്‌ത വഞ്ചന പലപ്പോഴും ഹിന്ദുത്വ ശക്തികളുടേതിന് സമാനമാണ്.

2002 ൽ ഗുജറാത്ത് മുസ്‌ലിം വംശഹത്യാനന്തരം കോൺഗ്രസ്സ് മുസ്‌ലിംകളോട് ചെയ്‌തത്‌ തന്നെ ഉദാഹരണമാണ്. ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പുറത്തിറക്കിയ മാനിഫെസ്റ്റോ വിലയിരുത്തുക. ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളിലാണ് മാനിഫെസ്റ്റോ തയ്യാറാക്കിയത്. ഇംഗ്ലീഷിൽ തയ്യാറാക്കിയതിൽ സെക്കുലറിസത്തെ കുറിച്ച് പറഞ്ഞ അവർ ഗുജറാത്തി ഭാഷയിലുള്ളതിൽ നിന്നും അത് നീക്കം ചെയ്‌തു. അതിൽ ആ മുസ്‌ലിം വംശഹത്യയെക്കുറിച്ചു ഒരുവാക്കുപോലും ഉണ്ടായിരുന്നില്ല. ഈ ഗുജറാത്തി, ഇംഗ്ലീഷ് മാനിഫെസ്റ്റോകളിലെ അന്തരം യാദൃശ്ചികമായിരുന്നില്ല എന്ന് രാഷ്ട്രീയ നിരീക്ഷകനായ മിലിന്ദ് ഖാട്വെ നിരീക്ഷിക്കുന്നുണ്ട്.

മുസ്‌ലിംകൾക്ക് സർവ്വവും നഷ്‌ടപ്പെട്ട ആ കാലത്ത് ഒന്നുതിരിഞ്ഞുനോക്കാൻ പോലും കോൺഗ്രസ്സ് നേതാക്കൾ ഉണ്ടായിരുന്നില്ല. റിലീഫ് ക്യാമ്പുകളിൽ കോൺഗ്രസ്സിനെ പ്രതീക്ഷിച്ച ഗുജറാത്തിലെ മുസ്‌ലിംകൾക്ക് നിരാശയായിരുന്നു ഫലം. ഗുജറാത്തിൽ 2002 ൽ ഇറക്കിയ കോൺഗ്രസ്സ് മാനിഫെസ്റ്റോവിലെ മറ്റൊരു പ്രധാനവാഗ്‌ദാനം ‘പശുസംരക്ഷണം’ ആയിരുന്നു. മുസ്‌ലിംകളേക്കാൾ പശുവിനു പ്രാധാന്യം നൽകുന്ന പാർട്ടി ബിജെപി മാത്രമല്ല എന്നും അതിന്റെ വല്യേട്ടൻ കളിക്കാൻ കോൺഗ്രസ്സ് ഇവിടെ ഉണ്ടെന്നുമുള്ളതിന്റെ വ്യക്തമായ സൂചനകൾ അവർ നൽകിക്കൊണ്ടേയിരുന്നു. മധ്യപ്രദേശിൽ ഈ മാസം ഇറക്കിയ മാനിഫെസ്റ്റൊവിലെ ഒരു പ്രധാന വാഗ്‌ദാനം എല്ലാ പഞ്ചായത്തിലും ഓരോ ഗൗശാലയും ഗൗമൂത്രം ശാസ്ത്രീയമായി സംരക്ഷിച്ചു വിൽപന നടത്തുന്ന സംവിധാനവും ഒരുക്കും എന്നതായിരുന്നു.

വർഗീയ കലാപങ്ങളിലടക്കം ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം വിരുദ്ധത കാണിച്ച ചരിത്രമാണ് കോൺഗ്രസ്സിന്റേത്. അവിടെയെല്ലാം തന്ത്രപൂർവ്വം മുസ്‌ലിം വോട്ടുകൾ ഉപയോഗിക്കാൻ കോൺഗ്രസ്സിന് സാധിക്കാറുണ്ട്. അഹമ്മദാബാദ്, മുറാദാബാദ്, ഭഗൽപൂർ, ബോംബൈ കലാപങ്ങളിലെ കോൺഗ്രസ്സ് സമീപനങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും.

നരേന്ദ്രമോദിയുടെ ഹിന്ദുത്വത്തിനെ എതിർക്കുന്ന കോൺഗ്രസ്സ് 2002ൽ വംശഹത്യാനന്തരം മോദിക്ക് നേരെ മണിനഗറിൽ മത്സരിപ്പിച്ചത് യതിൻ ഓജയെ ആയിരുന്നു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഒന്ന് പരിശോധിച്ചാൽ കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പ് മനസ്സിലാകും. രണ്ട് പ്രാവശ്യം ബിജെപിയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓജ ബിജെപിയിൽ നിന്ന് രാജിവെച്ചു കോൺഗ്രസ്സിൽ ചേർന്നത് അയോധ്യയിൽ ബിജെപി വാഗ്‌ദാനം ചെയ്‌ത രാമക്ഷേത്രം അവർ ബോധപൂർവ്വം വൈകിപ്പിക്കുന്നു എന്നുപറഞ്ഞാണ്. അന്ന് നരേന്ദ്രമോദിക്ക് നേരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് ഉയർത്തിക്കാട്ടിയത് ആർഎസ്എസ് സഹചാരിയായ ശങ്കർസിംഗ് വഗേലയെയായിരുന്നു. പിന്നീട് ഇതേ വഗേല 2018 ൽ കോൺഗ്രസ്സിനെ തിരിഞ്ഞുകുത്തിയെന്നത് ചരിത്രം.

കോൺഗ്രസ്സിന്റെ രാഷ്ട്രീയ പരിണാമങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അവർ പറയുന്ന ഹിന്ദുത്വ വിരുദ്ധത പൊള്ളത്തരമാണെന്നു മനസ്സിലാകും. ഹിന്ദുത്വത്തെ തോൽപിക്കാൻ ഹിന്ദുത്വത്തിന്റെ തന്തയാവുന്നത് യാദൃശ്ചികമല്ലെന്നു ചുരുക്കം.

മുസ്‌ലിംകളുടെ ഭാവി

70 വർഷങ്ങൾക്കിപ്പുറവും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അവസ്ഥകൾ മനസ്സിലാക്കിയാൽ രാഷ്ട്രീയമായി സ്വയം സംഘടിക്കാതെ മറ്റു പ്രതീക്ഷകളില്ല എന്ന് കാണാൻ കഴിയും.

കേരളത്തിലെ മുസ്‌ലിം ലീഗ് ഇതിനു വ്യക്തമായ ഉദാഹരണമാണ്. സ്വയം സംഘടിച്ചു രാഷ്ട്രീയമായി ഒരു ശക്തി ആയാലല്ലാതെ മുസ്‌ലിംകളുടെ അവകാശങ്ങളെ തിരിച്ചുപിടിക്കാൻ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്. മുസ്‌ലിംകൾ അങ്ങനെ സ്വയം രാഷ്ട്രീയ ശക്തികളായാൽ കോൺഗ്രസ്സ് അടക്കമുള്ള മതേതരകക്ഷികൾ മുസ്‌ലിം വിഷയത്തെ ഉൾക്കൊള്ളാൻ നിർബദ്ധിതരാവും. അസദുദ്ദീൻ ഉവൈസിയുടെ ഐഐഎംഐഎം, ബദറുദ്ദീൻ അജ്‌മലിൻ്റെ എയുഡിഎഫ് , ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തുടങ്ങിയ മുസ്‌ലിം രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളെ കൂടുതൽ അടുത്തറിഞ്ഞാൽ അത് മനസ്സിലാകും

About the Author

ത്വയ്യിബ് റജബ്
ജാമിഅ മില്ലിയ സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണവിദ്യാർഥിയാണ് ത്വയ്യിബ് റജബ്. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയാണ്.

Be the first to comment on "കോൺഗ്രസ്സിൻ്റെ മത്സരാത്മക ഹിന്ദുത്വവും മുസ്‌ലിംകളുടെ രാഷ്ട്രീയ ഭാവിയും"

Leave a comment

Your email address will not be published.


*