https://maktoobmedia.com/

സാമ്പത്തികസംവരണം: സംവരണത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തത്: മഅദനി

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅദനി.

കേന്ദ്രസർക്കാർ തീരുമാനം ആശങ്കാജനകമാണെന്നു പറഞ്ഞ മഅദനി സാമ്പത്തിക സംവരണത്തിലേക്കുള്ള നീക്കമാണ് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കമെന്ന് പ്രതികരിച്ചു. തൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മഅദനിയുടെ പ്രതികരണം.

തീരുമാനം സംവരണത്തിന്റെ യഥാർത്ഥ അന്തസത്തയ്ക്ക് നിരക്കുന്നതല്ലെന്നും മഅദനി പറഞ്ഞു.

അതേ സമയം, പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇക്കാര്യം നേരത്തെ തന്നെ സി.പി.ഐ.എമ്മും ഇടതുപക്ഷവും ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കായിരിക്കും സംവരണം ലഭിക്കുക. കേന്ദ്ര സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നൽകുക.

2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി സാമ്പത്തിക സംവരണ വിഷയം ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നത്.

ദലിത് , ഒബിസി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർത്താൻ സാധ്യതയുണ്ട്.

പാർലമെന്റ് സമ്മേളനം തീരാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. രാജ്യസഭയിൽ ബിൽ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാൽ അടുത്ത തവണ അധികാരത്തിലെത്തിയാൽ സാമ്പത്തിക സംവരണം എന്ന വാഗ്ധാനം ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Be the first to comment on "സാമ്പത്തികസംവരണം: സംവരണത്തിന്റെ അന്തസത്തയ്ക്ക് നിരക്കാത്തത്: മഅദനി"

Leave a comment

Your email address will not be published.


*