https://maktoobmedia.com/

അജിത്ത് ഡോവൽ: ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്

നൗഫല്‍ അറളട്ക്ക

കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ എന്ന മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥന് നിലവിലെ ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്.

2018 ഒക്ടോബർ 25 നു സർദാർ പട്ടേൽ അനുസ്‌മരണ പ്രഭാഷണത്തിൽ അജിത്ത് ഡോവൽ നടത്തിയ പ്രസ്‌താവന നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. “ഇന്ത്യ ഇനി വരുന്ന പത്തു വർഷത്തേക്ക് വളരെ ശക്തമായ ഒരു ഭരണകൂടത്തെ ആവശ്യപെടുന്നു. ദുർബലമായ സഖ്യസർക്കാർ രാജ്യതാല്പര്യത്തിനു വളരെ മോശമാണ്. സ്ഥിരതയില്ലാത്ത ഭരണകൂടം അഴിമതി, പ്രാദേശിക വികാരം എന്നിവയോട് വിശാലമായ ദേശീയ താല്പര്യം മുൻനിർത്തി പ്രവർത്തിക്കാൻ പര്യാപ്തമല്ല”. പ്രതിപക്ഷത്തു വികസിച്ചു വരുന്ന വിശാല പ്രതിപക്ഷ ഐക്യത്തെ ലക്‌ഷ്യം വെച്ചു നടത്തിയ ഈ പ്രസ്‌താവന രാജ്യത്തിൻറെ സുരക്ഷാ ഉപദേഷ്ടാവാണ് നടത്തിയത് എന്നത് വളരെ ഗൗരവമായ വിഷയമാണ്.

അജിത്ത് ഡോവലും ആർ.എസ്.എസും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നടന്ന ആർ.എസ്.എസ് – ബി.ജെ.പി ഏകോപന ചർച്ചയിൽ പങ്കെടുത്തതും, ജമ്മു കാശ്‌മീരിലെ മെഹ്ബൂബ മുഫ്തി സർക്കാരിനുള്ള ബി.ജെ.പി പിന്തുണ പിൻവലിക്കുന്ന വേളയിൽ ബി.ജെ.പി പ്രസിഡണ്ട് അമിത് ഷായുടെ വസതിയിൽ സന്ദർശനം നടത്തിയതും അജിത്ത് ഡോവൽ-ബി.ജെ.പി ധാരണയുടെ പരസ്യമായ ഉദാഹരണങ്ങളാണ്.

നിലവിൽ ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അടുപ്പക്കാരനുമായ അജിത്ത് ഡോവലിൻ്റെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രാധാന്യത്തെ വിലയിരുത്തുകയാണ് ഇവിടെ.

അജിത്ത് ഡോവലും ബി.ജെ.പിയും

മിസോറം, പഞ്ചാബ് തുടങ്ങിയ പ്രദേശങ്ങളിലെ സായുധ കലാപങ്ങളെ അടിച്ചമർത്തുന്നതിൽ മുഖ്യമായ പങ്കുവഹിക്കുകയും, കാണ്ഡഹാർ വിമാനം റാഞ്ചലിൻ്റെ സമയത്തു നിർണായക തീരുമാനങ്ങൾ എടുത്ത് നിലയുറപ്പിച്ചതുമൊക്കെ അജിത്ത് ഡോവലിനെ ‘ഇന്ത്യൻ ജെയിംസ് ബോണ്ട്’ എന്ന വിശേഷത്തിനു ഉടമയാക്കി. ഒരു ദശകകാലം ഇന്റലിജൻസ് ഏകോപന സമിതിയായ മൾട്ടി ഏജൻസി സെൻറ്റർ (MAC) തലവനും ടാസ്ക് ഫോഴ്സ് ഇന്റലിജിൻസിൻ്റെ തലവനുമൊക്കെയായി പ്രവർത്തിച്ച ഡോവൽ 2005 ലാണ് വിരമിക്കുന്നത്. 2009 ൽ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിൻ്റെ രൂപീകരണത്തോടെയാണ് അജിത് ഡോവലിൻ്റെ രാഷ്ട്രീയ താല്പര്യങ്ങൾ പരസ്യമാകുന്നത്.

2011 – 2012 കാലത്തായി വി.ഐ.എഫിൻ്റെ ആഭിമുഖ്യത്തിൽ അജിത്ത് ഡോവലും സംഘവും രണ്ടു റിപോർട്ടുകൾ തയ്യാറാക്കി. വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ളതായിരുന്നു അവ. ആ റിപ്പോർട്ടുകൾ തയ്യാറാക്കിയത് ബി.ജെ.പിയുടെ കേന്ദ്ര കമ്മിറ്റിയുമായി കൂടിയാലോചന നടത്തിയായിരുന്നു. വി.ഐ.എഫിൻ്റെ പ്രവർത്തനഫലമായി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള സമരം, യൂ.പി.എ സർക്കാരിനെതിരെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുടെ പ്രതിച്ഛായ നിർമ്മിതിക്കുള്ള എല്ലാ ബൗദ്ധിക സഹായങ്ങളും ചെയ്‌തുകൊടുത്തത് വി.ഐ.എഫാണെന്നു തെഹൽക്ക റിപ്പോർട്ട് ചെയ്തിരുന്നു

വി.ഐ.എഫിൻ്റെ ഭാഗമായി അജിത്ത് ഡോവൽ തയ്യാറാക്കിയ പഠനങ്ങളും, റിപ്പോർട്ടുകളും, അഭിപ്രായങ്ങളും വിവേകാനന്ദ ഫൗണ്ടഷൻ്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ആർ.എസ്.എസിൻ്റെ ഹിന്ദു ദേശീയതയെ വാരിപുണരുന്ന നിരവധി സന്ദർഭങ്ങൾ കാണുമെങ്കിലും 2010 ആഗസ്റ്റ് അഞ്ചിന് തീവ്രവാദം എന്ന തലക്കെട്ടിനു താഴെ ‘സെഹ്‌റാബുദ്ദീൻ എൻകൗണ്ടർ കേസ്, സത്യവും-മിഥ്യയും’എന്ന പേരിൽ അജിത് ഡോവൽ എഴുതിയ ലേഖനത്തിൽ സെഹ്‌റാബുദ്ദീൻ എൻകൗണ്ടർ കേസിൽ കുറ്റം ചാർത്തപ്പെട്ട അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കന്മാരെ പച്ചയായി ന്യായീകരിക്കുന്നുണ്ട്.

2014 മെയ് 30 നാണ് മോഡി സർക്കാർ അജിത്ത് ഡോവലിനെ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവായി നിയമിക്കുന്നത്. 2018 ഒക്ടോബറിൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ സഹായിക്കാനായി സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പ് (SPG) സ്ഥാപിച്ചതോടെ രാജ്യത്തെ ഏറ്റവും അധികാരമുള്ള ഉദ്യോഗസ്ഥനായി അജിത് ഡോവൽ മാറി. മുൻപ് ഹോം സെക്രട്ടറി അധ്യക്ഷത വഹിച്ചിരുന്ന ബോഡിയിൽ ഇനി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവാണ് അധ്യക്ഷത വഹിക്കുക. അജിത്ത് ഡോവലിൻ്റെ മുൻപിൽ ഹോം സെക്രട്ടറിയും, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്യണം. കാബിനറ്റ് സെക്രട്ടറി, മൂന്നു സൈനിക തലവന്മാർ, നീതി ആയോഗ് അംഗങ്ങൾ, റിസർവ് ബാങ്ക് ഗവർണർ, ഹോം സെക്രട്ടറി, ഫോറിൻ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, ഡിഫൻസ് സെക്രട്ടറി എന്നിവർ ദേശിയ സുരക്ഷാ ഉപദേഷ്‌ടാവിൻ്റെ കീഴിലുള്ള സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിലെ അംഗങ്ങളാണ്.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ നിലവിൽ പ്രധാനമന്ത്രിക്ക് രാജ്യത്തിൻ്റെ ആഭ്യന്തരവും, വൈദേശികവുമായ സുരക്ഷാ, സ്ട്രാറ്റജിക് പോളിസി തുടങ്ങിയവയിൽ ഉപദേശങ്ങൾ നൽകാൻ ബാധ്യസ്ഥനാണ്. അത് കൊണ്ട് തന്നെ കാബിനറ്റ് മന്ത്രിമാരേക്കാളും അധികാരമുള്ള ഉദ്യോഗസ്ഥൻ ആയും De Facto Home Minister/ De Facto Defence Minister എന്നുള്ള രീതിയിലും അജിത്ത് ഡോവൽ അറിയപ്പെടുന്നു.

വടക്കു കിഴക്കൻ പ്രദേശങ്ങളില ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി- ആർ.എസ്.എസ് എകോപന ചർച്ചയിൽ ഡോവൽ പങ്കെടുത്തതുമായി വന്ന വാർത്തകൾ വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു. ആഭ്യന്തര മന്ത്രി രാജ് നാഥ്സിങിൻ്റെ വീട്ടിൽ നടന്ന ചർച്ചയിൽ ഡോവൽ പങ്കെടുത്തത് അധികാരത്തിൻ്റെ ദുർവിനിയോഗമാണെന്നു കോൺഗ്രസ്, സി.പി.ഐ.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുകയുണ്ടായി. സന്ദർശനം വിവാദമായ പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനാണെന്നു പത്രകുറിപ്പിറക്കി.

ജമ്മു കാശ്‌മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതിനുള്ള നിർണായക തീരുമാനമെടുക്കുന്ന വേളയിൽ അമിത് ഷായുടെ അക്ബർ റോഡിലെ വസതിയിൽ ഡോവൽ ഉണ്ടായിരുന്നു. ഒരു രാജ്യസഭാ മെമ്പർ മാത്രമായ അമിത് ഷായുടെ വസതിയിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായ ഡോവൽ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനും അണ്ണാ ഹസാരെയും

2009 ലാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന സ്ഥാപനം നിലവിൽ വരുന്നത്. ദേശീയ സുരക്ഷാ, വിദേശ നയം, മാധ്യമ പഠനം, സാമ്പത്തിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങൾ നടത്തുന്ന സ്ഥാപനം ദേശീയ താൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന എന്ന രൂപത്തിലാണ് സ്വയം അറിയപ്പെടുന്നത്. എന്നാൽ മുൻ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ആയിരുന്ന ഏക്താ റാനഡെ 1970 ൽ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ ഒരു പ്രൊജക്റ്റ് മാത്രമാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗഫണ്ടേഷൻ. ബി.ജെ.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ വിദേശ നയം, സുരക്ഷാ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന റാം മാധവുമായ് ചേർന്നാണ് അജിത്ത് ഡോവൽ വി.ഐ.എഫ് സ്ഥാപിക്കുന്നത്.

2009-2011 കാലങ്ങളിൽ വി.ഐ.എഫിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ അഴിമതിയെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രധാനമായും വിദേശ ബാങ്കുകളിലെ കള്ളപ്പണത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ളവ ദേശീയ മാധ്യമങ്ങൾ ഏറ്റടുത്തു യു.പി.എ സർക്കാരിനെതിരെയുള്ള ആയുധമാക്കി.

എന്നാൽ വി.ഐ.എഫിൻ്റെ രാഷ്ട്രീയ ലക്ഷ്യം വിജയം കണ്ടു തുടങ്ങുന്നത് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തോട് കൂടിയാണ്. മഹാരാഷ്ട്രയിലെ റാൽജൽ സിദ്ധി എന്ന ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന അണ്ണാ ഹസാരെയെ ചുരുങ്ങിയ സമയം കൊണ്ട് ആധുനിക ഗാന്ധിയായി ദേശീയ മാധ്യമങ്ങൾ കൊണ്ടാടിയതിനു പിന്നിൽ വി.ഐ.എഫിൻ്റെ പ്രവർത്തനങ്ങളായിരുന്നു. 2011 ഏപ്രിലിൽ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനും ആർ.എസ്.എസ് ആചാര്യനായ കെ.എൻ. ഗോവിന്ദചാര്യയുടെ രാഷ്ട്രീയ സ്വാഭിമാൻ ആന്തോളനും സംയുക്തമായി കള്ളപ്പണം എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. വി.ഐ. എഫിൻ്റെ സാരഥികളായ അജിത് ഡോവൽ, ഗുരുമൂർത്തി, യോഗ ഗുരു ബാബ രാംദേവ്, സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ, അഴിമതി വിരുദ്ധ പ്രചാരകൻ അരവിന്ദ് കെജ്‌രിവാൾ, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി, റിട്ടയേർഡ് പോലീസ് ഓഫീസർ കിരൺ ബേദി, ആർ.എസ്.എസ് പ്രചാരക് കെ.എം ഗോവിന്ദചാര്യ തുടങ്ങിയവർ പങ്കെടുത്തു. അവിടെ വെച്ചാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ദേശീയ സമരം എന്ന ആശയം രൂപപ്പെടുന്നത്.

അതിനു ശേഷമാണു വി.ഐ.എഫും ആർ.എസ്.എസും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുന്നത്. അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും നേതൃത്വത്തിൽ ആരംഭിച്ച സമരം ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നു മനസ്സിലാക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷം പേരും പരാജയപെട്ടു. 2011 -12 കാലങ്ങളിൽ വി.ഐ.എഫിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് യു.പി.എ സർക്കാർ ശ്രമങ്ങൾ ആരംഭിച്ചത് വലിയ വാർത്താ പ്രാധാന്യം നേടുകയുണ്ടായി.

മോഡി സർക്കാരിലെ സുപ്രധാന പദവികൾ വഹിക്കുന്നവർ വി.ഐ.എഫുമായി ബന്ധം പുലർത്തുന്നവരോ അതിലെ അംഗങ്ങളോ ആണ്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ, മോഡിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നിരപേന്ദ്ര മിശ്ര, ഡൽഹി ഗവർണർ അനിൽ ബജാജ്, നീതി ആയോഗ് അംഗങ്ങളായ ബിബേഗ് ദേബ്റോയ്, വി.കെ.ഷെരാവത്ത്, ഐ.ഐ.എം.സി ഡയറക്ടർ ജനറൽ കെ.ജി.സുരേഷ്, പ്രസാർ ഭാരതി ചെയർപേഴ്സൺ എ. സൂര്യപ്രകാശ് തുടങി മോഡി സർക്കാരിലെ നിർണ്ണായക സ്ഥാനം വഹിക്കുന്നവരൊക്കെ വി.ഐ.എഫുമായി ബന്ധം പുലർത്തുന്നവരാണ്.

ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്

ജെയിംസ് ബോണ്ട് സിനിമകളിലെ നായകന്മാരുടെ രൂപത്തിലാണ് ഹിന്ദു ദേശീയ വാദികൾ ഡോവലിനെ അവതരിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ആർ.എസ്.എസ്- ബി.ജെ.പി അനുകൂല പ്രൊഫൈലുകളിൽ ഒരു സൂപ്പർമാൻ പ്രതിച്ഛായയോടെയാണ് ഡോവൽ തിളങ്ങി നിൽക്കുന്നത്. പാകിസ്ഥാനിലെ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷനിലും, വിദേശത്തു കുടുങ്ങിയ നഴ്‌സുമാരെ സംരക്ഷിക്കുന്നതിലുമൊക്കെ നിർണായക സ്ഥാനം വഹിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഇന്ത്യൻ സൂപ്പർ ഹീറോയുടെ രൂപത്തിൽ വലതുപക്ഷം ആഘോഷിക്കുമ്പോൾ റാഫേൽ അഴിമതി അന്വേഷണത്തിലെ ക്രമക്കേട്, സി.ബി.ഐ ഉദ്യോഗസ്ഥ തർക്കത്തിനുള്ള കാരണക്കാരൻ എന്നീ രൂപത്തിലും ഡോവലിൻ്റെ പേര് ഉയർന്നുവരുന്നുണ്ട്.

രാഷ്ട്രീയക്കാരായ സഹപ്രവർത്തകർക്കും, ഓഫീസുകൾക്കും ചെറിയ അധികാരങ്ങൾ മാത്രം നൽകി ഉദ്യോഗസ്ഥരുടെ ഒരു വലിയ വലയത്തെ നിർമിച്ചു അധികാരം തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുക എന്നുള്ളതാണ് മോഡിയുടെ ഭരണ രീതി. ഗുജറാത്തിൽ ഒരു ദശകകാലം പയറ്റി തെളിഞ്ഞ ഈ രീതി കേന്ദ്രത്തിൽ പ്രവർത്തികമാക്കുമ്പോൾ അജിത് ഡോവൽ എന്ന മോഡിയുടെ ഏറ്റവും അടുപ്പക്കാരനും, നിലവിൽ ഇന്ത്യയിലെ അധികാരമുള്ളവയുമായ ഉദ്യോഗസ്ഥന് വലിയ പ്രാധാന്യമുണ്ട്.

സമീപകാലത്തു അജിത്ത് ഡോവൽ സഖ്യ സർക്കാരുകളെ കുറിച്ചു നടത്തിയ പ്രസ്‌താവന വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ ചെറിയ രീതിയിലുള്ള സ്വരവ്യത്യാസം പോലും വലിയ സംഘർഷങ്ങളാക്കി മാറ്റി പ്രതിപക്ഷ ഐക്യത്തെ തകർക്കാൻ അജിത്ത് ഡോവൽ, അമിത് ഷാ, മോഡി കൂട്ടുകെട്ട് ശ്രമിക്കും എന്നത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ്.

 1. Prabhu, Sunil, and Anindita Sanyal. “‘Weak Coalition’ Bad For The Country, Says Ajit Doval.” NDTV.com, NDTV, 25 Oct. 2018, www.ndtv.com/india-news/ajit-doval-says-weak-coalition-bad-for-india-country-1937768
 2. “Media Reports Claim of NSA Ajit Doval Attending BJP Election Strategy Meeting, CPI-M Protests.”
  www.newindianexpress.com/nation/2018/jan/15/media-reports-claim-of-nsa-ajit-doval-attending-bjp-electionstrategy-meeting-cpi-m-protests-1754497.html
 3. “NSA Doval Calls on Shah before Split.” The Telegraph, The Telegraph, 23 Aug. 2018, www.telegraphindia.com/india/nsa-doval-calls-on-shah-before-split/cid/1348756
 4. Donthi, Praveen. “How Ties With The Think Tanks Vivekananda International Foundation and India Foundation Enhance Ajit Doval’s Influence.” The Government and Media’s Cover-up after the Gorakhpur Tragedy | The Caravan, 29 Aug. 2018, caravanmagazine.in/vantage/vivekananda-international-india-foundationajit-doval-influence.
 5. ”Sohrabuddin Case and Police Encounters: Realities and Myths.” Vivekananda International Foundation,
  www.vifindia.org/Sohrabuddin-Case-and-Police-Encounters-Realities-Myths.
 6. Sharma, Neeta. “With New Order, NSA Ajit Doval To Be Most Powerful Bureaucrat In 20 Years.” NDTV, 9 Oct. 2018, www.ndtv.com/india-news/with-new-order-national-security-advisor-ajit-doval-to-be-mostpowerful-bureaucrat-in-20-years-1928924.
 7. Did NSA Ajit Doval’s Phone Get Tapped in CBI Feud.” The Economic Times, Economic Times, 21 Nov. 2018, economictimes.indiatimes.com/news/politics-and-nation/did-nsa-ajit-dovals-phone-get-tapped-in-cbi-v/s-cbifeud/articleshow/66729938.cms

About the Author

നൗഫല്‍ അറളട്ക്ക
കാസര്‍ഗോഡ് സ്വദേശിയായ നൗഫല്‍ അറളട്ക്ക ന്യൂഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിന്നും ഹ്യൂമണ്‍ റൈറ്റ്സ് & ഡ്യൂട്ടീസില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ആനുകാലികങ്ങളില്‍ എഴുതുന്നു.

Be the first to comment on "അജിത്ത് ഡോവൽ: ഹിന്ദു ദേശീയതയുടെ ജെയിംസ് ബോണ്ട്"

Leave a comment

Your email address will not be published.


*