https://maktoobmedia.com/

അധ്യക്ഷനായിട്ട് ഇന്ന് ഒരാണ്ട്. കോൺഗ്രസ്സിന് വിജയമധുരം നൽകി രാഹുൽ

കഴിഞ്ഞ വർഷം ഡിസംബര്‍ 11നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരനായി രാഹുൽ ഗാന്ധിയെത്തുന്നത്. അധ്യക്ഷപദവിയുടെ ഒന്നാം പിറന്നാളിൽ രാഹുൽ തൻ്റെ പാർട്ടിക്ക് സമ്മാനിച്ചത് വിജയമധുരം.

അഞ്ച് സംസ്ഥാനങ്ങളിലെ അന്തിമവിധി ഉറപ്പാകുമ്പോൾ രാഹുലിന്റെ നേതൃശേഷിയാണ് എല്ലായിടത്തും ആഘോഷിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പുകളിലെ ബിജെപി കാമ്പയിനിലുടനീളം കോൺഗ്രസ്സ് അധ്യക്ഷന് നേരെ പരിഹാസങ്ങളും വ്യക്തിയാധിക്ഷേപങ്ങളുമായിരുന്നു. ദേശീയ മാധ്യമങ്ങളും ഇവ ഏറ്റുപിടിച്ചു. പക്വതയില്ലാത്ത, പരിചയസമ്പത്തില്ലാത്ത നേതാവെന്ന് എതിരാളികൾ അധിക്ഷേപിച്ചു. പ്രധാനമന്ത്രി മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ പപ്പു എന്ന് വിളിച്ചാണ് രാഹുലിനെ പൊതുവേദികളിൽ പരിഹസിച്ചിരുന്നത്.

നരേന്ദ്രമോദിക്കെതിരെ ശക്തമായ വിമർശനമാണ് രാഹുൽ കഴിഞ്ഞ വർഷത്തിലുടനീളം നടത്തിയത്. അഴിമതി, കർഷകരുടെ ദുരിതം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ മോദിയെയും കേന്ദ്രസർക്കാരിനെയും നിരന്തരമായി വിമർശിച്ച രാഹുൽ മോദി രാജ്യത്തിന്റെ കാവൽക്കാരനല്ല, കള്ളനാണെന്ന് വിളിച്ചുപറഞ്ഞു.

ബിജെപിക്കെതിരിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം സാധ്യമാക്കുന്നതിലെ രാഹുലിന്റെ കഴിവും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

ശക്തമായ ബിജെപി വിരുദ്ധ കാമ്പയിനിലും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കാമ്പയിനിൽ മൃദുഹിന്ദുത്വ നിലപാടുകൾ പയറ്റി എന്നും ആരോപണങ്ങളുണ്ട്. രാഹുലിന്റെ ക്ഷേത്രസന്ദര്ശനത്തിനെതിരെ വിമർശനങ്ങളുണ്ടായിരുന്നു. അതേ സമയം , ദലിത് വിഷയങ്ങളിൽ ബിജെപിയെ നിരന്തരം സവർണപാർട്ടിയെന്ന് വിളിക്കാനും രാഹുൽ മടി കാണിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ക്ഷേത്രങ്ങൾ കയറിയിറങ്ങാതെ ജനപദയാത്ര നടത്തി, 17 റാലികളിൽ രാഹുൽ പങ്കെടുത്ത ചത്തീസ്ഗഡിൽ കോൺഗ്രസ്സ് മിന്നും വിജയം നേടിയതിനെ സൂചിപ്പിച്ചു രാഹുലിനോട് മധ്യപ്രദേശ്‌, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ വിലയിരുത്തണമെന്നും ആവശ്യങ്ങളുണ്ടാവുന്നുണ്ട്.

രാഹുലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഒന്നാം പിറന്നാളിൽ ബിജെപി ഭരണത്തിലിരുന്ന മൂന്ന് സംസ്ഥാനങ്ങൾ പിടിച്ചെടുത്തത് കോൺഗ്രസ്സ് കേന്ദ്രങ്ങളെ ആവേശഭരിതമാക്കുന്നുണ്ട്.

Be the first to comment on "അധ്യക്ഷനായിട്ട് ഇന്ന് ഒരാണ്ട്. കോൺഗ്രസ്സിന് വിജയമധുരം നൽകി രാഹുൽ"

Leave a comment

Your email address will not be published.


*