https://maktoobmedia.com/

‘ഞാൻ എന്തുകൊണ്ട് ഐ.എ.എസ് പദവി രാജിവെക്കുന്നു?’ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്

കാശ്‌മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകൾക്കെതിരെയും പ്രതിഷേധിച്ചു കാശ്‌മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ ഐ.എ.എസ് പദവിയിൽ നിന്നും രാജിവെച്ചു. 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തി കൂടിയാണ് ഷാ ഫൈസൽ

2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാശ്‌മീരില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോർട് ചെയ്യുന്നു.

‘ഉദ്യോഗസ്ഥഭരണത്തിന്റെ നഷ്ടം രാഷ്ട്രീയത്തിന്റെ നേട്ടമെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കാശ്‌മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ഐ.എ.എസ് പദവി രാജിവെച്ചതെന്നു ഷാ ഫൈസൽ ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. ഭാവി പരിപാടികൾ വെള്ളിയാഴ്ച്ച പത്രസമ്മേളനത്തിൽ പറയുമെന്നും ഷാ പറഞ്ഞു.

ഷാ ഫൈസലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും:

“കാശ്‌മീരികളെ നിരന്തരം കൊന്നൊടുക്കുന്നതിനെതിരെയും കേന്ദ്ര ഗവണ്മെന്റിന്റെ അതിനോടുള്ള നിലപാടുകൾക്കെതിരെയും,

ഇരുന്നൂറു മില്യൺ ഇന്ത്യൻ മുസ്‌ലിംകളെ ഹിന്ദുത്വ ശക്തികൾ നിരന്തരം അപരവൽക്കരിക്കുകയും പാർശ്വവത്കരിക്കുകയും അങ്ങനെ അവരെ രണ്ടാം തരം പൗരന്മാർ എന്നിടത്തേക്ക് ചുരുക്കുകയും ചെയ്യുന്നതിനെതിരെ,

ജമ്മു കാശ്‌മീരിനുള്ള പ്രത്യേകപദവിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ,

അതിദേശീയതയുടെ പേരിൽ ഇന്ത്യയിൽ ഉയർന്നുവരുന്ന അസഹിഷ്‌ണുതയിൽ പ്രതിഷേധിച്ചു,

ഞാൻ ഇന്ത്യൻ ഭരണ സർവീസിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്നു.”

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കാശ്‌മീരിയാണ് ഷാ. ജമ്മു കാശ്‌മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു. ഹാര്‍വാഡ് കെന്നഡി സ്‌കൂളിലെ ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് പൂര്‍ത്തിയാക്കി അമേരിക്കയില്‍ നിന്നും ഈഴടുത്താണ് ഷാ ഫൈസല്‍ തിരിച്ചെത്തിയത്.

Be the first to comment on "‘ഞാൻ എന്തുകൊണ്ട് ഐ.എ.എസ് പദവി രാജിവെക്കുന്നു?’ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാ ഫൈസല്‍ രാഷ്ട്രീയത്തിലേക്ക്"

Leave a comment

Your email address will not be published.


*