‘എൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ട്.’ പോലീസുകാരൻ്റെ സഹോദരി

തൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖിൻ്റെ കേസ് അന്വേഷിച്ചതുകൊണ്ടാണെന്നു കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ഹിന്ദുത്വവാദികൾ കൊലപ്പെടുത്തിയ പോലീസ് ഇൻസ്‌പെക്‌ടർ സുബോധ് കുമാര്‍ സിങിന്റെ സഹോദരി.

ഇതിൽ പോലീസിനുൾപ്പടെ പങ്കുണ്ട്. ഞങ്ങൾക്ക് വേണ്ടത് പണമല്ല , സഹോദരനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി സദാസമയവും പശു പശു പശു എന്നുപറഞ്ഞു നടക്കുകയാണ്.

അവർ പറഞ്ഞു.

സമൂഹത്തിൽ മതവിദ്വേഷം പ്രചരിപ്പിക്കരുതെന്നു പഠിപ്പിച്ചയാളായിരുന്നു തൻ്റെ പിതാവെന്ന് പോലീസ് ഇൻസ്പെക്ടറുടെ മകൻ അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ സ്യാനയിലാണ് സംഭവം. സംഭവസ്ഥലത്ത് പശുക്കളെ കശാപ്പ് ചെയ്‌തെന്ന പ്രചാരണത്തെ തുടർന്ന് ആൾക്കൂട്ടം അക്രമാസക്തമായി പ്രതിഷേധിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. പശുക്കളുടെ ശരീരഭാഗങ്ങളുമേന്തി നാനൂറോളം പേര്‍ റോഡ് ഉപരോധിക്കുകയും സംഭവസ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പോലീസ് സ്റ്റേഷന് നേരെയും ആക്രമണമുണ്ടായി. സുബോധ് കുമാര്‍ സിങിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങിക്കിടക്കുന്ന സുബോധ് കുമാറിന്റെയും ചുറ്റും യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഫോറൻസിക്ക് ലാബിലേക്ക് മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മാംസത്തിന്റെ സാമ്പിളുകള്‍ എത്തിച്ച പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാര്‍ സിങായിരുന്നു. പൊലീസ് കണ്ടെത്തിയ മാംസം ആടിന്റേതായിരുന്നുവെന്നായിരുന്നു സുബോധ് കുമാര്‍ അന്വേഷിച്ചപ്പോള്‍ ആദ്യംവന്ന ഫോറന്‍സിക് പരിശോധനാ ഫലം. ഇതിന് പിന്നാലെയാണ് സുബോധിനെ സ്ഥലം മാറ്റുന്നത്. പിന്നീട് വന്ന ഉദ്യോഗസ്ഥന്‍ പശുവിന്റെ മാംസമായിരുന്നു ഇതെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചു എന്ന കള്ളപ്രചാരണം നടത്തിയായിരുന്നു ഹിന്ദുത്വവാദികൾ അഖ്‌ലാഖിനെ കൊലപ്പെടുത്തിയത്.

സുബോധ് കുമാര്‍ സിങ്ങിനെ അക്രമകാരികൾ ഉന്നം വെച്ചിരുന്നതായി പോലീസ് ഡ്രൈവർ പറഞ്ഞു. പോലീസുകാരൻ്റെ മൃതദേഹം പോലീസ് വാഹനത്തിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപെടുന്നുണ്ട്.

സംഭവസ്ഥലത്ത് ഇരുപത്തഞ്ചോളം പശുക്കളെ കൊന്നിട്ട് ഉപേക്ഷിച്ചു സംഘ്പരിവാർ പ്രവർത്തകർ കലാപത്തിന് ആസൂത്രണം ചെയ്യുകയായിരുന്നു എന്നും വാദങ്ങളുണ്ട്. തൊട്ടടുത്തു നടക്കുന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനെയവരാണ് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്ന വ്യാജപ്രചാരണവും തീവ്രഹിന്ദു സംഘടനകൾ പ്രചരിപ്പിക്കുന്നുണ്ട്.

അതേ സമയം, സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബജ്‌റംഗദള്‍ ജില്ലാ നേതാവ് യോഗേഷ് രാജ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. യോഗേഷ് രാജിന് പുറമെ ബി.ജെ.പി യൂത്ത് വിങ് അംഗമായ ശിഖര്‍ അഗര്‍വാളിനേയും വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നല്‍കിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു. എഫ്.ഐ.ആറില്‍ 27 ആളുകളെ പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട 60 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Be the first to comment on "‘എൻ്റെ സഹോദരൻ കൊല്ലപ്പെട്ടത് അഖ്‌ലാഖ് കേസ് അന്വേഷിച്ചതുകൊണ്ട്.’ പോലീസുകാരൻ്റെ സഹോദരി"

Leave a comment

Your email address will not be published.


*