https://maktoobmedia.com/

തണുപ്പുകാലത്ത് ‘കാരുണ്യമതിലുമായി’ കാശ്‌മീർ യുവാക്കൾ

അതിശൈത്യത്തിൻ്റെ കാലമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കാശ്‌മീർ. ശ്രീനഗറിൽ ഇതെഴുതുന്ന സമയം പകലിൽ 2 ഡിഗ്രിയാണ് കാലാവസ്ഥ. രാത്രി സമയങ്ങളിൽ പൂജ്യത്തിനും താഴെയും.

അതിശൈത്യം കാരണം കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ മരണപ്പെട്ടത് പതിനായിരത്തിലധികം പേരാണ്. വീടുകളിൽ കഴിയാതെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും കൊച്ചുകുടിലുകളിലും കഴിയുന്നവർക്ക് തണുപ്പുകാലത്തെ പ്രതിരോധിക്കൽ പ്രയാസകരമാണ്. ഇത്തരം ആളുകൾക്ക് സഹായ ഹസ്‌തവുമായി ഇറങ്ങിയിരിക്കുകയാണ് കാശ്‌മീർ ശ്രീനഗറിലെ ഒരു കൂട്ടം യുവാക്കൾ.

Wall of Kindness

ശ്രീനഗറിലെ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ കാരുണ്യമതിൽ ‘ Wall of Kindness’ സ്ഥാപിച്ചാണ് തണുപ്പിനെ പ്രതിരോധിക്കാൻ നൂറുകണക്കിന് പേർക്ക് ഈ യുവാക്കൾ സൗകര്യം ഒരുക്കുന്നത്. സ്ഥലത്തെ പ്രധാന സ്പോട്ടിൽ ഒരു മതിൽ കണ്ടെത്തുകയാണ് ആദ്യപണി. തുടർന്ന് അതിൽ ചിത്രപ്പണികൾ. ഒപ്പം Wall of Kindness എന്ന എഴുത്തും. മതിലിൽ മുഴുവനും കൊളുത്തുകൾ സ്ഥാപിക്കലാണ്‌ അടുത്തത്. അവിടെ നിങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ, മഫ്ളർ. പുതപ്പ് , ഷൂ എന്നിവ കൊണ്ടുപോയിവെക്കാം. തങ്ങളുടെ അടുക്കൽ മിച്ചമുള്ളതോ പുതിയവയോ അവിടെ വെക്കാമെന്നും മതിലിൽ നിർദേശം കാണാം.

പിന്നീട് ആവശ്യമുള്ളവർ അവിടെവന്നു ജാക്കറ്റുകളും പുതപ്പുകളും എടുത്തുകൊണ്ടുപോകും. ആവശ്യം കഴിഞ്ഞാൽ അവിടെ തന്നെ തിരിച്ചുകൊണ്ടുവെക്കും. ചില ഏരിയകളിൽ മതിലിനടുത്തു ഒരു സംവിധാനമുണ്ടാക്കി ഭക്ഷണങ്ങളുടെ വിതരണവും ഉണ്ട്.

ശ്രീനഗറിലെ ഒരു കൂട്ടം യുവാക്കൾ മുഴുവൻ സമയവും ഇതിനായി നീക്കിവെച്ചിരിക്കുകയാണ്. Who is Hussain എന്ന എൻജിഒയുടെ വളണ്ടിയർമാരാണ് ഈ കാരുണ്യമതിലിൻറെ സംഘാടകർ. ശ്രീനഗർ മുനിസിപ്പൽ കമ്മീഷൻ തങ്ങൾക്ക് പൂര്ണപിന്തുണയാണ് നൽകുന്നതെന്ന് വളണ്ടിയർമാരിലൊരാളായ അബ്‌റാർ അലി പറഞ്ഞു.

ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം മാതൃകാപരമായ സംവിധാനങ്ങൾ കണ്ടിട്ടുണ്ട്. അതുപോലെ ഒന്നാണിത്. ആളുകൾ തമ്മിലുള്ള അകലങ്ങളൂം കുറയും എന്നതാണ് ഇത്തരം കാരുണ്യമതിലുകളുടെ സവിശേഷത.

അബ്‌റാർ അലി പറഞ്ഞു.

കടപ്പാട്: റൈസിംഗ് കാശ്‌മീർ

Be the first to comment on "തണുപ്പുകാലത്ത് ‘കാരുണ്യമതിലുമായി’ കാശ്‌മീർ യുവാക്കൾ"

Leave a comment

Your email address will not be published.


*