https://maktoobmedia.com/

‘എന്നെ കാണുമ്പോളെല്ലാം ജഡ്‌ജിമാർ മുഖം താഴ്‌ത്തുകയാണ്’: നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്

കോടതികളിൽ നജീബിന് നീതി തേടി പോവുമ്പോളെല്ലാം എന്നെ കാണുന്ന സമയത്ത് ജഡ്‌ജിമാർ മുഖം താഴ്‌ത്തുകയാണെന്നു ജെഎൻയുവിൽ കാണാതാകപ്പെട്ട നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്.

എസ്ഐഒയും ജിഐഒയും സംയുക്തമായി സംഘടിപ്പിച്ച “സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത്” സ്റ്റേറ്റ് കാമ്പസ് കോണ്‍ഫറന്‍സ് ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ.

ഈ രാജ്യത്തെ മുസ്‌ലിംകളെയും ദളിതുകളെയും വേട്ടയാടുന്ന കേന്ദ്ര ഗവണ്മെന്റിന്റെ ആയുസ്സ് വളരെ വേഗത്തിൽ ഇല്ലാതാവുമെന്നും അതിന്റെ സൂചനകൾ നാം കണ്ടുതുടങ്ങിയെന്നും നജീബിന്റെ മാതാവ് പറഞ്ഞു.

നജീബിന് നീതി തേടിയുള്ള സമരങ്ങളിൽ മലയാളി വിദ്യാർത്ഥികളുടെ സാന്നിധ്യം എടുത്തുപറഞ്ഞ ഫാത്തിമ നഫീസ് കേരളം ഇന്ത്യാരാജ്യത്തിനു മാതൃകയായ ദേശമാണെന്ന് പറഞ്ഞു.

ഫാത്തിമ നഫീസിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ:

കോടതികളിൽ നജീബിന് നീതി തേടി ഒരുപാട് തവണ ഞാൻ പോയിട്ടുണ്ട്. അവർ വിളിച്ച എല്ലാ ഹിയറിങ്ങിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്റെ മുഖം കണ്ട് ജഡ്‌ജിമാർ മറഞ്ഞുനിൽക്കുകയാണ് ആ സമയങ്ങളിലെല്ലാം.

സിബിഐ പറഞ്ഞത് ജെൻഎൻയുവിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ്. സിബിഐ നജീബിന്റെ വിഷയത്തിൽ പറയുന്നതെല്ലാം വലിയ നുണകളാണ്.

നജീബിനെ കാണാതാക്കിയവർ ഈ രാജ്യത്തിലൂടെ സധൈര്യം നടക്കുകയാണ്.

നിങ്ങളോട് ഞാൻ പറയുകയാണ്. ഈ രാജ്യം ഭരിക്കുന്ന ഗവൺമെന്റ് അന്ധയും ബധിരയും ആണ്. തീർച്ചയായും, ഈ ഗവണ്മെന്റ് വളരെ വേഗത്തിൽ ഇല്ലാതാവും. 2019 ൽ അത് ഇല്ലാതാവും. അതിന്റെ സൂചനകൾ നാം കണ്ടുതുടങ്ങി.

കേരളത്തിലെ ജനതയോട് എനിക്ക് വലിയ ബഹുമാനവും സ്‌നേഹവുമാണ്. ഇങ്ങനെയൊരു ദേശം പോലെ ഇന്ത്യ മുഴുക്കെ ആയിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുകയാണ്.

കേരളത്തിലെ വിദ്യാർഥികൾ ഏറെ പഠിക്കുന്നവരാണ്. അവർ ഇന്ത്യയിലെ മിക്ക കേന്ദ്ര സർവകലാശാലകളിലും അവർ പഠിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഓക്‌സ്‌ഫോർഡ്, ഹാർവാർഡ് സർവകലാശാലകളിൽ വരെ പഠിക്കാനെത്തുന്ന വിദ്യാര്ഥികളുണ്ട്.

സോഷ്യൽ മീഡിയയിൽ ബ്രിങ് ബാക് നജീബ് കാംപയിനിൽ മലയാളി വിദ്യാർഥികളായിരുന്നു ഏറെ സജീവമായത്.

ഇന്ത്യയിൽ ഇസ്‌ലാം ആഗതമായി മണ്ണാണ് കേരളം എന്നത്.

എനിക്ക് വിദ്യാർത്ഥികളോട് പറയാനുള്ളത് , നിങ്ങളെല്ലാവരും ഒരുപാട് പഠിക്കണമെന്നാണ്. നിങ്ങൾ വിദ്യാഭ്യാസത്തിന്റെ എല്ലാ രംഗത്തും നിറഞ്ഞുനിൽക്കേണ്ടതുണ്ട്. നിങ്ങൾ ഐഎഎസുമാരാവണം. ഭരണസിരാകേന്ദ്രങ്ങളിൽ എത്തണം. നിങ്ങൾ വക്കീലുമാരും ഈ രാജ്യത്തിന്റെ എംപിമാരും എംഎൽഎമാരും ആവണം.

നജീബിന്റെ വിഷയം അറിഞ്ഞു ഭയപ്പെടുന്ന ഉമ്മമാരോട് ഞാൻ പറയുന്നു . നിങ്ങളാരും ഭയപ്പെടേണ്ട. നിങ്ങൾ നിങ്ങളുടെ മക്കളെ ഇന്ത്യയിലെ കേന്ദ്രസർവകലാശാലകളിലേക്ക് പറഞ്ഞയക്കണം. സർവകലാശാലകളെല്ലാം നമ്മുടേതാണ്.

നിങ്ങൾ അവരെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ ഇസ്‌ലാമിയ , അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെല്ലാം പഠിപ്പിക്കാനായി പറഞ്ഞയക്കണം.

ഇന്ത്യയിലെ എല്ലാ കേന്ദ്രസർവകലാശാലകളിലും നമ്മുടെ സാന്നിധ്യം ഉണ്ടാവണം.

രോഹിതിനെ കൊന്നും നജീബിനെ കാണാതാക്കിയും അവർ നമ്മെ ഭയപ്പെടുത്തുന്നു. സർവകലാശാലകളിലെ മുസ്‌ലിം, ദലിത് വിദ്യാർത്ഥികളെ അവർക്ക് ഭയപ്പെടുത്തണം. എന്നാൽ നാം ഭയപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം.

എന്റെ പഠനം പൂർത്തിയാക്കാത്ത മക്കൾ ഇനിയുമുണ്ടെങ്കിൽ അവരെ ഞാൻ ഇനിയും എന്റെ മകൻ പഠിച്ച ജെഎൻയുവിൽ തന്നെ പറഞ്ഞയക്കും.
ജെഎൻയു വിസിയുടെ മുന്നിലേക്ക് പോയി അഡ്മിഷൻ എടുക്കും.

നജീബ് എവിടെയെങ്കിലും ഉണ്ടാവുമെന്നു എനിക്ക് വിശ്വാസമുണ്ട്. എന്നാൽ ഇനി മറ്റൊരു നജീബ് ഉണ്ടാവാതിരിക്കാനാണ് എന്റെ സമരം.

ജെഎൻയുവിലേക്ക് ഞാൻ എന്നും പോവാറുള്ളത് ഏറെ ആത്മാഭിമാനത്തോടെയാണ്. അവരെ എനിക്ക് ബോധ്യപ്പെടുത്തണം. ഈ ഉമ്മ ഭയപ്പെട്ടില്ല. ഭയപ്പെടുകയുമില്ല.

നജീബിന്റെ ഹോസ്റ്റൽ റൂം ഇന്നും സീൽ ചെയ്‌തു വെച്ചിരിക്കുകയാണ്, നജീബിന്റെ റൂമിലെ സാധനങ്ങൾ കൊണ്ടുപോവാൻ അവർ എന്നോട് പറഞ്ഞു. അത് നജീബ് തന്നെ വന്നു എടുക്കുന്ന നാൾ വരും എന്നാണു ഞാൻ അവരോട് മറുപടി പറഞ്ഞത്.

ഞാൻ ധാരാളം പഠിച്ചിട്ടില്ല. എന്റെ മക്കൾ ജീനിയസായിരുന്നു. അവർ എന്നെ പഠിപ്പിക്കാനും തിരുത്താനും എന്നും ഉണ്ടായിരുന്നു.

ധാരാളം സ്‌ത്രീകൾ ഈ രാജ്യത്ത് പ്രയാസങ്ങളെ അതിജീവിക്കുന്നുണ്ട്. ഫാസിസത്തിനെതിരെ സമരങ്ങൾ നയിക്കുന്നുണ്ട്. പെഹുൽഖാന്റെ കുടുംബത്തിനോടും ജുനൈദിന്റെ ഉമ്മയോയുമൊപ്പം എല്ലാ ഉമ്മമാരോടുമൊപ്പം നീതിക്കായുള്ള സമരങ്ങൾ നയിക്കാൻ ഞാൻ എന്നും ഉണ്ടാവും.

നജീബിനെ കണ്ടെത്താനുള്ള എന്റെ സമരത്തിൽ കൂടെ നിന്ന എസ്ഐഒവിനെ ഞാൻ എന്നും നന്ദിയോടെ ഓർക്കും. അതിന്റെയും ജിഐഒവിന്റെയും പ്രവർത്തകരെ ഞാൻ ഡൽഹി , മഹാരാഷ്ട്ര , തെലുങ്കാന ,പൂനെ, കേരളം എന്നിവിടങ്ങളിൽ കണ്ടിട്ടുണ്ട്. ഈ പോരാട്ടത്തിനൊടുവിൽ ഞാൻ എന്റെ ഗ്രാമത്തിലും അത്തരം പ്രവർത്തകരെ ഉണ്ടാക്കിയെടുക്കും.

എന്റെ മകൻ എംടെക്ക് കഴിഞ്ഞവനാണ്. നജീബിന് വേണ്ടിയുള്ള സമരാനന്തരം മകൻ മുജീബിനു ജോലി കിട്ടാത്ത അവസ്ഥ വന്നിരുന്നു. അവനു ഖത്തറിൽ നല്ല ജോലി ശരിയാക്കിത്തന്നത് എസ്ഐഒ അഖിലേന്ത്യാ അധ്യക്ഷനും മലയാളിയുമായ നഹാസ് മാളയാണ്. ഒപ്പം മറ്റൊരു പേര് കൂടി പറയാനുണ്ട്. ഡൽഹിയിലെ നദീം ഖാൻ എന്നും എന്റെ കൂടെ സമരത്തിനോടൊപ്പം ഉണ്ടായിരുന്നു. മലയാളിയായ മുഹമ്മദ് ഷിഹാദിന്റെ പേര് കൂടി ഇവിടെ പറയണം. ഷിഹാദാണ്‌ എന്നോട് കേരളത്തിൽ വരണമെന്ന് എപ്പോഴും ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ കേന്ദ്രസർവകലാശാലകളിൽ , ഭരണകൂടത്തിന്റെ ഉന്നത സിരാകേന്ദ്രങ്ങളിൽ നിങ്ങൾ എത്തിച്ചേരുക. എന്റെ കൂടെ സമരം ചെയ്‌ത എല്ലാവരെയും ചേർത്തു പിടിക്കണമെന്ന് ഞാനാഗ്രഹിക്കുകയാണ്.

Be the first to comment on "‘എന്നെ കാണുമ്പോളെല്ലാം ജഡ്‌ജിമാർ മുഖം താഴ്‌ത്തുകയാണ്’: നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്"

Leave a comment

Your email address will not be published.


*