https://maktoobmedia.com/

എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല

വിനീത വിജയൻ

ജില്ലാതല മത്സരത്തിൽ ഒന്നാമതെത്തിയിട്ടും സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ അവതരിപ്പിക്കപ്പെടുന്നതിന് കോടതി അനുമതി നിഷേധിച്ചതിനെയും നിരവധി മുസ്‌ലിം സംഘടനകളുടെ സംഘടിത പ്രതിഷേധം നാടകാവതരണത്തിനെതിരെ ഉണ്ടായതിനെയും തുടർന്നാണ് വടകര മേമുണ്ട ഹൈസ്കൂളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച കിത്താബ് നാടകം സാംസ്കാരിക കേരളത്തിൻ്റെ ശ്രദ്ധയിലെത്തുന്നത്.

‘വാങ്ക് ‘ ഉണ്ണി.ആര്‍ എഴുതി സമകാലിക മലയാളം വാരികയിൽ 2018 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണ്. ഈ കഥയുടെ സ്വതന്ത്ര നാടക ആവിഷ്കാരമെന്ന ആമുഖ വാചകത്തോടെയാണ് കിത്താബ് എന്ന നാടകം ആരംഭിക്കുന്നത്. വാങ്ക് എന്ന ചെറുകഥയുടെ വികലവും മതസ്പർദ്ധ കുത്തിച്ചെലുത്തിയതുമായ വികലാനുവർത്തനം മാത്രമാണ് കിത്താബ് എന്ന നാടകം എന്ന് വാങ്കും കിത്താബും ചേർത്തു വായിക്കുന്നവർക്ക് പകൽ പോലെ വ്യക്തമാവും.

വാങ്ക് എന്ന കഥ ആരംഭിക്കുന്നത് വള്ളത്തോൾ നാരായണമേനോൻ്റെ അല്ലാഹ് എന്ന കവിതയിലെ വരികൾ ഉദ്ധരിച്ചു കൊണ്ടാണ്.

“പ്രജകള്‍തന്‍കുറ്റം പൊരുത്തരുളുവാന്‍
ത്രിജഗതീ പിതാവൊടു പലപ്പോഴും
നിബിഡപ്രേമത്താലപേക്ഷിച്ചു പോന്ന
നബിത്തിരുനാവിന്‍ തലയ്ക്കല്‍ നിന്നപ്പോള്‍,
ഗുരുവധക്രിയയ്ക്കുഴറിനില്ക്കുമാ
ക്കരാളന്നും കൈവാള്‍ വഴുതിപ്പോംവണ്ണം
അതിസ്‌നിഗ്ദ്ധഭക്തിരസമൊഴുക്കി നി
ഷ്പതിച്ചത, ‘ല്ലാഹെ’ന്നൊരു ചെറുപദം ”

ലോകത്തിൻ്റെ പാപങ്ങൾ മുഴുവൻ പൊറുത്തു കൊടുക്കുവാൻ ജഗദീശ്വരനോടിരക്കുന്ന, കൊല്ലാൻ ആയുധമെടുക്കുന്നവൻ്റെ കൈകളെപ്പോലും അതിസ്നിഗ്ദ്ധ ഭക്തിയാൽ പിന്തിരിപ്പിക്കുന്ന അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടുള്ള കവിതയിൽ നിന്നുമാണ് കവിത പോലെയുള്ള വാങ്കെന്ന മനോഹരമായ കഥ തുടങ്ങുന്നത്. ദീപ, ജ്യോതി,ഷമീന, റസിയ, വിദ്യാർത്ഥിനികളായ നാലു പെൺകുട്ടികൾ, കോളേജ് പഠനകാലം അവസാനിക്കുന്നതിന് ഒരു മാസം മുൻപ് തങ്ങൾക്ക് ഇതുവരെ സാധിക്കാനാവാത്ത, പഠനകാലം കഴിഞ്ഞാൽ ഇനിയൊരിക്കലും സാധിക്കുകയേയില്ലായെന്ന് ഉറപ്പുള്ള അവരുടെ ആഗ്രഹങ്ങൾ പരസ്പരം പറയുകയാണ്.

”ഹെഡ്ഡിൻ്റെ നെറച്ചും രോമമുള്ള കയ്യിലൊന്ന് ഉമ്മവെക്കണം” എന്ന്.ദീപ.
” ഇംഗ്ലീഷിലെ ജോണിനോട് ഇഷ്ടമാണെന്ന് പറയണം.” എന്ന് ജ്യോതി.
”അഷറഫിൻ്റെ കൂടെയിരുന്ന് സിനിമ കാണണം.” എന്ന് ഷമീന. മൗനമായിരുന്ന റസിയയെ കൂട്ടുകാരികൾ അവളുടെ ആഗ്രഹം എന്തെന്നു പറയാൻ നിർബ്ബന്ധിച്ചു
“, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?” അവർ ആവർത്തിച്ചു ചോദിച്ചു.
അതൊന്നുമായിരുന്നില്ല അവളുടെ ആഗ്രഹം. അവൾക്കൊന്നു വാങ്കുവിളിക്കണമായിരുന്നു ആ വാങ്കുവിളി അവളുടെ ഉള്ളിൽ ബാല്യത്തിൽ കയറിക്കൂടിയതാണ് കുഞ്ഞുന്നാളിൽ ഉമ്മക്കും വാപ്പക്കും ഒപ്പം മൃഗശാല കാണാൻ പോയപ്പോൾ അഴിക്കുള്ളിലായ മൃഗത്തെ കണ്ടാസ്വദിക്കാനാവാതെ അസ്വസ്ഥയായി അതിനെ തുറന്നു വിടാൻ കരഞ്ഞു തളർന്ന ഒരോർമ്മയുടെ തുടർച്ചയിലാണ് തൻ്റെ സ്വപ്നത്തിലെ സ്വാതന്ത്ര്യത്തിൻ്റെ ആകാശത്തേക്ക് ഉച്ചത്തിലുയരെ ഉയർന്ന ഒരു വാങ്ക് വിളി അവളുടെ ഉള്ളിലേക്കാഴ്ന്നിറങ്ങിയത്. അതു പിന്നെ അവളെ വിട്ടു പോയതേയില്ല.

കഥ ഇങ്ങനെ പറയുന്നു: “റസിയയുടെ ഇരുകാതുകളിലും ആരും കാണാതെ വാങ്ക് വിളിയുടെ സംഗീതം ഒരാഭരണം പോലെ ചേര്‍ന്നിരുന്നു”. അത്രമേൽ പ്രിയപ്പെട്ട അവളുടെ ആശയെ പക്ഷേ ഭ്രാന്തു പറച്ചിലായാണ് എന്തിനും കൂടെ നിൽക്കാമെന്ന് പറഞ്ഞ കൂട്ടുകാർ പോലുംകേട്ടത്. അവർ അവളെ തിരുത്താൻ ശ്രമിച്ചു ” മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ.” എന്നാവശ്യപ്പെട്ടു. അവൾക്ക് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. സുഹൃത്തിനേപ്പോലെ സ്വതന്ത്രയായി ഇടപെടാനാവുന്ന തൻ്റെ ഉമ്മയോടും അവളത് തന്നെ പറഞ്ഞു. ഉമ്മ അവളോട് മറുപടി ഒന്നും പറഞ്ഞില്ല. ജ്യോതിയുടെയും ദീപയുടെയും ഷമീനയുടെയും ആഗ്രഹങ്ങൾ അവരാശിച്ചതിനേക്കാൾ ഭംഗിയായി നടന്നു. തൻ്റെ ആഗ്രഹത്തിന് എല്ലാ എതിർപ്പുകളേക്കാളും വില നൽകിയ റസിയ വാങ്കിൻ്റെ സംഗീതം ദൈവത്തിലേക്കുള്ള ക്ഷണമാണെന്നും അതത്ര മേൽ തന്നെ പിന്തുടരുന്നുവെന്നും തോന്നുകയാൽ അടുത്ത വെള്ളിയാഴ്ച  രാവിലെ വെല്ല്യുമ്മയുടെ നിസ്‌ക്കാരപ്പായയും വലിയൊരു അടപ്പുമൊന്തയില്‍ വുള് എടുക്കാനുള്ള വെള്ളവുമായി കാടുകയറി ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയിലേക്ക് പുറപ്പെടുന്നു. ജ്യോതിയുടെ ആൺസുഹൃത്ത് അവൾക്ക് തുണപോകുന്നു. കാടിനുള്ളിലേക്ക് ഒരു ആണും പെണ്ണും കയറിപ്പോവുന്നതു കണ്ട് അക്രമിക്കാനെത്തിയ സാമൂഹ്യ വിരുദ്ധ സംഘം ഉച്ചത്തിൽ ഉയരുന്ന അവളുടെ വാങ്കുവിളി കേട്ട് അസ്തപ്രജ്ഞരായി നിൽക്കേ അവരെ നോക്കി ചിരിച്ചു കൊണ്ട് തിരികെയിറങ്ങുന്ന റസിയയിലാണ് വാങ്ക് എന്ന മനോഹരമായ കഥ അവസാനിക്കുന്നത്.

ഇനി നമുക്ക് “പെൺ ആത്മീയതയുടെ” വേറിട്ട ഈ എഴുത്തിനെ എത്ര വികലമായാണ് കിത്താബിലേക്ക് പകർത്തുന്നത് എന്നു വായിക്കാം.

അള്ളാവിൻ്റെ മഹത്വപ്രകീർത്തനമായ വള്ളത്തോൾ വരികൾ ഒഴിവാക്കി “പട്ടാപ്പകൽ ചൂട്ടും കത്തിച്ച് മനുഷ്യനെ തേടി നടന്നുവെന്നാണ് ” കിത്താബ് നാടകം തുടങ്ങുന്നത്. ദീപയും ജ്യോതിയും ഷെമീനയും ഇല്ല ,റസിയയുടെ അപരകളായി പ്രതിധ്വനിക്കുന്ന തട്ടമിട്ട മൂന്നുപെൺകുട്ടികൾ മാത്രം! മീൻ വറുക്കുന്ന ഉമ്മുക്കുൽസു എന്ന ഉമ്മ ആ മീൻ വറുത്തത് തൻ്റെ മകൾക്ക് കൊടുക്കാതിരിക്കാൻ വാപ്പയോടൊപ്പം കിണഞ്ഞു പരിശ്രമിക്കുന്നു. അടുത്ത രംഗത്തിൽ ”മുക്രിയാക്കി മാറ്റിയ “വാപ്പയെന്ന കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത് ”പുരുഷന്റെ വാരിയെല്ലിൽ നിന്നാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പകുതി ബുദ്ധിയേ പെണ്ണിനുള്ളൂ. എന്ന് കിത്താബിൽ പറയുന്നുണ്ട്. അതു കൊണ്ട് ആണുങ്ങൾ കഴിക്കുന്നതിൻ്റെ പകുതിമതി”യെന്നാണ്. ഏതു കിത്താബിലാണ്, ഇത്തരത്തിൽ പറഞ്ഞിട്ടുള്ളത് എന്ന് മറുപടി പറയേണ്ടത് നാടകകാരൻ മാത്രമാണ്. ഇസ്‌ലാമിൻ്റെ ‘കിത്താബിൽ ” ആണെങ്കിൽ നീ ഭക്ഷിക്കുന്ന അതേ ഭക്ഷണവും നിൻ്റെ വസ്ത്രത്തിനു തുല്യമാം വിധം ശ്രേഷ്ഠമായ വസ്ത്രവും നിന്റെ ഇണക്ക് നൽകുക ” എന്നാണ് പറയുന്നത്. പുരുഷൻ്റെ വാരിയെല്ലു കഥ കിത്താബിൽ എവിടെയും പറയുന്നില്ല താനും!

ഉണ്ണി.ആറിൻ്റെ മൂലകഥയിൽ ഇത്തരത്തിൽ ഒരു മീൻ വറുക്കൽ രംഗമേയില്ല എന്ന് മാത്രമല്ല ” അരുത് വേണ്ട” എന്നൊന്നും ജീവിതത്തിൽ ഒരിക്കലും തൻ്റെ മകളോട് പറയാത്ത, വാങ്കുവിളിക്കണമെന്ന അവളുടെ ആഗ്രഹത്തിനു പോലും വേണ്ട എന്നു പറയാത്ത പഠിച്ചു കൊണ്ടിരിക്കുന്ന മകൾക്ക് കല്യാണമാലോചിച്ച് വന്നവരോട് [വാപ്പയോടു ചോദിക്കട്ടേ എന്നു പോലും പറയാതെ ] “അവൾ പഠിത്തം കഴിഞ്ഞ് ഐ.എ.എസ് കോച്ചിംഗിന് പോകുവാ, അതുകൊണ്ട് ഇപ്പം കെട്ടിക്കുന്നില്ല” എന്നു പറയുന്ന ഉമ്മയെയാണ് നാടകക്കാരൻ മാമൂൽ വാദിയും സ്വന്തം മകൾക്ക് ആഗ്രഹിക്കുന്ന ഭക്ഷണം പോലും നൽകാത്തവളും വാങ്കുവിളിക്കണമെന്ന അവളുടെ ആഗ്രഹം കേട്ട ഉടനെ ബോധക്കേടു വരുന്നവളുമാക്കുന്നത്.

“എല്ലാം ആണുങ്ങളുടെ പകുതി മതിയെങ്കിൽ എന്തിനാണ് പുരുഷന്മാരുടെ ഇരട്ടിവസ്ത്രങ്ങൾ മാത്രം സ്ത്രീക്ക് ” എന്ന് റസിയ വാപ്പയോട് ചോദിക്കുന്നത് വലിയ കയ്യടി നേടുന്നു. ഈയൊരു കൈയ്യടി വാങ്ങൽ ചോദ്യത്തിലേക്ക് എത്തിക്കുന്നതിനു വേണ്ടി മാത്രം ഇസ്‌ലാം മതത്തെ പുരോഗമനവിരുദ്ധമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന എത്രയേറെ സംഭാഷണങ്ങൾ, രംഗങ്ങൾ.

“പുരുഷന്മാർ കിത്താബിനനുസരിച്ച് ജീവിച്ചാൽ സ്വർഗ്ഗത്തു ഹൂറികളെക്കിട്ടും. സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന പുരുഷന്മാരെ കിട്ടില്ലല്ലോ” എന്നാണ് റസിയയെ കൊണ്ട് നാടകകൃത്ത് ചോദിപ്പിക്കുന്ന മറ്റൊരു ചോദ്യം. “ലോകാവസാനം!” എന്ന് മുക്രി വാപ്പയുടെ പ്രതികരണം. തൻ്റെ കൂട്ടുകാരികൾ ഇഷ്ടമുള്ള / ആഗ്രഹം തോന്നിയ പുരുഷനോട് അത് പ്രകടിപ്പിക്കുമ്പോൾ ഒരു കിത്താബിനെയും ഭയക്കാതെ അതിനെ പിന്തുണക്കുന്നവളും സ്വയം അത്തരത്തിലുള്ള ആഗ്രഹങ്ങൾക്കുപരി വാങ്ക് വിളിയെന്ന തീവ്രാത്മീയേച്ഛയെ കൊണ്ടു നടക്കുന്ന വിദ്യാഭാസം നേടിയ സ്വതന്ത്ര ചിന്തയുള്ള സ്ത്രീയാണ് റസിയ. സ്വർല്ലോകത്ത് ഇഷ്ട പുരുഷപ്രാപ്തി നേടാൻ ഉതകാത്തതിനാൽ തൻ്റെ മതവിശ്വാസപ്രമാണങ്ങളെ തള്ളിക്കളയുന്നവളല്ല. മതാത്മക ആത്മീയത പുരുഷനെന്നതു പോലെ സ്ത്രീക്കും അവളാഗ്രഹിക്കുന്നേടത്തോളം അഭിമതമാണെന്നുറക്കേ, ആർജ്ജവത്തോടെ പ്രഖ്യാപിക്കുന്നവളാണ് റസിയ., അത്തരത്തിലെഴുതപ്പെട്ട മലയാള സാഹിത്യത്തിലെ തന്നെ വേറിട്ട സ്ത്രീ കഥാപാത്രമായ റസിയയെക്കൊണ്ട് തികച്ചും വിരുദ്ധമായ സംഭാഷണങ്ങൾ പറയിക്കുന്നത്, ആ കഥാപാത്രത്തോടും കഥയോടും അതിലൂടെ കഥാകൃത്തിനോടും കാണിക്കുന്ന അനീതി തന്നെയാണ്

കിത്താബിൽ പറയുന്നതുപോലെ, ഉണ്ണി. ആറിൻ്റെ കഥയിൽ മതപുരുഷനല്ല വില്ലൻ. ”വാപ്പ ജുമുഅ നിസ്കാരത്തിനായി പളളിയിലേക്ക് പോയി” എന്നല്ലാതെ കഥയിൽ ഒരേടത്തും വാപ്പ മുക്രി ആണെന്നു പറയുന്നില്ല. കഥയുടെ ആരംഭത്തിൽ പറയുന്ന വളളത്തോൾ വരികളിലെ പോലെ കൊല്ലാൻ ആയുധമെടുക്കുന്നവൻ്റെ കൈകളെപ്പോലും ഭക്തിയാൽ ബലഹീനമാക്കാൻ പോന്ന പ്രാർത്ഥനയിലേക്ക് തൻ്റെ സംഗീതാത്മകമായ ശബ്ദത്താൽ ലോകത്തെ സ്വാഗതം ചെയ്യുന്നവനായ കഥാപാത്രത്തെ, തൻ്റെ മകളെ കൊല്ലാൻ വെട്ടുകത്തിയെടുക്കുന്ന അപരിഷ്കൃതനും ക്രൂരനുമാക്കിയാണ് നാടകകൃത്ത് രംഗത്തെത്തിച്ചിരിക്കുന്നത്.

ഉണ്ണി.ആറിൻ്റെ കഥയിലെ റസിയ യഥാർത്ഥ ജീവിതത്തിലാണ് വാങ്കു വിളിക്കുന്നത്. നാടകത്തിനുള്ളിലെ നാടകത്തിലാണ് കിത്താബിലെ റസിയ വാങ്കുവിളിക്കുന്നത്. എത്ര ധീരവും സ്വതന്ത്രവുമായ പെൺസ്വരമാണ് വാങ്കിലെ റസിയയുടേത്.

കിത്താബിലെ റസിയക്ക് അതിന്റെ അന്ധമായ വികല പ്രതിധ്വനിയാവാനേ സാധിക്കുന്നുള്ളൂ
എന്ന് കഥാകൃത്ത് കൃത്യമായി തിരിച്ചറിഞ്ഞിടത്താണ്  ”ലോകമെമ്പാടും ഇസ്‌ലാം വിരുദ്ധത ഒരു ക്യാംപെയിൻ പോലെ നടക്കുമ്പോൾ എന്റെ കഥയുടെ പേരിൽ ഇസ്‌ലാമിനെ ഒരു പ്രാകൃത മതമായി അവതരിപ്പിക്കുമ്പോൾ അതിനെ നീതീകരിക്കാൻ എനിക്കാവുന്നില്ല. എൻ്റെ കഥയുടെ പേരിൽ അത്തരത്തിൽ ഒരു ശ്രമം ആരു നടത്തിയാലും എതിർക്കേണ്ടതുണ്ട്. ഇസ്‌ലാമിക തീവ്രവാദവും ഹിന്ദു തീവ്രവാദവും ഒത്തുതീർപ്പുകൾ അർഹിക്കുന്നില്ല എന്നതാണ് എൻ്റെ രാഷ്ട്രീയ നിലപാട്. പക്ഷേ ഇന്ത്യൻ വർത്തമാനകാല സാഹചര്യത്തിൽ ആരോഗ്യകരമല്ലാത്ത ഇസ്‌ലാം വിമർശനം ( ഇസ്‌ലാമിനെ പ്രാകൃത മതമായി പരിഹസിക്കുക, വിദ്യാഭ്യാസമില്ലാത്തവരായി ചിത്രീകരിക്കുക തുടങ്ങി ) പ്രത്യക്ഷമായും പരോക്ഷമായും പൊളിറ്റിക്കൽ ഹിന്ദുത്വത്തെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത് “എന്ന് അദ്ദേഹം വളരെ വ്യക്തമായി പൊതു സമൂഹത്തോട് വിളിച്ചു പറഞ്ഞതും നാടകത്തിനെതിരെ പരാതിയുമായി നീങ്ങിയതും ആ നീക്കം വിജയം കണ്ടതിനെ തുടർന്ന് നാടകത്തിന് അവതരണ അനുമതി നിഷേധിക്കപ്പെടുന്നതും.

ഒരു സാഹിത്യ സൃഷ്ടി മറ്റൊരു രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ എഴുത്തുകാരനിൽ നിന്ന് അനുമതി വാങ്ങുക എന്ന സാമാന്യ മര്യാദപോലും പുലർത്താതെ, വളരെ മനോഹരമായ ഒരു സർഗ്ഗസൃഷ്ടിയെ അതിന്റെ അന്തസ്സത്ത മുഴുവൻ ചോർത്തിക്കളഞ്ഞ് തീർത്തും വിരുദ്ധമായ ആശയങ്ങൾ കുത്തിച്ചെലുത്തി വികലാവിഷ്കരണമാക്കി രംഗത്തെത്തിച്ച് കുട്ടികളെക്കൂടി കഥയറിയാതെ ആടിച്ച കിത്താബിൻ്റെ അണിയറക്കാർ തന്നെയാണ് ആ കുഞ്ഞുങ്ങളുടെ കണ്ണീരിനു കാരണക്കാർ. കിത്താബിനൊപ്പമല്ല

ഗവേഷകയായ വിനീത വിജയന്‍ ദലിത് ബഹുജന്‍  സമരങ്ങളിലെ സജീവസാന്നിധ്യമാണ്. 

Be the first to comment on "എന്തുകൊണ്ട് ഞാൻ കിത്താബിനൊപ്പമല്ല"

Leave a comment

Your email address will not be published.


*