https://maktoobmedia.com/

ശബരിമല ഹർത്താൽ: സംസ്ഥാനത്തെങ്ങും ആക്രോശങ്ങളുമായി ബിജെപി/ആർഎസ്എസ് പ്രവർത്തകർ

ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മസമിതി നടത്തുന്ന ഹര്‍ത്താലിനിടെ സംഥാനത്തെങ്ങും വ്യാപക അക്രമം.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി.

കോഴിക്കോട് മിഠായിത്തെരുവില്‍ ഹർത്താലിനെ വകവെക്കാതെ കടകൾ തുറന്നവരുടെ കടകൾ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. പോലീസ് തങ്ങൾക്ക് വാഗ്‌ദാനം ചെയ്‌ത സുരക്ഷാ ലഭിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു.

മിഠായിത്തെരുവില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് മുഖം മറച്ച് വടിയും കല്ലും പട്ടികയുമായാണ് സംഘപരിവാര്‍ പ്രവർത്തകർ ജനങ്ങളെ വിരട്ടി ഓടിക്കുന്നത്. കടകള്‍ തകര്‍ത്തും വ്യാപക ആക്രമണം അഴിച്ചു വിടുന്നുണ്ട്. പോലീസിനെതിരെയും അക്രമമുണ്ടായി.

സംസ്ഥാനത്ത് വ്യാപകമായി സിപിഎം ഓഫീസുകൾ തകർക്കപ്പെട്ടു. പാലക്കാട് ഇഎംഎസ് സ്‌മാരക
വായനശാല തീ വെച്ച് നശിപ്പിച്ചു . മലപ്പുറം തവന്നൂരില്‍ സി.പി.എം ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ കത്തിച്ചു . അക്രമങ്ങളുമായി ബന്ധപ്പെട്ട് 9 പേരെ കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹർത്താലിൽ മാധ്യമപ്രവർത്തകർക്ക് നേരെ പരക്കെ അക്രമം. സംസ്ഥാനമെമ്പാടും മാധ്യമപ്രവർത്തകരെ ഉന്നമിട്ട് ആക്രമിക്കുകയായിരുന്നു ഹർത്താലനുകൂലികൾ. അക്രമങ്ങളും കല്ലേറും ചിത്രീകരിക്കുന്ന മാധ്യമപ്രവർത്തകരെ ഇന്നലെ മുതൽക്ക് തന്നെ ആക്രമിക്കാൻ തുടങ്ങിയിരുന്നു

തിരുവനന്തപുരത്തും കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സെക്രട്ടേറിയറ്റിൽ വച്ച് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. മംഗളം പത്രത്തിലെ ജയമോഹൻ തമ്പിക്കും ജനയുഗം പത്രത്തിലെ സുരേഷ് ചൈത്രത്തിനും പരിക്കേറ്റു. പാലക്കാട് ന്യൂസ് 18 റിപ്പോർട്ടറെ ശബരിമല കർമസമിതി പ്രവർത്തകർ ആക്രമിച്ചു. ബ്യൂറോ റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശ്ശേരിക്കാണ് പരിക്കേറ്റത്. ഇന്നലെ കോഴിക്കോട്ട് റിപ്പോർട്ടർ ടിവി ഓഫീസ് ശബരിമല കർമസമിതി പ്രവർത്തകർ മാർച്ചിനിടെ കല്ലെറിഞ്ഞ് തകർത്തിരുന്നു. മാർച്ചിന്‍റെ ദൃശ്യങ്ങൾ ചാനൽ ഓഫീസിന് മുന്നിൽ നിന്ന് പകർത്തുകയായിരുന്ന ക്യാമറാമാന് നേരെ ഒരു സംഘമാളുകൾ കൈ ചൂണ്ടി കല്ലെറിയുകയായിരുന്നു. വനിതാ റിപ്പോർട്ടർ സുസ്മിതയുടെ ഫോൺ പിടിച്ച് വാങ്ങി. ബ്യൂറോ ചീഫ് രാഹുലിനേയും ക്യാമറാമാൻമാരായ മഹേഷ്, വിനീഷ്, വിഷ്വൽ എഡിറ്റർ വിഷ്ണു എന്നിവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. 24 ന്യൂസ് ക്യാമറാമാൻ സുബൈറിനെയും ഇന്നലെ അക്രമികൾ വളഞ്ഞിട്ട് മർദ്ദിച്ചു.

പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ, പെരുമ്പ, എടാട്ട് ഭാഗങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലേറ്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.

ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകളുടെ ഏഴാമത്തെ ഹർത്താലാണ് ഇന്ന് നടക്കുന്നത്.

ഏഴു പൊലീസ് വാഹനങ്ങളും, 79 ബസ്സുകളും ഇന്നലത്തെ കണക്കനുസരിച്ച് തകര്‍ത്തു. 39 പൊലീസുകാര്‍ക്ക് പരിക്കോറ്റു, അക്രമിക്കപ്പെട്ടവര്‍ ഭൂരിപക്ഷവും വനിതകളാണ്, മാധ്യമപ്രവര്‍ത്തകരിലും ആക്രമിക്കപ്പെട്ടവര്‍ ഭൂരി ഭാഗവും സ്ത്രീകളാണ്. സി.പി.ഐ.എമിന്റേയും സി.പി.ഐയുടേയും ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണങ്ങളുണ്ടായിട്ടുണ്ട്

ഇതുവരെ നടന്ന ഹർത്താലുകളിലെ അക്രമത്തെകുറിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment on "ശബരിമല ഹർത്താൽ: സംസ്ഥാനത്തെങ്ങും ആക്രോശങ്ങളുമായി ബിജെപി/ആർഎസ്എസ് പ്രവർത്തകർ"

Leave a comment

Your email address will not be published.


*