‘സിഖുകാരെയെല്ലാം കത്തിച്ചുകൊന്നുകളയൂ’. സജ്ജൻ കുമാറിൻ്റെ ആക്രോശത്തെ അവരിപ്പോഴും മറന്നിട്ടില്ല

1984 ലെ സിഖ് വിരുദ്ധ കലാപത്തെ അതിജീവിച്ച ജഗദീഷ് കൗറിന് ഇതൊരു വലിയ വിജയമാണ്. കലാപക്കേസിൽ പ്രതിയായ മുൻ കോൺഗ്രസ്‌ എം.പി സജ്ജൻ കുമാറിനെ വെറുതെ വിട്ട പഴയ വിധി തിരുത്തി ഡൽഹി ഹൈകോടതി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുമ്പോൾ സാക്ഷിയായിരുന്നു ജഗദീഷ് കൗർ

ശരീരത്തിലെ അവസാന തുള്ളി ചോര വരെയും നീതിക്കായി പോരാടുമെന്ന് വിധി വന്ന ശേഷം കൗർ മാധ്യമങ്ങളോട് പറഞ്ഞു.

77 വയസ്സിൻ്റെ അവശതയിലും തൻ്റെ കുടുംബത്തിലെ 5 പേരുടെ ജീവനെടുത്ത, 34 വർഷം പഴക്കം ഉള്ള കേസിൻ്റെ വിധിനിർണ്ണയം കേൾക്കാൻ അവരെത്തിയിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ സ്വന്തം ഭർത്താവിനെയും മകനെയും കുടുംബത്തിലെ മറ്റു മൂന്നു പേരെയും കൂടിയാണ് കൗറിന് നഷ്ടപ്പെട്ടത്.

സജ്ജൻ കുമാർ പോലീസ് വാഹനത്തിലിരുന്നു സിഖുകളെയെല്ലാം കത്തിച്ചുകൊന്നുകളയണമെന്ന് ജനക്കൂട്ടത്തോട് വിളിച്ചു പറഞ്ഞെന്നു ജഗദീഷ് കോടതിയിൽ പറയുകയുണ്ടായി.

സജ്ജൻ കുമാറിനെതിരെ മൊഴി കൊടുത്തതിൻ്റെ പേരിൽ ടാഡ പോലുള്ള കരിനിയമം ചുമത്തി ജയിലിലടക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നതായി കലാപത്തിൻ്റെ മറ്റൊരു ദൃക്‌സാക്ഷിയായ നിർപ്രീത് കൗർ പറഞ്ഞു.

നിർപ്രീത് കൗർ

1984 ൽ കോൺഗ്രസ്സ് പ്രവർത്തകരായ അക്രമിസംഘം നിർപ്രീത് കൗറിൻ്റെ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ നിർപ്രീതിന് പതിനാറു വയസ്സാണ്. അന്ന് ആ ജനക്കൂട്ടം നിർപ്രീതിൻ്റെ പിതാവിൻ്റെ മേൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനൊരുങ്ങി. ജനക്കൂട്ടത്തിൻ്റെ കയ്യിൽ തീപ്പെട്ടി ഉണ്ടായിരുന്നില്ല. സംഭവ സ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസ് ഇൻസ്‌പെക്‌ടർ അവർക്ക് തീപ്പെട്ടി നൽകി. അന്ന് ആ പോലീസ് ആ ജനക്കൂട്ടത്തോട് ആക്രോശിച്ച വാക്കുകൾ നിർപ്രീത് ഇന്നും ഓർക്കുന്നു. ‘നിങ്ങളെ എന്തിന് കൊള്ളും? ഒരു സിക്കുകാരനെ കത്തിച്ചുകൊല്ലാൻ പോലും പറ്റുന്നില്ലല്ലോ’ എന്നായിരുന്നു അത്.

2013 ഏപ്രിൽ 30ന് ഈ കൊലപാതകങ്ങളിൽ പ്രതികളായ മുൻ കോൺഗ്രസ്‌ എം. എൽ. എ മഹേന്ദ്ര യാദവിനും കൗൺസിലർ ബൽവാൻ ഖോകർക്കും ജീവപര്യന്തവും മറ്റു മൂന്നു പേർക്ക് മൂന്നു വർഷം തടവുശിക്ഷയും ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു.

കലാപകാരികളെ കൊലപാതങ്ങളിലേക്ക് നയിച്ച സജ്ജൻ കുമാറിനെ വെറുതെ വിട്ടതിനെതിരെ ജഗദീഷ് കൗറും ജഗഷീർ കൗറും നിർപ്രീത് കൗറും സി ബി ഐ യോടൊപ്പം ചേർന്ന് കോടതിയിൽ അപ്പീൽ പോവുകയായിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ വിധിയിൽ മാറ്റമുണ്ടാവുകയും ശിക്ഷ വർധിപ്പിക്കുകയും ചെയ്‌തിട്ടുള്ളത്‌.

Be the first to comment on "‘സിഖുകാരെയെല്ലാം കത്തിച്ചുകൊന്നുകളയൂ’. സജ്ജൻ കുമാറിൻ്റെ ആക്രോശത്തെ അവരിപ്പോഴും മറന്നിട്ടില്ല"

Leave a comment

Your email address will not be published.


*