ശബരിമല പ്രവേശനവും സർക്കാരിന്റെ കീഴാള സ്നേഹവും

ഫേസ്‌ബുക്ക് നോട്ടിഫിക്കേഷൻ – താഹിർ ജമാൽ കെ എം.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഹിന്ദു മത മൂല്യങ്ങൾക്ക് നേരെയുള്ള താൽകാലികമായ വിജയം മാത്രമായിട്ട് വേണം മനസിലാക്കാൻ. അതിനെ വിമർശനാതീതമായി ചരിത്രമെന്നൊക്കെ എഴുതി തള്ളുന്നത് കീഴാള സമുദായങ്ങയുടെ ഹൈന്ദവ വൽക്കരണത്തിനു മാത്രമാണ് ഉപകരിക്കുക. എങ്ങനെയാണോ, ക്ഷേത്ര പ്രവേശന വിളംബരം കീഴാള ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ചത്/ചതിച്ചത്, അത് പോലെ തന്നെയുള്ള അപകടമാണിത്. അത്തരത്തിലുള്ള ജാഗ്രതയാണ് യഥാർഥത്തിൽ ദലിത്-ബഹുജൻ ബുദ്ധിജീവികളിൽ നിന്നും ഉണ്ടാവേണ്ടത്.

ഹിന്ദു-സമുദായ രൂപീകരണത്തെ ത്വരിതപ്പെടുത്തി ഹിന്ദു സമുദായത്തിനകത്ത് ഇൻക്ലൂസിവിറ്റിയും സമത്വവും ഉയർത്തി കൊണ്ട് വരാനാണോ ഹിന്ദു സമുദായത്തിൽ നിന്നുള്ള വിടുതലാണോ കീഴാള ജാതി വിഭാഗങ്ങൾക്ക് ഉചിതമെന്നത് കൂടുതൽ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 1930 ൽ ക്ഷേത്ര പ്രവേശന സമരം നടത്തിയ അംബേദ്‌കർ 1934 ൽ ക്ഷേത്രപ്രവേശന സമരത്തിന് പിന്തുണ തേടിയ ഗാന്ധിയുടെ ആവശ്യം തള്ളി കളഞ്ഞു കൊണ്ട് പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ്. “നിങ്ങളുടെ ജാതി അഹന്ത കൊണ്ട് നിങ്ങൾ അസ്പൃശ്യ വിഭാഗങ്ങളെ തള്ളി പുറത്താക്കാൻ ശ്രമിക്കുമ്പോൾ ഞാനെന്തിന് അതിനു വേണ്ടി കെഞ്ചണം” എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. മനുഷ്യനെ അന്തസ്സോടെ പരിഗണിക്കുന്നത് പകരം വാതിലുകൾ അടച്ചിടാനാണ് നിങ്ങളുടെ താല്പര്യമെങ്കിൽ അങ്ങോട്ട് വരാൻ i don’t care a damn about it എന്നാണ് അംബേദ്‌കറിന്റെ നിലപാട്.

ഈ സ്ത്രീ പ്രവേശനത്തെയും സർക്കാർ പറഞ്ഞു കൊണ്ടിരിക്കുന്ന കീഴാള സ്നേഹവും ഗാന്ധിയുടെ ‘ഹരിജൻ പ്രേമ’മാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. വിശാല-ഇൻക്ലൂസിവ് ഹിന്ദുവിനെ തന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെ ഒന്നാം സ്റ്റെപ് മാത്രമായിട്ടാണ് കാണുന്നതെങ്കിൽ ദളിത്-ബഹുജൻ ബുദ്ധിജീവികളും സാമൂഹിക പ്രവർത്തകരും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ (കെ എ എസ് ) സംവരണം നടപ്പിലാക്കാനുള്ള പ്രക്ഷോഭ പരിപാടികളിലേക്കാണ് കടക്കേണ്ടത്. കേരളത്തിലെ അരികുവൽക്കപ്പെട്ടവരുടെ വ്യാവഹാരിക കേന്ദ്രം ശബരിമലയല്ല തന്നെ. അതിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു പ്രക്ഷോഭവും ദീർഘകാലത്തിൽ കീഴാള ജന വിഭാഗങ്ങൾക്ക് ഉപകരിക്കുകയില്ല.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഗവേഷകവിദ്യാർഥിയാണ് ലേഖകൻ

Be the first to comment on "ശബരിമല പ്രവേശനവും സർക്കാരിന്റെ കീഴാള സ്നേഹവും"

Leave a comment

Your email address will not be published.


*