https://maktoobmedia.com/

‘ബിജെപിയിൽ നിന്നും ദലിത് എംപിമാർ പുറത്തുവരണം, മനുവാദികളുടെ പാർട്ടിയാണത്’: സാവിത്രി ഫൂലെ

‘ഈ ഗവണ്മെന്റ് നമ്മുടെ ഭരണഘടനയെ തകർക്കാൻ പ്രതിജ്ഞ എടുത്ത കൂട്ടരാണ്. ഭരണഘടനയെ സംരക്ഷിക്കാൻ മറ്റൊരു അംബേദ്‌കർ ഇനി വരില്ല. എൻ്റെയും നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്  രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത്. ഭരണഘടനയുടെ സംരക്ഷണത്തിനും നമ്മുടെ നിലനിൽപ്പിനും വേണ്ടി നാം അത് ചെയ്തേ തീരൂ.’ കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്നും രാജിവെച്ച ലോകസഭാംഗം സാവിത്രി ഭായ് ഫൂലെയുടെ വാക്കുകളാണ്.

ബിജെപിയുടെ ദലിത് വിരുദ്ധത, മതവിദ്വേഷം പരത്തുന്ന പ്രവർത്തികൾ, ഭരണഘടനയോടുള്ള വെല്ലുവിളികൾ എന്നിവയാണ് തന്നെ പാർട്ടിയിൽ നിന്നും രാജിവെക്കാൻ പ്രേരിപ്പിച്ചതെന്ന് സാവിത്രി ദി സിറ്റിസൺ മീഡിയയോട് പറഞ്ഞു.

ബിജെപിയും ആർഎസ്എസും ഈ രാജ്യത്തെ ദലിതരുടെ, ആദിവാസികളുടെ, മറ്റു പിന്നാക്കജാതിക്കാരുടെ, മുസ്‌ലിംകളുടെ അവകാശങ്ങൾ നിരന്തരം ഹനിക്കുകയാണ്. നരേദ്രമോദിയുടെ സർക്കാർ പിന്തുടരുന്നത് മനുസ്‌മൃതിയെയാണ്. ഭരണഘടനയെ അല്ല.

സാവിത്രി പറഞ്ഞു.

കഴിഞ്ഞ പതിനേഴു വർഷമായി താൻ രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നുവെന്ന് പറഞ്ഞ സാവിത്രി ഇനിമുതൽ  രാജ്യത്തെ എല്ലാ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളോടും സമുദായങ്ങളോടും ഒപ്പം ചേർന്ന് അവർക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുമെന്നും പറഞ്ഞു.

ബഹറിച് മണ്ഡലത്തിൽ നിന്നും വിജയിച്ചാണ് സാവിത്രി ലോക്‌സഭയിലേക്ക് എത്തിയത്. ഡിസംബർ ആറിനാണ് സാവിത്രി ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജി വെച്ചത്. ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികദിനത്തിലാണ് ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് താന്‍ രാജിവയ്ക്കുന്നതെന്ന് സാവിത്രി അന്ന് പറഞ്ഞു.

2019 തെരഞ്ഞെടുപ്പിൽ ഞാൻ ബിജെപിക്കെതിരെ കാമ്പയിൻ ചെയ്യും. നമ്മൾ ഒന്നിച്ചു വരണം. ഒന്നിച്ചുനിന്നു ബിജെപിക്കെതിരെ കാമ്പയിൻ ചെയ്യണം. അംബേദ്‌കർ ഈ രാജ്യത്തെ പാർശ്വവൽകൃത ജനതയുടെ അവകാശമായി പറഞ്ഞ സംവരണത്തിന് എതിരാണ് ബിജെപിയുടെ നയങ്ങളും പരിപാടികളും.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാവിത്രി മറുപടി നൽകി.

ലോക്‌സഭയിൽ താൻ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും ബിജെപിയോ ഗവൺമെന്റോ മറുപടി നൽകിയില്ലെന്നും പാർട്ടി ദലിത് വിരുദ്ധതയുടെ കേന്ദ്രമാണെന്നും സാവിത്രി രൂക്ഷമായി വിമർശിച്ചു.

എല്ലാ ദലിത് എംപിമാരും ഒന്നിച്ചുനിൽകേണ്ട സമയമായിരിക്കുന്നു. പാർട്ടിയുടെ പരിധികൾ ലംഘിക്കുകയും പാർലമെന്റിലും പുറത്തും പാർശ്വവൽകൃതരുടെ വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ദലിത് എംപിമാരുടെ കൂട്ടായ്‌മ വേണം. ബിജെപി ദലിത് എംപിമാരെ അടിമകളാക്കാൻ ശ്രമിക്കുകയാണ്. പാർട്ടിയിലെ ദലിത് നേതാക്കളുടെ മൗനം അടിസ്ഥാനപരമായി മനുവാദികളെ സഹായിക്കുകയേ ഉള്ളൂ.

സാവിത്രി തൻ്റെ സഹപ്രവർത്തകരോട് പറഞ്ഞു.

ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവർക്കും സുരക്ഷ ഒരുക്കുന്ന ജനാധിപത്യത്തിൻറെ ഗ്യാരണ്ടിയാണ് ഭരണഘടന എന്നത്. മുസ്‌ലിംകൾ ഇന്ത്യയുടെ പൗരന്മാരല്ലേ? അവർക്ക് ഈ രാജ്യത്തിൽ തുല്യാവകാശങ്ങളില്ലേ? ബിജെപി ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുകയാണ്. ഇത് തുടരാൻ അനുവദിക്കരുത്.

സിറ്റിസൺ മീഡിയ പ്രതിനിധിയോട് സംസാരിക്കവെ സാവിത്രി കൂട്ടിച്ചേർത്തു.

Be the first to comment on "‘ബിജെപിയിൽ നിന്നും ദലിത് എംപിമാർ പുറത്തുവരണം, മനുവാദികളുടെ പാർട്ടിയാണത്’: സാവിത്രി ഫൂലെ"

Leave a comment

Your email address will not be published.


*