പശുക്കളെ കൊലപ്പെടുത്തിയെന്ന വ്യാജേന കലാപമുണ്ടാവുകയും ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെടുകയും ചെയ്ത അതേ ബുലന്ദ്ഷഹറില്‍ മുസ്ലിംകള്ക്ക് പ്രാര്‍ഥിക്കാന്‍ ക്ഷേത്രത്തില്‍ സൗകര്യമൊരുക്കി ഹിന്ദുമതവിശ്വാസികള്‍. കലാപം നടന്ന മഹൗ ഗ്രാമത്തില്‍ നിന്ന് വെറും മുപ്പതിയഞ്ച് കിലോമീറ്റര്‍ ദൂരത്തിലുള്ള ജയ്നൂര് ഗ്രാമത്തിലാണ് മുസ്ലിംകള്ക്ക് നമസ്കരിക്കാനായി ശിവക്ഷേത്രത്തില്‍ സൗകര്യമൊരുക്കിയത്.
ബുലന്ദ്ഷഹറില്‍ നടക്കുന്ന തബ്ലീഗ് ജമാഅത്തില്‍ പങ്കെടുക്കാനായി പല ഭാഗത്തു നിന്നും നൂറുകണക്കിനു വിശ്വാസികളാണെത്തുന്നത്. കലാപവും ട്രാഫിക് നിയന്ത്രണങ്ങളുമായതോടെ പലര്‍ക്കും നിശ്ചയിച്ച നേരത്ത് മസ്ജിദുകളിലേക്കെത്താനായില്ല. ആ സമയം ജയ്നൂര് ഗ്രാമത്തിലെ ഹിന്ദുമതവിശ്വാസികള്‍ യോഗം കൂടി ശിവക്ഷേത്രത്തില്‍ നമസ്കരിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൈപ്പുകളുപയോഗിച്ച് വുളുവെടുക്കാനുള്ള (അംഗശുദ്ധി) സജ്ജീകരണങ്ങളുമൊരുക്കി.

”ട്രാഫിക് ബുദ്ധിമുട്ടുകളും മറ്റും കാരണം മുസ്ലിം സഹോദരങ്ങള്‍ക്ക് പള്ളിയിലെത്താനായില്ല. പെട്ടെന്ന് ഞങ്ങള്‍ ചെറിയൊരു മീറ്റിങ് കൂടി ശിവക്ഷേത്രത്തില്‍ അതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. ക്ഷേത്ര സന്നിധിയില്‍ അവര്‍ പ്രാര്‍ഥിക്കുന്ന കാഴ്ച ഉള്ളു നിറക്കുന്നതായിരുന്നു” – ജയ്നൂര് ഗ്രാമത്തിലെ കച്ചവടക്കാരന് രാകേഷ് പറയുന്നു.
ബുലന്ദ്ഷാഹറില് നടന്ന കൊലപാതകങ്ങളെ വിമര്‍ശിച്ച ക്ഷേത്രത്തിലെ പൂജാരി അമര്‍ സിങ്ങ്, വിദ്വേഷത്തിന്റെ രാഷ്ട്രീയം പറയുന്ന അത്തരം അക്രമകാരികള്‍ക്കുള്ള യഥാര്‍ഥ മതവിശ്വാസിയുടെ, മതമൈത്രിയുടെ സന്ദേശമാണിത് എന്നു ചൂണ്ടിക്കാണിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലും യാത്ര ചെയ്യുന്ന മുസ്ലിം വിശ്വാസികള്‍ക്ക് ആവശ്യമാണെങ്കില്‍ പ്രാര്‍ഥനാ സൗകര്യമൊരുക്കുമെന്നാണ് ഗ്രാമീണരുടെ പക്ഷം.
ലക്ഷക്കണക്കിനു പേര് പങ്കെടുക്കുന്ന തബ്ലീഗ് ജമാഅത്തിനിടയില്‍ കലാപമുണ്ടാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു സുബോധ് കുമാര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ട കലാപമെന്ന വാര്‍ത്തകളുണ്ട്. ചത്ത പശുക്കളെ ഗ്രാമത്തില്‍ കൊണ്ടിട്ട് കലാപത്തിന് ആസൂത്രണം നടത്താനും മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സംഘപരിവാര ശ്രമങ്ങളുടെ മുനയൊടിക്കുകയാണ് ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം ഗ്രാമങ്ങള്‍.
Be the first to comment on "മുസ്ലിംകള്ക്ക് നമസ്കരിക്കാന്‍ ശിവക്ഷേത്രം തുറന്നുകൊടുത്തു – ബുലന്ദ്ഷഹറിലെ ഹിന്ദു-മുസ്ലിം സൗഹൃദം"