https://maktoobmedia.com/

സവർണരുടെ നഷ്‌ടപ്രതാപത്തെക്കുറിച്ചു എല്ലാർക്കും ഒരേ ശബ്‌ദം. ഇ.ടി ക്ക് വേണ്ടി പ്രവർത്തിച്ചതിൽ അഭിമാനമെന്നു ബൽറാം

ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നാണ് കോൺഗ്രസ്സ് നേതാവും എംഎൽഎയുമായ വിടി ബൽറാം.

മുന്നോക്ക സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണച്ച കോൺഗ്രസ്സും സിപിഎമ്മുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിക്കുകയായിരുന്നു ബൽറാം.

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു എന്നതില്‍ ഏറെ അഭിമാനം തോന്നുന്നു.

സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്ത മൂന്നു എം.പിമാരിലൊരാളായ ഇ.ടി മുഹമ്മദ് ബഷീറിനു വോട്ടു ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു ബൽറാം പറയുന്നു.

‘ശബരിമലയില്‍ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദളിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥര്‍ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.’ നവോത്ഥാനത്തിനുവേണ്ടി സംസാരിക്കുന്ന സിപിഎം സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചതിനെ ബല്‍റാം പരിഹസിക്കുന്നു.

അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്‌ദമാണെന്നും ബൽറാം വിമർശിക്കുന്നു. നേരത്തെ, കേരള സർക്കാരിന്റെ സാമ്പത്തിക സംവരണത്തിലുള്ള അനുകൂല നിലപാടിനെയും ബൽറാം പരസ്യമായി വിമർശിച്ചിരുന്നു.

യൂത്ത് കോൺഗ്രസ്സ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ഭാരവാഹിയുമായ അനൂപ് വിആറും സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കോൺഗ്രസ്സ് നിലപാടിനെതിരെ രംഗത്തെത്തി.

ലോക്സഭയിൽ സവർണ സംവരണ ബിൽ പാസായിരിയ്ക്കുന്നു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഇം.എം എസ് സവർണ സംവരണവുമായി മുന്നോട്ട് വന്നപ്പോൾ ഏറ്റവും വീറോടെ അതിനെ എതിർത്തത് രണ്ട് പേർ. സാക്ഷാൽ സി എച്ച് മുഹമ്മദ് കോയ സാഹിബും, ആദരണീയനായ ആർ ശങ്കറും.ആർ.ശങ്കറിന്റെ ആർജവമുള്ള ആരും ഇന്ന് എന്റെ പാർട്ടിയിൽ ഇല്ലാതെ പോയി.പാർലിമെന്റിൽ ബില്ലിനെതിരായ മൂന്ന് വോട്ടിൽ, രണ്ട് വോട്ടും ലീഗ് മെമ്പർമാരുടെ.തോൽവിയിലും നിലപാട് ഉയർത്തിപ്പിടിച്ച സി എച്ചിന്റെ പാർട്ടിയ്ക്ക് എന്റെ സ്നേഹാഭിവാദ്യങ്ങൾ.

അനൂപ് വി ആർ എഴുതി.

മുന്നോക്ക സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയിലെ ബിജെപിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കം 323 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് അംഗങ്ങള്‍ മാത്രമാണ്.

മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്.

Be the first to comment on "സവർണരുടെ നഷ്‌ടപ്രതാപത്തെക്കുറിച്ചു എല്ലാർക്കും ഒരേ ശബ്‌ദം. ഇ.ടി ക്ക് വേണ്ടി പ്രവർത്തിച്ചതിൽ അഭിമാനമെന്നു ബൽറാം"

Leave a comment

Your email address will not be published.


*