കന്നിയങ്കം: രാജസ്ഥാനിൽ മിന്നും വിജയം നേടി ഭാരതീയ ട്രൈബൽ പാർട്ടി

രാജസ്ഥാനിലെ കന്നിയങ്കത്തിൽ മികച്ച വിജയം നേടി ഭാരതീയ ട്രൈബൽ പാർട്ടി. 11 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടി രണ്ടു മണ്ഡലങ്ങളിൽ വിജയിച്ചു..

ചൊറാസി മണ്ഡലത്തിൽ ഭാരതീയ ട്രൈബൽ പാർട്ടി സ്ഥാനാർത്ഥി രാജ്‌കുമാർ ബിജെപി സ്ഥാനാർഥിക്കെതിരിൽ 12,934 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സഗ്‌വാര മണ്ഡലത്തിലും ട്രൈബൽ പാർട്ടി ബിജെപിക്കെതിരെ 4,582 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.  ആസ്‌പുർ മണ്ഡലത്തിൽ രണ്ടാമതെത്തിയ പാർട്ടി അയ്യായിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

കോൺഗ്രസ്സ് നേതാക്കൾ പിന്തുണ ചോദിച്ചിട്ടുണ്ട്. ഞങ്ങൾ പിന്തുണക്കും. ഒപ്പം ഞങ്ങളുടെ പാർട്ടി എംഎൽഎമാരെ ഗവൺമെന്റിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. ഭാരതീയ ട്രൈബൽ പാർട്ടി സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കും

ഭാരതീയ ട്രൈബൽ പാർട്ടി അധ്യക്ഷൻ ചോട്ടുഭായി വാസവ പറഞ്ഞു

ഗുജറാത്ത് എംഎൽഎയും ട്രൈബൽ നേതാവുമായ ചോട്ടുഭായ് വാസവ കഴിഞ്ഞ വർഷം സ്ഥാപിച്ച പാർട്ടിയാണ് ഭാരതീയ ട്രൈബൽ പാർട്ടി. ജനതാദൾ യു ( നിതീഷ് കുമാർ) നേതാവായിരുന്ന ചോട്ടുഭായ് ബീഹാറിലെ ജെഡിയു- ബിജെപി ബന്ധത്തെ തുടർന്ന് പാർട്ടി വിട്ടു ഭാരതീയ ട്രൈബൽ പാർട്ടി രൂപീകരിക്കുകയായിരുന്നു.

2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് ചോട്ടുഭായ് പാർട്ടി രൂപീകരിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെട്ട് രണ്ടു സീറ്റുകളിൽ വിജയിക്കുകയും ചെയ്‌തു ഭാരതീയ ട്രൈബൽ പാർട്ടി.

ഗുജറാത്ത് , രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങൾക്ക് പ്രത്യേകമായി ബിലിസ്താൻ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന്റെ പ്രചാരകൻ കൂടിയാണ് ചോട്ടുഭായ് വാസവ.

Be the first to comment on "കന്നിയങ്കം: രാജസ്ഥാനിൽ മിന്നും വിജയം നേടി ഭാരതീയ ട്രൈബൽ പാർട്ടി"

Leave a comment

Your email address will not be published.


*