https://maktoobmedia.com/

ഗാന്ധി ‘വംശീയവാദി’: ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് റദ്ദാക്കി ഇന്ത്യ

‘വംശീയവാദിയാണ് ഗാന്ധി’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള വിദ്യാർത്ഥികളുടെ പ്രക്ഷോഭനാന്തരം ഘാന യൂണിവേഴ്സിറ്റിയിൽ നിന്നും മഹാത്മാ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്‌ത നടപടിയിൽ ഘാനക്കെതിരെ പ്രതികരവുമായി ഇന്ത്യ.

ഘാന വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഗവൺമെന്റ് ഗാന്ധിയുടെ പേരിൽ നൽകുന്ന സ്കോളർഷിപ്പാണ് ഇന്ത്യ റദ്ദാക്കിയത്. 2000 ഘാന വിദ്യാർത്ഥികൾക്ക് ഈ നടപടിയിലൂടെ സ്‌കോളർഷിപ്പുകൾ നഷ്ടമാവുമെന്നു ഘാനയിലെ മാധ്യമമായ ന്യൂസ് 7 പിഎം റിപ്പോർട് ചെയ്യുന്നു.

അവർ വംശീയവാദി എന്ന് വിളിക്കുകയും പ്രതിമ നീക്കം ചെയ്യുകയും ചെയ്‌ത മഹാത്മാഗാന്ധിയുടെ പേരിലുള്ള സ്കോളർഷിപ്പ് ലഭിക്കാൻ ഘാനയിലെ വിദ്യാർഥികൾ അർഹരല്ല

മഹാത്മാഗാന്ധി സ്‌കോളർഷിപ്പ് സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയാണ് രണ്ടു വർഷങ്ങൾക്ക് മുൻപ് ഘാനയിലെ അക്രയിലുള്ള ഘാന യൂണിവേഴ്സിറ്റിയിലെ ഗാന്ധി പ്രതിമ സമാധാനത്തിന്റെ പ്രതീകം എന്ന രൂപേണ അനാച്ഛാദനം ചെയ്തത്. ഘാനയിലെ ഏറ്റവും പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഘാന യൂണിവേഴ്സിറ്റി.

സൗത്ത് ആഫ്രിക്കയിലെ തൻ്റെ ഇരുപത് വർഷക്കാലത്തെ ജീവിതത്തിനിടയിലെ പല എഴുത്തുകളിലായി ഗാന്ധി വംശീയത കലർന്ന നിലപാടുകൾ സ്വീകരിച്ചതായി ഗാന്ധിയുടെ എഴുത്തുകൾ പരാമർശിച്ചുകൊണ്ടുതന്നെ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം പ്രൊഫസർമാർ രംഗത്ത് വരികയായിരുന്നു ആദ്യം. ഗാന്ധി ചില ലേഖനങ്ങളില്‍ ആഫ്രിക്കകാരെ കാഫിർ എന്ന് വിളിക്കുന്നുണ്ട്. അത് അദ്ദേഹത്തിൻ്റെ വിവേചന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്നും അവര്‍ പറയുന്നു.

1894ലെ ‘ദി നതാര്‍ മെര്‍ക്കുറി’ എന്ന പത്രത്തിലാണ് കറുത്ത വര്‍ഗക്കാരെ പരാമർശിച്ചു ഗാന്ധി കാഫിർ എന്ന വാക്ക് പ്രയോഗിക്കുന്നത്.

‘നമ്മെ അപമാനിക്കുന്ന യൂറോപ്യൻ ശക്തികളോടുള്ള നിരന്തരപോരാട്ടമാണ് നമ്മുടേത്. വേട്ട നടത്തുകയും , കന്നുകാലികളെ മേയ്ച്ചുനടക്കുകയും അങ്ങനെ അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് കല്യാണം കഴിക്കുകയും ചെയ്യുന്ന , അലസന്മാരും പ്രാകൃതരുമായ കാഫിർ വർഗത്തോട് തുല്യപ്പെടുത്തി നമ്മെ അപമാനിക്കുകയാണ് യൂറോപ്യൻ ശക്തികൾ’ എന്നാണു ഗാന്ധിയുടെ പരാമർശം.

പിന്നീട് വിദ്യാർത്ഥികളും ഈ ആവശ്യം ഉന്നയിച്ചു സമരം ചെയ്യുകയായിരുന്നു.

പ്രതിമ മാറ്റുകയെന്നത് സ്വാഭിമാനത്തിൻ്റെ ഭാഗമാണ് തങ്ങൾക്ക് എന്നാണു ഇവിടുത്തെ വിദ്യാർത്ഥികളും അധ്യാപകരും പറയുന്നത്.

ഈ ആവശ്യം ഉയർന്ന് അധിക സമയം കഴിയാതെ തന്നെ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രതിമ നീക്കം ചെയ്യുകയായിരുന്നു. തങ്ങൾ കൂടിയാലോചിച്ചാണ് ഈ തീരുമാനം കൈകൊണ്ടതെന്നു യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു.

Be the first to comment on "ഗാന്ധി ‘വംശീയവാദി’: ഘാന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് റദ്ദാക്കി ഇന്ത്യ"

Leave a comment

Your email address will not be published.


*