https://maktoobmedia.com/

‘സംവരണം പട്ടിണി മാറ്റാനുള്ളതല്ല.’ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സികെ ജാനു

മുന്നോക്ക സമുദായത്തിലെ ആളുകളാണ് രാജ്യത്തെ എല്ലാ സംവിധാനങ്ങളും കയ്യടക്കിവെച്ചിരിക്കുന്നതെന്നും അവരിലെ ദാരിദ്ര്യാവസ്ഥക്ക് അവർ സംവരണത്തിനപ്പുറം പരിഹാരം കണ്ടെത്തണമെന്നും ആദിവാസി നേതാവ് സികെ ജാനു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മക്തൂബ് മീഡിയയോട് പ്രതികരിക്കുകയായിരുന്നു സികെ ജാനു.

മുന്നോക്ക സമുദായത്തിലെ ആളുകളാണ് ഇവിടെയുള്ള മൊത്തം സിസ്റ്റത്തിന്റെ അധിപർ. മുന്നോക്കാരിലെ ദുർബലരെ പരിഗണിച്ചു പോകേണ്ടതാണ്. അവശത അനുഭവിക്കുന്ന ആളുകൾക്ക് എന്തെങ്കിലും നൽകേണ്ട എന്ന് നമുക്ക് പറയാൻ പറ്റില്ല. എന്നാൽ ഈ സർക്കാരുകൾ അവരുടെ തന്നെ വിഭാഗത്തിലെ അവശത അനുഭവിക്കുന്നവരെ പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ട ആവശ്യമില്ലായിരുന്നു.

സികെ ജാനു മക്തൂബ് മീഡിയയോട് പറഞ്ഞു.

സംവരണം എന്ന് പറയുന്നത് ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്നും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംവിധാനമാണെന്നും പറഞ്ഞ സികെ ജാനു കേരള സർക്കാറിൻ്റെ നരേന്ദ്രമോദി ഗവണ്മെന്റ് തീരുമാനത്തെ അഭിനന്ദിച്ച നടപടിയെയും വിമർശിച്ചു.

കേരള സർക്കാറിൻ്റെയും മന്ത്രി എകെ ബാലൻ്റെയും അഭിപ്രായം ഞാൻ ശ്രദ്ധിച്ചിരുന്നു. അത് അവരുടെ മാനിഫെസ്റ്റോയിൽ പറഞ്ഞ കാര്യം എന്നാണ് പറയുന്നത്. മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാൻ ദാരിദ്ര്യ നിർമാർജന പദ്ധതികളും, പബ്ലിക് പോളിസികളുമാണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കൊണ്ടുവരേണ്ടത്. സംവരണം അതിനു ഒരു പരിഹാരമല്ല.

ജാനു പറഞ്ഞു.

“രാഷ്ട്രീയത്തെയും, ലോകസഭാ, രാജ്യസഭാ പോലുള്ള നിയമനിർമ്മാണ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത് സവർണ്ണ വിഭാഗങ്ങളാണ്. കേരളത്തിൽ അടക്കം പിന്നാക്ക വിഭാഗങ്ങൾ അടിച്ചമർത്തപെട്ടു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു ജീവിക്കുകയാണ്. അങ്ങനെയിരിക്കുമ്പോൾ ഈ നടപടി വലിയ ഒരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. “

“ഭരണഘടനയിൽ സോഷ്യലിസം എഴുതിവെച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും സാമൂഹിക നീതി ഉറപ്പാക്കണം എന്ന് തന്നെയാണ് അഭിപ്രായം. അത് ദലിത്, ആദിവാസി വിഭാഗങ്ങൾ ആയാലും, മുസ്‌ലിം ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷങ്ങൾ ആയാലും, മുന്നോക്ക സമുദായങ്ങൾ ആയാലും. “

വാർഷിക വരുമാനം എട്ടു ലക്ഷം എന്നത് വലിയ ഒരു കെണിയാണെന്നും ജാനു പറഞ്ഞു.

തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കായിരിക്കും സംവരണം ലഭിക്കുക. കേന്ദ്ര സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നൽകുക.

2019 ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി സാമ്പത്തിക സംവരണ വിഷയം ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നത്.

ദലിത് , ഒബിസി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികൾ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർത്തുന്നുണ്ട്.

പാർലമെന്റ് സമ്മേളനം തീരാൻ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. രാജ്യസഭയിൽ ബിൽ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാൽ അടുത്ത തവണ അധികാരത്തിലെത്തിയാൽ സാമ്പത്തിക സംവരണം എന്ന വാഗ്ധാനം ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണ വിഷയമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Be the first to comment on "‘സംവരണം പട്ടിണി മാറ്റാനുള്ളതല്ല.’ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സികെ ജാനു"

Leave a comment

Your email address will not be published.


*